ഒരു പേര്‍ഷ്യന്‍ കുടുംബത്തിലെ അലി, ഹസന്‍, അഹ്മദ് എന്നീ 3 സഹോദരങ്ങളാണ് ഈ ഭരണകൂടം സ്ഥാപിച്ചത്. ഇവര്‍ യഥാക്രമം ഇമാദുദ്ദൗല, റുക്നുദ്ദൗല, മുഇസ്സുദ്ദൗല എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സ്വീകരിക്കുകയും ഇറാനിലും ഇറാഖിലും വെവ്വേറെ ഭരണകൂടങ്ങള്‍ ഉണ്ടാക്കുകയുംചെയ്തു. ഇമാദുദ്ദൗലയായിരുന്നു കേന്ദ്രനേതാവ്. അദ്ദേഹത്തിനുശേഷം റുക്നുദ്ദൗലയ്ക്കും പിന്നീട് അദദുദ്ദൗലയുടെ സന്താനങ്ങള്‍ക്കും ലഭിച്ചു.ഹി. 334-ല്‍ ബഗ്ദാദ് കീഴടക്കി. ഇറാഖും ഖുറാസാന്‍ ഒഴിച്ചുള്ള ഇറാന്‍റെ ഭാഗങ്ങളും ബനൂബുവൈഹിന്‍റെ കീഴിലായി. ബഗ്ദാദ്, ശീറാസ്, ഇസ്ഫഹാന്‍ എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖനഗരങ്ങള്‍. സാമാനികളുടെ കാലശേഷം റയ്യ് അവരുടെ കൈപ്പിടിയിലൊതുങ്ങി.
ഈ ഭരണകൂടത്തില്‍ ഏറ്റവും പ്രഗത്ഭനായ ഭരണകര്‍ത്താവ് അദദുദ്ദൗലയത്രേ (ഹി.366-372). പേര്‍ഷ്യയിലും കിര്‍മാനിലും 28 വര്‍ഷം ഗവര്‍ണറായിരുന്ന കാലത്തും രാജാവെന്ന നിലയിലും നിരവധി ജനക്ഷേമനടപടികള്‍ നടപ്പാക്കുകയും രാജ്യത്തെ അഭിവൃദ്ധിയിലാക്കുകയുംചെയ്തു. വാണിജ്യപാതകള്‍ കൊള്ളക്കാരുടെ ഭീഷണിയില്‍നിന്ന് മുക്തമാക്കി. അദ്ദേഹം നദികള്‍ നിര്‍മിച്ചു. യൂഫ്രട്ടീസിന് മുകളില്‍ പാലം പണിതു. ശീറാസില്‍ ജലസേചനത്തിനായി ബണ്ട് നിര്‍മിച്ചു. പൊതുജനങ്ങള്‍ക്കുവേണ്ടി മറ്റെങ്ങും മാതൃകകാട്ടാനില്ലാത്തവിധം വലിയ ആശുപത്രി സ്ഥാപിച്ചു. അതില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളായ ഭിഷഗ്വരന്‍മാരുണ്ടായിരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആശുപത്രി ചെലവിന് ഏഴരലക്ഷം രൂപ വാര്‍ഷികവരുമാനമുള്ള ഭൂമി വഖ്ഫ് ചെയ്തിരുന്നു. രണ്ടരനൂറ്റാണ്ടിലേറെ ക്കാലം ഈ ആശുപത്രി നിലനിന്നിരുന്നു.
അദദുദ്ദൗലക്ക് ശേഷം ബനൂബുവൈഹ് ഭരണകൂടം ദുര്‍ബലമായി. ഇറാഖ്, റയ്യ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍ ബുവൈഹ് രാജകുമാരന്‍മാര്‍ സ്വതന്ത്രഭരണകൂടങ്ങള്‍ സ്ഥാപിച്ചു. റയ്യിലെ ഭരണാധികാരിയായ ഫഖ്റുദ്ദൗലക്ക് സമര്‍ഥനും എഴുത്തുകാരനുമായ ഇബ്നു ഉബാദ് എന്ന മന്ത്രിയുണ്ടായിരുന്നു. അബ്ബാസികളുടെ കാലത്തെ ബറാമിക്കുകളെപ്പോലെ അറിയപ്പെട്ട അദ്ദേഹത്തിന് ഒരു സാമാനി ഭരണാധികാരി മന്ത്രിപദവി വാഗ്ദാനംചെയ്തെങ്കിലും അദ്ദേഹമത് നിരസിച്ചു. റയ്യ് ഭരണകൂടത്തിന് ഹി. 420 ല്‍ ഗസ്നി സുല്‍ത്താനായ മഹ്മൂദ് ഗസ്നി അന്ത്യം കുറിച്ചു. ഹി. 447ല്‍ സല്‍ജൂഖികള്‍ ബാഗ്ദാദ് കീഴടക്കികൊണ്ട് അതിനെ സമ്പൂര്‍ണമായും ഇല്ലാതാക്കി.