നക്ഷത്രങ്ങളാണ് കുട്ടികള്‍- 3
ദീര്‍ഘമായ കുട്ടിക്കാലം ജീവിതത്തില്‍ മനുഷ്യനു മാത്രമേ ഉള്ളൂ. പക്ഷികള്‍ക്കോ മൃഗങ്ങള്‍ക്കോ ഇല്ല. അവക്ക് അതിന്റെ ആവശ്യവുമില്ല. നമ്മില്‍ പലരുടെയും വീടുകളില്‍ പൂച്ചയുണ്ടാവും. ചിലപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളുമുണ്ടാകും. പൂച്ച പ്രസവിച്ചാല്‍, കുഞ്ഞുങ്ങള്‍ രണ്ടാം ദിവസം തന്നെ കണ്ണ് തുറക്കാന്‍ തുടങ്ങും.സ്വയം പാലു കുടിക്കാനാരംഭിക്കും. പതുക്കെപ്പതുക്കെ എഴുന്നേറ്റു നില്‍ക്കാനും പിച്ച വെക്കാനും തുടങ്ങും.ഏഴ് ആഴ്ചയേ ( 28 ദിവസം) തള്ളപ്പൂച്ച കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടൂ.അപ്പോഴേക്കും അത് ഒരുവിധം സ്വയം പര്യാപ്തതയിലേക്ക് വളര്‍ന്നെത്തും.ഏഴ് മാസം കൊണ്ട് ആണ്‍ പൂച്ചയും പത്ത് മാസം കൊണ്ട് പെണ്‍പൂച്ചയും പ്രായപൂര്‍ത്തിയെത്തും. പ്രായപൂര്‍ത്തിയെത്തുന്നതിനും മുമ്പേ, പൂച്ചകള്‍ അവയുടെ സഹജവും വര്‍ഗപരവുമായ സവിശേഷതകള്‍ സ്വയം ആര്‍ജിച്ചിരിക്കും. ഉദാഹരണത്തിന്, ആഹാരം തേടാനും ആത്മരക്ഷക്കും ഒരു പൂച്ചയും മറ്റു പൂച്ചകളെ ആശ്രയിക്കാറില്ല. ഇടക്കിടെ പൂച്ചകള്‍ ശരീരം സ്വയം നക്കി വൃത്തിയാക്കും.നാറ്റം ഒഴിവാക്കാനും ശത്രുവില്‍ നിന്ന് രക്ഷ നേടാനുമാണ്.എന്നാല്‍, പട്ടികളാകട്ടെ ശരീരത്തിലെ നാറ്റം നിലനിര്‍ത്താനാണ് ശ്രമിക്കുക.പരസ്പരം ആക്രമിക്കുന്ന നേരത്ത് ശരീരം സ്വയം വളച്ച്, രോമങ്ങള്‍ ഉയര്‍ത്തി, വലുപ്പം നടിച്ചാണ് പ്രതിയോഗികളെ പൂച്ചകള്‍ പിന്തിരിപ്പിക്കുന്നത്.’ പൂച്ച എങ്ങനെ വീണാലും നാലു കാലിലേ വീഴു’ എന്ന് നാം പറയാറുണ്ടല്ലോ.അതും ഒരു പൂച്ച ശേഷിയാണ്. പൂച്ച ചാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, മൂന്നടി ഉയരത്തില്‍ നിന്ന് മാത്രമേ അത് ചാടുകയുള്ളൂ. ഉയരം കുറഞ്ഞാല്‍ വീഴ്ച നാലുകാലിലാവില്ല. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം കുഞ്ഞുന്നാളില്‍ തന്നെ പൂച്ച സ്വയം പരിശീലിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്. തീര്‍ത്തും ഹൃസ്വമായ ഒരു കുട്ടിക്കാലം കൊണ്ട്.
നമുക്കിനി ആനയിലേക്ക് വരാം. സസ്തനികളില്‍ വെച്ച് ആനയുടേതാണല്ലോ ദീര്‍ഘമായ ഗര്‍ഭകാലം. 660 ദിവസം.മിക്കവാറും ഒരു പ്രസവത്തില്‍ ഒരു കുട്ടിയേ ഉണ്ടാവാറുള്ളു.ജനിക്കുമ്പോള്‍ തന്നെ കുട്ടിയാന മൂക്ക് ചീറ്റാന്‍ തുടങ്ങും. അഴുക്കു ദ്രാവകം നീക്കിക്കളയാനാണിത്.ജനിച്ചു കഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ സ്വന്തം കാലില്‍ അമ്മയുടെ സഹായത്തോടെ നില്‍ക്കും. ഒരു മണിക്കൂറിനുള്ളില്‍ പരസഹായമില്ലാതെയും നില്‍ക്കും.പിന്നെ നടക്കാന്‍ തുടങ്ങും. വായ കൊണ്ടേ പാല്‍ കുടിക്കു. തുമ്പിക്കൈ കൊണ്ടല്ല. ഒരു ദിവസം പതിനൊന്നു ലിറ്റര്‍ പാല്‍ വരെ പാല്‍ അകത്താക്കും.
ജീവിതത്തില്‍ സ്വയം പര്യാപ്തി നേടാന്‍ ആനകള്‍ക്കും പ്രകൃതി ദീര്‍ഘമായ കുട്ടിക്കാലം നിശ്ചയിച്ചു കൊടുത്തിട്ടില്ല.
എങ്കില്‍ മനുഷ്യ ശിശുവിന്റെ അവസ്ഥയോ, നവജാത ശിശുവിന് മുലപ്പാല്‍ കിട്ടണമെങ്കില്‍ അമ്മ തന്നെ വിചാരിക്കണം.ആഹാരം കഴിക്കാന്‍, ഇരിക്കാന്‍, നില്‍ക്കാന്‍, നടക്കാന്‍, ഓടാന്‍ അങ്ങനെ ഓരോന്നിനും എത്രയെത്ര ഘട്ടങ്ങള്‍ പിന്നിടണം.കടമ്പകള്‍ കടക്കണം.ആരുടെയൊക്കെ സഹായം വേണം.എന്തുമാത്രം വേദനകളും യാതനകളും സഹിക്കണം. പ്രായപൂര്‍ത്തിയാകാന്‍ തന്നെ സമയമെടുക്കും. എന്തുകൊണ്ടാണ് മനുഷ്യനിങ്ങനെ ദീര്‍ഘമായ ഒരു കുട്ടിക്കാലം. അവനിവിടെ, ഈ ഭൂമിയില്‍, ഈ ലോകത്ത് ഒരു കോഴിക്കോ പൂച്ചക്കോ ആനക്കോ സിംഹത്തിനോ കഴുകനോ പാമ്പിനോ നിശ്ചയിക്കപ്പെട്ട ജീവിതവും നിയോഗവുമല്ല ഉള്ളത് എന്നതാണ് അതിന്റെ ലളിതമായ ഉത്തരം. മനുഷ്യന് ഈ ഭൂമിലോകത്ത് അതിമഹത്തായ ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. നിയോഗം ഏറ്റെടുക്കേണ്ടതുണ്ട്.അതിനു വേണ്ടിയാണ് അവന് ബുദ്ധിശക്തിയും ചിന്താശേഷിയും ഭാഷയും കലയും ശാസ്ത്രവും സാഹിത്യവും വിനിമയ പാടവവും എല്ലാം ദൈവം കൊടുത്തത്. അതൊക്കെ വേണ്ടും വിധം ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ നിരന്തരമായ അനുഭവങ്ങള്‍ വേണം. പുനരനുഭവങ്ങളുണ്ടാവണം. പരിശീലനവും അഭ്യാസവും കിട്ടണം. അതിനാണ് ഇത്രയും ദീര്‍ഘമായ കുട്ടിക്കാലം മനുഷ്യന് പ്രകൃതി നിശ്ചയിച്ചത്. പ്രകൃതിയും ദൈവവും നിശ്ചയിച്ച ദീര്‍ഘമായ ഈ കുട്ടിക്കാലം മുതിര്‍ന്നവര്‍ക്ക് വെട്ടിച്ചുരുക്കാന്‍ എന്ത് അവകാശം? വൈകി നേടിയാല്‍ മതിയെന്ന് പ്രകൃതി തീരുമാനിച്ച ഒരു ശേഷി കുട്ടിക്ക് നേരത്തെ കിട്ടണം എന്ന് മുതിര്‍ന്നവര്‍ വാശി പിടിക്കുന്നതെന്തിന്?(തുടരും )
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
Add Comment