Dr. Alwaye Column

സ്വഭാവ ശുദ്ധീകരണവും ആത്മ സംസ്‌കരണവും

സാമൂഹിക വിപത്തുകളും ധാര്‍മിക അപചയവും ഇക്കാലത്ത് സര്‍വ വ്യാപിയാണ്. സമസ്ത രാജ്യങ്ങളിലേക്കും ജനജീവിതത്തിന്റെ സര്‍വമേഖലകളിലേക്കും ഇത് പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നു. രാവും പകലും നാം വായിക്കുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ അതാണ്. അതിന്റെ അലയൊലികളാണ് ഓരോ സമയവും നമ്മെ സ്പര്‍ശിച്ച് കടന്നുപോകുന്നത്. നല്ലതോ ചീത്തയോ സത്യമോ മിഥ്യമോ ആകട്ടെ, തങ്ങളുടെ ഭൗതികതാല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതിനപ്പുറം ഒരാള്‍ക്കും ഇന്ന് ലക്ഷ്യമില്ലാതായിരിക്കുന്നു. ഈ വിനാശവഴിയില്‍ സഞ്ചരിക്കുന്നതില്‍നിന്ന് അവരെ തടഞ്ഞുനിര്‍ത്താന്‍ ആരുമില്ല. വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനും നിയമങ്ങള്‍ ലംഘിക്കാനും വ്യവസ്ഥകള്‍ അട്ടിമറിക്കാനും കഴിയുന്നിടത്തോളം കാലം ഇക്കൂട്ടരെ ആര്‍ക്കാണ് പ്രതിരോധിക്കാനാവുക? ആധുനിക മനുഷ്യസമൂഹത്തിന്റെ സ്ഥിതി ഇന്ന് വളരെ ശോചനീയമാണ്. സാമൂഹിക-പരിഷ്‌കരണ പ്രവര്‍ത്തകരുടെയും സന്നദ്ധസേവകരുടെയും ഹൃദയങ്ങളില്‍ കടുത്ത നിരാശയും മടുപ്പും നിറഞ്ഞിരിക്കുന്നു. ദുഷിച്ച ഈ ചുറ്റുപാടില്‍ നിന്ന് സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്തും എന്ന ഉല്‍ക്കണ്ഠയാണവര്‍ക്ക്.

ലോകനേതൃത്വവും സാമൂഹിക-സംസ്‌കരണ പ്രവര്‍ത്തകരും ഇത്തരുണത്തില്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ന് നാം നേരിടുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്കും സ്വഭാവദൂഷ്യങ്ങള്‍ക്കുമുള്ള ശരിയായ പരിഹാരം വ്യക്തികള്‍ക്കുള്ളിലുള്ള ആത്മീയ ഓജസ്സിനെ ഉത്തേജിപ്പിക്കലും ധര്‍മികചോദനയെ ഉദ്ദീപിപ്പിക്കലുമാണ്. അങ്ങനെയേ മനസ്സുകളെ സ്ഫുടം ചെയ്‌തെടുക്കാനും ഹൃദയങ്ങളെ ശുദ്ധീകരിച്ചെടുക്കാനും സ്വയം പാറാവുകാരനെ നിശ്ചയിച്ചുകൊടുക്കാനും ഓരോരുത്തര്‍ക്കുമാകുകയുള്ളൂ. സാമൂഹികസുരക്ഷക്കായി കൊണ്ടുവന്നിട്ടുള്ള നിയമവ്യവസ്ഥകള്‍ ഇവിടെ ലംഘിക്കപ്പെടുകയാണ്. മനുഷ്യന്റെ മേല്‍ ധാര്‍മികവും ആത്മീയവുമായ കരുത്ത് ആധിപത്യം ചെലുത്താത്ത,സ്രഷ്ടാവിനെ ഭയപ്പെടാത്ത, അവന്റെ നീതിയിലും തൃപ്തിയിലും ശുഭാപ്തി വിശ്വാസമില്ലാത്ത, അവന്റെ കല്‍പനകള്‍ ധിക്കരിക്കുന്നതില്‍ ലജ്ജ തോന്നാത്ത കാലംവരേക്കും നിയമലംഘനം ആവര്‍ത്തിക്കപ്പെടും . മാനസികവും സ്വഭാവപരവും സാമൂഹികവുമായ ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഒരേയൊരു പ്രതിവിധി ഹൃദയങ്ങളില്‍ ധാര്‍മികമായ പ്രതിരോധശേഷി അങ്കുരിപ്പിക്കലാണ്. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസം സുദൃഢമാക്കലാണ്. അതോടെ വിനാശ പ്രവണതകളും വിദ്രോഹത്തിന്റെ കളകളും ഉഴുതുമാറ്റപ്പെടും. നേരിന്റെയും നന്‍മയുടെയും വിത്തുകള്‍ ജനഹൃദയങ്ങളില്‍ വിതറപ്പെടും.

ഇവിടെ ചൂണ്ടിക്കാണിക്കേണ്ട ഒരു കാര്യമുണ്ട്. മതങ്ങളെക്കുറിച്ച വികലമായ ധാരണകളും ബാഹ്യമായ ചില സങ്കല്‍പങ്ങളും അധികപേരെയും മതങ്ങളുടെ അന്തസ്സത്തയില്‍നിന്ന് അകറ്റിനിര്‍ത്തിയിട്ടുണ്ട്. വിനാശ പ്രവണതകളും ദുര്‍ബലഹൃദയങ്ങളും വരണ്ട മസ്തിഷ്‌കങ്ങളും അക്കാരണത്താല്‍ അവരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. ‘അല്‍പജ്ഞാനം അജ്ഞാനത്തേക്കാള്‍ ആപത്കരം’ എന്നൊരു ചൊല്ലുണ്ടല്ലോ. അതുകൊണ്ടാണ് ഇസ്‌ലാമിനെയും അതിന്റെ അടിസ്ഥാനങ്ങളെയും വിശുദ്ധഖുര്‍ആനില്‍ നിന്നും ദൈവദൂതന്റെ ചര്യയില്‍നിന്നും പൂര്‍ണമായി അറിയാന്‍ ശ്രമിക്കണമെന്ന് മനുഷ്യനോട് അനുശാസിക്കുന്നത്. ഖുര്‍ആനും നബിചര്യയുമാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ മൂലസ്രോതസ്സുകള്‍. മനുഷ്യന്റെ ലഭ്യമായ ചിന്താശേഷിയും ബുദ്ധിശക്തിയും വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ ഇസ്‌ലാമിന്റെ നന്‍മയും സൗന്ദര്യവും സ്വായത്തമാക്കാന്‍ പ്രസ്തുത മൂലസ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്ന ശരിയായ ജ്ഞാനം കൊണ്ട് കഴിയും. ഇസ്‌ലാമിനെ അറിയേണ്ടതുപോലെ അറിഞ്ഞാല്‍ അതിനോട് പ്രിയംതോന്നും. പ്രിയംതോന്നിയാല്‍ ബഹുമാനം തോന്നും. പിന്നീട് പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിന്റെ ഉദാത്തമായ അധ്യാപനങ്ങളും ഉല്‍കൃഷ്ടപാഠങ്ങളും പ്രതിഫലിക്കും. പിഴച്ച സിദ്ധാന്തങ്ങള്‍ക്കും വിദ്രോഹകരമായ കാഴ്ചപ്പാടുകള്‍ക്കും അന്ധമായ അനുകരണങ്ങള്‍ക്കും പിന്നാലെ പായുന്നതില്‍നിന്ന് മനുഷ്യന്‍ സ്വയം അകന്നുമാറും.

വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics