ഖുര്‍ആന്‍-പഠനങ്ങള്‍

യാസീന്‍ പഠനം 5: ‘തീര്‍ച്ചയായും മരിച്ചവരെ നാം പുനര്‍ജീവിപ്പിക്കും’

അല്ലാഹുവിന് പൂര്‍ണമായി കീഴൊതുങ്ങാനും, ഇസ്‌ലാമിനെ സമ്പൂര്‍ണമായും സുന്ദരമായും വാക്കിലൂടെയും തന്റെ ജീവിതത്തിലൂടെയും കാണിച്ചുകൊടുത്ത അവന്റെ ദൂതനില്‍ വിശ്വസിക്കാനും ആളുകളിലധികവും വിസമ്മതിക്കുന്ന ദൗര്‍ഭാഗ്യകരമായ പ്രാപഞ്ചികസത്യത്തെയാണ് മുന്‍ ലേഖനത്തില്‍ നാം മനസ്സിലാക്കിയത്.  എന്നിരുന്നാലും  ചില പ്രത്യേകഗുണങ്ങള്‍ സവിശേഷമായുള്ള ആളുകള്‍ സത്യത്തെ സ്വീകരിക്കാന്‍ തയ്യാറായി. ഉത്‌ബോധനത്തെ പിന്തുടരുകയെന്ന അതിയായ വാഞ്ഛ അവരുടെ അന്തരാളങ്ങളില്‍ ഉണ്ടായിരുന്നു.  പരമദയാലുവായ അല്ലാഹുവിന്റെ കോപത്തെ അവര്‍ എന്നും കരുതലോടെയാണ് കണ്ടത്.

إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُبِينٍ 

നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.

മക്കയിലെ ബഹുദൈവവിശ്വാസികള്‍ പുനരുത്ഥാനനാളിനെ   നിഷേധിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു:’എങ്ങനെയാണ് മരണാനന്തരം വീണ്ടുംജീവിതമുണ്ടാകുക?’ എന്നാല്‍ അല്ലാഹു അതെപ്പറ്റി വ്യക്തമാക്കിയതിങ്ങനെ:’നാമാണ് മൃതമായതിനെ ജീവിപ്പിക്കുന്നത്.’ നാം നമ്മുടെ കഴിവിനാല്‍ മരണശേഷം അതിനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു.  തങ്ങളുടെ ജീവിതകാലത്ത് ചെയ്ത നല്ലതും തിയ്യതുമായ കര്‍മങ്ങളെ  വ്യക്തമായി രേഖപ്പെടുത്തുന്നു. ഈ വചനങ്ങള്‍ വളരെ കൃത്യമായ ഒരു സന്ദേശം മാനവതയ്ക്ക് നല്‍കുന്നു:’മരണശേഷം രണ്ടാമതും ജീവന്‍ നല്‍കാന്‍ കഴിവുറ്റവന്‍ അല്ലാഹു മാത്രമാണ്. അങ്ങനെ രണ്ടാമത് പുനരുജ്ജീവിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം ഇഹലോകകര്‍മ്മങ്ങളുടെ വിചാരണയാണ്. അന്നത്തെ അറേബ്യയില്‍ ഈ വചനം എത്രമാത്രം പ്രസക്തമായിരുന്നുവോ ഈ 21 -ാം നൂറ്റാണ്ടിലും അത് പ്രസക്തമാണ്.  അന്ന് അറേബ്യയിലെ നിഷേധികള്‍ അതിനെ പരിഹസിച്ചുതള്ളിയെങ്കില്‍ ഇന്ന് ‘ദ എന്‍ഡ് ഓഫ് ടൈംസ് ‘ എന്ന  ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ മരണാനന്തരജീവിതത്തെ ആസ്വാദനകലാസൃഷ്ടിയാക്കി  നിസ്സാരവത്കരിക്കുകയുംനിഷേധിക്കുകയുംചെയ്യുന്നു.

അവരുടെ കര്‍മങ്ങളോടൊപ്പം അവരുടെ ‘കാല്‍പാടുകളും’ രേഖപ്പെടുത്തുന്നുവെന്ന് പറയുന്നുണ്ട്. പള്ളിയിലെ നമസ്‌കാരത്തിന് കൃത്യമായി പങ്കുകൊള്ളാന്‍ സൗകര്യം മനസ്സിലാക്കി ബനൂസാലിമ ഗോത്രക്കാരായ അന്‍സ്വാറുകള്‍ മദീനാപള്ളിക്കരികില്‍ താമസമുറപ്പിക്കാന്‍ നബിയോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അവതരിച്ചതാണ് പ്രസ്തുത സൂക്തമെന്ന്  വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ സൂക്തം അവതരിച്ചതോടെ  തങ്ങളുടെ താമസസ്ഥലം വിട്ടുപോകേണ്ടെന്ന് അവര്‍ ഉറപ്പിച്ചു. പള്ളിയിലേക്കുള്ള ഓരോ കാലടിയും പ്രതിഫലാര്‍ഹമാകുമെന്ന് അവര്‍ മനസ്സിലാക്കി.

ജാബിര്‍(റ) ല്‍ നിന്ന് നിവേദനം : ബനൂസാലിമ ഗോത്രം  പള്ളിയുടെ അടുത്തേക്ക്  താമസം മാറ്റണമെന്ന് ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ നബിതിരുമേനി അവരോട് പറഞ്ഞു:’പള്ളിയുടെ അടുത്തേക്ക് താമസം മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതായി ഞാന്‍ കേട്ടു.’ അവര്‍ പറഞ്ഞു:’ അതെ, അല്ലാഹുവിന്റെ ദൂതരേ, അങ്ങനെചെയ്യാന്‍ ഉദ്ദേശിക്കുന്നു.’ അപ്പോള്‍ നബി പറഞ്ഞു:’അല്ലയോ ബനൂ സാലിമഗോത്രമേ, നിങ്ങള്‍ ആ വീടുകളില്‍തന്നെ കഴിഞ്ഞുകൊള്ളുക, പള്ളിയിലേക്കുള്ള ഓരോ ചുവടുകളും രേഖപ്പെടുത്തപ്പെടുന്നതാണ്.’

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബിയുടെ പ്രതികരണം കേട്ട അവര്‍ അവിടെത്തന്നെ താമസമുറപ്പിച്ചു.

‘എല്ലാം വ്യക്തമായ ഒരു രജിസ്റ്ററില്‍ നാം രേഖപ്പെടുത്തിയിട്ടുണ്ട്.’ എല്ലാം ഉമ്മുല്‍ കിതാബില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് മുജാഹിദ് അതിനെ വ്യാഖ്യാനിക്കുന്നത്. പ്രത്യേകഫലകം അഥവാ ലൗഹുല്‍ മഹ്ഫൂള്  എന്ന ഉന്നതപുസ്തകം ആണത് . എല്ലാം അതില്‍ വ്യക്തമായാണ്  രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക്  നീതിയുടെയും സമത്വത്തിന്റെയും അവബോധം പകര്‍ന്നുനല്‍കുന്നുണ്ടിവിടെ. നീതിയും സുതാര്യതയും ഇല്ലാതെ  കുറ്റപത്രം നല്‍കുന്ന ഭീകരവിരുദ്ധനിയമങ്ങളും അധികൃതനടപടികളും ഇപ്പോള്‍ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യം നാം കാണുന്നു. എന്നാല്‍ സുതാര്യവും നീതിപൂര്‍വകവുമായ വിചാരണയാണ് പുനരുത്ഥാനനാളില്‍ ഉണ്ടാവുക. അന്ന് യാതൊരുവനും തന്നോട് അനീതിയുണ്ടായി എന്ന തോന്നലുണ്ടാവുകയില്ല.  ഓരോ വ്യക്തിയും ചെയ്തതും കാലടികള്‍ വെച്ചതും  അതില്‍  സൂക്ഷ്മപരിശോധന നടത്തേണ്ടതില്ലാത്തവിധം രേഖപ്പെടുത്തപ്പെട്ടിരിക്കും.

ഭാഷാമുത്തുകള്‍

ഈ ഒരു ആയത്തില്‍ രണ്ടുപുസ്തകങ്ങളെക്കുറിച്ച പരാമര്‍ശമാണുള്ളത്. ഒന്ന്, ലൗഹുല്‍ മഹ്ഫൂള്മ, റ്റൊന്ന് ഓരോ മനുഷ്യന്റെയും ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍മപുസ്തകം.

ഒന്നാമത്തെ പുസ്തകത്തെ സംബന്ധിച്ച വിവക്ഷ അല്ലാഹു  ഖലം(പേന) ഉണ്ടാക്കുകയും എന്നിട്ടതിനോട് ലോകാന്ത്യംവരെ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം എഴുതിവെക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഉബാദതുബ്‌നു സ്വാമിത് (റ)ല്‍ നിന്ന് നിവേദനം  നബി(സ) പറഞ്ഞു:’ആദ്യം അല്ലാഹുചെയ്തത് പേനയെ സൃഷ്ടിക്കുകയാണ്. തുടര്‍ന്ന്  അതിനോട് എഴുതാന്‍ കല്‍പിച്ചു. അപ്പോള്‍ അത് ചോദിച്ചു:’നാഥാ, ഞാനെന്താണ് എഴുതേണ്ടത്? അല്ലാഹു പറഞ്ഞു:’ അന്ത്യനാള്‍ വരേയ്ക്കും നിര്‍ണയിക്കപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തുക.’ ഇപ്പറഞ്ഞതില്‍ ആഖ്യാനവ്യത്യാസത്തോടെ മറ്റൊരു റിപോര്‍ട്ട് കാണാം.’അല്ലാഹു പേന സൃഷ്ടിച്ചശേഷം അതിനോട് കല്‍പിച്ചു:’എഴുതുക’യെന്ന്. അങ്ങനെ അത് അന്ത്യനാള്‍ വരെയുള്ള എല്ലാ സംഗതികളും രേഖപ്പെടുത്തി.

ഈ സൂക്തം അല്ലാഹു നമ്മെ രണ്ടാമതും പുനരുജ്ജീവിപ്പിക്കുമെന്നും ഇഹലോകത്തെ  കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുമെന്നും വെളിപ്പെടുത്തുന്നു. അത് കര്‍മപുസ്തകം മുന്‍നിര്‍ത്തിയായിരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതില്‍ ‘ഖദ്ദമൂ’ എന്നതിന്റെ ആശയം ജീവിതകാലത്ത് ചെയ്തുകൂട്ടിയ  നല്ലതും ചീത്തയുമായ നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. അതേസമയം ‘ആസാര്‍’ എന്നതിന്റെ വിവക്ഷയെക്കുറിച്ച് ഇബ്‌നുതൈമിയ്യയെ പോലുള്ള പണ്ഡിതന്‍മാര്‍ പറയുന്നത്, അത്  നമ്മുടെ പ്രവൃത്തിയും പെരുമാറ്റവും മൂലം മറ്റുള്ളവര്‍ കര്‍മപ്രചോദിതരാകുന്നതിനെക്കുറിച്ചാണെന്നാണ്. അല്ലാഹുവിന്റെ അറിവ് എല്ലാറ്റിനെയും വലയംചെയ്തിരിക്കുന്നുവെന്നതാണിത് കാണിക്കുന്നത്. നാം ജീവിതത്തില്‍ ചെയ്തതാണ് ആദ്യത്തേതിന്റെ ഉദ്ദേശ്യമെങ്കില്‍ രണ്ടാമത്തേത് നമ്മുടെ ജീവിതം മറ്റുള്ളവരില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തെക്കുറിക്കുന്നതാണ്. നാം വിട്ടേച്ചുപോകുന്ന പാരമ്പര്യമാകുന്ന അനന്തരസ്വത്താണത്. നമ്മുടെ കാല്‍പാടുകളും വിരലടയാളങ്ങളും ശക്തമായ കൊടുങ്കാറ്റിലും പ്രളയത്തിലും ഈ ഭൂമിയില്‍നിന്ന് മാഞ്ഞുപോയാലും അല്ലാഹുവിന്റെ അടുക്കല്‍ അതെല്ലാം നമ്മുടെ ജനനത്തിന് മുന്നേ ലൗഹുല്‍ മഹ് ഫൂളിലും അതോടൊപ്പം നമ്മുടെ കര്‍മപുസ്തകത്തിലും രേഖപ്പെടുത്തപ്പെട്ടിരിക്കും. അതെല്ലാംതന്നെ കൃത്യമായ വിവരണത്തോടെ, സുരക്ഷിതമായി ,തീയതിസഹിതം  കുറിച്ചുവെച്ചിട്ടുണ്ടെന്നതാണ്  ‘അഹ്‌സൈ്വനാഹു’ എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്.

വിവേകമുത്തുകള്‍

മരിച്ചുപോയ മനുഷ്യന്റെ ശരീരം ജീര്‍ണിച്ച് മണ്ണോടുചേര്‍ന്ന് അതിലെ മൂലകങ്ങള്‍ അലിഞ്ഞില്ലാതായിക്കഴിഞ്ഞാല്‍  പിന്നെ അത് രണ്ടാമത് വീണ്ടെടുക്കുക അസാധ്യമെന്നായിരുന്നു മക്കാമുശ്‌രിക്കുകള്‍ വിശ്വസിച്ചിരുന്നത്.  എന്നാല്‍ ഈ സൂക്തത്തിലൂടെ അല്ലാഹു അവരുടെ സംശയത്തെയും നിഷേധത്തെയും ദൂരീകരിക്കുന്നു. ഇവിടെ അല്ലാഹുവിന്റെ ശക്തിയെയും അറിവിനെയും തുറന്നുകാട്ടുന്നുണ്ട് ഈ സൂക്തം. മണ്ണിലലിഞ്ഞുചേര്‍ന്ന മൂലകങ്ങളെ ചേര്‍ത്തുവെച്ച് എല്ലും മാംസവും പുനഃസൃഷ്ടിച്ച്  മനുഷ്യരെ രണ്ടാമതും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു. ശക്തിമാത്രം പോരാ ഈ പ്രക്രിയയ്ക്ക്.  അറിവിനും അതില്‍  മുഖ്യപങ്കുണ്ട് . അതായത്, ഓരോ മനുഷ്യനിലും ഉണ്ടായിരുന്ന ശരീരാവയവങ്ങളും അതിലുള്‍ച്ചേര്‍ന്നിരുന്ന വ്യത്യസ്തമൂലകങ്ങളെല്ലാംതന്നെ(ചിതറിക്കിടക്കുന്നവയടക്കം) എവിടെയെല്ലാം ഉണ്ടെന്ന് അറിഞ്ഞിരുന്നാല്‍ മാത്രമേ അവയെ വീണ്ടെടുക്കാന്‍ കഴിയൂ. അല്ലാഹുവിന്റെ അറിവിനുപുറത്തല്ല മനുഷ്യശരീരത്തിലെ ഓരോ അണുഅളവ് ഘടകങ്ങളും എന്നര്‍ഥം. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ് എന്നത് ഈ അധ്യായത്തിലെ എണ്‍പതാം സൂക്തത്തില്‍ പറയുന്നത് കാണുക.’പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.'(80) 

ഒരു വ്യക്തി തന്റെ ജീവിതകാലത്ത് ചെയ്തുകൂട്ടിയ കര്‍മങ്ങളെക്കൂടാതെ അവന്റെ മരണശേഷവും പ്രതിഫലാര്‍ഹമാക്കുന്ന ‘ആസാറു’കളില്‍ പുസ്തകമെഴുത്ത്, ഖുര്‍ആന്‍ പഠിപ്പിക്കല്‍, പള്ളിനിര്‍മാണം തുടങ്ങി ഒട്ടേറെ സംഗതികളുള്‍പ്പെടുന്നു. അതേപോലെ തിന്‍മയുടെ പങ്ക്  ലഭിച്ചുകൊണ്ടിരിക്കുന്ന  പ്രവര്‍ത്തനങ്ങളുമുണ്ട്. അനീതിപ്രവര്‍ത്തിക്കുന്നവരെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കുക, അല്ലാഹുവെക്കുറിച്ച സ്മരണ നഷ്ടപ്പെടുത്തുന്ന ആവിഷ്‌കാരങ്ങള്‍ നടത്തുക തുടങ്ങിയവ അക്കൂട്ടത്തില്‍ പെട്ടതാണ്.

മുഹമ്മദ് നബി(സ) പറഞ്ഞു:’ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ മൂന്നുസംഗതികളൊഴിച്ച് ബാക്കിയെല്ലാം അവസാനിക്കുന്നു: 1. എന്നെന്നുംതുടര്‍ന്നുകൊണ്ടിരിക്കുന്ന സ്വദഖ, വിജ്ഞാനപ്രദമായ അറിവ്, തനിക്കുവേണ്ടി സദാപ്രാര്‍ത്ഥിക്കുന്ന സന്താനം’

ഇതുവരെ മുഹമ്മദ് നബിയെ നിഷേധിക്കരുതെന്നും തള്ളിക്കളയരുതെന്നുമായിരുന്നു മക്കാഖുറൈശികളോട് സൂക്തങ്ങള്‍ മുന്നറിയിപ്പുനല്‍കിക്കൊണ്ടിരുന്നത്.  ഇനിയങ്ങോട്ട് മറ്റൊരു ദിശയിലൂടെ ഇതേ വിഷയം അവതരിപ്പിക്കുന്നതാണ് നമുക്ക് കാണാനാകുക. (തുടരും)

 

Topics