Da'awat അനുഷ്ഠാനം-ലേഖനങ്ങള്‍

നാം ജനതയെ വഴിനടത്തേണ്ടവര്‍

ജനസേവനത്തിലൂടെ മൂല്യപ്രദാനം

തങ്ങളുടെ കൂടെയുള്ളവരെ ചൂഷണംചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്നതിനുപകരം അവരെ സേവിക്കുകയും സഹായിക്കുകയും ചെയ്യുന്ന മനസ്സ് നേതൃഗുണത്തിന്റെ അടിസ്ഥാനമാണ്. മുഹമ്മദ് നബി(സ) തന്റെ അനുചരന്‍മാരുടെ  കഴിവുകളെ മാനിക്കുകയും അവര്‍ക്ക് സഹായിയായി നിന്നുകൊണ്ട് അവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത് അവരെ മൂല്യവത്കരിച്ചു.

തൗഹീദിലേക്ക് ക്ഷണിക്കുന്ന ഭരണാധികാരിയായിരിക്കുമ്പോഴും അനുയായികള്‍ക്ക് വിദ്യാഭ്യാസംനല്‍കി പടിപടിയായി ഉയര്‍ത്തുന്ന അധ്യാപകനായിരിക്കുമ്പോഴും വൃദ്ധയുടെ സാധനസാമഗ്രികള്‍ തോളിലേറ്റിയ സന്നദ്ധപ്രവര്‍ത്തനായിരിക്കുമ്പോഴും രോഗിയെ പരിചരിക്കുന്ന കാരുണ്യപ്രവര്‍ത്തകനായിരിക്കുമ്പോഴും കുട്ടികളെ വളര്‍ത്തുമ്പോഴും തന്റെ മൂല്യങ്ങള്‍ അവരിലേക്ക് പകര്‍ന്നുനല്‍കി. അതിന്റെ ആന്ദോളനങ്ങളാണ് ആയിരത്തിനാനൂറുവര്‍ഷങ്ങള്‍ക്കുശേഷവും മൂല്യങ്ങളെ പ്രണയിക്കുന്ന ജനതയുടെ നൈരന്തര്യത്തിലൂടെ പ്രകടമാകുന്നത്. നബിതിരുമേനി ഇപ്രകാരം പറഞ്ഞതായി കാണാം: ‘വിശ്വാസികള്‍ ചാറല്‍ മഴപോലെയാണ്. അവരെവിടെപോയാലും അവിടെ സദ്ഫലങ്ങള്‍ കൊണ്ടുവരുന്നു. ‘മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നാം പ്രവാചകനെപ്പോലെ ആകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സമൂഹത്തില്‍ ഗുണാത്മകമാറ്റം കൊണ്ടുവരുന്ന,  നാം കടന്നുചെല്ലുന്ന സ്ഥലങ്ങളില്‍ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന സമുദായമായി മാറേണ്ടതുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അത്തരത്തില്‍ ഏതെങ്കിലും വ്യക്തികളില്‍ മൂല്യം പകര്‍ന്നുനല്‍കാനോ അവരെ സ്വാധീനിക്കാനോ നമുക്കുകഴിഞ്ഞോ എന്നതാണ് ആത്മാര്‍ഥമായുണ്ടാകേണ്ട ചോദ്യം.

വിശ്വാസ്യത 

വിശ്വാസ്യത നേടാതെ നേതാവാകാന്‍ കഴിയില്ല. നേതാവാകാനും അതുവഴി സ്വാധീനിക്കാനും കഴിയണമെങ്കില്‍ ചുറ്റുമുള്ളവരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയണം. ആധുനിക ലീഡര്‍ഷിപ് ഗുരുക്കന്‍മാരെല്ലാം അടിവരയിട്ടുപറയുന്ന പ്രസ്തുതഗുണം നബിതിരുമേനിയില്‍ പ്രവാചകത്വത്തിനുമുമ്പേ ലബ്ധമായിരുന്നുവെന്നതിനാലാണ് അദ്ദേഹത്തിന് അല്‍അമീന്‍(വിശ്വസ്തന്‍)എന്ന വിശേഷണം സിദ്ധിച്ചത്. വിശ്വസ്തതയെന്ന മൂല്യം അല്ലാഹു അദ്ദേഹത്തിന് പകര്‍ന്നുനല്‍കിക്കൊണ്ട് ലോകത്തിന്റെ നേതൃത്വം ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. ആ മൂല്യത്തിന്റെ പേരില്‍ ശത്രുക്കളായ ജനത പോലും അദ്ദേഹത്തില്‍ ആകൃഷ്ടരാവുകയായിരുന്നു.  അത്തരം വിശ്വാസ്യത ആര്‍ജിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ഇണയുടെ, കുടുംബത്തിന്റെ, സുഹൃത്തുക്കളുടെ, സഹപ്രവര്‍ത്തകരുടെ , ബിസിനസ് പങ്കാളികളുടെ അങ്ങനെ തുടങ്ങി നാം സഹവസിക്കുന്നവരുമായി  വിശ്വസ്തതപുലര്‍ത്താന്‍ എത്രത്തോളം നമുക്ക് കഴിഞ്ഞിട്ടുണ്ട്.  മറ്റുള്ളവരെപ്പറ്റി നമുക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോട് വിട്ടുവീഴ്ചചെയ്ത് ആ വിശ്വാസ്യത അവര്‍ക്ക്  വീണ്ടെടുക്കാന്‍ സഹായിച്ചിട്ടുണ്ടോ?

ആദരവ്

തങ്ങളേക്കാള്‍ കരുത്തുറ്റവരെ  നേതൃത്വമേല്‍പിക്കാനും അനുധാവനംചെയ്യാനും അതുവഴി ആദരിക്കാനുമാണ് ജനസമൂഹം എപ്പോഴും ഇഷ്ടപ്പെടുന്നത്. നബിതിരുമേനിയുടെ ജീവിതത്തില്‍ അതെപ്രകാരമായിരുന്നുവെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ അനുയായികളും സന്തതസഹചാരികളും ആരെന്നുമാത്രം പരിശോധിച്ചാല്‍ മതി. ജനമനസ്സുകളില്‍ ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍,അലി, ഖാലിദ്ബിന്‍വലീദ്, ഹംസ, മുആദ്ബിന്‍ ജബല്‍, അസ്മാബിന്‍ത് യസീദ്, മിസ്അബുബ്‌നു ഉമൈര്‍, അസ്മ ബിന്‍ത് അബൂബക്ര്‍,സുബൈര്‍ ഇബ്‌നു അവാം, ത്വല്‍ഹബിന്‍ സൈദ്, സുമയ്യബിന്‍ത് ഖുബ്ബത്, അബ്ദുല്ലാഹിബ്‌നുമസ്ഊദ്, അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ്, റുമൈസ ബിന്‍ത് മില്‍ഹന്‍,  സല്‍മാനുല്‍ ഫാരിസി, സുഹൈബുര്‍റൂമി, അബൂദര്‍റുല്‍ ഗിഫാരി തുടങ്ങി ചരിത്രം രചിച്ചവര്‍ അവരില്‍ ചിലരാണ്.

ഗോത്രനേതാക്കളും, പോരാളികളും, കവികളും ,വണിക്കുകളും, തലവന്‍മാരും മുഹമ്മദ്‌നബിയെ അനുഗമിക്കാന്‍ തയ്യാറായി. ലോകത്തിന്റെ വ്യത്യസ്തമേഖലകളില്‍നിന്ന്  തന്റെ നേതൃത്വത്തിന്‍ കീഴില്‍ തികഞ്ഞ കൂറുപുലര്‍ത്തിയ അനുയായികള്‍ ഉണ്ടായിയെന്ന  ഗരിമ മുഹമ്മദ് നബിക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. നബിയെ അനുയായികള്‍ അത്രമാത്രം ആദരിച്ചിരുന്നതിനാലാണ് അവര്‍ അദ്ദേഹത്തെ പിന്‍പറ്റാന്‍ തയ്യാറായത്. തങ്ങളെക്കാള്‍ കഴിവുകുറഞ്ഞ ഏതെങ്കിലും വ്യക്തിയെ പിന്തുണക്കാനോ പിന്‍പറ്റാനോ ഒരു ജനതയും തയ്യാറാകുകയില്ല. നബിയുടെ മരണശേഷം അദ്ദേഹത്തിന്റെ കാലത്തേതുപോലെ മുസ്‌ലിംസമൂഹത്തിന് ഐക്യം പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നത്  ആ നേതൃപാടവത്തിന്റെ കരുത്തിന് മറ്റൊരു തെളിവാണ്.

ആകര്‍ഷിക്കപ്പെടുന്നവര്‍  നിങ്ങളെ പ്രതിഫലിപ്പിക്കും

നേതൃപരിശീലനത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെടുന്ന സിദ്ധാന്തമാണ് മാഗ്നറ്റിസം. അതുപ്രകാരം നിങ്ങളുടെ സംഘടനയിലേക്കോ, സമുദായത്തിലേക്കോ, ജീവിതത്തിലേക്കോ  കടന്നുവരുന്ന ആള്‍ നിങ്ങളെ പ്രതിഫലിപ്പിക്കുന്നു. നിങ്ങള്‍ ഏറ്റവും കൂടുതല്‍ കാലം അടുത്തിടപഴകിയ, സഹവസിച്ച അഞ്ചുവ്യക്തികളെ അവരുടെ സ്വഭാവരീതികള്‍, ചിന്താഗതികള്‍, പെരുമാറ്റശൈലി, ജീവിതചര്യ എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അവര്‍  നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുയോജ്യരായിരുന്നുവെന്ന് നിങ്ങള്‍ക്ക് വിലയിരുത്താനാകും. അതുകൊണ്ടാണ് പ്രവാചകന്‍ നബിതിരുമേനി(സ) ഇപ്രകാരം പറഞ്ഞത്.

‘ഒരാള്‍ തന്റെ ഉറ്റചങ്ങാതിയുടെ ജീവിതശൈലിയിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും ചങ്ങാതിയെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിക്കൊള്ളട്ടെ.'(തിര്‍മിദി)

മാഗ്നറ്റിസം തിയറിയും ഹദീഥിലെ ആശയത്തെ അതിന്റെ മറുവശത്തുനിന്നുകൊണ്ട് പറയുന്നുവെന്ന് മാത്രം. സമാനവീക്ഷണവും കാഴ്ചപ്പാടുമുള്ള ആളുകളെയാണ് നിങ്ങള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയുക. വ്യക്തിതലത്തിലും സംഘടനാതലത്തിലും ഈ തിയറി  വിശകലനവിധേയമാണ്. സ്‌പോര്‍ട്‌സ് ടീം എന്തുകൊണ്ടാണ് മികച്ചകളിക്കാരെ മാത്രം തെരഞ്ഞെടുക്കുന്നത്. ബിസിനസിലാണെങ്കില്‍ ഗൂഗ്ള്‍, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് എന്തുകൊണ്ടാണ് പ്രതിഭാശാലികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്കു പ്രതിഭകളായി പേരെടുക്കണമെന്നാണ് അവരുടെ ലക്ഷ്യം. സമം സമത്തെ തേടുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ വിജയംനേടിയ അല്‍മഗ്‌രിബ്, സൈതുന,ബയ്യിന, മുസ് ലിംമാറ്റേഴ്‌സ് എന്നീ സ്ഥാപനങ്ങളെ പരിശോധിച്ചാലും ഇത് നമുക്ക് കാണാനാകും.

മുഹമ്മദ് നബി(സ) അന്ന് സമൂഹത്തില്‍ സാര്‍വത്രികമായിരുന്ന ആചാരരീതികള്‍ക്കും നാട്ടുനടപ്പുകള്‍ക്കും വിരുദ്ധമായി ഒട്ടുംതന്നെ പ്രശസ്തമല്ലാത്ത ഒരു പുതിയ ജീവിതവഴിയിലേക്കാണ് ആളുകളെ ആകര്‍ഷിച്ചത്. അതോടെ സമൂഹത്തിലെ കഴിവും യോഗ്യതയും ബുദ്ധിയും വൈഭവവുമുള്ള ഒരു കൂട്ടംജനത ഇസ്‌ലാമിലേക്ക് കടന്നുവന്നു. 

നമ്മുടെ ചോദ്യമിതാണ്: തികഞ്ഞ സദ്ഗുണങ്ങളൊത്തിണങ്ങിയ ആളുകളെയാണോ നാം ആകര്‍ഷിക്കുന്നത്? അത്തരം പ്രതിഭാശാലികളെയും ബുദ്ധിശാലികളെയും ആകര്‍ഷിക്കാന്‍ നാം എന്താണിനി സ്വായത്തമാക്കേണ്ടത്?

നേതാവിന്റെ ഏറ്റവും അടുത്ത അനുയായിവൃന്ദത്തിലുള്ളവര്‍ അദ്ദേഹത്തിന്റെ സിദ്ധികളെ കൃത്യമായി അറിയുന്നവരായിരിക്കും. ആ സിദ്ധികളെ ഉള്‍ക്കൊള്ളാനും ക്രാന്തദര്‍ശിത്വത്തോടെ തിരിച്ചറിയാനും കഴിയുന്ന ആളുകളെയേ നേതാവ് തന്റെ അടുത്തവൃത്തത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മിക്കവാറും ആളുകള്‍ തങ്ങളുടെ വൈഭവങ്ങളുടെ അനന്തസാധ്യതയെ ഉപയോഗപ്പെടുത്താതെ  അലസരായി കഴിയുന്നവരാണ്. തെളിച്ചുപറഞ്ഞാല്‍ നാം നമ്മുടെ വ്യവഹാരങ്ങളില്‍ കഴിവുകളെ പൂര്‍ണാര്‍ഥത്തില്‍ പ്രകടമാക്കണമെന്ന് സുന്നത്ത് ആവശ്യപ്പെടുന്നു. മുഹമ്മദ് നബി(സ) താന്‍ ലക്ഷ്യമിട്ട ഏതെങ്കിലും ദൗത്യം പൂര്‍ത്തീകരിക്കാതിരുന്നിട്ടില്ല. ഏതെങ്കിലും ജീവിതസന്ദര്‍ഭത്തില്‍ അലസഭാവത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. ഏറ്റവും ഉയര്‍ന്ന ജീവിതലക്ഷ്യങ്ങളെ വിസ്മരിച്ച് നബിയുടെ അനുചരന്‍മാര്‍ കഴിഞ്ഞുകൂടിയില്ല.

മുഹമ്മദ് നബി യാതൊരു ആസൂത്രണമോ സംഘടനാവൈഭവമോ ഇല്ലാതെ തന്റെ ആത്മസൗഹൃദവലയത്തെ തെരഞ്ഞെടുത്തിട്ടില്ല. എവിടെയാണ് പോകേണ്ടതെന്നും എന്തൊക്കെ ലക്ഷ്യങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടാണ് ലോകത്തെ മാറ്റിമറിക്കാന്‍ സജ്ജരായി സകാത് നിഷേധികളെയും സാമ്രാജ്യശക്തികളെയും നേരിടാന്‍ തക്ക കരുത്തരെയും ഇസ്‌ലാമികപ്രബോധകരെയും അദ്ദേഹം കൂടെക്കൂട്ടിയത്.

ശാക്തീകരണ നടപടികള്‍

തന്റെയും സംഘത്തിന്റെയും സുരക്ഷയെക്കുറിച്ച്  കൃത്യമായ ധാരണയുള്ള ഒരു നേതാവേ അനുയായികള്‍ക്ക് അധികാരം കൈമാറുകയുള്ളൂ. ഇത് മനസ്സിലാക്കാന്‍ ഇതിന്റെ മറുവശം ചിന്തിച്ചാല്‍ മാത്രം മതി. തന്റെ നേതൃപദവി നഷ്ടപ്പെടുമെന്ന് ആശങ്കിക്കുന്ന ആള്‍ക്കുവേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായിട്ടുണ്ടോ? ഇല്ല.കാരണം, അത്തരം നേതൃത്വം തങ്ങളുടെ അരക്ഷിതാവസ്ഥയെ  അനുയായികളോടും സഹപ്രവര്‍ത്തകരോടും കൃതഘ്‌നതയോടെയാണ് പ്രകടിപ്പിക്കുക. സ്വാര്‍ഥതാല്‍പര്യങ്ങള്‍ നേടിയെടുക്കാനായിരിക്കും അത്തരക്കാരുടെ ശ്രമം. സഹപ്രവര്‍ത്തകരും അനുയായികളും നേതൃപാടവത്തോടെ വളരുന്നത് അവര്‍ സഹിക്കില്ല. സമൂഹത്തെ സേവിക്കുകയല്ല മറിച്ച് പ്രശസ്തിമാത്രമായിരിക്കും അവരുടെ ലക്ഷ്യം.

എന്നാല്‍ മുഹമ്മദ് നബി(സ) തന്റെ ചുറ്റും ഒട്ടേറെ നേതാക്കള്‍ക്ക് ശക്തിപകര്‍ന്നു. പത്‌നിമാരോട് കൂടിയാലോചന നടത്തുകയും ഉപദേശംതേടുകയും ചെയ്തുകൊണ്ട് അവരെ ശാക്തീകരിച്ചു. തന്റെ അനുചരന്‍മാരില്‍നിന്ന്  യുവനേതാക്കളെ  അമ്പാസിഡര്‍മാരായും കമാന്റര്‍മാരായും  ദൗത്യമേല്‍പിച്ച് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ബിലാലിനെപ്പോലെ കറുത്തവംശജരായ ദരിദ്രനാരായണന്‍മാര്‍ക്കുപോലും വിജയഭേരിയായി ബാങ്ക് മുഴക്കാന്‍ അവസരംനല്‍കിക്കൊണ്ട് സംഘത്തില്‍ പ്രത്യേകസ്ഥാനംനല്‍കി. അതിനാല്‍ കൂടെയുള്ളവരെ ശാക്തീകരിക്കുകയെന്നത്  നേതാവെന്ന നിലയില്‍ സുന്നത്തിനെ പിന്‍പറ്റുന്നവര്‍ മനസ്സിലാക്കേണ്ട സംഗതിയാണ്.

കരീബിയ, ലാറ്റിനമേരിക്കന്‍, അമേരിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലീഡര്‍ഷിപ് ട്രെയ്‌നറും അന്താരാഷ്ട്രപ്രഭാഷകനുമാണ് ലേഖകന്‍

Topics