നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങളില്‍ നിന്ന് പുറത്തുകടന്ന് നമുക്ക് വിവാഹജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.
സ്‌നേഹത്തിന്റെ മുല്ലവള്ളിയെ ജീവിതത്തിലെ വിലപിടിച്ച മറ്റ് വസ്തുക്കളെപോലെ കണ്ടെത്തുകയെന്നത് വളരെ ദുഷ്‌ക്കരമാണിന്ന്. കാരണം, പ്രസ്തുത മുല്ലവള്ളിയെ തുടര്‍ന്നും വെള്ളവും വളവുമാകുന്ന പ്രേമം ആവോളം നല്‍കി പരിപോഷിപ്പിച്ച് നിര്‍ത്തുക എന്ന ഭാരിച്ച ദൗത്യം തന്നെ. അതിന് ചെറുതല്ലാത്ത ഉള്‍ക്കാഴ്ച വേണ്ടതുണ്ട്. അതോടൊപ്പം സ്വത്ത്വത്തെ തിരിച്ചറിയുകയും പരസ്പരം അംഗീകരിച്ചുകൊണ്ട് കൊടുക്കല്‍-വാങ്ങലുകള്‍ നടത്തുകയും ചെയ്യണം. ഇങ്ങനെയൊക്കെയാണെങ്കിലും പലപ്പോഴും പലവിധ സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ പെട്ട് അത് നടക്കാതെ പോകുന്നു. നാം സ്‌നേഹം കിട്ടാനായി യത്‌നിക്കുന്നു. നമുക്കത് കിട്ടിയില്ലെങ്കിലോ ആശങ്കപ്പെടുകയാണ് നാം. നമുക്കത് കണ്ടെത്തുക തന്നെ വേണം. യോജിച്ച ഇണയെ കണ്ടെത്തുക പ്രയാസം. കിട്ടിയില്ലെങ്കില്‍ അതൊരു നഷ്ടമായി ബാക്കി നില്‍ക്കും. അതിനാല്‍ പടച്ചവന്റെ സഹായം മാത്രമേ അവലംബമായുള്ളൂ
.
അസംതൃപ്തമായ വിവാഹജീവിതങ്ങളുടെ വര്‍ധിച്ച സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. വിവാഹമോചന നിരക്കിന്റെ ആധിക്യം കണ്ടിട്ടല്ല ഇപ്രകാരമൊരു നിഗമനത്തിലെത്തുന്നത്. അസംതൃപ്ത ദാമ്പത്യത്തിന്റെ ലക്ഷണം വിവാഹമോചനം മാത്രമല്ലല്ലോ? ഒരുപാട് ദാമ്പത്യങ്ങള്‍ സ്‌നേഹത്തിന്റെ ചങ്ങലകളില്‍ ബന്ധിതമല്ലെന്നതാണ് വാസ്തവം. പക്ഷേ, എങ്ങനെയൊക്കയോ വലിച്ചുനീട്ടി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് മാത്രം.
‘ എനിക്കിതാണ് ഇഷ്ടം’, ‘ എന്റെ ആവശ്യമാണിത്’ എന്നിങ്ങനെയുള്ള മനസ്ഥിതിയോടെ വിവാഹം കഴിക്കാന്‍ മുതിരുന്നത് തികഞ്ഞ അബദ്ധമാണ്. അത്തരം ധാരണ വെച്ച് പുലര്‍ത്തുന്നവര്‍ക്ക് അല്പസ്വല്പം വിട്ട് വീഴ്ച ചെയ്യുക എന്നത് പ്രയാസകരമായിരിക്കും. വൈവാഹിക ജീവിതത്തില്‍ തിരിച്ചറിവ് പുലര്‍ത്തി കാര്യങ്ങള്‍ അവധാനതയോടെ വീക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ല. ആത്മാവലോകനം നടക്കുന്നില്ലെങ്കില്‍ തന്റെ സ്വാര്‍ത്ഥതയും അപക്വവീക്ഷണവും കൂടുകെട്ടിയ വിരസജീവിതമായി ദാമ്പത്യം പരാജയപ്പെടും. ആത്മാര്‍ത്ഥതയില്ലായ്്മ വന്നാല്‍ ദാമ്പത്യ വിരസതയുടെ കാരണക്കാര്‍ നമ്മള്‍ തന്നെ എന്നര്‍ത്ഥം.
നമ്മുടേത് ഉപഭോഗ സംസ്‌കൃതിയുടെ കാലമായതുകൊണ്ടാണെന്നുതോന്നുന്നു, ഇക്കാലത്ത് വിവാഹത്തിലൂടെ ആളുകള്‍ സ്ഥാനമാനങ്ങളും സമ്പത്തും മറ്റുമാണ് ലക്ഷ്യമിടുന്നത്. അത്തരമാളുകള്‍ സ്വാര്‍ത്ഥന്‍മാരും ഭൗതിക നേട്ടങ്ങള്‍ കൊതിക്കുന്നവരുമായതുകൊണ്ട് തങ്ങളുടെ ബന്ധങ്ങളില്‍ അവര്‍ക്ക് ഊഷ്മളത നിലനിര്‍ത്താനാവില്ല. ‘സുഭദ്ര ദാമ്പത്യം’ തങ്ങള്‍ക്ക് അന്തസ്സും സമ്പത്തും വര്‍ദ്ധിപ്പിച്ച് തരുമെന്നവര്‍ കരുതുമ്പോഴും പരസ്പര ബന്ധത്തിന്റെ വിഷയത്തില്‍ അവരുടെ ഹൃദയം മറ്റെവിടെയൊക്കയോ ആണ് എന്നതാണ് സത്യം. പരസ്പര ബന്ധവും ഹൃദയ അടുപ്പവും വിലപേശി പൈസ കൊടുത്ത് വാങ്ങാനാവില്ലല്ലോ. ആളുകള്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലൊരു പങ്കുവെപ്പ് സാധ്യമായ ആളെക്കിട്ടുന്നതാണ് എനിക്ക് ചേര്‍ന്ന പെണ്ണിനെ/ പുരുഷനെ കിട്ടിയെന്ന് പറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. നമ്മുടെ മനസ്ഥിതിക്കനുസരിച്ച്, ഹൃദയവിചാരങ്ങള്‍ക്കനുസരിച്ച് തന്റെ സ്‌നേഹ ഭാജനത്തെക്കുറിച്ച സങ്കല്‍പ്പങ്ങള്‍ ഏറിയും കുറഞ്ഞുമിരിക്കും. എന്തായാലും ഹൃദയത്തെ വിമലീകരിച്ച് ശുദ്ധി വരുത്താതെ, ബുദ്ധിപൂര്‍വ്വകവും ചടുലവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതെ അര്‍ത്ഥവത്തായ ദാമ്പത്യം സാധ്യമല്ലെന്ന് നാം തിരിച്ചറിയുക. ഈയൊരു തിരിച്ചറിവോടുകൂടി തന്റെ ഇണയെ സമീപിക്കുമ്പോള്‍ അവനു(ളു)മായി അടുപ്പവും സൗഹൃദവും വര്‍ധിപ്പിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്ന് മനസ്സിലാകും. മനസ്സില്‍ സന്തോഷം നിറഞ്ഞുവഴിയുന്നതും നമുക്ക് അനുഭവപ്പെടും. അസൂയ, വെറുപ്പ്, കുറ്റപ്പെടുത്തല്‍ തുടങ്ങിയവയില്‍ നിന്ന് ഹൃദയം വിമുക്തമാകുമ്പോള്‍ തന്റെ ഇണയുടെ ഹൃദയ വികാരങ്ങളെ അടുത്തറിയാന്‍ സാധിക്കും. എല്ലാം അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയത് പോലെ അനുഭവപ്പെടും. ചാപല്യമോ സംശയമോ അകമ്പടി സേവിക്കാതെ സ്വത്വബോധവും ആത്മാഭിമാനവും വീണ്ടെടുത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇണയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയും.
ജീവിതത്തിലെ വ്യത്യസ്്ത സംഭവവികാസങ്ങള്‍, നമ്മുടെ ആരോഗ്യസ്ഥിതി, അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം തുടങ്ങിയവക്കനുസരിച്ച് നമ്മുടെ സ്‌നേഹവികാരങ്ങള്‍ക്ക് ഭാവവ്യത്യാസമുണ്ടാകുന്നു. അല്ലാഹുവിനോട് ഹൃദയം തുറന്ന് ഭാഷണം നടത്തുമ്പോള്‍ മനസ്സില്‍ അനുഭവപ്പെടുന്ന കുളിര്‍മ; അതുതന്നെയാണ് തന്റെ പ്രേയസിയെ ഹൃദയം തുറന്ന് സ്‌നേഹിക്കുമ്പോഴും, അതുവഴി സ്‌നേഹിക്കപ്പെടുമ്പോഴും നമുക്കുണ്ടാകുന്ന അനുഭൂതി. നാം ഏറെ സ്‌നേഹിക്കുന്ന നമ്മുടെ ഹൃദയഭാജനം സന്തോഷം പകരുമ്പോള്‍ പോലും മനുഷ്യനെന്ന നിലക്ക് മാനസികാവസ്ഥയുടെ വ്യത്യാസമനുസരിച്ച് സ്‌നേഹ പ്രകടനത്തിലും ഏറ്റക്കുറച്ചിലുണ്ടാകുമെന്ന ഓര്‍മയുണ്ടാകണം. നമ്മുടെ അവസ്ഥ എപ്പോഴും ഒരുപോലെയല്ലല്ലോ. ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുന്നതുപോലെ. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അന്തര്‍ദാഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇവിടെയാണ് നമ്മുടെ ഉത്കൃഷ്ട സ്വഭാവത്തിന്റെ പ്രസക്തി. തന്റെ പങ്കാളിക്ക് നിരാശയോ അരക്ഷിത ബോധമോ അനുഭവപ്പെടുന്നു എന്ന് തോന്നിയാല്‍ ഉടന്‍ കഥാ നായകന്‍/ നായിക പ്രസ്തുത വികവ് നികത്തുന്നു. വലിച്ച് നിവര്‍ത്താനും ചുരുങ്ങാനും കഴിയുന്ന റബര്‍ നാടപോലെയാണ് ദമ്പതികള്‍. അവര്‍ പരസ്പരം നീണ്ടും ചുരുങ്ങിയും ദാമ്പത്യബന്ധത്തിലെ സംഘര്‍ഷാവസ്ഥകളെ ലഘൂകരിക്കേണ്ടതുണ്ട്. നിങ്ങള്‍ അന്യോന്യം ചേര്‍ന്നുനില്‍ക്കുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവുക. നിങ്ങളുടെ അഭിരുചികള്‍ വ്യത്യസ്തങ്ങളാവാം. വര്‍ഷങ്ങളായി അടുത്തുകഴിഞ്ഞവരുമാകാം നിങ്ങള്‍. പക്ഷേ, ഇണയുടെ ഹൃദയാന്തരാളങ്ങളിലേക്ക് ചെന്ന് ആ വ്യക്തിത്വത്തെ തൊട്ടറിയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.
ദാമ്പത്യം ഇനിയും നവരസക്കൂട്ടുകള്‍ അണിയട്ടെ. അതിന് നിങ്ങള്‍ക്കു കഴിയും. പുതിയൊരു കോണിലൂടെ നിങ്ങള്‍ അതിനെ സമീപിക്കൂ. ചിലപ്പോള്‍ ദമ്പതികളുടെ ഹൃദയങ്ങള്‍ അടുക്കാനാകാത്തത്ര അകല്‍ച്ചയിലാകാം. പക്ഷേ, പരസ്പരം അറിഞ്ഞ് ഏറ്റുപറഞ്ഞ് സന്തോഷംകണ്ടെത്തുന്ന ഒരു ആത്മീയ തലത്തിലേക്ക് നിങ്ങള്‍ യാത്ര ചെയ്ത് നോക്കിയിട്ടുണ്ടാവില്ല. അവിടെ സൗഹൃദക്കാറ്റിന്റെ മൂളല്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. അത് പുതിയൊരു ജീവിതത്തിലേക്കുള്ള സ്വാഗതഗാനമാണ്. ഹൃദയങ്ങളെ സ്‌നേഹ സാന്ദ്രമാക്കാന്‍, ആ വസന്തം നിലനിര്‍ത്താന്‍ ഈമാനിന്റെ മൂന്നില്‍ രണ്ട് പൂര്‍ത്തിയാക്കിത്തന്ന ദാമ്പത്യത്തിന് കഴിയില്ലെന്നുമാത്രം പറയാതിരിക്കുക.
Add Comment