ഉയര്‍ന്ന കുടുംബത്തിലാണ് സൗദ ജനിച്ചത്. പിതാവായ സംഅതുബ്‌നു ഖൈസ് പ്രസിദ്ധിയാര്‍ജിച്ച നേതാവായിരുന്നു. മാതാവിന്റെ പേര് ശമൂസ എന്നായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ്(സ) ഇസ്‌ലാമിന്റെ ദൗത്യവുമായി രംഗപ്രവേശം ചെയ്തപ്പോള്‍ അറബികള്‍ ഒന്നടങ്കം അദ്ദേഹത്തെ എതിര്‍ത്തു. ഈ സന്ദര്‍ഭത്തിലാണ് സൗദ(റ) നബി(സ)യുടെ സന്നിധിയില്‍ ചെന്ന് ഇസ്‌ലാം സ്വീകരിച്ചത്.
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ സൗദ(റ)യും ഭര്‍ത്താവ് സക്‌റാനുബ്‌നു അംറും നബി(സ)യുടെ അനുവാദത്തോടുകൂടി അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയി. ഈ സമയത്താണ് സൗദയുടെ ഭര്‍ത്താവ് സക്‌റാന്‍ രോഗബാധിതനാവുകയും പരലോകം പ്രാപിക്കുകയും ചെയ്തത്. സക്‌റാന് സൗദയില്‍ അബ്ദുര്‍റഹ്മാന്‍ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു.
ഭര്‍ത്താവിന്റെ മരണത്തില്‍ വേദന തിന്നു കഴിയുന്ന സമയത്ത്, ഖൗല(റ) നബി(സ)യുടെ അടുക്കല്‍ വന്ന് സൗദയെ വിവാഹം കഴിക്കണമെന്ന് അഭ്യര്‍ഥിച്ചു. നബി(സ) വിവാഹം കഴിക്കാന്‍ സമ്മതിച്ചു. സൗദക്കും പിതാവിനും സന്തോഷമായി. അങ്ങനെ സൗദ(റ) ഉമ്മുല്‍ മുഅ്മിനീന്‍(സത്യവിശ്വാസികളുടെ മാതാവ്) ആയി. സൗദയുടെയും ആഇശയുടെയും വിവാഹം ഏതാണ്ട് ഒരേ കാലത്തായിരുന്നു.
പക്വമതിയും വിവേകശാലിയുമായിരുന്ന സൗദ തികഞ്ഞ ഗൗരവത്തോടുകൂടിയാണ് കാര്യങ്ങള്‍ ചെയ്യുക. അവരുടെ ചില ഫലിതങ്ങള്‍ നബി(സ)യെപ്പോലും ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി(സ)യോട് അവര്‍ പറഞ്ഞു: ”കഴിഞ്ഞരാത്രി ഞാന്‍ അങ്ങയുടെ പുറകില്‍ നമസ്‌കരിച്ചു. ദീര്‍ഘനേരം സുജൂദില്‍ കഴിച്ചുകൂട്ടിയപ്പോള്‍ എന്റെ തരിമൂക്ക് പൊട്ടി ചോരയൊലിക്കുമോ എന്ന് പേടിച്ചു. മൂക്ക് പിടിച്ചുകൊണ്ടാണ് ആ സമയമത്രയും ഞാന്‍ കഴിച്ചുകൂട്ടിയത്.”
സൗദയും ആഇശയും തമ്മില്‍ മാതൃകാപരമായ ബന്ധമാണ് ഉണ്ടായിരുന്നത്. ഗാര്‍ഹിക കാര്യങ്ങളില്‍ സൗദ ആഇശക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. സൗദയുടെ സ്വഭാവശുദ്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ആഇശ പറയുന്നു: ”ഞാന്‍ കണ്ടവരില്‍ അസൂയ തീണ്ടാത്ത ഏക സ്ത്രീ സൗദ മാത്രമാണ്”.
സൗദ(റ)യില്‍നിന്ന് ആകെ അഞ്ച് ഹദീസുകള്‍ രിവായത്ത് ചെയ്യപ്പെട്ടിട്ടുണ്ട്. നബിയുടെ കാലശേഷം 13 കൊല്ലത്തോളം സൗദ ജീവിച്ചു. ഉമറിന്റെ ഖിലാഫത്തിന്റെ അവസാനകാലത്താണ് സൗദ നിര്യാതയായത്. നബിക്ക് സൗദയില്‍ സന്താനമൊന്നുമുണ്ടായില്ല.
സൗദ(റ)

Add Comment