ഉമറുബ്‌നുല്‍ഖത്വാബിന്റെ പുത്രിയാണ് ഹഫ്‌സ(റ). മാതാവ് സൈനബ് ബിന്‍തു മള്ഊന്‍. മുഹമ്മദ് നബിക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് അഞ്ച് കൊല്ലം മുമ്പ് ഖുറൈശികള്‍ കഅ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്‌സ ജനിച്ചത്. ഉമര്‍ ഇസ്‌ലാം സ്വീകരിച്ചതോടെ ഹഫ്‌സയും മറ്റു കുടുംബാംഗങ്ങളും മുസ്‌ലിംകളായി. നുബുവ്വത്തിന്റെ ആറാം വര്‍ഷത്തിലാണത്. അന്ന് ഹഫ്‌സക്ക് ഏകദേശം 11 വയസ്സായിരുന്നു.
ഹഫ്‌സയുടെ പ്രഥമ വരന്‍ ഖുനൈസുബ്‌നു ഖുദാഫയാണ്. ഖുറൈശികളുടെ അക്രമമര്‍ദ്ദനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ മറ്റു മുസ്‌ലിംകളോടൊപ്പം ഹഫ്‌സയും ഭര്‍ത്താവും മദീനയിലേക്ക് ഹിജ്‌റപോയി. ബദര്‍ യുദ്ധത്തില്‍ ഖുനൈസും പങ്കെടുത്തു. യുദ്ധത്തില്‍ കഠിനമായി പരിക്കുപറ്റിയ അദ്ദേഹം മദീനയില്‍ നിര്യാതനായി. ഖുനൈസിന് ഹഫ്‌സയില്‍ സന്താനങ്ങളുണ്ടായില്ല. അധികം താമസിയാതെ നബി(സ) ഹഫ്‌സയെ വിവാഹം ചെയ്തു.
തികഞ്ഞ ബുദ്ധിശാലിനിയും പണ്ഡിതയുമായിരുന്നു ഹഫ്‌സ. എഴുത്തും വായനയും ശീലിച്ചിട്ടുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാണിച്ചു. തന്നിമിത്തം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നല്ല ഒരു ശിഷ്യഗണത്തെ സമ്പാദിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. ഖുര്‍ആന്റെ ഒന്നാമത്തെ കയ്യെഴുത്തുപ്രതി ഹഫ്‌സയാണ് സൂക്ഷിച്ചത്. 60 ഹദീസുകള്‍ ഹഫ്‌സയില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
തഖ്‌വയും സൂക്ഷ്മതയുമുള്ള വനിതയായിരുന്നു ഹഫ്‌സ. തഹജ്ജുദ് നമസ്‌കരിക്കുന്നതിലും സുന്നത്തുനോമ്പുകളനുഷ്ഠിക്കുന്നതിലും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. നബി(സ)യുടെ വിയോഗശേഷം വീട്ടില്‍നിന്ന് പുറത്തെങ്ങും പോകാറുണ്ടായിരുന്നില്ല.
ഹിജ്‌റ 45 ല്‍ മുആവിയയുടെ ഭരണകാലത്ത് സത്യവിശ്വാസികളുടെ മാതാവായ ഹഫ്‌സ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോള്‍ ഏകദേശം 63 വയസ്സുണ്ടായിരുന്നു. മദീന ഗവര്‍ണറായിരുന്ന മര്‍വാനുബ്‌നു ഹക്കമിന്റെ നേതൃത്വത്തിലാണ് ജനാസ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടത്. മദീനയിലെ പൊതു മഖ്ബറയായ ‘ബഖീഇല്‍’ ഹഫ്‌സയുടെ ഭൗതിക ശരീരം മറവ് ചെയ്തു.
ഹഫ്‌സ ബിന്‍തു ഉമറുബ്‌നുല്‍ ഖത്വാബ്(റ)

Add Comment