നോമ്പ്-Q&A

സ്റ്റാര്‍ ഹോട്ടലില്‍ രുചിനോക്കുന്ന നോമ്പുകാരന്‍ ?

ചോദ്യം: ഞാന്‍ ഒരു വന്‍കിട സ്റ്റാര്‍ഹോട്ടല്‍ ഗ്രൂപ്പില്‍ ടേസ്റ്റ് ടെസ്റ്ററായി(രുചി വിലയിരുത്തുന്നയാള്‍) ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വിവിധഭക്ഷണങ്ങളുടെ രുചികള്‍ അതിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും. റമദാനില്‍ പലഭക്ഷണപദാര്‍ഥങ്ങള്‍ ആ നിലയില്‍ പരിശോധിക്കാറുണ്ട്. ഒന്നും തൊണ്ടയിലൂടെ അകത്തേക്ക് കടത്തിവിടാറില്ല. ഈ നിലയില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കുന്നത് എന്റെ നോമ്പിനെ ദുര്‍ബലപ്പെടുത്തുമോ ?

ഉത്തരം: വ്രതമനുഷ്ഠിച്ചിട്ടുള്ള ഒരു വിശ്വാസി അയാള്‍ക്ക് അവശ്യഘട്ടത്തില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കാവുന്നതാണ്. അതില്‍ തെറ്റില്ല. അതേസമയം അത് തൊണ്ടയില്‍കൂടി വയറ്റിലെത്തിയാല്‍ അത് നോമ്പിനെ ദുര്‍ബലപ്പെടുത്തും. ഇനി യാതൊരു ആവശ്യവുമില്ലാതെ ഒരാള്‍ രുചി നോക്കാന്‍ ശ്രമിച്ചാല്‍ അത് അനഭിലഷണീയമായ പ്രവൃത്തിയാണെന്നതില്‍ സംശയമില്ല.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: പാചകംചെയ്തതോ അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കളുടെ രുചി നോക്കുന്നതില്‍ യാതൊരു തെറ്റുമില്ല.
ഇമാം അഹ്മദ് (റ)അഭിപ്രായപ്പെടുന്നു: രുചി നോക്കുക എന്നതില്‍നിന്ന് നോമ്പുകാരന്‍ പരമാവധി മാറിനില്‍ക്കണം. ഇനി അനിവാര്യമായും ചെയ്‌തേ ഒക്കൂ എന്നാണെങ്കില്‍ അത് നോമ്പിനെ ബാധിക്കുകയൊന്നുമില്ല. (അല്‍മുഗ്നി 4/359)

ഫതാവാ അല്‍ കുബ്‌റാ എന്ന തന്റെ ഗ്രന്ഥത്തില്‍ ഇബ്‌നു തൈമിയ്യ ഇങ്ങനെ കുറിക്കുന്നു: ഭക്ഷണത്തിന്റെ രുചി നോക്കുന്നത് അനഭിലഷണീയമായ കാര്യമാണ്. പക്ഷേ അത് നോമ്പിനെ ദുര്‍ബലപ്പെടുത്തുകയില്ല.(4/474).

ചുരുക്കത്തില്‍ , നോമ്പനുഷ്ഠിച്ചുകൊണ്ട് ഒരു വിശ്വാസിക്ക് അവശ്യഘട്ടത്തില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കാവുന്നതാണ്. പക്ഷേ, ആ ഭക്ഷണപദാര്‍ഥം തരിമ്പും തൊണ്ടയിലൂടെ അകത്ത് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരിക്കണം. വായ്ക്കകത്ത് അത് എന്തെങ്കിലും മണമോ രുചിയോ ഉണ്ടായാലും അത് നോമ്പിനെ പാഴാക്കുകയില്ല.
ഇബ്‌നു സീരീന്‍ പറയുന്നു: മിസ്‌വാക്കിന്റെ ഏറ്റവും പുതിയ കമ്പ് സുഗന്ധവും രുചിയുമുള്ളതാണ്. നോമ്പുകാരന്‍ അത് ഉപയോഗിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. പച്ചവെള്ളത്തിന് അതിന്റെതായ ഒരുരുചിയുണ്ടല്ലോ. എന്നിട്ടും നാമത് വെച്ചാണ് വായ് കുലുക്കുഴിയുന്നത്.

Topics