Dr. Alwaye Column

ആളുകളിലേക്കെത്തുന്ന ശുഭാപ്തിവിശ്വാസക്കാരന്‍

ഇസ്‌ലാമിക പബോധന പ്രക്രിയയുടെ സാങ്കേതികവശം പരിഗണിക്കുമ്പോള്‍ പ്രബോധിതര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇസ് ലാമികസന്ദേശം ഏറ്റുവാങ്ങുന്ന വ്യക്തികളാണ്. സ്ത്രീയോ പുരുഷനോ ആരുമാകാം. ഏത് വംശത്തിലും വര്‍ഗത്തിലും വര്‍ണത്തിലും രാജ്യത്തിലും പെട്ടവരാകാം.. കാരണം, മുഴുവന്‍ മനുഷ്യരിലേക്കുമുള്ള എക്കാലത്തേയും ദൈവികസന്ദേശമാണ് ഇസ്‌ലാം. ഈയൊരര്‍ഥത്തിലാണ് മാനവരാശിയെ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നതുതന്നെ.’മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ ആരാധിക്കുക.’ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സാമാന്യവത്കരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ‘നീ പറയുക, മനുഷ്യരേ, നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായ ദൈവദൂതനാണ് ഞാന്‍.’
‘മുഴുവന്‍ മനുഷ്യരിലേക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായാണ് നാം നിന്നെ അയച്ചിരിക്കുന്നത്’.

സമസ്ത ജനങ്ങളിലേക്കുമുള്ളതാണ് ഇസ്‌ലാമികസന്ദേശം എന്ന് ബോധ്യമായിക്കഴിഞ്ഞാല്‍ പിന്നെ ഓരോ പ്രബോധകന്റെയും ബാധ്യതയാണ് പ്രസ്തുത സന്ദേശം എല്ലാ മനുഷ്യരിലേക്കും എത്തിക്കുകയെന്നത്. പ്രബോധിതരാകേണ്ടവര്‍ ആരൊക്കെയാണോ അവരുടെയടുത്തേക്ക് പോവുകയും അവര്‍ക്കാ സന്ദേശം കൈമാറുകയുംവേണം. ജനങ്ങള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് കാത്തിരിക്കേണ്ട ആവശ്യം പ്രബോധകനില്ല. എക്കാലത്തും ഏതുദേശത്തും പ്രവാചകന്‍മാര്‍ വിശിഷ്യാ, മുഹമ്മദ് നബി ഇതേ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദൈവദൂതന്‍ ഖുറൈശികളുടെ സദസ്സുകള്‍ സന്ദര്‍ശിക്കുമായിരുന്നു. ഗോത്രക്കാരെ അവരുടെ വീടുകളില്‍ ചെന്ന് കാണുമായിരുന്നു. ഉല്‍സവകാലങ്ങളില്‍ മക്കയില്‍ എത്തിയിരുന്ന സന്ദര്‍ശകരെ തിരുമേനി നേരില്‍കണ്ട് സത്യസരണിയിലേക്ക് ക്ഷണിക്കുമായിരുന്നു.

‘നേരും പെരുമയുമുള്ള ആരെങ്കിലും അറബികളുടെ കൂട്ടത്തില്‍ നിന്ന് മക്കയിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞാല്‍ ദൈവദൂതന്‍ ഉടനെ അദ്ദേഹത്തെ പോയി സന്ദര്‍ശിക്കുകയും തന്റെ കൈവശമുള്ള സത്യസന്ദേശത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുമായിരുന്നു.'(ഇബ്‌നു ഹിശാമിന്റെ സീറത്തുന്നബി വാള്യം രണ്ട് പേജ് 32).

മക്കക്കാരില്‍ മാത്രമായി പ്രവാചകതിരുമേനി സത്യപ്രബോധനം ഒതുക്കിയിരുന്നില്ല. മക്കക്കു പുറത്ത് ത്വാഇഫിലും പോയി അന്നാട്ടുകാരെയും ദൈവദൂതന്‍ സത്യസരണിയിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരാള്‍ പോലും നിന്ദിക്കപ്പെടാതിരിക്കാനും നിസ്സാരവത്കരിക്കപ്പെടാതിരിക്കാനും പ്രബോധകന്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടക്കത്തില്‍ വേണ്ടത്ര വിലമതിക്കാത്ത ഒരു കാര്യമായിരിക്കും പില്‍ക്കാലത്ത് സത്യപ്രബോധനത്തിന്റെയും ഇസ്‌ലാമികസേവനത്തിന്റെയും മേഖലയില്‍ അമൂല്യമായ ഒന്നായി പരിണമിക്കുക എന്നോര്‍ക്കണം. ഓരോരുത്തരെയും ദൈവദൂതന്‍ പ്രാധാന്യപൂര്‍വം സത്യസരണിയിലേക്ക് ക്ഷണിച്ചിരുന്നു. മദീനയില്‍നിന്ന് ഹജ്ജ് കാലത്ത് മക്കയിലെത്തിയിരുന്ന അറബ്‌ഗോത്രക്കാരെ തിരുമേനി സത്യസരണിയിലേക്ക് ആനയിച്ചിരുന്നു. പ്രവാചകത്വത്തിന്റെ പത്താംവര്‍ഷംവരെയും ഇതുതുടര്‍ന്നെങ്കിലും ഒരാളും പ്രതികരിച്ചില്ല.

അങ്ങനെയിരിക്കെ മിനായിലെ ‘അഖബ’യില്‍ വെച്ച് ഖസ്‌റജ് ഗോത്രത്തില്‍പെട്ട ആറുപേരെ തലമുണ്ഡനം ചെയ്ത അവസ്ഥയില്‍ ദൈവദൂതന്‍ കാണാനിടയായി. അവരോടൊപ്പമിരുന്ന് തിരുമേനി ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കുകയും സത്യസന്ദേശം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.അവരെല്ലാവരും വിശ്വാസികളായി മാറുകയും നാട്ടിലേക്ക് തിരിച്ചുചെന്ന് അന്ത്യപ്രവാചകനെക്കുറിച്ചുള്ള വൃത്താന്തം ജനങ്ങളെ അറിയിക്കുകയും അവരെയെല്ലാം ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍ അനുസ്മരിക്കപ്പെടാത്ത ഒരുവീട് പോലും അവശേഷിക്കാത്തവിധം മദീനയില്‍ ഇസ്‌ലാം പ്രചരിച്ചു.
മക്കക്കടുത്തുള്ള മിനായിലെ വിദൂരമായ ഒരു സ്ഥലത്ത് ശിരസ്സ് മുണ്ഡനം ചെയ്തുകൊണ്ടിരുന്നവരായിട്ടുപോലും ദൈവദൂതന്‍ പ്രസ്തുത ആറുപേരെ പ്രത്യേകം പരിഗണിച്ചു എന്ന കാര്യം നാമോര്‍ക്കണം. മക്കക്കുചുറ്റുമുള്ള പ്രബല അറബി ഗോത്രങ്ങളില്‍ ഒരാള്‍പോലും തന്നോട് അനുകൂലമായി പ്രതികരിക്കാതിരിക്കെ ഈ ആറുപേര്‍ എന്ത് പ്രതികരിക്കാനാണ് എന്ന ചിന്തപോലും തിരുമേനിക്കുണ്ടായില്ല. ദൈവദൂതന്‍ അനുവര്‍ത്തിച്ച യുക്തിഭദ്രമായ ഈ രീതിശാസ്ത്രത്തിന് വലിയ സദ്ഫലങ്ങളാണുണ്ടായത്. പ്രസ്തുത ആറുപേര്‍ മദീനയിലെ ഇസ്‌ലാമികപ്രബോധനത്തിന്റെ ആദ്യവിത്തുകളാവുകയായിരുന്നു. മക്കക്കുപുറത്ത് ഇസ്‌ലാമിന്റെ പുതിയ താരോദയത്തിന്റെ പ്രാരംഭമായിരുന്നു അത്. ഇസ്‌ലാമിന്റെയും മുസ്‌ലിങ്ങളുടെയും ഭാവിചരിത്രത്തിന്റെ ശോഭനവും ശുഭകരവുമായ തുടക്കമായിരുന്നു അത്.

സത്യപ്രബോധനത്തിന്റെ മുഹമ്മദീയ രീതിശാസ്ത്രമെന്നത് മുന്‍വിധികളില്ലാതെ പ്രബോധിതന്റെയടുത്തേക്ക് ചെല്ലുക എന്നതാണ്. ജനങ്ങള്‍ തന്റെയടുത്തേക്ക് വരുന്നുണ്ടോ ഇല്ലേ എന്നത് പരിഗണിക്കേണ്ടതില്ല. സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങള്‍ നിര്‍ബന്ധമായും നാം മനസ്സിലാക്കേണ്ടതുണ്ട്.

  1. പ്രബോധനത്തോട് പ്രതികരിക്കുക എന്നതിനേക്കാള്‍ പ്രാമുഖ്യമുള്ള ദൗത്യം പ്രബോധനം എത്തിക്കുക എന്നതാണ്. സത്യപ്രബോധനം എത്തിപ്പെടാതിരിക്കെ പിന്നെയെങ്ങനെയാണ് അതിനോട് പ്രതികരിക്കാനാവുക? ദൈവദൂതന്‍മാര്‍ സത്യസന്ദേശപ്രചാരണത്തിനായി വിവിധപ്രദേശങ്ങളിലേക്ക് കടന്നുചെല്ലുമായിരുന്നു. അവരുടെ ഉദാത്ത മാതൃകയാണ് നാം പിന്തുടരേണ്ടത്.
  2. പ്രബോധനം എത്തിച്ചേരാതിരിക്കുകയും ഹൃദയങ്ങളില്‍ സത്യവിശ്വാസം കടന്നുവരാതിരിക്കുകയും ചെയ്തവര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോയവരാണ്. അത്തരക്കാരെ നല്ല വഴിയിലേക്ക് ക്ഷണിക്കേണ്ടതും ദുര്‍മാര്‍ഗത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടതും പ്രബോധകന്‍മാരുടെ ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. അവരെ ബാധിച്ചിരിക്കുന്ന രോഗമെന്താണെന്ന് ബോധ്യപ്പെടുത്തുകയും അവര്‍ക്കാവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുകയും വേണം. ഈയൊരാവശ്യത്തിലേക്ക് സത്യപ്രബോധകന്‍ ജനങ്ങളെ അവരുടെ പ്രദേശങ്ങളിലും സദസ്സുകളിലുമെത്തി നേരില്‍ കാണേണ്ടതുണ്ട്.
  3. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെയും ദൈവദൂതന്‍മാരുടെയും അനന്തരാവകാശികളാണ്. ജനങ്ങളെ അജ്ഞതയിലും അപഭ്രംശത്തിലും ഉപേക്ഷിച്ചുപോകാന്‍ അവര്‍ക്കാവില്ല. സമൂഹമൊന്നാകെ അവരുടെയടുത്തേക്ക് വരുന്നതുംകാത്ത് നോക്കിയിരിക്കാനും അവര്‍ക്ക് കഴിയില്ല. വിജ്ഞാനത്തിനും സത്യപ്രബോധനത്തിനുമായി ജനങ്ങളിലേക്ക് കഴിയുന്നത്ര വേഗത്തില്‍ അവരെത്തുകയാണ് വേണ്ടത്. വിജ്ഞാനത്തിന്റെ ധര്‍മം തന്നെ അത് ആവശ്യക്കാര്‍ക്കെത്തുക എന്നതാണ്. സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും നാട്ടിലുമുള്ള ആളുകള്‍ക്ക് തന്റെ കൈവശമുള്ള വിജ്ഞാനമെത്തിച്ചുകൊടുക്കുക, വഴിതെറ്റിപ്പോയവരെ നേര്‍വഴിയിലാക്കുക എന്നത് ഓരോ പ്രബോധകന്റെയും ബാധ്യതയാണ്. യുക്തിദീക്ഷയോടും സദുദ്ദേശ്യത്തോടും കൂടി ആളുകള്‍ ഒത്തുകൂടുന്ന പള്ളികളിലും സമ്മേളനങ്ങളിലും കഌബ്ബുകളിലും ഇത് നിര്‍വഹിക്കാവുന്നതാണ്. ഏതെങ്കിലുമൊരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ഇകഴ്ത്തുകയോ സ്വന്തം വിജ്ഞാനത്തിന്റെ മഹിമയില്‍ അഹങ്കരിക്കുകയോ കഴിവിലും പ്രാപ്തിയിലും പെരുമനടിക്കുകയോ ചെയ്യാതെ വിനയാന്വിതരും സാത്വികരും ശാന്തരുമായി വര്‍ത്തിച്ച് ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞ് പ്രത്യാശാ ഭരിതരായി ജീവിക്കാന്‍ സത്യപ്രബോധകര്‍ക്ക് സാധിക്കണം.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Topics