സ്മാര്‍ട്ട് ക്ലാസ്സ്‌

ഭാഷയിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക (ഭാഷയുടെ തീരത്ത് – 3)

ഭാഷ ഉപയോഗിക്കാനും പരസ്പരം ആശയവിനിമയം നടത്താനും കഴിയുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു അനുഗ്രഹമാണ്. ഭൂമിയിലെ ഓരോ ജീവി വര്‍ഗത്തിനും അതിന്റേതായ ആശയവിനിമയരീതിയുണ്ട്. പക്ഷേ, കാലോചിതമായി മാറുകയും വളരുകയും വികസിക്കുകയും ആധുനികമാവുകയും ചെയ്യുന്നത് മനുഷ്യന്റെ ആശയവിനിമയരീതി മാത്രമാണ്. വേണമെങ്കില്‍, മറ്റു ജീവികളോടും ആശയവിനിമയം നടത്താന്‍ മനുഷ്യന് കഴിയുമെന്നതും ശ്രദ്ധേയമായൊരു കാര്യമാണ്. നായ, തത്ത, ചിമ്പാന്‍സി എന്നിവയുമായി നിരന്തരം നാം ആശയവിനിമയം നടത്തിയാല്‍ അവ നമ്മെ അനുകരിക്കാന്‍ തുടങ്ങും.’ തത്തമ്മ പൂച്ച, പൂച്ച’ എന്നൊരു പ്രയോഗം നമുക്കിടയില്‍ പ്രചാരത്തിലുള്ളത് അറിയുമല്ലോ. മനുഷ്യനില്‍ നിന്ന് ഭാഷ പഠിച്ചെടുക്കാനും അതുപോലെ തന്നെ പറയാനും തത്തക്ക് കഴിയുമെന്ന് ചുരുക്കം.

ഭാഷാ പഠനം താഴെ പറയുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നാല്‍ എളുപ്പമാണ് എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.
1. പിതാവിന്റെ കഴിവ്
2. പിതാവിന്റെ അഭിപ്രേരണ
3. പിതാവിന്റെ താല്‍പര്യം
4. പിതാവിന്റെ ആവശ്യം
5. പിതാവ് നിലകൊള്ളുന്ന പരിസരം
(ആവശ്യമായ പഠനാനുഭവങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയും വിധം പാഠ്യ വിഭവങ്ങള്‍, അവസരങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയാണ് പരിസരം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.)

ഭാഷയിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിഞ്ഞാല്‍ സ്വാഭാവികമായി തന്നെ അവര്‍ ഭാഷ പഠിക്കാന്‍ തുടങ്ങും. മാതൃഭാഷ പഠിക്കേണ്ടത് നിലനില്‍പ്പിന്റെ ആവശ്യമാണ്. തുടക്കത്തില്‍, ശബ്ദങ്ങള്‍ ശ്രദ്ധിക്കുകയും അവയെ കുട്ടികള്‍ വസ്തുക്കളുമായി ബന്ധിപ്പിച്ച് ഗ്രഹിക്കാന്‍ ശ്രമിക്കുന്നതും നാം കാണാറുണ്ട്.
വീട്ടില്‍ അമ്മയുടെയും മറ്റുള്ളവരുടെയും ശബ്ദങ്ങള്‍ കേട്ടും ശ്രദ്ധിച്ചുമാണ് കുട്ടികള്‍ വളരുന്നത്. പിന്നീട്, ആവശ്യാനുസൃതം കുട്ടി പ്രസ്തുത ശബ്ദങ്ങള്‍/ വാക്കുകള്‍ ഉപയോഗിച്ച് തുടങ്ങുന്നു. കൊച്ചു കുട്ടികളോട് അമ്മമാരും വീട്ടുകാരും മെല്ലെ മെല്ലെ സംസാരിക്കുന്നതും അതിനോട് സാവധാനം അവര്‍ പ്രതികരിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ആവശ്യമാണ് ഇവിടെ കുട്ടിക്ക് പ്രേരണയും പ്രചോദനവുമായി വര്‍ത്തിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഷയുടെ സ്ഥിതി ഇതു പോലെയല്ല. സ്‌കൂള്‍ പാഠ്യപദ്ധതിക്കകത്തെ ഒരു വിഷയമായതുകൊണ്ട് മാത്രമാണ് കുട്ടി അത് പഠിക്കുന്നത്. രണ്ടാം ഭാഷ പഠിക്കുന്നതിന്റ മഹത്വമോ നന്മകളോ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കൃത്രിമമായൊരാവശ്യം നമുക്ക് സൃഷ്ടിക്കേണ്ടി വരും. രണ്ടാംഭാഷ ബോധപൂര്‍വം പഠിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

( തുടരും)

Topics