നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ടൗണിലെ മെഡിക്കല്‍ ലാബിനു മുമ്പില്‍ ആള്‍ത്തിരക്ക് കൂടിക്കൊണ്ടിരുന്നു. വെറും വയറ്റിലൊരു രക്തപരിശോധന. അത് ലക്ഷ്യം വെച്ച് എത്തുന്നവരാണെല്ലാം. ബസാറിനു മുമ്പിലുള്ള ഇത്തിരി മുറ്റത്ത് കൈയും വീശി തെക്കുവടക്ക് നടക്കുന്നവരും കുറവല്ല. 25 മുതല്‍ 70 വയസ്സുകാര്‍ വരെ കൂട്ടത്തിലുണ്ട്. എല്ലാവരും കൂടിച്ചേര്‍ന്ന ഒരു മാരത്തോണ്‍ ഓട്ടം. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ കുതിരവട്ടത്ത് നിന്ന് വഴിതെറ്റി വന്നവരാണെന്ന് ആളുകള്‍ സംശയിച്ചേനെ. പക്ഷേ, മാറിയ കാലഘട്ടത്തില്‍ ആ പുലര്‍കാല നടത്തത്തിന്റെ ഉള്ളുകള്ളിയറിയാത്തവര് നന്നെ ചുരുങ്ങും. ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ സ്വന്തമാക്കി വെച്ചവരാണല്ലോ കൂടുതലും.
പരസ്യപ്പലകകളിലെ ക്ലാവ്പിടിച്ച് നിറംകെട്ട പെണ്‍കോലങ്ങള്‍ കണ്ട് കണ്ട് മടുത്തിരിക്കുന്നതിനിടയിലാണ് മറ്റൊരു ദൃശ്യം ശ്രദ്ധയില്‍ പെടുന്നത്. ദൂരെ ഇളകി മറിയുന്ന പൊടിപടലങ്ങള്‍ക്കിടയില്‍ കുറ്റിച്ചൂലിന്റെ പരപരാ ശബ്ദത്തിനൊപ്പം പൊങ്ങിത്താഴുന്ന ജീവനുള്ള ഒരു പെണ്‍രൂപമായിരുന്നു അത്. തൊട്ടടുത്തെത്തിയപ്പോള്‍ ആളെ തിരിച്ചറിഞ്ഞു. ലക്ഷം വീട് കോളനിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞാത്ത. കുഞ്ഞുതാത്ത എന്ന വിളിപ്പേര് അവരുടെ മെലിഞ്ഞ ശരീരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. എങ്കിലും മുഖത്തെ ചുളിവുകള്‍ക്ക് വയസ്സ് 65 പിന്നിട്ട കാര്യം അങ്ങനെയങ്ങ് മറച്ചുവെക്കാനാകുന്നുമില്ല. അര്‍ബുദ രോഗം മുടക്കം വരുത്തിയ കൂട്ടുകാരി പാറുവിന്റെ അമിതഭാരം കൂടി ധൃതിയില്‍ ചെയ്തുതീര്ക്കുകയാണവര്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിവെച്ച ചങ്ങാത്തമാണവരുടേത്. വൈകുന്നേരം കിട്ടുന്ന തുച്ഛമായ കൂലി പപ്പാതിയാക്കി പങ്കുവെക്കുന്നതിനും അവര്‍ക്ക് മടിയേതുമില്ല. ദാദ്രി ബോംബെ സംഭവങ്ങളോ രാമക്ഷേത്ര ബാബരി പ്രശ്നങ്ങളോ ഒന്നും കുഞ്ഞാത്ത പാറുവിനിടയിലുള്ള സുഹൃദ്ബന്ധത്തിന് ഇന്നോളം വിള്ളലുകളുമുണ്ടാക്കിയിട്ടില്ല. ആ നന്മയുടെ കൂട്ടായ്മയില്‍ പങ്കാളികളാകാനെന്നോണം കുഞ്ഞാത്തയുടെ ചൂലിന് മുമ്പില്‍ പൊടിപടലങ്ങളും വഴിമാറിക്കൊടുക്കുന്നുണ്ട്, കടത്തിണ്ണകളില്‍ നിന്ന് കട്ടപാകിയ മുറ്റത്തിന്റെ ഓരങ്ങളിലേക്ക് ഒതുങ്ങിനിന്നു കൊണ്ട്. പിറ്റേന്നാകുമ്പോഴേക്ക് വീശിയടിക്കുന്ന കാറ്റിന്റെ കൈപിടിച്ച് അവ കടത്തിണ്ണയിലേക്കു തന്നെ ചേക്കേറും. എങ്കിലലല്ലേ കുഞ്ഞാത്തക്കും പാറുവിനും അത്താഴവറ്റിനുള്ള വകയുണ്ടാകൂ.
അതിലിടക്ക് തലേന്നാള്‍ നടന്ന വയോജന ദിനാചരണം പോയിട്ട് സ്വന്തം ആയുസ്സിന്റെ രണ്ടറ്റം കൂട്ടിമുട്ടിയതു പോലും കുഞ്ഞാത്ത ഒട്ടും അറിഞ്ഞിട്ടുണ്ടാവില്ല. 60 പിന്നിടുന്നതോടെ വാര്ധക്യത്തിലേക്കാണല്ലോ കാല് കുത്തുന്നത്. 14 ശതമാനം ജനങ്ങള്‍ തന്നെപ്പോലെ വയോജനങ്ങളുടെ പട്ടികയിലായതു കൊണ്ട് തന്റെ നാടിനും വയസ്സ് കൂടുകയാണെന്നതും കുഞ്ഞാത്തയെ തെല്ലും അലോസരപ്പെടുത്തുന്നുണ്ടാവില്ല. അല്ലെങ്കിലും താങ്ങോരുള്ളവര്ക്കല്ലേ തളര്ച്ചയറിയൂ. പട്ടിണി പ്രാരാബ്ധങ്ങളുടെ വറുതിച്ചട്ടിയില്‍ പൊട്ടിപ്പൊരിയുന്ന അവര്‍ക്കെവിടെ അതിനൊക്കെ നേരം. വാര്‍ധക്യത്തിന്റെ അവശതയെ പേടിച്ചോടുന്നവര്‍ക്ക് മുമ്പില്‍ ഒരു ചോദ്യചിഹ്നമായി വയോജന ദിനത്തിലും ടൗണിലുള്ള പീടികത്തിണ്ണകള്‍ അടിച്ചുവാരി വൃത്തിയാക്കുകയാണ് കുഞ്ഞാത്ത. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോളുകളുടെയൊക്കെ നേര്‍വായനക്ക് കാത്തുനില്‍ക്കാതെ. വാര്‍ധക്യത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാനാവാവില്ല എന്നതും ഒരു നേരാണല്ലോ. ജീവനുള്ള ശരീരത്തിന്റെയെല്ലാം ജൈവ പ്രക്രിയാപരമായ ഒരവസ്ഥയാണത്. മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ ജന്തുജീവജാലങ്ങള്‍ക്കും അതുണ്ടാകും. ആയുസ്സിന്റെ ദൈര്‍ഘ്യത്തിനനുസരിച്ച് മറ്റേത് അവസ്ഥയേക്കാളുപരി വാര്‍ധക്യത്തിന്റെ അളവ് കൂടൂം എന്നേയുള്ളൂ. ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നിവ പിന്നിട്ട് ശരീരം നിര്‍ബന്ധമായും എത്തിച്ചേരാന്‍ വിധിക്കപ്പെട്ട ഒരവസ്ഥ.
‘പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ (നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ അവര്‍ നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.’ (വി.ഖു 22:5)
യുവത്വമെന്ന ശക്തിയുക്തമായ പൂര്‍ണാവസ്ഥയില്‍ നിന്ന് അവശതയിലേക്കുള്ള ശരീരത്തിന്റെ തിരിച്ചുമടക്കമായിട്ടാണ് വാര്‍ധക്യത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.
ഉറ്റവരെയും ഉടയവരെയും ഒരവസരം സ്വന്തത്തെ വരെ മറന്ന് പോകുന്ന ഒരവസ്ഥ. അതിലേക്കുള്ള ഒരു ചുവടുവെപ്പാണ് വാര്‍ധക്യം. തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ശരീരം അടിമപ്പെടുന്നതും കൂടുതല്‍ വാര്‍ധക്യം എന്ന അവസ്ഥയില്‍ തന്നെ. അല്പമൊന്ന് മനസ്സുവെച്ചാല്‍ ഒരു പരിധി വരെ ഈ ദുസ്ഥിതിയില്‍ നിന്ന് രക്ഷപ്പെടാനാകും. വൃദ്ധജനങ്ങള്‍ മാത്രമല്ല, അവരെ ചുറ്റിപ്പറ്റിയുള്ള സമൂഹവും. അതിന് വേണ്ടത് ആദ്യം വാര്‍ധക്യത്തെ ഒരു ശാപമായി കാണാതിരിക്കുക എന്നതാണ്. താന്‍ വെറുമൊരു ഉണക്ക മരമാണ്. കൊത്തിക്കീറി കത്തിക്കാനല്ലാതെ തന്നെയിനി ഒന്നിനും കൊള്ളില്ലെന്നുള്ള ധാരണ വൃദ്ധര്‍ സ്വയം തിരുത്തണം. മറ്റുള്ളവര്‍ തിരുത്തിക്കുകയും വേണം. മനുഷ്യജീവിതം ഒരു ഓട്ടമാണ്. തൊട്ടിലില്‍ നിന്ന് ചുടലവരേക്കും ചുമടു താങ്ങിയുള്ള ഓട്ടം. ശുഭാപ്തി വിശ്വാസം ഈ ഓട്ടത്തിന് ഇന്ധനമായി മാറുന്നു. എവിടെ ഇത് നഷ്ടപ്പെടുന്നുവോ അവിടെ ഓട്ടം നിശ്ചലമാകും. വാര്‍ധക്യത്തില്‍ മാത്രമല്ല, യുവത്വത്തിലും സംഭവിക്കുന്ന ഒന്നാണിത്. നിഷ്ക്രിയരായ യുവത്വം കൊണ്ട് നിറഞ്ഞ നാടാണല്ലോ കേരളം. ഒന്ന് കൈക്കോട്ടെടുക്കാന്‍ ഒരു മൂട് കപ്പ നടാന്‍, വേണ്ട സ്വന്തം കയ്യാലപ്പുറത്തൊന്ന് ധൈര്യമായി കയറിനോക്കാന്‍ പോലുമാവാത്ത അയ്യപ്പശങ്കരന്മാര് നിറഞ്ഞ നാട്. അതുകൊണ്ടാണല്ലോ കേരളത്തിലെ നിര്‍മാണമേഖല മൊത്തം ഇന്ന് ബംഗാളികള്‍ കയ്യടക്കിയത്. യുവതലമുറയെ ഒന്നിനും പറ്റാത്ത അയ്യപ്പശങ്കരന്മാരാക്കി മാറ്റുന്നതില്‍ രക്ഷിതാക്കളുടെ പങ്കും ചെറുതൊന്നുമല്ല. ‘അയ്യപ്പശങ്കരന് പണ്ടൊരിക്കല്‍ കയ്യാലെ മേലൊന്ന് കേറിനോക്കി അച്ഛന് പറഞ്ഞു കേറല്ലേ അമ്മ പറഞ്ഞു കേറല്ലേ’ ഫലമോ? അയ്യപ്പ ശങ്കരന് കയ്യാലപ്പുറത്ത് നിന്ന് തിത്തോം തകിതോം താഴെ വീണു. അങ്ങിനെ ജീവിതായോധനത്തിനു വേണ്ടിയുള്ള അധ്വാനത്തില്‍ നിന്ന് തെന്നിമാറി നില്ക്കുന്ന യുവസമൂഹം ഇന്ന് എത്തപ്പെടുന്നതോ? കൊള്ള, കൊല, തട്ടിപ്പ്, വെട്ടിപ്പ്, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന്, മോഷണം മുതലായ വേണ്ടാത്തരങ്ങളിലും. എങ്കില്‍ പിന്നെ വൃദ്ധര്‍ മാത്രം എങ്ങനെ നിഷ്ക്രിയമാകാതിരിക്കും. ശുഭാപ്തിവിശ്വാസം, നല്ല ചിന്ത, അന്യരെക്കുറിച്ച് നല്ല വിചാരം, നല്ല വാക്ക്, നല്ല പ്രവര്‍ത്തി ഇവ കൈവിടാതിരുന്നാല്‍ വാര്‍ധക്യത്തെയും സന്തോഷാനുഭൂതിയാക്കി മാറ്റാനാകും. ചലനാത്മകമാണ് മനുഷ്യശരീരം. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അത് ചലിച്ചുകൊണ്ടിരിക്കണം. പ്രസ്തുത ചലനം നന്മകള്‍ക്ക് വേണ്ടിയാകുമ്പോള്‍ അത് പ്രതിഫലാര്‍ഹവുമായിരിക്കും. ‘നിനക്ക് ഒഴിവുകിട്ടാല് നീ അധ്വാനിക്കുക. നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നിന്റെ ആഗ്രഹം സമര്‍പ്പിക്കുക.’ (വി.ഖു 94:78) ഒരിക്കലും നിര്‍ത്തിവെക്കാന്‍ പാടില്ലാത്ത ഒന്നാണ് അധ്വാനവും ശ്രമവും. ആലസ്യം വെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ജീവിതവിജയത്തിന്റെ ഒരു നിദാനമാണത്. ഇതില്‍ നിന്ന് വൃദ്ധജനങ്ങളെ അല്ലാഹു മാറ്റിനിര്‍ത്തിയിട്ടില്ല. 950 കൊല്ലം തൗഹീദ് പ്രബോധനം ചെയ്ത ശുഐബ് നബി(അ) അതിനൊരു ഉദാഹരണമാണ്. പ്രായമായതിന്റെ പേരില്‍ അത് നിര്‍ത്തിവെക്കാന്‍ ദൈവകല്പന ഉണ്ടായതായി കാണുന്നില്ല. 85 പിന്നിട്ടതിനു ശേഷമാണ് ഇബ്റാഹീം നബി(അ) ഇറാഖിലെ ഊര് പട്ടണത്തില്‍ നിന്ന് മക്കയിലേക്ക് കുടുംബത്തെയും കൂട്ടി ദൈവകല്പിതമായ ഒരു യാത്ര തുടങ്ങുന്നത്. പിന്നീട് പല സന്ദര്‍ഭങ്ങളിലും ആ യാത്ര ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മകന് ഇസ്മാഈലിനോടൊപ്പം (അ) കഅ്ബ പുനര്‍നിര്‍മിക്കുമ്പോള്‍ ഇബ്റാഹീം നബി (അ)ക്ക് ഒരുപക്ഷേ, പ്രായം നൂറ് കടന്നിരിക്കാം. എന്നിട്ടും ജിന്ന് മലാഇകത്തീങ്ങളുടെയൊന്നും സഹായമില്ലാതെ തന്നെ അദ്ദേഹം കഅ്ബയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഒരുവേള, വാര്‍ധക്യത്തിന്റെ അവശതകള്‍ ഒന്നൊന്നായി നിരത്തിവെച്ച് കൊണ്ടുതന്നെയാണ് സകരിയ്യ(അ) തനിക്കൊരു സന്താനമില്ലാത്തതിന്റെ ദു:ഖം അല്ലാഹുവിന്റെ മുമ്പില്‍ നിരത്തിവെക്കുന്നത്. ‘എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.’ (വി.ഖു 19:4) വാര്‍ധക്യം എന്നത് നിഷ്ക്രിയത്വത്തിലേക്കുള്ള ചവിട്ടുപടിയല്ല എന്നതിന്റെ തെളിവാണിതെല്ലാം. പ്രായമാകുമ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ സ്വാഭാവികമായിരിക്കും. അതിന് ചികിത്സയാണാവശ്യം. കൂടെ കൃത്യമായ പരിചരണവും. ഇത്തരം ഘട്ടത്തില്‍ ഡോക്ടറുടെയും പരിചാരകരുടെയും നിര്‍ദേശങ്ങള്‍ വൃദ്ധജനങ്ങള്‍ അനുസരിച്ചേ മതിയാകൂ. അതെല്ലാം അവരെ പ്രകോപിപ്പിക്കാത്തവിധം സ്നേഹത്തിന്റെ ഭാഷയിലായിരിക്കണമെന്ന് മാത്രം.
ആഹാരക്രമങ്ങളിലെ വ്യത്യാസം, ജീവിത ശൈലിയിലുണ്ടാവേണ്ട അനിവാര്യമായ മാറ്റം ഇതെല്ലാം വൃദ്ധജനങ്ങള്‍ക്ക് പലപ്പോഴും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും. ഇവിടെയെല്ലാം ഇരുവിഭാഗത്തിനും മാനസിക വിശാലതയാണാവശ്യം. പഴയ തലമുറ അത്രയും നാള് കുടുംബത്തിലും സമൂഹത്തിലും മറ്റുള്ളവരെ അനുസരിപ്പിച്ച് മാത്രം ശീലിച്ച പെരുന്തച്ചന്മാരായിരിക്കാം. യുവതലമുറ പുതുമകള്‍ക്ക് പിന്നാലെപ്പോകുന്നവരും. അവിടെയാണ് ഉരസലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും വഴിതുറക്കുന്നത്. യഥാര്‍ഥ കുറ്റവാളി എതിരെവന്ന വാഹനക്കാരനാണെങ്കിലും സ്കൂട്ടറില്‍ നിന്ന് വീണത് 75 കാരനാണെങ്കില്‍ തെറ്റ് മുഴുവന്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ തലയില്‍ തന്നെ കെട്ടിവെക്കും. ‘കണ്ണ് കാണാനാവാത്ത മൂപ്പിലാനെന്തിനാ വണ്ടിയോടിക്കുന്നത്’. വലിയുമ്മ നിലത്ത് വഴുതിവീണത് മരുമകള്‍ ടൈല്‍സ് തുടച്ച് വൃത്തിയാക്കിയതില്‍ വന്ന അശ്രദ്ധയായിരിക്കാം. എന്നാലും കുറ്റക്കാരി വലിയുമ്മതന്നെ. ‘ഇത്രയും വയസ്സായിട്ട് തള്ളക്കെന്താ ഒന്ന് അടങ്ങിയിരുന്നു കൂടേ?’ ചിലപ്പോള്‍ ഈ വക കുറ്റപ്പെടുത്തലുകള്‍ തിരിച്ചിങ്ങോട്ടായി എന്നും വരും. വീട്ടിലുള്ള ഇളംതലമുറ എന്ത് ചെയ്താലും എത്ര കണ്ട് സ്നേഹിച്ചാലും പ്രായമായവര്‍ക്ക് കുറ്റം. വിമര്‍ശനങ്ങള്‍, കുത്തിപ്പറച്ചിലുകള്, ഉരസലുകള്‍. അനന്തരഫലമോ? പ്രായം ചെന്നവര്‍ ക്രമേണ ഒറ്റപ്പെടുത്തലിന്റെ ലോകത്തേക്ക് മാറ്റിനിര്‍ത്തപ്പെടുന്നു. ചിലരെങ്കിലും വൃദ്ധസദനങ്ങളിലേക്കും. രണ്ട് തലമുറകള്‍ തമ്മിലുള്ള കാലവ്യതിയാനത്തിന്റെ വിടവുകള്‍ പരസ്പരം ഉള്‍ക്കൊള്ളാനാവാത്തതാണ് ഇതിന്റെ പ്രശ്നം. ജീവിതത്തിന്റെ അനുഭവജ്ഞാനം പഴയ തലമുറക്കുണ്ടാകുമെങ്കില് ആധുനികതയുടെ കാര്യത്തില്‍ ഇന്നത്തെ രണ്ടു വയസ്സുകാരന്റെ വിവരംപോലും അവര്ക്കുണ്ടായിരിക്കണമെന്നില്ല. ഇവിടെയെല്ലാം വിട്ടുവീഴ്ചയുടെ ഒരു മനസ്സാണ് ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരനുഭവം ഓര്‍മയില്‍ വരികയാണ്. ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വിനോദസഞ്ചാരികളുടെ ഒരു ബസ് വന്നുനിര്‍ത്തി. അല്പ വസ്ത്രധാരികളായ ഏതാനും യുവതീയുവാക്കളാണ് അതിലുണ്ടായിരുന്നത്. വരിവരിയായി ഓരോരുത്തരും ബസില്‍ നിന്നിറങ്ങി. അവസാനമിറങ്ങിയ ആളിന്റെ കയ്യില്‍ ഒരു വീല്‍ചെയര്‍. തുടര്‍ന്ന് രണ്ടുപേര്‍ ബസ്സില്‍നിന്ന് ഒരു വൃദ്ധയെ കൈപിടിച്ചിറക്കി വീല്‍ചെയറിലിരുത്തി. ഏകദേശം നൂറിലധികം പ്രായംവരുന്ന ഒരു സ്ത്രീയാണവര്. അവരുടെ മുഖത്തെ ചുളിവുകളിലപ്പോള് ആയിരം റോസാപ്പൂക്കള്‍ ഒന്നിച്ച് വിരിയുന്നതുപോലെ. താന്‍ ഒരിക്കലും ഒറ്റപ്പെട്ടവളല്ല, ആര്‍ക്കും വേണ്ടാത്ത ഉണക്കമരവുമല്ല. മറിച്ച്, കുടുംബത്തിന്റെ എല്ലാമെല്ലാമായ മുത്തശ്ശിയാണെന്നതിന്റെ സന്തോഷമാണാ മുഖത്ത് വിരിഞ്ഞിറങ്ങിയത്. ശേഷം ആ വിനോദസഞ്ചാര സംഘം എവിടെയൊക്കെ സന്ദര്‍ശിക്കുന്നുവോ അങ്ങോട്ടൊക്കെയും വീല്‍ചെയറിലിരുത്തി തങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയെയും അവര്‍ എത്തിച്ചുകൊണ്ടിരുന്നു. സാംസ്കാരിക ശൂന്യതയുടെ പുറമ്പോക്കിലേക്ക് നാം മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയില്‍ നിന്നുണ്ടായ ഈ ഉത്തമമാതൃക ഒരുപക്ഷേ സംസ്കൃതനെന്ന് മേനിനടിക്കുന്ന മലയാളിക്ക് അപരിചിതമായിരിക്കാം. പ്രായംചെന്നു ആരെങ്കിലും നിലവിലുള്ള മലയാളിയുടെ വീട്ടില്‍ സുപരിചിതമായ പദപ്രയോഗം തന്നെ ഈ സംഭവത്തിനൊരപവാദമാണ്. ‘ഇത്രയും വയസ്സായില്ലേ, ഇനിയെങ്കിലും ഒരിടത്ത് അടങ്ങിയിരുന്നുകൂടേ?’
കടപ്പാട്: shababweekly.net
Add Comment