ചോദ്യം: ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ ക്ലാസ് മേറ്റായിരുന്ന ആണ്‍കുട്ടിയോട് എനിക്ക് താല്‍പര്യം തോന്നിയിരുന്നു. പക്ഷേ പ്രേമത്തില്‍ പെടുമോയെന്ന ആശങ്കയാല്‍ അവനുമായി അടുത്തിടപഴകാന്‍ ഞാന്‍ ശ്രമിച്ചില്ല. ഞങ്ങള്‍ സമപ്രായക്കാരാണ്. അതുകൊണ്ട് പരസ്പരം വിവാഹം നടക്കാനുള്ള സാധ്യത തീരെ ഇല്ല. അതിനാല്‍ ഞാനെന്താണ് ചെയ്യേണ്ടത്? അവനുമായുള്ള സൗഹൃദം ഒഴിവാക്കണോ?
ഉത്തരം: എതിര്‍ലിംഗത്തില്‍പെട്ടവരോടുള്ള സൗഹൃദങ്ങളുടെ പരിധിയെ കുറിച്ച് സഹോദരിയായ താങ്കള്‍ ബോധവതിയാണെന്നത് സന്തോഷകരമാണ്. ഈ പ്രായത്തില്‍തന്നെ ഇസ്‌ലാമിന്റെ വിധിവിലക്കുകളെക്കുറിച്ചും അത് നിഷ്‌കര്‍ഷിക്കുന്ന കല്‍പനകളെകുറിച്ചും അതീവതാല്‍ പര്യം താങ്കള്‍ക്കുണ്ടല്ലോ എന്നത് അനുഗൃഹീതകാര്യമാണ്. അല്ലാഹുവിന്റെ വിധിവിലക്കുകളെ ലവലേശംപോലും മടിയോ അതൃപ്തിയോ കൂടാതെ മുറുകെപ്പിടിക്കാന്‍ അവന്‍ തുണക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ആണ്‍-പെണ്‍സൗഹൃദങ്ങളിലെ ഇസ്‌ലാം പരിധികള്‍
കൗമാരത്തിലേക്ക് കടക്കുന്നതോടെ വിശ്വാസിയായ മനുഷ്യന്റെ കര്‍മങ്ങള്‍ മലക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങുകയായി. ഓരോ പ്രവൃത്തികള്‍ക്കും വ്യക്തി അല്ലാഹുവിനോട് മറുപടി നല്‍കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നാണതിനര്‍ഥം. ആണിനും പെണ്ണിനും പരസ്പരം ലൈംഗികാകര്‍ഷണം തോന്നുന്ന ഘട്ടവുമാണത്. എതിര്‍ലിംഗത്തില്‍പെട്ടയാളോട് അഭിനിവേശം മൊട്ടിടുന്നത് അപ്പോഴാണ്. ആ വ്യക്തിയെ കണ്ടുകൊണ്ടിരിക്കാനും സംസാരിക്കാനും അവരോടൊപ്പം സമയംചെലവഴിക്കാനും സ്പര്‍ശിക്കാനും സ്‌നേഹബന്ധത്തിലാകാനും കൗമാരപ്രായത്തില്‍ തൃഷ്ണ ശക്തമായിരിക്കും.
അല്ലാഹു ഒരു വ്യക്തിയെയും അയാളുടെ കഴിവിന്നതീതമായത് ചുമക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. ആളുകള്‍ക്ക് എതിര്‍ലിംഗത്തില്‍പെട്ട മറ്റുവ്യക്തികളോട് ആകര്‍ഷണവും താല്‍പര്യവും തോന്നുന്നത് പ്രകൃതിസഹജമാണ്. അതേസമയം അതിനെ അല്ലാഹു ഒരു പരീക്ഷണവുമാക്കിയിരിക്കുന്നു. പ്രകൃതിപരമായ ഈ വികാരതൃഷ്ണയെ അല്ലാഹുവിന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും പിന്‍പറ്റി ആരാണ് നിയന്ത്രിച്ചുനിര്‍ത്തുന്നതെന്നും അവന് പൂര്‍ണമായി വഴിപ്പെടുന്നതെന്നും അവന്‍ നിരീക്ഷിക്കുന്നു. അല്ലാഹുവിനോടുള്ള അനുസരണത്തില്‍ ക്ഷമാപൂര്‍വം അടിയുറച്ചുനില്‍ക്കുന്നവര്‍ക്ക് അവന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. ആ കല്‍പനയെ ധിക്കാരപൂര്‍വം തള്ളിക്കളയുന്നവരെ ശിക്ഷിക്കുകയുംചെയ്യുന്നു.
മേല്‍പറഞ്ഞതെല്ലാം മുന്‍നിര്‍ത്തി സഹോദരി ആ വ്യക്തിയുമായി ഉള്ള ബന്ധം ഒഴിവാക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ആ വ്യക്തിയുമായി ഒരു വൈവാഹികജീവിതം അസാധ്യമാണെന്ന് ഉറപ്പായിരിക്കെ. യുവജനങ്ങളെ പ്രലോഭിപ്പിക്കാന്‍ പിശാച് തക്കംപാര്‍ത്തിരിക്കുകയാണെന്ന് നാം തിരിച്ചറിയണം. വെറും സൗഹൃദം എന്ന നാട്യത്തിലൂടെയാണ് പിശാച് നമ്മെ കെണിയില്‍ വീഴ്ത്തുകയെന്നറിയുക.
പ്രേമത്തിലേക്ക് വഴുതിവീഴാത്ത കേവലസൗഹൃദങ്ങള്‍ കൗമാരത്തില്‍ സാധ്യമല്ലെന്ന് മുസ്‌ലിമല്ലാത്ത ആളുകള്‍ പോലും സമ്മതിക്കാറുണ്ട്. അതിനാല്‍തന്നെ എതിര്‍ലിംഗത്തില്‍പെട്ടവരുമായുള്ള സൗഹൃദങ്ങള്‍, വിശ്വാസി പരലോകവിശ്വാസം മുന്‍നിര്‍ത്തി ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
ദൈവികനിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെ യുക്തി
അല്ലാഹു മനുഷ്യസമൂഹത്തിനായി സമര്‍പിച്ച നിര്‍ദ്ദേശങ്ങള്‍ക്കും വിലക്കുകള്‍ക്കും പിന്നിലൊളിഞ്ഞിരിക്കുന്ന യുക്തി എല്ലായ്‌പോഴും മനുഷ്യര്‍ക്ക് പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. അല്ലാഹു മനുഷ്യനോട് ചില കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നത് അതിന്റെ പര്യവസാനം ദുരന്തമായിരിക്കും എന്നതിനാലാണ്. നമ്മുടെ ദൗര്‍ബല്യങ്ങളും കുറവുകളും എന്തെന്ന് നാം സ്വയംതിരിച്ചറിയാറില്ല. അതേസമയം, നമ്മുടെ സ്രഷ്ടാവായ അല്ലാഹുവിന് നമ്മുടെ ശക്തിദൗര്‍ബല്യങ്ങളെ നന്നായി അറിയാം.
പ്രേമബന്ധങ്ങള്‍ സ്ഥായിയായി മുന്നോട്ടുപോകുന്ന അവസ്ഥ തീര്‍ത്തും വിരളമാണ്. അതിലധികവും ഹൃദയവേദനയാണ് വ്യക്തികള്‍ക്ക് സമ്മാനിക്കുന്നത്. തകരുന്ന പ്രണയങ്ങള്‍ വ്യക്തികളെ വിഷാദത്തിലേക്ക് തള്ളിവിടാറുണ്ട്. തീര്‍ത്തുംപ്രയാസമാണെങ്കില്‍പോലും ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും അല്ലാഹുവിന്റെ നിര്‍ദേശം മുന്‍നിര്‍ത്തി നിയന്ത്രിച്ചുനിര്‍ത്തുന്നത് നമുക്ക് നന്‍മയേ സമ്മാനിക്കൂവെന്ന് തിരിച്ചറിയുക. അത് വേദന, മാനസികപീഢ,ആത്മീയശൂന്യത, രോഗം, ഖേദം എന്നിവയില്‍നിന്ന് നമ്മെ കാത്തുരക്ഷിക്കുന്നു.
മുസ്‌ലിംയുവാവ് പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളെ ഒഴിവാക്കുന്നതോടെ അല്ലാഹു അവന് അളവറ്റ പ്രതിഫലം നല്‍കുന്നു. അവര്‍ ക്ഷമയോടെ ആ നിലപാടില്‍ അടിയുറച്ച് നിലകൊള്ളുന്ന പക്ഷം അല്ലാഹു അവര്‍ക്ക് വിശുദ്ധവും ഗാഢവുമായ ദാമ്പത്യപ്രണയം സമ്മാനിക്കുകതന്നെ ചെയ്യും. ദാമ്പത്യജീവിതത്തിലെ പ്രസ്തുത പ്രണയം അവരെസംബന്ധിച്ചിടത്തോളം മനോവേദനയ്ക്കും ഖേദത്തിനും യാതൊരു കാരണവശാലും നിമിത്തമാവുകയുമില്ല.
ഉത്തമസൗഹൃദം
നിങ്ങളുടെ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും കുറിച്ച് സ്വഭാവമൂല്യങ്ങള്‍ കൈക്കൊള്ളാത്ത സുഹൃത്തുക്കളോട് പറഞ്ഞാല്‍ അവരുടെ ഉപദേശം ഇങ്ങനെയായിരിക്കും:
‘നീ പോയി അവനോട് സംസാരിക്ക്!’
‘ഓ, അവന്‍ നിന്നെത്തന്നെ നോക്കിയിരിക്കുകയാണല്ലോ’
‘നീ ആരെയാ പേടിക്കുന്നത് ? പോയി അവനോട് പറ പെണ്ണേ!’
‘നിങ്ങള്‍ രണ്ടും യോജിച്ച ജോഡികള്‍ തന്നെ!’
ഇത്തരത്തിലുള്ള അഭിപ്രായങ്ങളും വര്‍ത്തമാനങ്ങളും വിലക്കപ്പെട്ട കാര്യത്തിലേക്ക് പ്രചോദിപ്പിക്കുമെന്നതില്‍ സംശയമേയില്ല. അതുകൊണ്ടാണ് സുഹൃത്തുക്കള്‍ നന്‍മയും മൂല്യവും കൈക്കൊള്ളുന്നവരായിരിക്കണമെന്ന് ഞാന്‍ പറയുന്നത്. അത്തരത്തിലുള്ള ആളുകളെ മാത്രമേ സുഹൃത്തുക്കളായി തെരഞ്ഞെടുക്കാവൂ. അവര്‍ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വിവാഹംവരെ കാത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കും. ആ വിവാഹജീവിതത്തിലേക്കാണ് യഥാര്‍ഥത്തില്‍ പ്രണയം ആവശ്യമായി വരിക.
സദഫ് ഫാറൂഖി
Add Comment