ഭാഷാ നൈപുണിയെക്കുറിച്ചാണ് ( الكفاية اللغوية) കഴിഞ്ഞ കുറിപ്പിൽ പരാമർശിച്ചത്.
അടുത്തത് വിനിമയ നൈപുണി ( الكفاية الاتصالية ) യാണ്.
ഇവിടെ കൃത്യമായ ചില ധാരണകൾ നമുക്ക് വേണം. വിനിമയം ചെയ്യപ്പെടാത്ത ഒരു ഭാഷക്കും ഭൂമുഖത്ത് നിലനിൽപ്പില്ല. ഉപയോഗിക്കാനും പ്രയോഗിക്കാനും വിനിമയം ചെയ്യാനും ഒരു സമൂഹം ഉണ്ടാകുമ്പോഴാണ് ഒരു ഭാഷ ജൈവമാകുന്നത്. ചടുലമാകുന്നത്. കാലികവും വികസനോന്മുഖവുമാകുന്നത് അറബി ഭാഷ അറബികൾ സംസാരിക്കുന്ന അതല്ലെങ്കിൽ അറബ് രാജ്യങ്ങളിലെ പൗരന്മാർ തങ്ങളുടെ മാതൃഭാഷ എന്ന നിലയിൽ സംസാരിക്കുന്നഭാഷയാണ്. അതിന് അതിന്റെതായ ലിപി രൂപം, വിനിമയ ശൈലീ വൈവിധ്യം, ഉച്ചാരണ സവിശേഷത, ശബ്ദ വ്യവസ്ഥ, താളാത്മകത എന്നിവയുണ്ടാകും. അറബികളുടെ സംസാരം, അല്ലെങ്കിൽ അറബി രാജ്യങ്ങളിലെ റേഡിയോ/ ടി.വി/ചാനൽ പരിപാടികൾ ശ്രദ്ധിച്ചാൽ ബോധ്യപ്പെടും.
ഒരു ഭാഷ, അതിനെ മാതൃഭാഷ പോലെ ഉപയോഗിച്ചിരിക്കുന്നവർ എങ്ങനെയാണോ ആ ഭാഷ കൈകാര്യം ചെയ്യുന്നത് ആ രീതിയും രൂപവും ശൈലിയുമാണ് പൊതുവേ സ്വീകാര്യവും അഭികാമ്യവുമായ ( الطراز/ النمط/ الأسلوب الاجتماعي المقبول) രീതിയും രൂപവും ശൈലിയുമെന്ന് ഭാഷാ പണ്ഡിതന്മാർ പറയുന്നു.
അത്തരം രീതിയിലും രൂപത്തിലും ശൈലിയിലും പ്രസ്തുത ഭാഷ വിനിമയം ചെയ്യാനുള്ള കഴിവാർജിക്കുന്നതിനെയാണ് വിനിമയ നൈപുണി എന്ന് പറയുന്നത്. മലയാളികളായ നമുക്ക് ഇവിടെ ഒരുപാട് പരിമിതികളുണ്ട്. ഏതൊരു രണ്ടാം ഭാഷ പഠിപ്പിക്കുന്നവരും നേരിടുന്ന പരിമിതിയാണത്.
നിത്യ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ സന്ദർഭോചിതമായി വാമൊഴിയായോ വരമൊഴിയായോ ഭാഷ ഉപയോഗിക്കുന്നവരായി നമ്മുടെ കുട്ടികളെ നാം സജ്ജമാക്കണം.
വിനിമയ നൈപുണി പെട്ടെന്ന് ഉണ്ടാകുന്നതോ ഉണ്ടാക്കാൻ കഴിയുന്നതോ അല്ല. പ്രധാനമായും അതിന് മൂന്ന് ഘട്ടങ്ങളുണ്ട്.
ഒഴുക്ക് – الطلاقة-
ഭയമില്ലാതെയും സംശയിക്കാതെയും ഭാഷ ഉപയോഗിക്കുമ്പോഴാണ് ഒഴുക്കുണ്ടാകുന്നത്
കൃത്യത – دقة-
വ്യാകരണ നിയമങ്ങളും ഭാഷാ വ്യവസ്ഥകളും പാലിച്ചു കൊണ്ട് ഭാഷ ഉപയോഗിക്കുമ്പോൾ കൃത്യതയുണ്ടാകും.
അനുയോജ്യത – التناسب-
സന്ദർഭം, വ്യക്തി എന്നിവക്കനുസൃതമായി ഔചിത്യപൂർവം ഭാഷ ഉപയോഗിക്കുന്നതാണ് അനുയോജ്യത. ഇംഗ്ലീഷിൽ ഇവയെ fluency, accuracy, appropriacy എന്നാണ് പറയുന്നത്.
ഭാഷാ ക്ളാസ് മുറികളിൽ ഭാഷാപരിസരം സൃഷ്ടിച്ചു കൊണ്ടേ നമുക്കീ മൂന്ന് ഘട്ടങ്ങളിലൂടെയും കുട്ടികളെ കടത്തി വിടാൻ കഴിയു.
( തുടരും)