ആഴ്ചകള്‍ക്ക് മുമ്പാണ് ഷാര്‍ലി എബ്ദൊ എന്ന പേര് ലോകം കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിംകളെന്ന് വിളിക്കപ്പെടുന്ന ചില ബുദ്ധിഹീനരായ, ക്രുദ്ധരായ ചെറുപ്പക്കാര്‍ ഒരു ഡസനോളം ആളുകളെ കൊന്നു. അതോടെ മുസ്‌ലിംകുട്ടികളുടെ അവസ്ഥയ്ക്ക് പൊടുന്നനെ മാറ്റംസംഭവിച്ചു.
ഇസ്‌ലാമിനെ വിമര്‍ശിക്കുകയും മുസ്‌ലിംകളെ നിന്ദിക്കുകയും പ്രവാചകനെ പരിഹസിക്കുകയും ചെയ്യുന്ന ജീവിതസാഹചര്യത്തില്‍ ഇവയെ എങ്ങനെ നേരിടും എന്നത് ചിന്തനീയമാണ്. മാധ്യമങ്ങള്‍ ഇസ്‌ലാമിനെ വികൃതമാക്കി ചിത്രീകരിക്കുന്നത് മുസ്‌ലിംചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ദീനിനെക്കുറിച്ച അവരുടെ എല്ലാ ധാരണകളെയും തകിടംമറിക്കുന്നതാണ്. യഥാര്‍ഥമുസ്‌ലിംകള്‍ ആരെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം വര്‍ധിക്കുന്നു. ഹിജാബ് ധരിച്ചുകൊണ്ടിരുന്ന വനിതകളെ സംബന്ധിച്ചിടത്തോളം അകാരണമായ ഒരു ഭീതി അവരുടെ മനസ്സിന്റെ കോണില്‍ കൂടുകെട്ടിയിട്ടുണ്ടാകും. തങ്ങളുടെ മുസ്‌ലിംപേരുകള്‍ അധികമാരും ചര്‍ച്ചചെയ്യാതിരിക്കാനായി കുട്ടികള്‍ പരമാവധി ഉള്‍വലിഞ്ഞുകളയും. സമാധാനം ഉല്‍ഘോഷിക്കുന്ന ഒരു ധര്‍മത്തിന്റെ ആളുകള്‍ പ്രവാചകനെ ആക്ഷേപിച്ചുവെന്ന് കേട്ടപ്പോഴേക്കും ചിലര്‍ കൊലയാളികളായി അവതരിച്ചത് ലോകമുസ്‌ലിംകളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കി.
മുസ്‌ലിംകളെന്ന നിലക്ക് ഇത്തരമൊരു അവസ്ഥയെ എങ്ങനെ കൈകാര്യംചെയ്യണം എന്നത് പ്രസക്തമാണ്. ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ തന്നെ നമുക്ക് ഇസ്‌ലാമിന്റെ നിയമങ്ങള്‍ മുറുകെപ്പിടിക്കാന്‍ കഴിയണമെങ്കില്‍ അത് അനിവാര്യമാണ്. അതിനായി പ്രവാചകന്‍ നബിതിരുമേനിയെ അടുത്തറിഞ്ഞിരിക്കണം . പൈസ ഉണ്ടാക്കാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നമ്മുടെ പ്രവാചകന്‍ ആരെന്ന് വിശദീകരിച്ചുതരാന്‍ അവസരം നല്‍കേണ്ടതില്ലല്ലോ. തന്നെ ആക്ഷേപിച്ചവരോട് നബി എവ്വിധം പെരുമാറിയെന്നറിഞ്ഞാല്‍ നമുക്ക് പ്രകോപനത്തിന്റെ ഇരകളാകേണ്ടിവരില്ല. പ്രവാചകന്‍ തന്നെ ദ്രോഹിച്ചവരോട് എത്രമാത്രം വിട്ടുവീഴ്ചചെയ്തവനായിരുന്നു എന്ന് അറിയുന്നപക്ഷം എങ്ങനെ പ്രതികരിക്കണമെന്നതില്‍ ആശയക്കുഴപ്പമുണ്ടാകുകയില്ല. പ്രവാചകനെ അധിക്ഷേപിച്ചുവെന്നത് നമ്മെ വേദനിപ്പിച്ചാലും അയാളെ അക്രമത്തിലൂടെ ഉന്‍മൂലനംചെയ്യാം എന്ന അവിവേകം നമ്മെ കീഴ്‌പെടുത്തുകയില്ല.
ഇസ്‌ലാം എന്താണ് യഥാര്‍ഥത്തില്‍ വരച്ചുകാട്ടുന്നതെന്ന് നമ്മുടെ ജീവിതത്തിലൂടെ പ്രകാശിപ്പിക്കാന്‍ നമുക്കാകണം. ഇസ്‌ലാം കടുത്ത വിമര്‍ശങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ശരവ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ഥമുസ്‌ലിം ഇപ്രകാരമായിരിക്കുമെന്ന് അവര്‍ നമ്മിലൂടെ മനസ്സിലാക്കട്ടെ. മുസ്‌ലിമായ നമ്മുടെ ജീവിതത്തിലുടനീളം അത് ദൃശ്യമാകണം. നാം കുട്ടികള്‍ വീടിനുമുറ്റത്ത് ആഹ്ലാദാരവങ്ങളോടെ കളിച്ചുകൊണ്ടിരിക്കുന്നത് അയല്‍ക്കാര്‍ക്ക് ശല്യമാകാറുണ്ടോ? അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി അറിയാതെ ഏതെങ്കിലും വസ്തുക്കള്‍ താഴെവീണാല്‍ തിരികെവെക്കാതെ, സ്ഥലം വൃത്തിയാക്കാതെ,ആരുംകണ്ടില്ലല്ലോ എന്ന് വിചാരിച്ച് സ്ഥലത്തുനിന്ന് തടിതപ്പാറുണ്ടോ? പാര്‍ക്കില്‍ പോയാല്‍ അവിടെയെല്ലാം കവറുകളും പേപ്പറുകളുമിട്ട് വൃത്തികേടാക്കാതെ ശുദ്ധിയായി പരിപാലിക്കാറുണ്ടോ? സ്‌കൂളില്‍ അധ്യാപകരെ ബഹുമാനിക്കാറുണ്ടോ? ഏറ്റവും നല്ല അച്ചടക്കവും കൃത്യനിഷ്ഠയും അര്‍പ്പണമനോഭാവവുമുള്ള വിദ്യാര്‍ഥിയെന്ന വിശേഷണം നേടാനായിട്ടുണ്ടോ?
നാം ചെയ്യുന്നതെന്തും നമ്മുടെ ചുറ്റുമുള്ള ജനങ്ങളെ സ്വാധീനിക്കാറുണ്ട്. ഏറ്റവും നല്ല അയല്‍ക്കാരനായി നമ്മെ അയല്‍ക്കാര്‍ക്ക് അനുഭവപ്പെടണം. അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നമ്മെ പരോപകാരിയും സുഹൃത്തുമായി കാണാനാകണം. അങ്ങനെയെങ്കില്‍ ഷാര്‍ലി എബ്ദൊ പോലുള്ള ദുരന്തവേളകളില്‍ ആളുകള്‍ മാധ്യമങ്ങള്‍ മുസ്‌ലിംകളെ താറടിക്കേണ്ടെന്നും ശരിയായ മുസ്‌ലിം ആരെന്ന് തങ്ങള്‍ക്കറിയാമെന്നും ആര്‍ജവത്തോടെ പറയും. അതിനാല്‍ നബി(സ)തിരുമേനിയെ അനുധാവനംചെയ്ത, കോഷര്‍ ഷോപില്‍ ഫ്രീസറില്‍ ആളുകളെ കയറ്റി അക്രമികളില്‍നിന്ന് സംരക്ഷിച്ച സെയില്‍സ്മാനായ മുസ്‌ലിംസഹോദരനെപ്പോലുള്ള സദ്കര്‍മികളെ നമുക്ക് പിന്തുടരാം.
മുസ് ലിംനാമധാരികളായ അവിവേകികളുടെ പ്രവൃത്തികളെ ഓര്‍ത്ത് മനസ്സുമടുക്കുകയും വിഷാദംകൊള്ളുകയും ചെയ്യുന്നതിനുപകരം നബിയുടെ സന്ദേശം ജീവിതത്തിലൂടെ ആളുകള്‍ക്ക് പകര്‍ന്നുനല്‍കാം. മനുഷ്യരാശിക്ക് മാതൃകാപുരുഷന്‍മാരായി വിശേഷിപ്പിക്കാവുന്ന പുതിയതലമുറയായി സ്വയം പരിവര്‍ത്തിക്കാം.
Add Comment