പരസ്പരബന്ധമുള്ള രണ്ട് സാങ്കേതിക സംജ്ഞകളാണ് ഇസ്ലാമിക ശരീഅത്തും ഇസ്ലാമിക ഫിഖ്ഹും. എന്നാല്‍ അവ പൂരകങ്ങളോ പര്യായപദങ്ങളോ അല്ല. ആശയവ്യാപ്തിയും പദവിയും വിപുലമായ സാങ്കേതിക സംജ്ഞയാണ് ഇസ്ലാമിക ശരീഅത്ത്. ഇസ്ലാമിക ജ്ഞാനമണ്ഡലങ്ങളുടെ സാകല്യമാണ് ഇസ്ലാമിക ശരീഅത്ത്. ഫിഖ്ഹിനെ അപേക്ഷിച്ച് സാമാന്യപദമാണ് ഇസ്ലാമിക ശരീഅത്ത്. എന്നാല്‍ ഫിഖ്ഹ് ഇങ്ങനെയൊന്നുമല്ല. ശരീഅത്തിനെ അപേക്ഷിച്ച് വ്യാപ്തി കുറഞ്ഞപദം. പ്രത്യേകാര്‍ഥത്തിലാണ് ഇസ്ലാമിക ഫിഖ്ഹിന്റെ പ്രയോഗം.
ശരീഅത്ത് ദൈവപ്രേരിതവും ദൈവപ്രോക്തവുമാണ്. ദിവ്യവെളിപാടാണ് ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് ദിവ്യവെളിപാട്. അല്ലാഹുവിനാല്‍ സംരക്ഷിതമാണ് ഇസ്ലാമിക ശരീഅത്ത്. ഭേദഗതിയും മാറ്റത്തിരുത്തലുകളും ഇസ്ലാമിക ശരീഅത്തിനന്യമാണ്. ഇമാം ശാത്വിബിയെ ഉദ്ധരിക്കാം: ‘അനുഗ്രഹീതമായ ശരീഅത്ത് പാപസുരക്ഷിതമാണ്. അതിന്റെ ഉടമസ്ഥന്‍ പാപസുരക്ഷിതനായതുപോലെ’ (‘അല്‍ മുവാഫഖാത്’ ഇമാം ശാത്വിബി, ഭാ:2 പേ: 58 ഉദ്ധരണം:)
ഇസ്ലാമിക ശരീഅത്ത് അന്ത്യനാള്‍വരെ നിലനില്‍ക്കും. ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യന്റെയും ജീവിതമാര്‍ഗദര്‍ശിയാണ് അത്. ദൈവിക ചൈതന്യത്താല്‍ കവചിതവും. ഭൂമിയില്‍ ദൈവികനീതിയുടെ താല്‍പര്യവുമാണത്. മനുഷ്യന്റെ ജീവിതം തികവുറ്റതും പൂര്‍ണതയുള്ളതുമായിത്തീരണമെങ്കില്‍ ഇസ്ലാമിക ശരീഅത്തിനെ അവലംബിച്ചേ പറ്റൂ. അല്ലെങ്കില്‍ ജീവിതത്തിന്റെ ഫലം മറ്റൊന്നാവും. അസംബന്ധ നാടകങ്ങള്‍ പോലെയായിരിക്കും ജീവിതം. ദുരന്ത നാടകങ്ങള്‍ പോലെയായിരിക്കും പര്യവസാനം. ശുഭാന്ത്യമില്ലാത്തതായിരിക്കും ജീവിതം. ദൈവികനീതിയുടെ താല്‍പര്യമാണ് ഇസ്ലാമിക ശരീഅത്ത് എന്ന് പറയാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്. ഇമാം ഇബ്നുല്‍ ഖയ്യിമിനെ ഉദ്ധരിക്കട്ടെ: ‘വിധികളാണ് ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനം. അതേ വിധം തന്നെ ദാസന്മാരുടെ ക്ഷേമവും; ജീവിതത്തിലും മടക്കത്തിലുമുള്ള ക്ഷേമം. ഇസ്ലാമിക ശരീഅത്ത് നീതിയാണ്. അത് അനുഗ്രഹമാണ്. അത് ക്ഷേമൈശ്വര്യമാണ്. (ഇഅ്ലാമുല്‍ മുവഖിഈന്‍: 3ന14)
ശരീഅത്തിന്റെ ഭാഗമാണ് ഇസ്ലാമിക ഫിഖ്ഹ്. അഥവാ ഇസ്ലാമിക ശരീഅത്ത് അതിന്റെ ചട്ടക്കൂട്ടില്‍ ഉള്ളടക്കം ചെയ്ത ഒരു സംവിധാനം. മനുഷ്യചിന്തയില്‍ നിന്നാണ് ഇസ്ലാമിക ഫിഖ്ഹിന്റെ പിറവി. മനുഷ്യ മസ്തിഷ്കത്തില്‍ നിന്നാണ് അതിന്റെ ആവിഷ്കാരം. മനുഷ്യന്റെ ബൌദ്ധികവ്യായാമവുമായാണ് അതിന്റെ ഗാഢബന്ധം. മനുഷ്യന്റെ ബൌദ്ധികവ്യായാമത്തിന്റെ ഫിഖ്ഹീഫലം തെറ്റാവാം ശരിയാവാം. ഒരു കാലഘട്ടത്തില്‍ ശരിയായത് മറ്റൊരു കാലഘട്ടത്തില്‍ തെറ്റായും വിലയിരുത്തപ്പെടാം. കാലഘട്ടവുമായാണ് അതിന്റെ വേറൊരു ബന്ധം. പരന്ന സുരക്ഷിതത്വം അവകാശപ്പെടാന്‍ ഫിഖ്ഹിന് സാധ്യമേ അല്ല.
ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടമുള്ള ഒരു തട്ടകമാണ് ഇസ്ലാമിക ഫിഖ്ഹ്. കാരണം മനുഷ്യമസ്തിഷ്കത്തില്‍ നിന്നാണ് അതിന്റെ ഉദയം. ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇടമുള്ള ഒരു മേഖല കൂടിയാണ് ഇസ്ലാമിക ഫിഖ്ഹ്. ഇസ്ലാമിക ചരിത്രം അതിനു സാക്ഷിയാണ്. പ്രവാചക കാലഘട്ടം മുതല്‍ ആധുനികകാലഘട്ടംവരെയുള്ള ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ അത് സുതരാം വ്യക്തമാവും. ഓരോ കാലഘട്ടത്തിലുമുള്ള ഓരോ ഇസ്ലാമിക വായനയും മറ്റൊരു ഘട്ടത്തില്‍, സാഹചര്യത്തില്‍ തെറ്റാകാം. നിരൂപണാത്മകമായിരിക്കണം അതിനോടുള്ള സമീപനം.
സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ഇസ്ലാമിക ശരീഅത്തിനെ ഫലപ്രദമായും പ്രായോഗികമായും ആവിഷ്കരിക്കാനുള്ള വാതായനമാണ് ഇസ്ലാമിക ഫിഖ്ഹ്. അത് ശരീഅത്തിലേക്ക് സമൂഹത്തെ ഘട്ടം ഘട്ടമായി നയിക്കുന്നു. പൂര്‍ണതയുടെ പര്യായമാണ് ഇസ്ലാമിക ശരീഅത്ത്. ഫിഖ്ഹാകട്ടെ ആ പൂര്‍ണതയിലേക്കുള്ള മാര്‍ഗവും. ഇസ്ലാമിലെ വിധികള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാവും. ഇസ്ലാമില്‍ നിരവധി വിധികളുണ്ട്. ഉദാഹരണമായി പലിശയുടെ വിധി മാത്രം പരിശോധിക്കാം. ഇസ്ലാമില്‍ പലിശയുടെ വിധി നിഷിദ്ധം (ഹറാം) എന്നതാണ്. ഇതാണ് പലിശയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക ശരീഅത്ത്. ഈ ഇസ്ലാമിക ശരീഅത്തിലേക്കുള്ള ഫിഖ്ഹീ മാര്‍ഗങ്ങള്‍ വിഭിന്നവും വ്യത്യസ്തവുമായിരുന്നു. നാല് ഘട്ടങ്ങളിലൂടെയാണ് പലിശ നിഷിദ്ധമാണ് എന്ന ഒരു ആത്യന്തിക വിധിയിലേക്ക് ഇസ്ലാം എത്തുന്നത്. ഒന്നാമതായി വിഷയവുമായി ബന്ധപ്പെട്ട് മക്കയില്‍ ഖുര്‍ആനിക അവതരണം, പലിശയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുള്ള ഖുര്‍ആന്റെ നിഷേധാത്മക സമീപനമായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്നു വളരുന്നതിനു വേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍’ (വി.ഖു. അര്‍റൂം:39). രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ മദീനയിലാണവതരിച്ചത്. ജൂതരുമായി ബന്ധപ്പെടുത്തിയാണ് രണ്ടാം ഘട്ടത്തിലെ ഖുര്‍ആനിക സൂക്തത്തിന്റെ സംസാരം. അഥവാ പലിശയെ ഭുജിച്ചതിലൂടെ ജൂതര്‍ക്ക് വന്നുചേര്‍ന്ന ദൈവികശിക്ഷ: ‘ജൂതമതക്കാരില്‍ നിന്നുണ്ടായ അതിക്രമം കാരണം അവര്‍ക്കനുവദിച്ചിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചതിനാലും, അവര്‍ക്ക് നിരോധിക്കപ്പെട്ട പലിശ അനുഭവിച്ചതിനാലും, അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് ഭുജിച്ചതിനാലുമാണിത്. അവരിലെ സത്യനിഷേധികള്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്’. (അന്നിസാഅ്: 160, 161). മൂന്നാം ഘട്ടത്തില്‍ പലിശയുടെ ഭാഗികമായ നിരോധംവന്നു. ‘വിശ്വസിച്ചവരേ, നിങ്ങള്‍ കൊള്ളപ്പലിശ തിന്നാതിരിക്കുക. അല്ലാഹുവോട് ഭയഭക്തിയുള്ളവരാകുക. നിങ്ങള്‍ വിജയിച്ചേക്കാം’ (ആലുഇംറാന്‍: 130). നാലാം ഘട്ടത്തില്‍ പലിശയെ ഖണ്ഡിതമായി ഖുര്‍ആന്‍ നിരോധിച്ചു. അത് നിഷിദ്ധമാണെന്ന് വിധിച്ചു. ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു’ (അല്‍ ബഖറ: 275). ‘വിശ്വസിച്ചവരേ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്. നിങ്ങള്‍ ആരെയും ദ്രോഹിക്കരുത്. ആരുടെയും ദ്രോഹത്തിനിരയാവുകയുമരുത്’. (അല്‍ ബഖറ: 278, 279)
പലിശ ഇടപാടില്‍ ഇസ്ലാമിക ശരീഅത്തിന്റെ ആത്യന്തിക വിധിയിലേക്ക് എത്താന്‍ ഇതുപോലുള്ള ഫിഖ്ഹീഘട്ടങ്ങള്‍ യുക്തിപൂര്‍വ്വം നമുക്കും അവലംബിക്കാവുന്നതാണ്.
ഇസ്ലാമില്‍ ഒരു ഫിഖ്ഹീ തത്വംതന്നെയുണ്ട്: ‘സ്ഥല-കാല ഭേദമനുസരിച്ച് ഇസ്ലാമിക വിധികളിലും മാറ്റമുണ്ടാകും’ ഇതാണ് പ്രസ്തുത ഫിഖ്ഹീ തത്വം. സ്ഥല-കാല ഭേദമനുസരിച്ച് ഇസ്ലാമിക വിധികളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഇസ്ലാം മൂടുറച്ചുപോയ പിന്തിരിപ്പന്‍ സിദ്ധാന്തമായി പരിണമിച്ചേക്കും. ജനക്ഷേമം സ്തംഭിച്ചുപോകും.
ശഹീദ് സയ്യിദ് ഖുത്വുബ് ഈ വിഷയകമായി എഴുതിയ ഏതാനും വരികള്‍ ഉദ്ധരിക്കുന്നത് പ്രസക്തമായിരിക്കും: ‘ജീവിതത്തിന്റെ അവശ്യ ലക്ഷ്യങ്ങള്‍ക്കും എന്നത്തേയും മനുഷ്യരാശിക്കുമായി, സുസ്ഥിരമായി ചില പൊതു അടിസ്ഥാനങ്ങള്‍ ശരീഅത്തില്‍ നിശ്ചയിച്ചിട്ടുണ്ട്. ആ സുസ്ഥിരമായ ശരീഅത്തിന്റെ വിശാലമായ വരുതിക്കുള്ളില്‍ നിന്നുകൊണ്ട് ഫിഖ്ഹിന്, പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന ആവശ്യങ്ങളെയും പരിതസ്ഥിതികളെയും നേരിടാവുന്നതേയുള്ളൂ. അപ്പോള്‍ ഇസ്ലാമിക ശരീഅത്ത് സുസ്ഥിരമാണ്; മാറ്റത്തിന് വിധേയമല്ല. കാരണം, എല്ലാ പരിവര്‍ത്തനങ്ങളെയും ചൂഴ്ന്നുനില്‍ക്കുമാറ് സമഗ്രവും വിശാലവുമായൊരു വൃത്തം അത് വരച്ചുവെക്കുന്നു. എന്നാല്‍, ഇസ്ലാമിക ഫിഖ്ഹ് മാറ്റത്തിനു വിധേയമാണ്. കാരണം, ജീവിതത്തിന്റെ നിരന്തര പരിവര്‍ത്തനം, ബന്ധങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, നവംനവങ്ങളായ ആവശ്യങ്ങള്‍ എന്നിവയില്‍ നിന്നുടലെടുക്കുന്ന പുതിയ പ്രശ്നങ്ങളിലും പരിതസ്ഥിതികളിലും ആ മൌലിക തത്വങ്ങളെ നിയമപരമായി പ്രയോഗവല്‍കരിക്കുന്നതിനോടാണ് ഫിഖ്ഹ് ബന്ധപ്പെട്ടിരിക്കുന്നത്. ശരീഅത്ത് ഈശ്വരപ്രോക്തമാണ്. ഖുര്‍ആനും സുന്നത്തുമാണതിന്റെ പ്രമാണങ്ങള്‍. ഫിഖ്ഹാകട്ടെ മനുഷ്യനിര്‍മിതമത്രേ. ശരീഅത്തിനെക്കുറിച്ചുള്ള തങ്ങളുടേതായ വിചിന്തനത്തില്‍ നിന്നും വ്യാഖ്യാനത്തില്‍ നിന്നുമാണവര്‍ അതിനു നിയമരൂപം നല്‍കിയത്. അവ നടപ്പിലാക്കിയതാകട്ടെ, അവരുടേതായ പരിതസ്ഥിതികളില്‍ തങ്ങളുടേതായ ആവശ്യങ്ങളുടെ പൂരകമായും. അവരുടെ കാലഘട്ടത്തിലെ തലമുറയുടെ കാര്യഗ്രഹണസ്വഭാവം, അതിന്റെ ലക്ഷ്യ നിര്‍ണയം, വ്യക്തിക്കും സമൂഹത്തിനും അതില്‍ ജനിക്കുന്ന താല്‍പര്യങ്ങള്‍ എന്നിവയെല്ലാം ആ നിയമത്തെ സ്വാധീനിക്കുക സ്വാഭാവികമാണ്. അതൊരിക്കലും ശരീഅത്തിന്റെ പവിത്രഭാഗമായിത്തീരുക സാധ്യമല്ല. ഖുര്‍ആനും സുന്നത്തും മാത്രമാണ് ശരീഅത്തിന്റെ പ്രമാണങ്ങള്‍. അവ രണ്ടുമല്ലാത്തത് ഇസ്ലാമികമായ വെറും കര്‍മവ്യവസ്ഥകള്‍ മാത്രമാണ്. പ്രാമാണ്യത (ഹുജ്ജിയാത്ത്)യുടെ പദവിയെ സംബന്ധിച്ചിടത്തോളം അവ പരസ്പര ഭിന്നങ്ങളാകാം’ (സയ്യിദ് ഖുത്വുബ്, നഹ്വ മുജ്തമഇന്‍ ഇസ്ലാമിയ്യിന്‍’, ഉദ്ധരണം, ശരീഅത്തും ഇന്ത്യന്‍ മുസ്ലിംകളും, വി.എ. കബീര്‍ പേജ്.: 33,34).
Add Comment