ഹാറൂന്‍ അല്‍ റഷീദ്

ഹാറൂണ്‍ അല്‍ റഷീദ് (ഹി. 170-193, ക്രി. 786-809)

മഹ്ദിക്കുശേഷം പുത്രന്‍ മുഹമ്മദുല്‍ ഹാദി ഹി. 169 ല്‍ അധികാരമേറ്റു. ഒരുവര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഹാദിയുടെ മരണത്തെ തുടര്‍ന്ന് 22 വയസ്സുമാത്രമുണ്ടായിരുന്ന സഹോദരന്‍ ഹാറൂണ്‍ അല്‍റഷീദ് അധികാരമേറ്റു. ഹാറൂന്‍ അല്‍റഷീദ് 23 വര്‍ഷം ഭരണം നടത്തി. അബ്ബാസീ ഖലീഫമാരില്‍ ഏറ്റവുമധികം പ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ ഭരണം അബ്ബാസികളുടെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്നു.
മതകാര്യങ്ങളില്‍ നിഷ്ഠയും ദൈവഭക്തിയുമുള്ള ആളായിരുന്നു ഹാറൂന്‍ അല്‍ റഷീദ്. അദ്ദേഹം പണ്ഡിതന്‍മാരോട് ആദരവും വൈജ്ഞാനിക മേഖലയില്‍ അതീവതാല്‍പര്യവും കാണിച്ചിരുന്നു. സാധാരണ നമസ്‌കാരത്തിനു പുറമെ ദിനേന നൂറു റക്അത്ത് സുന്നത്ത് നമസ്‌കരിക്കുകയും അഗതികള്‍ക്ക് ആയിരം ദിര്‍ഹം ദാനം ചെയ്യുകയും പതിവാക്കിയിരുന്നു. ദൈവമാര്‍ഗത്തില്‍ ജിഹാദ് ചെയ്ത് രക്തസാക്ഷിത്വം വരിക്കാനുള്ള മോഹവും സൂക്ഷ്മതയോടുകൂടിയ ജീവിതവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
നീതിമാനായ ഭരണാധികാരിയായാണ് ഹാറൂന്‍ അല്‍ റഷീദ് അറിയപ്പെടുന്നത്. ഇമാം അബൂഹനീഫയുടെ പുത്രനായ ഖാദി അബൂയൂസുഫ് ആയിരുന്നു അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ്. ‘താങ്കള്‍ ഉറച്ച വ്യക്തിത്വമുള്ള ഒരു നല്ല മനുഷ്യനാണ്’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഖലീഫ ഇദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. അബൂയൂസുഫ് തന്നെയായിരുന്നു മറ്റു ജഡ്ജിമാരെ നിയമിച്ചിരുന്നത്.
രാജ്യനിവാസികളോട് അന്യായം പ്രവര്‍ത്തിക്കാതെയും അവിഹിതമായി സമ്പത്ത് വസൂലാക്കാതെയും ഭരണം നടത്തുന്നതിനുള്ള മാര്‍ഗങ്ങളും നിയമങ്ങളും വിവരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതുവാന്‍ ഖലീഫ അബൂയൂസുഫിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം അദ്ദേഹം ‘കിതാബുല്‍ ഖറാജ്’ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രത്തിലെ സാമ്പത്തിക മേഖല കൈകാര്യം ചെയ്തത്.
അന്യഭാഷകളിലെ മഹദ്ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജുമ ചെയ്യുവാന്‍ ഖലീഫ മന്‍സൂര്‍ തുടങ്ങിവെച്ച പരിശ്രമം ഹാറൂണ്‍ അല്‍ റഷീദ് തുടര്‍ന്നു. ഇതിനായി ‘ബൈതുല്‍ ഹിക്മത്ത്’ എന്ന പ്രശസ്തമായ സ്ഥാപനം അദ്ദേഹം ആരംഭിച്ചു. യോഗ്യരായ പണ്ഡിതരെയും വിവര്‍ത്തകരെയും ഇതില്‍ നിയമിച്ചിരുന്നു. വൈജ്ഞാനിക സാംസ്‌കാരിക നാഗരിക പുരോഗതിക്ക് മാതൃകയായിരുന്നു ഈ കാലഘട്ടം.
റോമാസാമ്രാജ്യത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഏഷ്യാമൈനറിന്റെ അതിര്‍ത്തിയില്‍ സുസജ്ജമായ കോട്ടകള്‍ അദ്ദേഹം നിര്‍മിച്ചു. സിറിയന്‍ തീരത്ത് പട്ടാളബാരക്കുകള്‍ സ്ഥാപിച്ചു. റോമക്കാര്‍ അബ്ബാസീ ഭരണത്തിനു നല്‍കിവന്ന കരം ഹാരൂന്‍ അല്‍ റഷീദ് അധികാരത്തില്‍ വന്നശേഷം നല്‍കാന്‍ വിസമ്മതിച്ചു. മുമ്പ് നല്‍കിയ കരം മടക്കിക്കൊടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യമുന്നയിച്ച് റോമന്‍ ഭരണാധികാരി അയച്ച കത്തിന് ഖലീഫ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ഈ കത്തിനുള്ള മറുപടി നീ കേള്‍ക്കുകയില്ല. മറിച്ച് കണ്ണുകൊണ്ട് നീയതു കാണും’.
ഹാറൂണ്‍ അല്‍ റഷീദ് ഒരു വന്‍സൈന്യവുമായി പുറപ്പെട്ട് റോമക്കാരുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ട റോമന്‍ ഭരണാധികാരി വീണ്ടും കരം നല്‍കാന്‍ നിര്‍ബന്ധിതനായി. ഈ യാത്രയില്‍ തുര്‍ക്കിയിലെ അങ്കാറ, ഖൂനിയ എന്നീ നഗരങ്ങള്‍ ഹാറൂന്‍ അല്‍ റഷീദ് കീഴടക്കി.
അബ്ബാസികളുടെ കാലത്താണ് ഖലീഫമാര്‍ മന്ത്രിമാരെ നിയമിച്ചു തുടങ്ങിയത്. യഹ്‌യബിന്‍ ഖാലിദില്‍ ബര്‍മകിയും അദ്ദേഹത്തിന്റെ പുത്രന്‍മാരായ ഫദ്ല്‍, ജഅ്ഫര്‍ എന്നിവരും ഹാറൂണ്‍ അല്‍ റഷീദിന്റെ സമര്‍ഥരായ മന്ത്രിമാരായിരുന്നു. ഇവര്‍ ബറാമിക്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഖലീഫ ഗവര്‍ണര്‍മാര്‍ക്കും ഇതരഭരണാധികാരികള്‍ക്കും അയക്കുന്ന കത്തുകള്‍ തയ്യാറാക്കുക, ഖലീഫയുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക, ഉദ്യോഗസ്ഥന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഇവയെല്ലാമായിരുന്നു മന്ത്രിമാരുടെ ചുമതലകള്‍.
ഉത്തരാഫ്രിക്കയിലെ ട്രിപ്പോളി (ലിബിയ), അള്‍ജീരിയ, തുനീഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ തലസ്ഥാന നഗരമായ ബാഗ്ദാദില്‍നിന്നും വളരെ അകലെയായതിനാല്‍ അവിടത്തെ ഭരണച്ചുമതല ഇബ്‌റാഹീമുബ്‌നു അഗ്‌ലബിനു ഹാറൂന്‍ അല്‍ റഷീദ് ഏല്‍പ്പിച്ചു കൊടുത്തു. അബ്ബാസീ ഭരണകൂടത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളും ഭരണം നടത്തിയത്. ഖൈറുവാനായിരുന്നു അവരുടെ ആസ്ഥാനം. സിസിലി ദ്വീപ് പിടിച്ചടക്കുകയും ഇറ്റലിയുടെ ദക്ഷിണഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഇവരുടെ നാവിക ശക്തിയെ അതിജയിക്കുന്ന മറ്റൊരു ശക്തി റോമന്‍ ഉള്‍ക്കടലില്‍ അന്നില്ലായിരുന്നു. 23 വര്‍ഷക്കാലം ഭരണം നടത്തിയ ഹാറൂന്‍ അല്‍ റഷീദ് നാല്‍പത്തിഅഞ്ചാമത്തെ വയസ്സില്‍ മരണമടഞ്ഞു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured