അനുഷ്ഠാനം-ലേഖനങ്ങള്‍

പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം

പൂര്‍വകാല പാപങ്ങളെ മായ്ചുകളയുയന്ന ഇസ്‌ലാമിലെ മഹത്തായ ആരാധനാ കര്‍മമാണ് ഹജ്ജ്. നബിതിരുമേനി(സ) അംറ് ബിന്‍ ആസ്വ്(റ)നോട് പറഞ്ഞത് ഇപ്രകാരമാണ്: ‘അംറ് ബിന്‍ ആസ്വ്, ഇസ്‌ലാം അതിന് മുമ്പുള്ള(പാപങ്ങള്‍)തിനെ മായ്ചുകളയുന്നു. ഹിജ്‌റ അതിന് മുമ്പുള്ളവയെ മായ്ച് കളയുന്നു. ഹജ്ജ് അതിന് മുമ്പുള്ളവയെ മായ്ചുകളയുന്നു’. (മുസ്‌ലിം)
നമസ്‌കാരത്തിനോ, നോമ്പിനോ, സകാത്തിനോ ഇല്ലാത്ത സവിശേഷതകള്‍ ഹജ്ജിനുണ്ട്. ചെറുതും വലുതുമായ പാപങ്ങള്‍ പൊറുക്കാന്‍ ഹജ്ജ് കാരണമാവുന്നുവെന്നതാണ് അത്. തിരുമേനി(സ) പറയുന്നു ‘ഭാര്യാസംസര്‍ഗത്തില്‍ ഏര്‍പെടാതെ, അധര്‍മം പ്രവര്‍ത്തിക്കാതെ ഹജ്ജ് നിര്‍വഹിച്ചവന്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെയാണ് മടങ്ങിവരുന്നത്’. (ബുഖാരി). നമസ്‌കാരവും, സകാത്തും നോമ്പുമെല്ലാം ചെറിയ ചെറിയ തിന്മകളില്‍ നിന്നാണ് മനുഷ്യനെ ശുദ്ധീകരിക്കുക.

അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ആത്മാര്‍ത്ഥതയോടെ ഹജ്ജ് നിര്‍വഹിക്കുമ്പോഴാണ് പാപങ്ങള്‍ പൊറുക്കപ്പെടുന്നത്. ഹജ്ജിന് വേണ്ടി ഉപയോഗിക്കുന്ന സമ്പത്ത് അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിച്ചതായിരിക്കണം. നബിതിരുമേനി(സ) പറയുന്നു ‘അല്ലാഹു നല്ലവനാണ്, അവന്‍ നല്ലതുമാത്രമെ സ്വീകരിക്കുകയുള്ളൂ’.
അധര്‍മത്തില്‍ നിന്നും തിന്മകളില്‍ നിന്നും മാറി നില്‍ക്കണമെന്നതും ഹജ്ജ് സ്വീകരിക്കപ്പെടാനും അതുമുഖേനെ പാപങ്ങള്‍ പൊറുക്കപ്പെടാനുമുള്ള ഉപാധിയാണ്. അപ്രകാരം ചെയ്യാത്തവരെ ഹജ്ജ് ഒരു നിലക്കും ശുദ്ധീകരിക്കുകയില്ല.
എന്നാല്‍ ചെറിയ വീഴ്ചകള്‍ സംഭവിക്കുന്നത് ഹജ്ജിന്റെ സ്വീകാര്യതയെ ബാധിക്കുന്നതല്ല. അത്തരം അബദ്ധങ്ങള്‍ സംഭവിച്ചവരുടെ ഹജ്ജ് പാഴായിപ്പോയെന്ന് പറയാവതല്ല. ബലിപെരുന്നാള്‍ പ്രഭാതത്തില്‍ സുന്ദരിയായ ഒരു യുവതി തിരുമേനി(സ)യോട് മിനായില്‍ വെച്ച് ചില സംശയങ്ങള്‍ ചോദിക്കുകയുണ്ടായി. കൂടെയുണ്ടായിരുന്ന പിതൃവ്യപുത്രന്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി അവളെത്തന്നെ നോക്കുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പെട്ടു. തിരുമേനി(സ) അവന്റെ മുഖം മറ്റൊരു വശത്തേക്ക് തിരിച്ചു. ‘നീ നിഷിദ്ധമായ നോട്ടം നോക്കിയിരിക്കുന്നു, നിന്റെ ഹജ്ജ് പാഴായിരിക്കുന്നുവെന്ന്’ തിരുമേനി(സ) അയാളോട് പറഞ്ഞില്ല. (ബുഖാരി).
മാനസികമായ ഉല്ലാസത്തിനും, മനസ്സിന്റെ സംസ്‌കരണത്തിനും വഴിവെക്കുന്നുവെന്നത് ഹജ്ജിന്റെ മഹത്ത്വങ്ങളില്‍പെട്ടതാണ്. സമ്പത്ത് ചെലവഴിച്ചും, വിശപ്പും ദാഹവും സഹിച്ചും, ഉറക്കമൊഴിച്ചും, മറ്റുമുള്ള ശാരീരികമായ അധ്വാന പരിശ്രമങ്ങള്‍ നടത്തിയും, നാടും കുടുംബവും ഉപേക്ഷിച്ചുമാണ് വിശ്വാസികള്‍ ഹജ്ജ് നിര്‍വഹിക്കുന്നത്.

അബ്ദുല്ലാഹ് ഹദ്‌റമി പറയുന്നു ‘അല്ലാഹുവിന്റെ ഭവനത്തെ ആഗ്രഹിച്ചും, അവന്റെ കല്‍പന നിറവേറ്റിയും ഹജ്ജ് നിര്‍വഹിക്കുന്നവന് മഹത്തായ പ്രതിഫലമാണ് ഉള്ളത്. പക്ഷേ അത് മറ്റേതെങ്കിലും നിര്‍ബന്ധ കര്‍മത്തെ ഒഴിവാക്കിയാവരുത് എന്ന നിബന്ധന അതിനുണ്ട്. മറിച്ചായാല്‍ അതിന്റെ പേരില്‍ അവന്‍ കുറ്റക്കാരനാവുകയാണ് ചെയ്യുക. കൊട്ടാരം പടുത്തുയര്‍ത്തി, പട്ടണം തകര്‍ക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയായിരിക്കും അത്’. എത്ര മഹത്തായ കര്‍മമാണിത്. തിരുമേനി(സ) അരുള്‍ ചെയ്യുന്നു. ‘രണ്ട് ഉംറകള്‍ക്കിടയിലുള്ള വീഴ്ചകള്‍ക്ക് അവ പരിഹാരമാണ്. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല’. (ബുഖാരി, മുസ്‌ലിം).

ഹജ്ജ് നിര്‍വഹിച്ചുകൊണ്ടിരിക്കെ തിരുമേനി(സ)യ്ക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ വചനം എത്ര മഹത്തരമാണ്. അനുഗൃഹീതമായ ദിനത്തില്‍, വെള്ളിയാഴ്ച, അറഫാവേളയിലാണ് അത് അവതരിച്ചത്. അതിന്റെ അവസാനത്തില്‍ അല്ലാഹു പറയുന്നു:’ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുകയും, നിങ്ങള്‍ക്ക് മേല്‍ എന്റെ അനുഗ്രഹം പൂര്‍ണമാക്കുകയും, ഇസ്‌ലാമിനെ നിങ്ങള്‍ക്ക് ദര്‍ശനമായി നാം തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’. ഈ ആയത്ത് അവതരിപ്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ വേദക്കാര്‍ പറഞ്ഞുവത്രെ :’ഈ വചനം ഞങ്ങള്‍ക്ക് മേലാണ് അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഞങ്ങള്‍ ആ ദിവസത്തെ പെരുന്നാള്‍ ആക്കുമായിരുന്നു’. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു ‘ഈ ആയത്ത് ഇറങ്ങിയത് ഒന്നല്ല രണ്ട് പെരുന്നാളുകളിലാണ്. അറഫാ ദിനത്തില്‍ വെള്ളിയാഴ്ചയാണത്.’
മഹാനായ ഉമര്‍(റ) ഹജ്ജിനെ ജിഹാദുകളില്‍ ഒന്നായാണ് എണ്ണിയത്. അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ ഹജ്ജിനായി യാത്രക്കൊരുങ്ങുക. തീര്‍ച്ചയായും അത് രണ്ടിലൊരു ജിഹാദാണ്’.

സ്ത്രീകള്‍ക്കുള്ള ജിഹാദ് ഹജ്ജാണെന്ന് തിരുമേനി(സ) വ്യക്തമാക്കി. ആഇശ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ജിഹാദാണല്ലോ ഏറ്റവും ഉത്തമമായ കര്‍മം? ഞങ്ങള്‍ ജിഹാദ്  നടത്തട്ടേ? അദ്ദേഹം പറഞ്ഞു: ‘വേണ്ട, നിങ്ങളുടെ ഏറ്റവും ഉത്തമമായ ജിഹാദ് പുണ്യകരമായ ഹജ്ജാണ്.
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, അനുവദനീയമായ സമ്പത്ത് ഉപയോഗിച്ച്, പാപങ്ങളില്‍ നിന്നും ഭാര്യാസംസര്‍ഗത്തില്‍ നിന്നും അകന്നുനിന്ന് നിര്‍വഹിക്കുന്ന ഹജ്ജിനെയാണ് പുണ്യകരമായ ഹജ്ജ് എന്ന് വിശേഷിപ്പിക്കുന്നത്.
പാപങ്ങളില്‍ നിന്ന് കഴുകിക്കളഞ്ഞ് പിറന്നുവീണ കുഞ്ഞിനെപ്പോലെയാണ് പുറത്തുവരികയെന്ന് പറഞ്ഞത് അല്ലാഹുവിനോടുള്ള ബാധ്യതയുടെ കാര്യത്തിലാണ്. സഹപ്രവര്‍ത്തകരോടുള്ള ബാധ്യത അവരുമായി സംസാരിച്ച്, അവരോടുള്ള കടമ നിര്‍വഹിച്ചുതന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്. അവ ഒരിക്കലും ഹജ്ജ് മുഖേന പൊറുത്തുകൊടുക്കുന്നവയല്ല. അപ്രകാരം, നമസ്‌കാരം നിര്‍വഹിച്ച് വീട്ടാനുള്ളവര്‍ അവ പൂര്‍ത്തീകരിക്കുക തന്നെ വേണം. ഹജ്ജ് മുഖേനെ അവ മായ്കപ്പെടുകയില്ല. തിരുമേനി(സ) പറയുന്നു ‘ആര്‍ക്കെങ്കിലും ഉറക്കമോ, മറവിയോ കാരണത്താല്‍ നമസ്‌കാരം നഷ്ടപ്പെട്ടാല്‍ അവനത് ഓര്‍മ വരുമ്പോള്‍ നമസ്‌കരിക്കട്ടെ. അതല്ലാതെ അതിന് മറ്റുപ്രായശ്ചിത്തമൊന്നുമില്ല.’ ബുഖാരി
ഇത് നമസ്‌കാരം മറക്കുകയോ, ഉറങ്ങിയത് നഷ്ടപ്പെടുകയോ ചെയ്തവരുടെ കാര്യമാണ്. ബോധപൂര്‍വം ഉപേക്ഷിച്ചവന്റെ കാര്യം അതിനേക്കാള്‍ കഷ്ടമാണല്ലോ. അതുപോലെ തന്നെയാണ് നോമ്പും. നഷ്ടപ്പെട്ടുപോയതെല്ലാം അനുഷ്ഠിച്ചുവീട്ടുക തന്നെ വേണം. അവയൊരിക്കലും ഹജ്ജ് മുഖേന പൊറുക്കപ്പെടുകയില്ല.
നബിതിരുമേനി(സ) വചനം എത്ര മനോഹരമാണ്: ‘അനുവദനീയമായ സമ്പാദ്യവുമായി വിശ്വാസി ഹജ്ജിന് പുറപ്പെട്ട് വാഹനപ്പുറത്തിരുന്ന് ലബ്ബൈക വിളിക്കുന്നതോടെ ആകാശത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും. ലബ്ബൈക, നിന്റെ പാഥേയം ഹലാലാണ്, വാഹനം ഹലാലാണ്, നിന്റെ ഹജ്ജ് പുണ്യകരമാണ്.’

Topics