റമദാന്‍ മുസ്‌ലിംകള്‍ക്ക് ക്ഷമ, അച്ചടക്കം, സഹാനുഭൂതി തുടങ്ങി സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ്.
21-ാംനൂറ്റാണ്ടിലെ ക്ഷമ
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിനുമുമ്പ് ജീവിച്ചിരുന്ന ഒരു ഗ്രാമീണ അറബിയോട് ക്ഷമയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തെപ്പറ്റി സംസാരിക്കുന്നത് സങ്കല്‍പിച്ചുനോക്കൂ. അയാളുടെ ചോദ്യം ഇങ്ങനെയായിരിക്കില്ലേ? എന്റെ ജീവിതത്തിന്റെ ഏത് മേഖലയിലാണ് ഞാന്‍ കൂടുതല്‍ ക്ഷമയും അച്ചടക്കവും പാലിക്കേണ്ടത്?
മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് മാസങ്ങള്‍ നീളുന്ന യാത്രകളുടെ ഘട്ടത്തിലാണോ? അതേപോലെ കുടുംബത്തിനായി കുടിവെള്ളംതേടിയുള്ള യാത്രയിലാണോ ? ആടുകളെ തെളിച്ച് ഓരോ സ്ഥലത്തും മേയ്ക്കാന്‍വിടുമ്പോഴാണോ ? അങ്ങനെ ആചോദ്യം അങ്ങനെ നീണ്ടുപോകും..
ഞാന്‍ പറഞ്ഞുവന്നതെന്താണെന്ന് പിടികിട്ടിക്കാണുമല്ലോ. അതായത്, തികഞ്ഞ ക്ഷമയും അച്ചടക്കവും വേണ്ടതായ ജീവിതസാഹചര്യങ്ങളായിരുന്നു അവരുടേത്. എന്നാല്‍ ഈ വിവരസാങ്കേതികവിസ്‌ഫോടനത്തിന്റെ കാലത്ത് ജീവിക്കുന്ന നമുക്കോ? അത്തരം ക്ഷമയും മാന്യമായ പെരുമാറ്റമര്യാദകളും അപ്രസക്തമാകുന്ന സുഖസൗകര്യങ്ങളാണ് ഇന്നുള്ളത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ്, വിവരവിജ്ഞാനീയങ്ങളുടെ ലഭ്യത, സോഷ്യല്‍മീഡിയലഹരി, ഒരിക്കലും അവസാനിക്കാത്ത അറ്റമില്ലാത്ത വിനോദോപാധികള്‍ ഇവയെല്ലാംകൂടി നമ്മെ അക്ഷമ പരിശീലിപ്പിക്കുന്നുവോയെന്ന് സംശയിക്കേണ്ട കാലമാണിത്.
റമദാന്‍ ക്ഷമയുടെ പരിശീലനക്കളരി
പരിഹാരം നിര്‍ദേശിക്കാതെ യാതൊരു വിഷമപ്രശ്‌നങ്ങളും ഖുര്‍ആന്‍ കൈകാര്യംചെയ്യുന്നില്ല. നോമ്പിനെക്കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ ഒരേ ഒരു ഖണ്ഡികയിലാണ് പരാമര്‍ശിക്കുന്നത്. ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസത്തില്‍ വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനുമാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും. നിങ്ങള്‍ നിങ്ങളെത്തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു അതിലൂടെ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നത് തേടുക. അപ്രകാരംതന്നെ തിന്നുകയും കുടിക്കുകയും ചെയ്യുക. പ്രഭാതത്തിന്റെ വെള്ള ഇഴകള്‍ കറുപ്പ് ഇഴകളില്‍നിന്ന് വേര്‍തിരിഞ്ഞു കാണുംവരെ. പിന്നെ രാത്രിവരെ വ്രതമാചരിക്കുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഭാര്യമാരുമായി വേഴ്ച പാടില്ല. ഇതൊക്കെയും അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്. അതിനാല്‍ നിങ്ങളവയോടടുക്കരുത്. ഇവ്വിധം അല്ലാഹു അവന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.(അല്‍ബഖറ 183-187)
റമദാന്‍ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതാണല്ലോ. അതിനാല്‍ സ്വാഭാവികമായും വ്രതത്തെപ്പറ്റി വളരെയേറെ പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടാകേണ്ടതായിരുന്നു. മാത്രമല്ല, നമസ്‌കാരംകഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ വിശ്വാസികള്‍ക്ക് അനിവാര്യമായും അനുഷ്ഠിക്കേണ്ട ആരാധനാകര്‍മംകൂടിയാണിത്. എന്നാല്‍ നോമ്പിനെക്കുറിച്ച് പരാമര്‍ശിച്ച മേല്‍സൂക്തങ്ങളിലൂടെ കണ്ണോടിച്ചാല്‍ എന്താണതിന്റെ ലക്ഷ്യമെന്ന് കൃത്യമായി അതില്‍നിന്ന് വ്യക്തമാകുന്നുണ്ട്.
183. അല്ലാഹുവെക്കുറിച്ച സ്മരണ സ്വന്തത്തെ ജാഗ്രത്താക്കാനും അതുവഴി അവന്റെ കോപത്തില്‍നിന്നും രക്ഷപ്പെടാനും സഹായിക്കും.
185. അതുവഴി നന്ദിയുള്ളവനായേക്കാം.
186. ശരിയായപാതയിലെത്തിച്ചേരാം.
187. അവര്‍ ദൈവസ്മരണയുള്ളവരായേക്കാം.
റമദാന്റെ ആത്മീയഗുണങ്ങളും നേട്ടങ്ങളും കൃത്യമായി ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക. എല്ലായ്‌പോഴും സൃഷ്ടികളോടുള്ള കാരുണ്യാതിരേകത്താല്‍ അല്ലാഹു ഇബാദത്തിനായി നിര്‍ദേശിച്ചിട്ടുള്ള എല്ലാ കര്‍മങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കാറുണ്ട്.
സാധാരണയായി അടിമകളോട് യജമാനന്‍മാര്‍ കാര്യകാരണങ്ങള്‍ വിശദീകരിക്കാതെ അവര്‍ക്ക് പണികള്‍ നിശ്ചയിച്ചുകൊടുക്കുകയാണ് ചെയ്യാറ്. എന്നാല്‍ റബ്ബുല്‍ ആലമീനായ തമ്പുരാന്‍(റബ്ബ് എന്ന വാക്ക് തര്‍ബിയത്തു(പടിപടിയായി ശിക്ഷണങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കല്‍)മായി ബന്ധപ്പെട്ടതാണ്)നമ്മോട് കല്‍പിക്കുന്നതിനുമുമ്പായി കാര്യങ്ങളെ പഠിപ്പിച്ചുതരുന്നുവെന്നതാണ് കാര്യം. മേല്‍സൂക്തങ്ങളിലൂടെ ഇച്ഛാശക്തിയും, ക്ഷമയും അച്ചടക്കവും ആത്മനിയന്ത്രണവും പരിശീലിക്കാനുള്ള വഴികളാണ് ചൂണ്ടിക്കാട്ടിത്തരുന്നത്.
1. അല്ലാഹുവെക്കുറിച്ച തഖ് വ
വഖാ എന്ന അറബിവാക്കില്‍നിന്നാണ് തഖ് വ നിഷ്പന്നമായിട്ടുള്ളത്. അല്ലാഹുവിനെ ധിക്കരിക്കുന്നതുമൂലമുള്ള പരിണിതഫലങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക എന്നാണതിനര്‍ഥം. അല്ലാഹുവിനെ ക്കുറിച്ച ഭയം എന്ന് സാധാരണയായി അതിന് അര്‍ഥം പറയാറുണ്ട്. അത് സൂക്ഷ്മമല്ല. കാരണം, ഭയമുണ്ടാകണമെങ്കില്‍ അപ്രകാരമുള്ള പ്രവൃത്തി അല്ലാഹുവില്‍നിന്നുണ്ടാകണം. അങ്ങനെയൊന്നും ഇല്ലല്ലോ. എന്നാല്‍ തഖ്‌വ ഉണ്ടാകണമെങ്കില്‍ അസാമാന്യക്ഷമയും ആത്മനിയന്ത്രണവും ആവശ്യമാണ്. അത് റമദാനിലെ നോമ്പില്‍നിന്ന് നമുക്ക് നേടിയെടുക്കാവുന്നതാണ്.
മലക്കുകളെപ്പോലെ പാപത്തില്‍നിന്ന് മുക്തരായ ആളുകളാണ് മുത്തഖികള്‍ എന്നുതെറ്റുധരിക്കേണ്ടതില്ല. ‘ദൈവഭക്തരെ പിശാചില്‍നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ പെട്ടെന്നുതന്നെ അവര്‍ അതെക്കുറിച്ച് ബോധവാന്‍മാരായിത്തീരുന്നു അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.(അല്‍അഅ്‌റാഫ് 201)
2. അല്ലാഹുവിന്റൈ അനുഗ്രഹങ്ങളെ തിരിച്ചറിയുക
നമ്മുടെ അലസ-വിഭ്രാത്മകമനസ്സിനെ സുഖിയന്‍ചുറ്റുപാടുകളില്‍നിന്ന് വിമോചിപ്പിക്കുകയാണ് റമദാന്‍ വ്രതംചെയ്യുന്നത്. ആധുനികസാങ്കേതികത നേടിത്തന്ന എല്ലാ സുഖസൗകര്യങ്ങളെയും വിട്ട് അടിസ്ഥാനആവശ്യങ്ങളായ അന്ന -പാനീയ -മൈഥുനങ്ങളിലേക്ക് തിരികെക്കൊണ്ടുവരുന്നു. അല്ലാഹു നമുക്കുചെയ്തുതന്നെ അസംഖ്യം അനുഗ്രഹങ്ങളെ അത് ഓര്‍മിപ്പിക്കുന്നു. നമ്മുടെ ഫ്രിഡ്ജിനകത്ത് ഇരിക്കുന്ന തണുത്തവെള്ളം മുതല്‍ സുപ്രഭാതത്തില്‍ നാം കുടിക്കുന്ന കോഫിവരെ. മനുഷ്യസ്വത്വത്തെ ശാരീരികസൗഭാഗ്യങ്ങള്‍ക്കപ്പുറത്തുള്ള ആത്മീയവിതാനത്തിലേക്ക് അത് കൂട്ടിക്കൊണ്ടുപോകുന്നു. അതാണ് ഇസ്‌ലാമും ഖുര്‍ആനും വഴികാട്ടുന്നത്. നമ്മില്‍ മറഞ്ഞുകിടക്കുന്ന ആ മഹാസ്വത്വത്തെ അത് നമ്മുടെ മുമ്പില്‍ വെളിപ്പെടുത്തുന്നു.
ഈ ലോകത്തെ ഭൗതികവിഭവങ്ങളോടുള്ള പ്രതിപത്തി ക്ഷമയിലും നന്ദിപ്രകടനത്തിലും എത്രമാത്രം നാം ബോധവാന്‍മാരാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് പ്രവാചകന്‍ നബി(സ)ഇപ്രകാരം പറഞ്ഞത്.
‘അത്ഭുതകരമാണ് വിശ്വാസിയുടെ കാര്യം. എന്തുസംഭവിച്ചാലും അത് അവന് ഗുണമായി ഭവിക്കുന്നു. ജീവിതത്തില്‍ സുഖകരമായത് ലഭിച്ചാല്‍ അവന്‍ നന്ദിയുള്ളവനായിരിക്കും. അതാണവന് ഉത്തമം. ഇനി എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാലോ അവന്‍ സ്ഥൈര്യത്തോടെ നിലകൊള്ളുന്നു. അതാണവന് ഉത്തമം.'(മുസ്‌ലിം)
3. അല്ലാഹുവുമായുള്ള ആശയവിനിമയം.
ഏത് പ്രതിസന്ധിഘട്ടത്തിലും അടിയുറച്ചുനില്‍ക്കാനുള്ള കഴിവ് അല്ലാഹുവുമായുള്ള ആശയവിനിമയത്തെ അനുസരിച്ചാണെന്ന കാര്യം അതിപ്രധാനമാണ്. റമദാന്‍ ആ അര്‍ഥത്തില്‍ അല്ലാഹുവുമായി അവന്റെ ദാസന്‍ ഏറ്റവുമധികം ആശയവിനിമയം നടത്തുന്ന വേളയാണ്. ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.'(അല്‍ബഖറ 186)
അല്ലാഹുവിനെസംബന്ധിച്ച പ്രതീക്ഷയാണ് ഈ സൂക്തത്തിലൂടെ പകര്‍ന്നുനല്‍കുന്നത്. പ്രസ്തുത ഖണ്ഡികയിലെ പ്രഥമസൂക്തത്തേക്കാള്‍ ആകര്‍ഷകമാണ് ഈ സൂക്തം. തങ്ങളുടെ വിശ്വാസത്തില്‍ മുന്നേറാനും തഖ്‌വകൈക്കൊള്ളാനും ആഗ്രഹിക്കുന്നവരെ സംബന്ധിച്ചാണ് ആദ്യസൂക്തം. 187-ാമത്തെ സൂക്തം അവസാനിക്കുന്നത് ക്ഷമ, തഖ് വ, തിരിച്ചറിവ്, കീഴ്‌വണക്കം എന്നിവയ്ക്കായുള്ള പരിശീലനത്തോടെയാണ്. ‘ഇവ്വിധം അല്ലാഹു തന്റെ വചനങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍.'(അല്‍ബഖറ 187)
ഈ സൂക്തം ജനങ്ങള്‍ക്കാണ് കാര്യങ്ങള്‍ വിവരിച്ചുകൊടുക്കുകയാണ്. അതായത്, മനുഷ്യരാശിയെയാണ് അത് ലക്ഷ്യമിടുന്നത്. ഈ രീതിയിലുള്ള നിര്‍ദേശങ്ങളും പ്രാപഞ്ചികദൃഷ്ടാന്തങ്ങളും മനുഷ്യനുള്ള പരിശീലനപ്രക്രിയയുടെ ഭാഗമാണെന്ന് വ്യക്തം. നാം റമദാനിലൂടെ കൈവരിക്കേണ്ട ക്ഷമ, ആത്മീയവിശുദ്ധി, അച്ചടക്കം എന്നിവ മുസ്‌ലിംഉമ്മ എന്ന നിലയില്‍ നമ്മിലര്‍പ്പിതമായ ദൗത്യവുമായി ബന്ധപ്പെട്ടതാണ് എന്നാണ് മനസ്സിലാക്കാനാകുന്നത്.
ഇസ് ലാമിനെ ഏറ്റവും നന്നായി പ്രതിനിധാനം ചെയ്യാന്‍ നമുക്ക് കഴിയണം. മനോഹരമായ ഈ ദീനിനെ ന്യൂനപക്ഷമായ ഒരു കൂട്ടം സമൂഹത്തിന്റെ മുമ്പില്‍ വികൃതമായി അവതരിപ്പിക്കുകയാണിന്ന്. മറുവശത്ത് വലിയൊരുവിഭാഗം മുസ്‌ലിംകള്‍ അലസരായി,നിശബ്ദരായി യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ച് സൂഹത്തില്‍നിന്നും അകന്നുനിലകൊള്ളുകയാണ്. ഈ രണ്ട് വൈരുധ്യങ്ങളെയും വിട്ട് ക്ഷമയുടെയും അച്ചടക്കത്തിന്റെയും പാഥേയം സ്വീകരിച്ച് യഥാര്‍ഥലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഈ റമദാന്‍ നമുക്ക് ഏറ്റവും നല്ല അവസരമാണെന്ന് തിരിച്ചറിയുക.
മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡോക്ടറേറ്റ് ബിരുദധാരിയാണ് ലേഖകന്‍
Add Comment