കുടുംബ ജീവിതം-Q&A

എപ്പോഴും സമാധാനം കെടുത്തുന്ന മാതാവ് ?

ചോ: ഞാനും എന്റെ ഭാര്യയും ദീനിനിഷ്ഠയുള്ളവരാണ്. എന്റെ കുടുംബത്തോടൊപ്പമാണ് മാതാവുള്ളത്. പിതാവ് 7 വര്‍ഷംമുമ്പ് മരണപ്പെട്ടു. വീട്ടിലെ ഏകസന്താനമാണ് ഞാന്‍.

ഉമ്മയും അവരുടെ സഹോദരങ്ങളും ഏവരെയും വെറുപ്പിക്കുന്ന പെരുമാറ്റശീലങ്ങളുള്ളവരാണ്. കുരുട്ടുബുദ്ധിയും അവസരവാദവും നുണപറച്ചിലും കൈമുതലായുള്ള എന്റെ മാതാവ് വായ്ത്താരിയിലും ഒട്ടുംപിന്നിലല്ല. ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയാണ് അവരുടെ നാവിന്. മറ്റുള്ളവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കാന്‍ അസാമാന്യവൈഭവമുണ്ടതിന്. ഏകമകനാണെങ്കിലും എന്നോട് യാതൊരു ദയാദാക്ഷിണ്യമോ പരിഗണനയോ മാതാവ് പുലര്‍ത്താറില്ല. കുട്ടിക്കാലത്ത് നിസ്സാരകാര്യങ്ങള്‍ക്കുപോലും അവരെന്നെ അടിക്കാറുണ്ടായിരുന്നു. പിതാവ് പൊതുവേ അന്തര്‍മുഖനായിരുന്നതിനാല്‍ മാതാവിന്റെ ഈ സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ആര്‍ജവമൊന്നും കാണിച്ചിരുന്നില്ല.
എന്റെ വിവാഹംകഴിഞ്ഞയുടന്‍ തന്നെ മാതാവ് ഭാര്യയടക്കം ബന്ധുക്കളുടെ മുമ്പില്‍വെച്ച് എന്നെ ഇകഴ്ത്തി സംസാരിക്കുകയുണ്ടായി. ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. അതുപോലെ എന്റെ ഭാര്യയെയും അവളുടെ മാതാപിതാക്കളെയും ആക്ഷേപിച്ച് സംസാരിച്ചു. ഭാര്യയും അതിനോട് പ്രതികരിക്കാന്‍ നിന്നില്ല. ഞാന്‍ ഓഫീസില്‍നിന്ന് തിരിച്ചുവീട്ടിലെത്തുംവരെ ഭാര്യ പേടിച്ചുവിറച്ചാണ് കഴിഞ്ഞുകൂടുന്നത്.

മാതാവിന്റെ ഇവ്വിധം മോശമായ പെരുമാറ്റങ്ങളില്‍ ക്ഷമയവലംബിച്ച് അല്ലാഹുവോട് സദാ പ്രാര്‍ഥിച്ചുകഴിയുകയാണ് ഞാന്‍. മരണക്കിടക്കയില്‍ വെച്ച് പിതാവ് നല്‍കിയ വസ്വിയത് പ്രകാരമാണ് ഉമ്മയെ പരിചരിക്കുന്നത്. ഉമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാകുകയില്ല. ചിലപ്പോള്‍ നന്നായി പെരുമാറുന്ന മാതാവ് അതിനെയെല്ലാം നിഷ്പ്രഭമാക്കുംവിധം ഹൃദയം തകര്‍ത്തുകളയുകയുംചെയ്യുന്നു.

മാതാവിന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കിയാലും പരിചരണങ്ങള്‍ ഒരുക്കിയാലും പരാതി മാത്രമാണ് തിരികെ കിട്ടുന്നത്. മറ്റുള്ളവരുടെ മക്കള്‍ നല്ലവരും ഞാന്‍ മോശവും എന്നാണ് എപ്പോഴുംപറയുക. നല്ല വിദ്യാഭ്യാസവും ജോലിയും നേടിയ ഞാന്‍ മാതാവിന് അഭിമാനമാകേണ്ടതായിരുന്നു. പക്ഷേ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നോര്‍ത്ത് എന്റെ മനസ്സ് വിങ്ങുകയാണ്.

അല്ലാഹുവിങ്കല്‍നിന്ന് എനിക്കുള്ള പരീക്ഷണമാണ് മാതാവെന്ന് ഞാന്‍ നന്നായറിയുന്നു. അതിനാല്‍ എന്റെ ക്ഷമയും മനക്കരുത്തും ദൃഢീകരിക്കണേയെന്ന് അവനോട് നിരന്തരം പ്രാര്‍ഥിക്കുകയാണ്. പക്ഷേ ചില സമയങ്ങളില്‍ എന്റെ ക്ഷമ ദുര്‍ബലമാവുകയും മനസ്സില്‍ അഭിശപ്തചിന്തകള്‍ തിടംവെക്കുകയുംചെയ്യുന്നു. കുടുംബജീവിതത്തില്‍ സ്വസ്ഥത നഷ്ടപ്പെടുന്നു.
എന്റെ നിലപാടുകള്‍ ഇസ്‌ലാമികമായി ശരിയാണോ?ഞാനിനി എന്താണ് ചെയ്യേണ്ടത് ?

ഉത്തരം: തന്റെ മാതാവിനെ നന്നായി പരിചരിക്കാനും അവരോട് സ്‌നേഹത്തില്‍ ഇടപെടാനും പരിശ്രമിക്കുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോള്‍ ചിലയിടങ്ങളില്‍ കുടുംബങ്ങളില്‍ അത് അസ്വസ്ഥതയുളവാക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട്. മക്കള്‍ അവരെ തങ്ങളുടെ ജോലിയാവശ്യാര്‍ഥം അപാര്‍ട്ട്‌മെന്റിലോ ഫഌറ്റിലോ കൂടെക്കൂട്ടുകയും അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ മാതാവിനെ സ്വന്തം വീട്ടില്‍ തനിച്ചാക്കുക എന്നത് പ്രയാസകരമായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഒരുവേള ഭര്‍ത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട്ടില്‍നിന്ന് അകന്നുനില്‍ക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ മാതാവിനെ അലട്ടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഒന്നിലേറെ സഹോദരങ്ങള്‍ ഉള്ള കുടുംബമാണെങ്കില്‍ സഹോദരങ്ങള്‍ മാറിമാറി മാതാവിനെ പരിചരിക്കുകയാണെങ്കില്‍ കുറച്ചൊക്കെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കപ്പെട്ടേക്കാം.

സഹോദരാ, ഒരു മാതാവിനും മക്കളോടോ മരുമക്കളോടോ മോശമായോ അഭിമാനക്ഷതമുണ്ടാക്കുംവിധമോ സംസാരിക്കാന്‍ യാതൊരു അവകാശവുമില്ല. മറിച്ച്, എല്ലാ മര്യാദകളോടും ആദരവുകളോടും കൂടി കുടുംബാംഗങ്ങളെ സമീപിക്കണമെന്നാണ് ഇസ ്‌ലാമിന്റെ നിര്‍ദ്ദേശം. യാതൊരുവിധത്തിലുള്ള ദ്രോഹങ്ങളും ദീന്‍ അനുവദിക്കുന്നില്ല. മനസ്സിന് മുറിവേല്‍പിക്കുംവിധം സംസാരിക്കുന്നത് കാലംചെല്ലുന്തോറും താങ്കള്‍ക്കും ഭാര്യക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അത് നിങ്ങളുടെ മക്കളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന സംഗതിയാണ്. അതിനാല്‍ തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതുമാണ്.

മറ്റൊന്ന് ചെയ്യാനുള്ളത്, മാതാവുമായി വിഷയം തുറന്ന് സംസാരിക്കുക എന്നതാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള പെരുമാറ്റരീതികളെക്കുറിച്ച്, പരസ്പരമുള്ള ബാധ്യതകളെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച് എല്ലാംതന്നെ പ്രവാചകതിരുമേനിയുടെ ചര്യകളെ മുന്‍നിര്‍ത്തി വിശദീകരിക്കുക. ആ രീതിയിലുള്ള സംസാരത്തിന് താല്‍പര്യംകാണിക്കാതിരിക്കുകയോ അതിനോട് പുറംതിരിഞ്ഞുനില്‍ക്കുകയോ ചെയ്യുന്നപക്ഷം മാതാവിന്റെ മനോവിഷമത്തിന് കാരണമാകുന്നതെന്തെന്നത് കൗണ്‍സിലറുടെ സഹായത്തോടെ പരിഹരിക്കാനാകുമോയെന്ന് നോക്കുക. ഏതു സാഹചര്യത്തിലായാലും മാതാവിനെ പരിചരിക്കുകയും അവരോട് നല്ലനിലയില്‍ പെരുമാറുകയുംചെയ്യുകയെന്നത് അതിപ്രധാനമാണ്.

പരിഹാരസാധ്യതയുണ്ടെങ്കില്‍, മാതാവിന്റെ പെരുമാറ്റത്തെക്കുറിച്ച് അവരുടെ കുടുംബത്തിലെ സഹോദരങ്ങളോടും ബന്ധുജനങ്ങളോടും ആര്‍ക്കും അഭിമാനക്ഷതമുണ്ടാകാത്തവിധം ചര്‍ച്ചചെയ്യുക.

ഒരു മാതാവിന് അഭിമാനിക്കാന്‍ കഴിയുംവിധം ഉത്തമസ്വഭാവത്തിന് ഉടമയാണ്താങ്കള്‍. ഇക്കാര്യത്തില്‍ താങ്കളെ പ്രശംസിക്കാതെ വയ്യ. മാതാവിന്റെ പെരുമാറ്റത്തിന് സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവിടങ്ങളില്‍ പല പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും നടക്കാറുമുണ്ട്. അത്തരത്തിലുള്ള മോശംപ്രവര്‍ത്തനങ്ങളുണ്ടാകാതെ സൂക്ഷ്മതയോടെ താങ്കള്‍ കുടുംബത്തെ കൈകാര്യംചെയ്യുന്നുവെന്നത് അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമായ കാര്യമാണ്. താങ്കളിലെ മൂല്യത്തെ മാതാവ് ഒരു നാള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ഭാവിയില്‍ താങ്കളുടെ കുടുംബത്തിന് ദ്രോഹങ്ങളേതുമില്ലാതെ സമാധാനത്തോടെ കഴിയാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ്.

Topics