അബൂഹാമിദ് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നി അഹ്മദില്‍ ഗസാലി എന്ന് പൂര്‍ണനാമം. ഖുറാസാന്‍ പ്രവിശ്യയുടെ ഭാഗമായ ത്വൂസ് പട്ടണത്തില്‍ ജനനം. ഇമാം രിദാ, ഹാറൂന്‍ റശീദ് എന്നിവരുടെ ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം ഹി: 617 ല്‍ മംഗോളിയര്‍ തകര്‍ത്തു. തദ്സ്ഥാനത്ത് ഹിജ്‌റ 8-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പട്ടണമായ മശ്ഹദ് (ഇന്ന് ഇറാനില്‍ സ്ഥിതിചെയ്യുന്നു). ഹിജ്‌റ 4-ാം ശതകത്തിന്റെ ഉത്തരാര്‍ധവും അഞ്ചാം ശതകത്തിന്റെ പൂര്‍വാര്‍ധവും ഇസ്‌ലാമിക തത്ത്വചിന്താപ്രസ്ഥാനങ്ങളുടെ സുവര്‍ണകാലമായിരുന്നു. ഫാറാബിയും ഇബ്‌നുസീനയും നേതൃത്വം നല്‍കിയ മശ്ശാഈ തത്ത്വശാസ്ത്ര പ്രസ്ഥാനത്തിന്റെ നിരീക്ഷണങ്ങള്‍ക്കായിരുന്നു അന്ന് മേല്‍ക്കോയ്മ. കൂടാതെ, സ്വൂഫീ മാര്‍ഗങ്ങള്‍ കരുത്താര്‍ജിച്ചതോടെ സമൂഹത്തിന്റെ ആത്മീയ ഉള്ളടക്കം ആഴവും പരപ്പും കൈവരിച്ച നാളുകള്‍ കൂടിയായിരുന്നു അത്. മൗലിക പ്രമാണങ്ങളുടെ ബാഹ്യാര്‍ഥങ്ങളും അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും ചട്ടക്കൂടും മുറുകെ പിടിച്ചിരുന്ന പണ്ഡിതരുടെയും കര്‍മശാസ്ത്രപടുക്കളുടെയും കരുത്ത് ചോര്‍ന്നുപോകാന്‍ മേല്‍ പ്രവണതകള്‍ വഴിവെച്ചു. രാഷ്ട്രീയ, സൈനിക, സദാചാര രംഗങ്ങളിലെ കുത്തഴിച്ചില്‍ , പില്‍ക്കാല അബ്ബാസികള്‍ വാണ ഇക്കാലത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങനെ, ബാഗ്ദാദിലെ ഭരണകൂടത്തില്‍ യഥാര്‍ഥ സ്വാധീനശക്തികളായി സല്‍ജൂഖികള്‍ മാറി. ഇസ്മാഈലികളും ബാത്വിനികളും (ഗോപ്യാര്‍ഥവാദികള്‍) ഖിലാഫത്തിന് ഭീഷണിയായി. അന്ത്യോഖ്യ, ഖു്ദസ് എന്നീ നഗരങ്ങള്‍ കുരിശുപോരാളികളുടെ നിയന്ത്രണത്തിലായി. സുന്നീധാരയെ പ്രതിരോധിക്കാന്‍ സല്‍ജൂഖുകള്‍ നിസാമിയ്യഃ മദ്‌റസകള്‍ സ്ഥാപിച്ചുകൊണ്ടിരുന്ന ആ വേളയില്‍ , ശീഈ പക്ഷത്തിന് കരുത്തുപകരാന്‍ അസ്ഹര്‍ സര്‍വകലാശാല കേന്ദ്രമാക്കി ഈജിപ്തില്‍ ഫാത്വിമികളും കഠിനാധ്വാനം ചെയ്തു. അങ്ങനെ, മുസ്‌ലിംനാടുകളില്‍ മദ്ഹബീ സംഘട്ടനങ്ങളുടെ മൂര്‍ച്ച പൂര്‍വാധികം ശക്തിപ്പെട്ടു.
ഇത്രയും പ്രശ്‌നകലുക്ഷിതമായ സാഹചര്യത്തിലാണ് അബൂഹാമിദില്‍ ഗസാലി പിറന്നതും വളര്‍ന്നതും. ചെറുപ്പംതൊട്ടേ വിജ്ഞാന ദാഹിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും സഹോദരന്‍ അഹ്മദിനെയും ഇസ്‌ലാമികമായി വളര്‍ത്താന്‍ തീരുമാനിച്ച പിതാവിന്റെ വസ്വിയ്യത്ത് പ്രകാരം ഇരുവരും നിസാമിയ്യ മദ്‌റസയിലെത്തി. അങ്ങനെ ത്വൂസ് , ജുര്‍ജാന്‍ എന്നിവിടങ്ങളില്‍ വിദ്യയഭ്യസിച്ച ഗസാലി നൈസാബൂറിലെത്തി. ഇരുഹറമുകളുടെയും ഇമാമായ ജുവൈനിയെ കണ്ട് ശിഷ്യത്വം സ്വീകരിച്ചു. ജുവൈനിയുടെ മരണാനന്തരം നിസാമുല്‍ മുല്‍കിന്റെ നിര്‍ദേശാനുസാരം ബാഗ്ദാദിലെ നിസാമിയ്യഃ മദ്‌റസയില്‍ അധ്യാപനം ഏറ്റെടുത്തു. കഴിവുറ്റ ആ അധ്യാപകനെപ്പറ്റി കേട്ടറിഞ്ഞ് , സമീപപ്രദേശങ്ങളില്‍നിന്നും വിദൂരദിക്കുകളില്‍നിന്നുമെല്ലാം വിജ്ഞാനകുതുകികള്‍ ശിഷ്യത്വം തേടിയെത്തി. ഇക്കാലത്താണ്, വിശ്രുതമായ പല കൃതികളും അദ്ദേഹം രചിച്ചത്. ഇല്‍മുല്‍ കലാം, ഫല്‍സഫഃ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ പഠിക്കാനൊരുമ്പെട്ടതും അതുവഴി, മഖാസ്വിദുല്‍ ഫലാസിഫഃ, തഹാഫുതുല്‍ ഫലാസിഫഃ, ഫദാഇഹുല്‍ ബാത്വിനിയ്യഃ തുടങ്ങിയ കൃതികള്‍ വെളിച്ചം കണ്ടതും ഇക്കാലത്തുതന്നെ. വിശ്വാസപരമായ യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണമായി സ്പഷ്ടീകരിക്കാന്‍ ഫല്‍സഫക്കോ ഇല്‍മുല്‍ കലാമിനോ സാധ്യമല്ലെന്ന ബോധ്യം വന്നതോടെ തസ്വവ്വുഫ് സംബന്ധമായ ഗ്രന്ഥങ്ങളുടെ പാരായണത്തില്‍ അദ്ദേഹം മുഴുകി. എന്നാല്‍ കേവലമായ വിജ്ഞാനം കൊണ്ട് പ്രാപിക്കാനാവാത്ത ഉന്നതമായ നിലയിലാണ് സ്വൂഫികളുടെ സ്ഥാനമെന്ന ബോധ്യം മനസ്സിലിടമുറപ്പിച്ചതോടെ അധ്യാപനം ഉപേക്ഷിക്കാനും സ്വൂഫീമാര്‍ഗം സ്വീകരിക്കാനും അദ്ദേഹം തീരുമാനിച്ചു. എങ്കിലും സന്ദേഹഭരിതമായ ഒരു ഹൃദയത്തോടെയാണ് ഹി: 488ല്‍ ബാഗ്ദാദ് വിട്ട അദ്ദേഹം ശാമിലെത്തിയതെന്ന് പറയപ്പെടുന്നു. ജനക്കൂട്ടങ്ങളില്‍നിന്ന് പൂര്‍ണമായും അകന്ന ആ ഏകാന്തവാസം രണ്ടുവര്‍ഷത്തോളം നീണ്ടു. പിന്നീട് ബൈത്തുല്‍ മഖ്ദിസിലേക്കും അവിടെനിന്ന് ഹജ്ജിനായി മക്കയിലേക്കും തിരിച്ചു. അനന്തരം , ജന്‍മനാടിനോടും ബന്ധുമിത്രാദികളോടുമുള്ള സ്‌നേഹ വായ്പ് ഉള്ളിലുണര്‍ന്നതോടെ ത്വൂസിലേക്ക് മടങ്ങാന്‍ തീരുമാനമായി. വഴിമധ്യേ ബഗ്ദാദില്‍വെച്ച് അബൂബക്ര്‍ ഇബ്‌നുല്‍ അറബിയുമായി സന്ധിച്ചു. ത്വൂസിലായിരിക്കെ കുടുംബപ്രാരാബ്ധങ്ങളും അധ്യാപനവുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകളും കാരണം ഏകാന്തജീവിതം അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമായി അവശേഷിച്ചു. വിശ്വപ്രസിദ്ധമായ ‘ഇഹ്‌യാ ഉലൂമി ദ്ദീനി’ന്റെ രചന അദ്ദേഹം നിര്‍വഹിച്ചത് ഇക്കാലത്താണ്. പിന്നീട് , അല്‍പകാലം നൈസാബൂറിലെ നിസാമിയ്യഃ മദ്‌റസയില്‍ അധ്യാപനത്തിലേര്‍പ്പെട്ട അദ്ദേഹം ത്വൂസിലേക്ക് തന്നെ മടങ്ങി. അവിടെ കര്‍മശാസ്ത്ര പഠനത്തിനായി ഒരു മദ്‌റസയും സ്വൂഫികള്‍ക്കായി ഒരു ഖാന്‍ഗാഹും സ്ഥാപിച്ചു. അമ്പത്തിനാലാം വയസ്സില്‍ കാലഗതി പ്രാപിച്ചു.
Add Comment