അല്‍ജമാഅഃ എന്നാല്‍ നിര്‍ണിതസംഘം എന്നാണ് ആശയം. ഖുര്‍ആനില്‍ ഈ അര്‍ഥത്തില്‍ ഇത്തരമൊരു പ്രയോഗം വന്നിട്ടില്ല. ഹദീസില്‍ മൂന്നിടങ്ങളില്‍ പ്രസ്തുത പ്രയോഗം വന്നിട്ടുണ്ട് താനും.
1. ആരെങ്കിലും അനുസരണ ബാധ്യതയില്‍ നിന്ന് പുറത്തുകടക്കുകയും അല്‍ജമാഅത്തിനെ കൈവെടിയുകയും പിന്നീട് മരണമടയുകയും ചെയ്താല്‍ അവന്‍ അനിസ്‌ലാമിക (ജാഹിലീ) മരണമാണ് വരിച്ചിരിക്കുന്നത്'(മുസ്‌ലിം).
2. ‘ ആരെങ്കിലും ഒരു ചാണ്‍ അല്‍ജമാഅത്തില്‍നിന്ന് അകന്നാല്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിന്റെ കെട്ട് അവന്‍ അഴിച്ചുമാറ്റിയതുപോലെയാണ്'(തിര്‍മിദി, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍)
ഒരാള്‍ ബന്ധം വിച്ഛേദിക്കുന്ന മുറക്ക് ഇസ്‌ലാമില്‍നിന്ന് പുറത്തുപോകാന്‍ ഇടവരുത്തുന്ന ആ സംഘം (അല്‍ജമാഅഃ) ആര് എന്നതാണ് ചോദ്യം. ഒരൊറ്റ നേതാവിന് കീഴില്‍ ഒന്നിച്ച സമൂഹം എന്നതാണ് ഇമാം ശാത്വിബി(അല്‍ ഇഅ്‌സ്വാം 2/260)നല്‍കുന്ന വിശദീകരണം. പക്ഷേ ഇതത്ര വ്യക്തമല്ല. അല്‍ജമാഅഃയുടെ വിവക്ഷയെക്കുറിച്ച് അഞ്ച് അഭിപ്രായങ്ങളാണ് പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്.
a. മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം
b. സമൂഹത്തിലെ ഗവേഷണപടുക്കളായ പണ്ഡിതസമൂഹം.
c. പ്രവാചകകാനുയായികള്‍(സ്വഹാബഃ) മാത്രം ഉള്‍ക്കൊള്ളുന്ന സംഘം.
d. ഒരു കാര്യത്തില്‍ ഏകോപിച്ച അഭിപ്രായം സ്വീകരിക്കുന്ന സമൂഹം.
e. ഒരു നേതാവിന്റെ കീഴില്‍ അണിനിരന്ന മുസ്‌ലിംസമൂഹം.
ഇമാം ബുഖാരി ‘ദൈവികഗ്രന്ഥവും പ്രവാചകചര്യയും മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകത’ എന്ന അധ്യായത്തില്‍ അല്‍ ജമാഅഃക്ക് ‘ജ്ഞാനികളുടെ സമൂഹം ‘(അഹ്‌ലുല്‍ ഇല്‍മ് ) എന്നാണ് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. ഇമാം മുസ്‌ലിമാവട്ടെ ‘നേതൃത്വം’ (ഇമാറഃ) ചര്‍ച്ച ചെയ്യുന്ന കൂട്ടത്തിലാണ് ഇത് സംബന്ധമായ ഹദീസ് ഉള്‍പെടുത്തിയിരിക്കുന്നത്. മുസ്‌ലിം സമൂഹം ആപത്തില്‍ അകപ്പെടുമ്പോള്‍ നേതൃത്വത്തെ ധിക്കരിക്കുന്നതും ഹറാമാണ് എന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.
ഇസ്‌ലാമിന്റെ കെട്ട് എന്നതിന് ‘രിബ്ഖതുല്‍ ഇസ്‌ലാം’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഒട്ടകം വഴിതെറ്റാതിരിക്കാന്‍ കഴുത്തില്‍ കെട്ടുന്ന കയറാണ് രിഖ്ബ. അതിനാല്‍ അല്‍ജമാഅത്തില്‍നിന്ന് വഴിതെറ്റുകയാണ് ചെയ്യുന്നതെന്നും അക്കാരണത്താല്‍ അവിശ്വാസി(കാഫിര്‍)ആവുകയില്ലെന്നും ഹദീസിനെ വിശദീകരിച്ച പണ്ഡിതന്‍മാരുണ്ട്.
എത്രയൊക്കെ വിശദീകരിച്ചാലും അല്‍ജമാഅഃ എന്നതിനെക്കുറിച്ച അവ്യക്തതയും ആശയക്കുഴപ്പവും തീരുകയില്ല. കാരണം, ഇസ്‌ലാമികസമൂഹം അതിന്റെ പൂര്‍ണതയില്‍നിന്ന് തെന്നിമാറുംവിധം ഖലീഫമാരുടെ കാലത്തും നേതൃത്വത്തെ ധിക്കരിക്കലും ആഭ്യന്തര സംഘര്‍ഷങ്ങളും(സ്വിഫ്ഫീന്‍,ജമല്‍ പോലുള്ളവ) ഉണ്ടായിരുന്നു. ആ സംഭവങ്ങളുടെ ന്യായാന്യായതകള്‍ എന്തൊക്കെയായിരുന്നാലും ഇസ്‌ലാമികചരിത്രത്തിലെ വലിയ വീഴ്ചകളായിരുന്നു അതെല്ലാം. പക്ഷേ, അതിന്റെ പേരില്‍ ഒരു വിഭാഗം തങ്ങള്‍ അല്‍ജമാഅഃയാണെന്ന് സ്വയം അവകാശപ്പെടുകയോ എതിര്‍വിഭാഗത്തെ ബഹിഷ്‌കൃതരായി കാണുകയോ ചെയതിരുന്നില്ല.
നമുക്ക് സ്വീകരിക്കാവുന്ന നിലപാടിതാണ്: അല്‍ജമാഅഃയെ ചൊല്ലിയുള്ള അവകാശവാദങ്ങള്‍ എല്ലാ സംഘങ്ങളും അവസാനിപ്പിക്കുക. അത് ഛിദ്രതക്കും ശൈഥില്യത്തിനുമേ വഴിയൊരുക്കുകയുള്ളൂ. മുസ്‌ലിംസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അല്‍ജമാഅഃ ആരാണെന്ന് നിര്‍ണയിക്കാനുള്ള ചര്‍ച്ച അപ്രസക്തം മാത്രമല്ല, അപകടകരവുമാണ്. അതിനാല്‍ ഇന്നത്തെ ഏത് സംഘടനക്കും അല്‍ജമാഅഃ എന്ന പദമല്ല അല്‍ഹിസ്ബ് (ഗ്രൂപ്) എന്ന വിശേഷണമാണ് ചേരുക. അതിനാല്‍ അവകാശവാദങ്ങള്‍ ഒഴിവാക്കി അടിസ്ഥാനവിഷയങ്ങളില്‍ വിവിധഗ്രൂപുകള്‍ തമ്മില്‍ ഐക്യവും ഒത്തൊരുമയും ഉണ്ടാക്കുക എന്നതാണ് പ്രായോഗികരീതി.