കുട്ടികളുടെ അവകാശത്തെപ്പറ്റി നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് അവര്‍ക്കുള്ള സംരക്ഷണത്തെയും അവര്‍ക്കിടയിലുള്ള നീതിപൂര്‍വകമായ സമീപനത്തെക്കുറിച്ചുമാണ.് കുട്ടികളെ സംരക്ഷിക്കുന്നതും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും മക്കള്‍ക്കിടയില്‍ നീതിപൂര്‍വം വര്‍ത്തിക്കുന്നതും സംബന്ധിച്ച് ഇസ്ലാമനുവദിച്ച അവകാശങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
വിവാഹമോചനത്തിലെത്തിയ ദമ്പതികള്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേസിനുപോകുമ്പോള് അവരുടെ താല്പര്യത്തിനുത്തമമായത് ഏതാണെന്നാണ് ന്യായാസനം പരിശോധിക്കുന്നത് . 12-ാം നൂറ്റാണ്ടിലെ ഇസ്ലാമികപണ്ഡിതനായ ഇബ്നുഖുദാമ അല്‍ മഖ്ദീസി ഇങ്ങനെ പറഞ്ഞു: ‘കുട്ടിയെ വിട്ടുകൊടുക്കുന്നത് അവന്റെ/അവളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ്. അതിനാല്‍ കുട്ടിയുടെ ക്ഷേമത്തിനും മതബോധത്തിനും അപകടംവരുത്തിവെക്കാന് ഇടയാകുന്ന അവസ്ഥയില്‍ അവനെ വിട്ടുകൊടുക്കരുത്.’
ഒരു ദാമ്പത്യജീവിതത്തില്‍ ഇരുകക്ഷികളും തമ്മില്‍ യോജിക്കാനാകാതെ വന്നാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല ആര്ക്കുനല്കണം എന്ന കാര്യത്തില്‍ ഇസ്ലാമിന് ഉത്തരമുണ്ട്. കുട്ടി തിരിച്ചറിവ് ആര്‍ജിക്കുന്നതുവരെ അവന്റെ സംരക്ഷണച്ചുമതലക്ക് ഏറ്റവും അര്‍ഹ മാതാവാണ്. ഇനി അവര്‍ പുനര്വിവാഹിതയാകുകയാണെങ്കില് പിതാവിനാണ് സംരക്ഷണച്ചുമതല. കുട്ടിയുടെ നന്മ ലാക്കാക്കി ഇരുകക്ഷികള്‍ക്കും ധാരണയിലെത്താവുന്നതാണ്. കുട്ടിയുടെ സംരക്ഷണത്തിന് ആത്യന്തികമായി ബാധ്യതപ്പെട്ടത് ആരാണെന്ന വിഷയത്തില്‍ പണ്ഡിതന്മാര്ക്കിടയില് എന്നും അഭിപ്രായവ്യത്യാസമുണ്ട്. എങ്കില്‍ പോലും കുട്ടിയുടെ ശാരീരിക-വൈകാരിക-ആത്മീയതാല്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്ന കാര്യത്തില്‍ അവര്‍ യോജിക്കുന്നു.
തന്റെ കുട്ടിയുടെ സംരക്ഷണകാര്യത്തില്‍ മുന്‍ഭര്‍ത്താവ് അവകാശം ഉന്നയിക്കുന്നുവെന്ന പരാതിയുമായി വിവാഹമോചനംനേടിയ യുവതി പ്രവാചകന്റെ അടുക്കല്‍ ചെന്നു. ‘എന്റെ ഗര്ഭപാത്രമായിരുന്നു കുട്ടിയുടെ തൊട്ടിലായത്. എന്റെ മാറിടമായിരുന്നു അവന്റെ ദാഹമകറ്റിയത്. എന്റെ മടിത്തട്ടായിരുന്നു അവന് ആശ്രയമൊരുക്കിയത്. എന്നാല്‍ അവന്റെ പിതാവ് എന്നെ ഉപേക്ഷിക്കുകയും കുട്ടിയെ എന്നില്‍നിന്ന് എടുക്കുകയുംചെയ്യുന്നു.’ അപ്പോള്‍ തിരുമേനി അവരോടായി പറഞ്ഞു: ‘നീ പുനര്‍വിവാഹിതയാകുന്നില്ലെങ്കില്‍ നിനക്കുതന്നെയാണ് ആ കുട്ടിയുടെ മേല്‍ അവകാശം”
ഇസ്ലാമിന്റെ വീക്ഷണത്തില്‍ കുട്ടികളുടെ തിരിച്ചറിവിന്റെ പ്രായം ഏഴിനും എട്ടിനും അടുത്താണ്. ആ ഘട്ടത്തില്‍ ഔദ്യോഗികസംരക്ഷണത്തിന്റെ അവസരം അവസാനിക്കുന്നു. തുടര്‍ന്ന് കഫാലത്ത് അഥവാ സ്പോണ്‍സര്‍ഷിപ്പിന്റെ സമയം ആരംഭിക്കുന്നു. കുട്ടി പ്രായപൂര്ത്തിയാകുന്നതുവരെയാണ് അതിന്റെ സമയം. അതുകഴിഞ്ഞാല്‍ കുട്ടിക്ക് താന്‍ ആരോടൊപ്പം താമസിക്കണമെന്ന വിഷയത്തില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ചില മാനദണ്ഡങ്ങള്‍ അപ്പോഴും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.ആ മാനദണ്ഡങ്ങളില്‍ പെട്ടതാണ് സംരക്ഷണംഏറ്റെടുക്കുന്ന മാതാവോ,പിതാവോ, രക്ഷിതാവോ ആരായാലും അയാള്‍ മുസ്ലിം ആയിരിക്കണമെന്നത് (ബുദ്ധിസ്ഥിരതയുള്ള ആളായിരിക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ). കുട്ടിയോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവനും സദ്സ്വഭാവിയുമായിരിക്കണം അയാള്‍.
മാതാവ് ദരിദ്രയോ സമ്പന്നയോ ആണെങ്കില്‍പോലും പിതാവിനാണ് കുട്ടിയുടെ ചെലവുനോക്കേണ്ട ബാധ്യതയുള്ളത്. കുട്ടിക്കുവേണ്ട താമസ-ഭക്ഷണ-വസ്ത്ര-വിദ്യാഭ്യാസച്ചിലവുകള്‍ തുടങ്ങി ദൈനംദിനാവശ്യങ്ങള്‍ പിതാവ് നോക്കിനടത്തേണ്ടതുണ്ട്. അത് പിതാവിന്റെ സാമ്പത്തികശേഷി അനുസരിച്ച് നിജപ്പെടുത്താവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തിക-സാമൂഹികസാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ.
‘സമ്പന്നന് തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.'(അത്ത്വലാഖ് 7)
നീതിയോടെ സമീപിക്കല്‍
കുട്ടികളോട് ഏറ്റവും നല്ലരീതിയില്‍ പെരുമാറണമെന്ന് ഇസ്ലാം കല്പിക്കുന്നു. മുഹമ്മദ് നബി (സ) ഇപ്രകാരം ഉണര്‍ത്തി:’നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍, കുട്ടികള്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കുവിന്‍.’
കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കളും വിഭവങ്ങളും നല്കുമ്പോള് അവരിലാരോടും വിവേചനമോ അനീതിയോ കാട്ടരുത്. അതേസമയം അവരുടെ ആവശ്യങ്ങളെ പരിഗണിക്കേണ്ടിവരുന്നത് വിസ്മരിക്കുന്നില്ല. ഉദാഹരണത്തിന്, മൂത്തകുട്ടിക്ക് യൂണിഫോമിന് 200 രൂപ വേണ്ടിവരുമ്പോള്‍ ചെറിയ കുട്ടിക്ക് 100 രൂപയുടെ യൂണിഫോം മതിയാകും. ഇതില്‍ അനീതിയുടെ പ്രശ്നമുദിക്കുന്നില്ല. അതേസമയം കുട്ടികളുടെ വിവാഹപ്രായം ആയാല്‍ അതിനുവേണ്ടി ചെലവിടുന്ന കാര്യത്തില്‍ നീതി പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ യാതൊരു കാരണവശാലും ലിംഗവിവേചനം അരുത്. അത് സഹോദരങ്ങള്‍ തമ്മില്‍ വെറുപ്പിനും വൈരാഗ്യത്തിനും അസൂയക്കും വഴിതുറക്കും. ചിലപ്പോഴൊക്കെ അത് കുടുംബത്തകര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.
ചില കുട്ടികള്‍ക്ക് പ്രത്യേകസാഹചര്യത്തില്‍ സമ്മാനംനല്കുന്നവിഷയത്തില് പരിഗണനനല്കുന്നത് തെറ്റല്ലെന്ന് പണ്ഡിതന്മാരില് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, മക്കളില്‍ ഒരാള്‍ അംഗവൈകല്യമുള്ളയാളോ, അല്ലെങ്കില്‍ സന്താനങ്ങള്‍ അധികമുള്ളയാളോ ആണെങ്കില്‍ ജീവിതച്ചെലവിന് പ്രയാസമുണ്ടാകുന്നതുകൊണ്ട് സാമ്പത്തികസഹായം കൂടുതല്‍ നല്കുന്നതില് തെറ്റില്ല. അതുപോലെ, മക്കള്‍ ധൂര്‍ത്തിനും അസാന്മാര്ഗികപ്രവര്ത്തനങ്ങള്ക്കും പൈസ ചെലവിടുന്നുവെന്ന് ഭയന്നാല്‍ പണമോ അതുപോലെ സമ്മാനങ്ങളോ പിടിച്ചുവെക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്.
20 -ാം നൂറ്റാണ്ടിലെ പണ്ഡിതനായ ശൈഖ് ഇബ്നുഉഥൈമിന് പറയുന്നത് കാണുക: ‘മാതാപിതാക്കള്‍ തങ്ങളുടെ മക്കളിലൊരാള്‍ക്ക് ചികിത്സ-ബിസിനസ് ആവശ്യങ്ങള്പോലുള്ള അടിയന്തിരഘട്ടങ്ങളില്‍ സാമ്പത്തികസഹായംചെയ്യുന്നത് അനീതിയോ വിവേചനമോ ആയി കാണാനാകില്ല. മാതാപിതാക്കള്‍ കുട്ടികളുടെ അടിയന്തിരാവശ്യങ്ങള്‍ നിവര്ത്തിച്ചുകൊടുക്കുംപോലെ ഒന്നാണത്.’ നീതി പാലിക്കുക. അതാണ് ധര്‍മപാലനത്തോട് ഏറ്റവും ചേര്ന്നുനില്ക്കുന്നത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.'(അല്‍മാഇദ 8)
നീതിയും ആദരവും അതിപ്രാധാന്യത്തോടെ കാണുന്ന മതമാണ് ഇസ്ലാം. അവകാശങ്ങള്‍ക്കും ബാധ്യതാനിര്‍വഹണത്തിനും അത് വലിയ ഊന്നല്‍ നല്കുന്നു. സമൂഹത്തിന്റെ ആവശ്യങ്ങളെ ബലികഴിക്കാത്തിടത്തോളം കാലം അത് വ്യക്തിഗതആവശ്യങ്ങള്ക്ക് വളരെയധികം പരിഗണന കൊടുക്കുന്നു. ദൈവത്തെ അറിയുകയും അവനെ സ്നേഹിക്കുകയും ചെയ്യാനുള്ള മാര്‍ഗദര്‍ശനം ലഭിക്കേണ്ടത് കുട്ടികളുടെ അവകാശമാണ്. അതിനായി തങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ണാനും ഉടുക്കാനും പഠിക്കാനും പരിലാളനകളേല്ക്കാനും അവസരമൊരുക്കേണ്ടത് മാതാപിതാക്കളും രക്ഷിതാക്കളും അവരുടെ അഭാവത്തില്‍ സമൂഹവുമാണ്.
Add Comment