ചോദ്യം: ഞാന്‍ വിവാഹപ്രായമെത്തിയ ഒരു യുവതിയാണ്. എനിക്കിഷ്ടപ്പെട്ട യുവാവുമൊത്ത് ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു. അക്കാര്യം ഞാനെന്റെ വീട്ടുകാരോട് വെളിപ്പെടുത്തുകയും ചെറുപ്പക്കാരന്റെ വീട്ടില്‍ വിവാഹാലോചനയുമായി ചെല്ലുകയുമുണ്ടായി. എന്നാല്‍ വരന്റെ വീട്ടുകാര്‍ സാമ്പത്തികഭദ്രതയെക്കുറിച്ച് ആശങ്കപ്പെടുകയും കല്യാണത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വാസ്തവത്തില്‍ തൊഴില്‍രഹിതനായ മകന് സാമ്പത്തികസ്വാശ്രയത്വമില്ലാത്തതിന്റെ പേരിലാണ് അവര്‍ വിവാഹാലോചനയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. അത്യാവശ്യം വിദ്യാഭ്യാസമുള്ള എനിക്ക് തീര്‍ച്ചയായും ജോലി കിട്ടും. അതിനാല്‍ വിവാഹശേഷമുള്ള സാമ്പത്തികപ്രശ്നത്തിന് പരിഹാരമാകും എന്നാണെന്റെ പ്രതീക്ഷ. അതിനാല്‍ വരന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ എന്താണ് വഴി? അല്ലെങ്കില്‍ ഈ ആലോചന ഉപേക്ഷിക്കണോ? ഞാനാകെ വിഷമവൃത്തത്തിലാണ്.
ഉത്തരം: താങ്കളകപ്പെട്ട വിഷമാവസ്ഥയുടെ ആഴം മനസ്സിലാക്കാനാകുന്നുണ്ട്. സന്തോഷകരമായ ദാമ്പത്യജീവിതം സ്വപ്നം കണ്ട് ദിനങ്ങളെണ്ണിയ താങ്കള്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉത്കണ്ഠാകുലയാണ്. വരന്റെ ദരിദ്രകുടുംബപശ്ചാത്തലം ദാമ്പത്യത്തിന് തടസ്സംസൃഷ്ടിക്കേണ്ടതുണ്ടോ എന്നാണ് താങ്കളുടെ സംശയം.
താങ്കളിഷ്ടപ്പെടുന്ന യുവാവുമായി ദാമ്പത്യജീവിതം ഉണ്ടാകുമോ ഇല്ലയോ എന്ന ആശങ്ക താങ്കളെ പിടികൂടിയിരിക്കുന്നു. എന്തായാലും ഈ വിവാഹാലോചന താങ്കള്‍ക്കും കുടുംബത്തിനും എത്രമാത്രം അനുയോജ്യമാണെന്ന കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം അറിയാന്‍ ഇസ്തിഖാറത്തിന്റെ നമസ്കാരം നിര്‍വഹിക്കുക.
താങ്കള്‍ വികാരങ്ങളുടെയും സ്വപ്നങ്ങളുടെയും തേരില്‍നിന്നിറങ്ങി യാഥാര്‍ഥ്യബോധ്യത്തോടെ ചിന്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വികാരങ്ങള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുകളയുന്ന പ്രായത്തില്‍ നമ്മെ മാര്ഗദര്ശനംചെയ്യുന്നവരുടെയോ മുതിര്‍ന്നവരുടെയോ ഉപദേശങ്ങളെ ചെവികൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. ഏത് കൊടുങ്കാറ്റിലും ദാമ്പത്യമെന്ന കപ്പലിനെ സ്നേഹംകൊണ്ട് മുന്നോട്ടുകൊണ്ടുപോകാമെന്ന് നാം വ്യാമോഹിക്കും. യഥാര്‍ഥ ജീവിതത്തില്‍ പക്ഷേ അങ്ങനെയല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദാമ്പത്യത്തില്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് സൂക്ഷ്മതലങ്ങളും പ്രായോഗികവശങ്ങളും പരിഗണിക്കേണ്ടതുണ്ട്.
സാമ്പത്തിക വിടവ്
സഹോദരീ, വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, താങ്കളുടെ സാമ്പത്തികനിലവാരത്തിന് താഴെയുള്ള കുടുംബത്തിലെ ആളെ ജീവിതപങ്കാളിയാക്കിയാല്‍ അത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയേക്കും. വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ കാര്യങ്ങള്‍ ശുഭകരമായേക്കാമെങ്കിലും വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്നതോടെ ‘ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിധിവെക്കപ്പെട്ട’തായി മനസ്സിലാകും. കാരണം, മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്നപ്പോള്‍ കിട്ടിയ സൗകര്യങ്ങളും പൂര്‍ത്തീകരിക്കപ്പെട്ട ആഗ്രഹങ്ങളും നിങ്ങള്‍ സ്വതന്ത്രരായി ജീവിക്കുന്ന പുതിയ ജീവിതത്തില്‍ ഉണ്ടാവുകയില്ല.
വിവാഹശേഷം താങ്കള്‍ ജോലിചെയ്ത് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞുവല്ലോ. പക്ഷേ ഒരുപാട് കാര്യങ്ങള്‍ അതിലും പരിഗണിക്കേണ്ടതുണ്ട്. ഭര്‍ത്താവിന്റെ സമ്മതം ഒരുവിഷയമാണ്. ഇനി അനുവദിച്ചാല്‍ ചില പ്രത്യേകതൊഴിലിടങ്ങള്, പ്രത്യേകസമയം എന്നിങ്ങനെയൊക്കെ പരിമിതികള്‍ അതില്‍ വരാം.
കൂടാതെ, നിങ്ങള്‍ വിവാഹജീവിതത്തില്‍ കടക്കുന്നതോടെ കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ഒരു പാട് സമ്മര്‍ദ്ദങ്ങള്‍ താങ്ങേണ്ടിവരും. കുട്ടികളുണ്ടാവുന്ന ഘട്ടത്തില്‍ ജോലിക്കുപോവുക എന്ന കാര്യം പലഘട്ടത്തിലും അസാധ്യമാകും. അതേസമയം കുട്ടികളുടെ ചെലവുകളും കടന്നുവരും. ഈ കടുത്ത സാമ്പത്തികചിലവിന്റെ ഘട്ടത്തില്‍ ജീവിതപങ്കാളിയുമായി വാക്കേറ്റത്തിനും അസ്വാരസ്യത്തിനും സാധ്യതയുണ്ട്.
കുടുംബമാണ് മുഖ്യം
രണ്ടാമത്തെ കാര്യം നി്ങ്ങള്‍ വിവാഹം ചെയ്ത് എത്തിപ്പെടുന്ന കുടുംബമാണ്. പുതിയ ദമ്പതികളുടെ ജീവിതത്തില്‍ ഭര്‍തൃകുടുംബം നിര്ണായകപങ്കുവഹിക്കുന്നുണ്ട്. അവര്‍ നിങ്ങളിരുവരുടെയും വിവാഹത്തെ മാനസികമായി അംഗീകരിക്കുന്നില്ലെങ്കില്‍ അത് ഭാവിയില്‍ വിവാഹമോചനത്തിനുവരെയും വഴിതെളിക്കുംവിധം ഭാര്യാ-ഭര്‍തൃബന്ധത്തെ ദോഷകരമായി ഭവിക്കും.
ആളെ അടുത്തറിയുക
ഭാവിജീവിതപങ്കാളിയുടെ മനോഗതങ്ങളും പങ്കാളിയെക്കുറിച്ച സ്വപ്നങ്ങളും എന്തെന്ന് അടുത്തറിയേണ്ടത് വളരെ അത്യാവശ്യമാണ്. അധികപുരുഷന്മാരും തങ്ങളുടെ ഭാര്യമാര്‍ ജോലിക്കുപോകുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ് കാണുന്നത്. പ്രത്യേകിച്ചും ഭാര്യമാര്‍ ജോലിചെയ്ത് കൂടുതല്‍ ശമ്പളം നേടുന്നവരാണെങ്കില്‍. അത് പങ്കാളികള്‍ക്കിടയില്‍ അധികാരവടംവലിക്ക് ഇടംകൊടുക്കുകയാണ് ചെയ്യുക.
കുടുംബച്ചെലവിന് താങ്ങായി താനും ജോലിക്കുപോകാം എന്ന് ഭാര്യപറയുന്നത് കുടുംബനാഥന് എന്ന നിലക്കുള്ള ഭര്‍ത്താവിന്റെ ഉത്തരവാദിത്വനിര്‍വഹണത്തില്‍ അലംഭാവത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ദാമ്പത്യജീവിതം ആരംഭിക്കുംമുമ്പുതന്നെ അത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ആത്മീയനിലപാട്
സാമ്പത്തികകാര്യങ്ങള്ക്കുപുറമേ, ദാമ്പത്യത്തിന് ഊടുംപാവും നല്കുന്ന മറ്റൊരു സംഗതിയാണ് ആത്മീയമായി രണ്ടുപേരുടെയും അവസ്ഥയെന്തെന്ന കാര്യം. അതുകൊണ്ടുതന്നെ വിവാഹം കഴിക്കുന്നത് പങ്കാളിയുടെ ദീന് പരിഗണിച്ചുകൊണ്ടാകണമെന്ന് പ്രവാചകന് പഠിപ്പിച്ചു. മതപരമായി ജീവിതപങ്കാളി അവബോധമില്ലാത്തയാളാണെങ്കില് അത് ദാമ്പത്യത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
ഖുര്‍ആന്‍ പറയുന്നു: ‘ദൈവദാസന്മാരില് അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്'(ഫാത്വിര് 28).
അതിനാല്‍ ജീവിതപങ്കാളിയായി കണ്ടെത്തുന്ന ആള്‍ക്ക് ദൈവഭയവും ദീനിന്റെ അടിസ്ഥാനകാര്യങ്ങളില്‍ വിജ്ഞാനവും കര്മപ്രതിബദ്ധതയും ഉണ്ടായിരിക്കണം.
വിവാഹത്തിലേക്ക് എടുത്തുചാടരുത്
മേല്പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിവാഹത്തിലേക്ക് എടുത്തുചാടരുതെന്നാണ്. അതോടൊപ്പംതന്നെ ആണുംപെണ്ണും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കൂടിക്കുഴയുന്നത് ഇസ്ലാം വിലക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ ആ വ്യക്തിയുമായി മഹ്റമായ മറ്റൊരു വ്യക്തിയുടെ സാന്നിധ്യത്തിലല്ലാതെ സമയം ചെലവഴിക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് കരണീയമായിട്ടുള്ളത്.
യുവാവിന്റെയും കുടുംബത്തിന്റെയും പ്രതികരണം
നിങ്ങളിരുവരുടെയും വിവാഹത്തെ എതിര്‍ക്കുന്ന മാതാപിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഭാവിവരന് പരിശ്രമിക്കട്ടെ. അതില്‍ നിങ്ങള്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അതിലൂടെ നിങ്ങളിരുവരുടെയും പ്രേമചാപല്യമല്ലെന്ന് രണ്ടുകൂട്ടര്‍ക്കും ബോധ്യപ്പെടാന്‍ അവസരമൊരുങ്ങുകയുംചെയ്യും.
വിവാഹപൂര്‍വ കൗണ്‍സിലിങ്
വിവാഹം എന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. ദാമ്പത്യജീവിതത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്ന് തോന്നുന്നുണ്ടെങ്കില്‍ വിവാഹപൂര്വകൗണ്സിലിങ് തേടുക. അങ്ങനെ വരുമ്പോള്‍ തന്നെക്കുറിച്ചും തന്റെ ഭാവിവരനെക്കുറിച്ചും തിരിച്ചറിവുണ്ടാകാന്‍ സഹായിക്കും. ഇപ്പോഴത്തെ വിവാഹാലോചന തനിക്ക് അനുയോജ്യമാണോ അല്ലയോ എന്ന് ബോധ്യപ്പെടുകയുംചെയ്യും.