കുടുംബ ജീവിതം-Q&A

ചാരിത്ര്യം പുരുഷനുമുണ്ടോ?

ചോദ്യം: എന്റെ നാട്ടില്‍ സ്ത്രീവര്‍ഗത്തിന് മാത്രമായി ഒട്ടേറെ വിലക്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പുരുഷജനങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം അച്ചടക്കങ്ങളോ പെരുമാറ്റ മര്യാദകളോ ആവശ്യമില്ലെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. ഉദാഹരണം പറഞ്ഞാല്‍ , കന്യകാത്വം പെണ്‍കുട്ടികള്‍ കാത്തുസൂക്ഷിക്കണമെന്നും ആണ്‍കുട്ടികള്‍ക്ക് ലൈംഗികവിശുദ്ധി നിര്‍ബന്ധമില്ലെന്നും സമൂഹം കണക്കാക്കുന്നു. എന്റെ ചോദ്യം ഇതാണ്: കന്യകാത്വം സ്ത്രീസമൂഹത്തിന് മാത്രം പരിമിതമാണോ? വിവാഹപൂര്‍വജീവിതത്തില്‍ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ചാരിത്ര്യം സംരക്ഷിക്കല്‍ തുല്യഉത്തരവാദിത്വമുള്ളതല്ലേ? ചാരിത്ര്യം നഷ്ടപ്പെട്ടാല്‍ ആ ശാരീരികബന്ധത്തില്‍ ആണിനും പെണ്ണും ശിക്ഷിക്കപ്പെടുക ഒരുപോലെയല്ലേ?

ഉത്തരം : ഏതു കര്‍മത്തിനും സ്ത്രീയും പുരുഷനും ഒരുപോലെയാണ് പരിഗണിക്കപ്പെടുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല'(അന്നിസാഅ് 124). ഒരു വിശ്വാസി സ്വന്തത്തോടും ദൈവത്തോടും വിശ്വസ്തതയും ആത്മാര്‍ഥതയും പുലര്‍ത്തണമെന്ന മഹോന്നതമായ വീക്ഷണം ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. വിധേയത്വം അല്ലാഹുവില്‍ സമര്‍പിക്കുന്ന നിഷ്‌കളങ്കവിശ്വാസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനീതിയൊട്ടുമില്ലാതെ അവന്‍ പ്രതിഫലം നല്‍കുന്നു. വിശ്വാസിയുടെ ലിംഗഭേദം പരിഗണിച്ചല്ല , ദൈവഭക്തിയെ മുന്‍നിര്‍ത്തിയാണ് അവന്‍ വിധിതീര്‍പ്പുണ്ടാക്കുന്നത്. ഇതാണ് യഥാര്‍ഥ ലിംഗസമത്വം.

ആധുനികമെന്നും പുരോഗമനപരമെന്നും കൊട്ടിഗ്‌ഘോഷിക്കുന്ന സമൂഹങ്ങളില്‍പോലും സ്ത്രീകള്‍ അവമതിക്കപ്പെടുകയും പീഡനങ്ങള്‍ക്കിരയാകുകയും ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഷോപിങ് മാളുകള്‍, തൊഴിലിടങ്ങള്‍ അങ്ങനെ തുടങ്ങി എല്ലായിടത്തും പുരുഷനെയപേക്ഷിച്ച് സ്ത്രീകള്‍ വളരെയധികം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. തൊഴില്‍ശാലകളില്‍ ഉന്നതങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്ന 17% സ്ത്രീകളില്‍ 5% ശതമാനത്തിന് മാത്രമേ ലക്ഷ്യം കൈവരിക്കാനാകുന്നുള്ളൂ എന്ന് മുന്‍നിര മാഗസിനുകളിലൊന്ന് ഈയിടെ നടത്തിയ സര്‍വേയില്‍ വെളിപ്പെടുകയുണ്ടായി. ചൂഷണം ചെയ്യപ്പെടുന്ന അന്തരീക്ഷത്തെ ഭയക്കാതെ സ്ത്രീകള്‍ക്ക് മുന്നോട്ടുപോകാനാകുന്നില്ലെന്ന് ചുരുക്കം. അതേസമയം ജൂനിയര്‍ തസ്തികകളില്‍ ആവശ്യപ്പെടാതെയും പ്രകടനം കാഴ്ചവെക്കാതെയും പുരുഷന്‍മാര്‍ക്ക് ജോലികളില്‍ ഉയര്‍ച്ച നേടാനാകുന്നു. ഉന്നതതസ്തികളിലാകട്ടെ 18 % പുരുഷന്‍മാര്‍ക്കും അവര്‍ താല്‍പര്യപ്പെടാതെതന്നെ എത്താനാകുന്നു എന്നും റിപോര്‍ട്ടിലുണ്ട്. സ്ത്രീകളില്‍ 5% ശതമാനത്തിനേ അത്തരം അവസരം ലഭിക്കുന്നുള്ളൂ.

മനുഷ്യരാശിയില്‍ അല്ലാഹു സന്തുലനം മനോഹരമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. എല്ലാ വ്യക്തികളെയും അവരുടെ സദ്പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രതിഫലം നല്‍കി ആദരിക്കുന്നു അവന്‍. വംശം, വര്‍ഗം, ആണ്‍-പെണ്‍ വേര്‍തിരിവ് എന്നിത്യാദി മാനദണ്ഡങ്ങള്‍ അവിടെയില്ല. ആണും പെണ്ണും വ്യത്യസ്ത വര്‍ഗങ്ങള്‍ എന്ന നിലക്ക്, ഭിന്ന ഉത്തരവാദിത്വങ്ങളും ചുമതലകളും ഏല്‍പിക്കപ്പെട്ടവരാണ് എന്നത് വസ്തുതയാണ്. സ്രഷ്ടാവായിരിക്കെ, നമ്മുടെ പ്രകൃതങ്ങളെ ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവാണല്ലോ. കന്യകാത്വം അല്ലെങ്കില്‍ ചാരിത്ര്യവിശുദ്ധി എന്നത് സ്ത്രീക്കുമാത്രമായി ഇസ്‌ലാം പരിമിതപ്പെടുത്തിയില്ല. പുരുഷനും ചാരിത്ര്യവിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്.
അല്ലാഹു പറയുന്നു: ‘നീ സത്യവിശ്വാസികളോട് പറയുക, അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയംവേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.'(അന്നൂര്‍ 30) തുടര്‍ന്ന് വിശ്വാസിനികളോടായി അവന്‍ കല്‍പിക്കുന്നു:
‘നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്. ‘ അന്നൂര്‍ 31).

ചാരിത്ര്യം

നബിതിരുമേനി (സ) വിശ്വാസികളായ പുരുഷന്‍മാര്‍ക്ക് സ്ത്രീകളുമായി ഇടപഴകേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് ശ്രദ്ധിക്കുക: ‘മഅ്ഖില്‍ ബിന്‍ യസ്സാറില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു. തലയില്‍ ഇരുമ്പുസൂചി തറഞ്ഞുകയറുന്നതാണ്, തനിക്ക് അനുവദനീയയല്ലാത്ത സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ ഒരു വിശ്വാസിക്ക് ഉത്തമം.’
അല്ലാഹു പറയുന്നു:
‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്‍മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണകാണിക്കും'(അത്തൗബ 71).
മേല്‍ വചനപ്രകാരം, സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ കര്‍മങ്ങള്‍ക്ക് ഒരുപോലെ ഉത്തരവാദികളാണെന്ന് വ്യക്തമാകുന്നു. അതോടൊപ്പം സത്കര്‍മങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കും നേരെതിരിച്ചും സഹകാരികളായി വര്‍ത്തിക്കുന്നു. ഈ സമത്വം ജീവിതത്തിന്റെ നിഖിലമേഖലകളിലും കടന്നുവരുന്നു. സത്യസന്ധതയും സദാചാര-ധാര്‍മിക മൂല്യങ്ങളും ഓരോ വ്യക്തിയുടെയും പരലോകവിജയത്തിന്റെ മാനദണ്ഡ്മാണെന്ന് ചുരുക്കം.
വ്യഭിചാരത്തിന് അല്ലാഹു വിധിച്ചിട്ടുള്ള ശിക്ഷ രണ്ടുപേര്‍ക്കും ഒരുപോലെയാണ്. ഖുര്‍ആന്‍ പറയുന്നു: ‘വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരു സംഘം സാക്ഷ്യം വഹിക്കുകയുംചെയ്യട്ടെ.’ (അന്നൂര്‍ 2) ഈ സൂക്തത്തില്‍ വ്യഭിചാരിണിയെന്നും വ്യഭിചാരിയെന്നും വെവ്വേറെ എടുത്തുപറഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ പുരുഷനും സ്ത്രീക്കും ഒരുപോലെയാണ് ശിക്ഷയെന്നത് വ്യക്തമാണ്.
വളരെ നീചമായ പാപമാണ് വ്യഭിചാരം. ഈ അസാന്‍മാര്‍ഗികകൃത്യത്തിലേര്‍പ്പെടുന്ന വ്യക്തിക്ക് കടുത്ത ശിക്ഷയാണ് പരലോകത്ത് ഒരുക്കിവെച്ചിരിക്കുന്നത്.
നബിതിരുമേനി (സ) പറയുന്നു. ‘………അങ്ങനെ ഞങ്ങള്‍ വീണ്ടും മുന്നോട്ടുപോയി. അവിടെ ഒരു പ്രത്യേകതരം അടുപ്പിന്റെ അടുക്കല്‍ എത്തി’. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത് (നിവേദകന്‍). ‘അതില്‍ വലിയ അട്ടഹാസവും ഒച്ചയും കേള്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതിനകത്തേക്ക് നോക്കി. നഗ്നരായ സ്ത്രീകളെയും പുരുഷന്‍മാരെയും അവിടെ കണ്ടു. അവരുടെ കാല്‍ക്കല്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന തീ അവരെ ഒന്നാകെ വലയംചെയ്ത് മൂടുമ്പോള്‍ അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തനാദം പുറപ്പെടുവിക്കുന്നു. ഞാന്‍ മലക്കുകളോട് ചോദിച്ചു: ആരാണിവര്‍. അപ്പോള്‍ അവരെന്നോട് മുന്നോട്ട് നടക്കൂ…എന്ന് പറഞ്ഞു. അടുപ്പുപോലെ തോന്നിച്ച ആ അറയ്ക്കകത്ത് താങ്കള്‍ കണ്ട നഗ്നരായ സ്ത്രീകളും പുരുഷന്‍മാരും വ്യഭിചാരികളും വ്യഭിചാരിണികളുമാണ്.’ ‘

അല്ലാഹു നമ്മെ എല്ലാ വലുതുംചെറുതുമായ പാപങ്ങളില്‍നിന്ന് കാത്തുരക്ഷിക്കട്ടെ, ആമീന്‍..

ഉമ്മു മുആദ്

Topics