വിശിഷ്ടനാമങ്ങള്‍

അല്‍ ഫത്താഹ് (വിധിക്കുന്നവന്‍, തുറക്കുന്നവന്‍)

സൃഷ്ടികള്‍ക്കിടയില്‍ വിധികല്‍പ്പിക്കുന്നവന്‍, സത്യാസത്യങ്ങളെ സംബന്ധിച്ച അന്തിമ വിധി നല്‍കുന്നവന്‍ എന്നെല്ലാം അര്‍ഥം. ഖുര്‍ആന്‍ പറഞ്ഞു: ”അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍നിന്ന് രക്ഷപ്പെടുത്തി. അതിലേക്കു തന്നെ തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല; ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ! ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ” (അല്‍ അഅ്‌റാഫ്:89). ‘ഫതഹ’ എന്ന വാക്കിന് ‘തുറന്നു’ എന്നാണ് അര്‍ഥം. സത്യം തുറക്കപ്പെടുമ്പോഴാണല്ലോ വിജയമുണ്ടാവുക. അന്ത്യനാളില്‍ സത്യത്തിന് വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ വിജയിക്കും. അല്ലാത്തവന്‍ പരാജയപ്പെടും. സത്യത്തിനായിരിക്കും അന്തിമവിജയം. അത് തീരുമാനിക്കുന്നത് അല്ലാഹുവായിരിക്കും. അതില്‍ സൃഷ്ടികള്‍ക്കാര്‍ക്കും പങ്കുണ്ടാവില്ല. ഭൗതികമായ ഉപാധികള്‍ക്കൊണ്ട് അത് അടയുകയോ തുറക്കുകയോ ഇല്ല. സത്യം മുറുകെപ്പിടിക്കുന്നതുകൊണ്ട് യാതൊരു ദോഷവും വരാനില്ലെന്നും സത്യത്തിന്റെ വിജയത്തെക്കുറിച്ചോ ദൈവികസഹായത്തെക്കുറിച്ചോ നിരാശവേണ്ടെന്നും ഇത് സൂചന നല്‍കുന്നു.
”അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞു വെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.” (ഫാത്വിര്‍: 2)

Topics