സ്മാര്‍ട്ട് ക്ലാസ്സ്‌

നക്ഷത്രങ്ങളാണ് കുട്ടികള്‍

രണ്ടു വയസ്സുകാരി ധന്യ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് കളിക്കുകയായിരുന്നു.കളിയുടെ ഉല്‍സാഹം മുഖത്ത് കാണാം.ആവേശം ശരീരഭാഷയില്‍ ദൃശ്യമാണ്. കണ്ണും കാതും ചിന്തയും ശ്രദ്ധയും എല്ലാം കളിയിലാണ്. പെട്ടെന്ന്, കയ്യിലിരുന്ന പന്ത് തെന്നിവീണ് പിടിവിട്ടു ഉരുണ്ടു പോയി. കുഞ്ഞു ധന്യയുടെ കണ്ണില്‍ നിന്നും പന്ത് അപ്രത്യക്ഷമായി.
അവളുടെ മുഖം മ്‌ളാനമായി. ആവേശം ചോര്‍ന്നു പോയി. അങ്ങനെയാണ് കുട്ടികള്‍, കളി നിന്നുപോയാല്‍, കളി ആരെങ്കിലും നിര്‍ത്തിച്ചാല്‍ അവരുടെ ഉല്‍സാഹം കെട്ടുപോകും. ധന്യ എഴുന്നേറ്റ് പന്ത് അന്വേഷിക്കാന്‍ തുടങ്ങി.
മുറിയുടെ നാലു മൂലയിലും നോക്കി. മുറിയുടെ പുറത്ത് നോക്കി. കുനിഞ്ഞും ഇരുന്നും കിടന്നും പരതി നോക്കി.പന്ത് എവിടെയുമില്ല. ടീപ്പോയിയുടെ അടിയിലില്ല. കസേരയുടെ താഴെയില്ല. സോഫയുടെ കീഴ്ഭാഗത്തേക്ക് ഏന്തി വലിഞ്ഞ് കയറി നോക്കി. അവിടെയുമില്ല.ഒടുവില്‍ ജനലിന്റെ കര്‍ട്ടന്‍ നീക്കിയപ്പോഴുണ്ട് , അതാ ഒളിഞ്ഞു കിടക്കുന്നു പന്ത്. തന്റെ പ്രിയപ്പെട്ട പന്ത്. ധന്യയുടെ മുഖത്ത് നിലാവുദിച്ച് വെട്ടം പരന്ന പോലെ. ഏതോ സാമ്രാജ്യം കീഴടക്കിയ പോലെ. അവള്‍ കളി തുടര്‍ന്നു.
രണ്ടു വയസ്സുകാരി ധന്യയെ പന്ത് കണ്ടുപിടിക്കാന്‍ ഇവിടെ ആരും സഹായിച്ചില്ല.അവള്‍ സ്വയം കണ്ടു പിടിച്ചു. കണ്ടുപിടിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു. എന്നാലേ കളി തുടരാന്‍ പറ്റു. ധന്യക്കുണ്ടായ പ്രശ്‌നം ധന്യ തന്നെ പരിഹരിച്ചു.
ഓരോ കുട്ടിയിലുമുണ്ട്, ഈയൊരു പ്രശ്‌ന പരിഹരണ ശേഷി.വ്യത്യസ്ത അളവില്‍.അത്തരമൊരു ശേഷി അവരില്‍ അന്തര്‍ ലീനമാണ്. ആ ഒരു ശേഷി വളരാനും വികസിക്കാനും പഠനം കുട്ടികളെ സഹായിക്കുന്നു.
കുട്ടികള്‍ നമുക്കൊരു ദൃഷ്ടാന്തമാണ്. വിസ്മയമാണ്.കുട്ടികള്‍ക്ക് വേണ്ടിയാണ് നമ്മുടെ അധ്വാനം.കഷ്ടപ്പാട്.അലച്ചില്‍. യാത്ര.ദുരിതം……
പക്ഷേ, ഇനിയും നമ്മിലധികം പേരും കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. അറിയാന്‍ ശ്രമിച്ചിട്ടില്ല. ആരാണ് കുട്ടികള്‍? എന്താണ് കുട്ടികള്‍? കുട്ടികളുടെ പ്രത്യേകതകള്‍. ആവശ്യങ്ങള്‍.പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്.? (തുടരും)

ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്‌

Topics