രാഷ്ട്രസങ്കല്‍പം

വൈയക്തിക മതപരിത്യാഗം: പ്രവാചക കാലഘട്ടത്തില്‍

പ്രവാചകതിരുമേനിയുടെ കാലത്ത് ഇസ്‌ലാമില്‍ കടന്നുവന്നശേഷം ദീന്‍ ഉപേക്ഷിച്ചുപോയ ആളുകളുണ്ട്. അത്തരം സംഭവങ്ങളില്‍ പക്ഷേ നബിതിരുമേനി, ബലപ്രയോഗമോ ശിക്ഷാനടപടികളോ അവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. ഇമാം ബുഖാരിയും മുസ്‌ലിമും റിപോര്‍ട്ട് ചെയ്യുന്നു: ‘ജാബിറുബ്‌നു അബ്ദില്ലയില്‍നിന്ന്: ഒരു ഗ്രാമീണ അറബി പ്രവാചകനുമായി അനുസരണപ്രതിജ്ഞ ചെയ്തു. അങ്ങനെ മദീനയില്‍ കഴിയവേ അദ്ദേഹത്തിന് ശക്തമായ പനി ബാധിച്ചു. അപ്പോള്‍ അയാള്‍ നബിതിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലയോ മുഹമ്മദ്! എന്റെ ബൈഅത്തില്‍നിന്ന് എന്നെ ഒഴിവാക്കിത്തരണം. പ്രവാചകന്‍ അതിന് വിസമ്മതിച്ചു. അയാള്‍ രണ്ടാമതും വന്ന് പറഞ്ഞു: എന്റെ ബൈഅത്തില്‍നിന്ന് എന്നെ ഒഴിവാക്കിത്തരണം. പക്ഷേ, പ്രവാചകന്‍ വിസമ്മതിച്ചു. അയാള്‍ വീണ്ടും വന്ന് പറഞ്ഞു: എന്റെ ബൈഅത്തില്‍നിന്ന് എന്നെ ഒഴിവാക്കിത്തരണം. അപ്പോഴും പ്രവാചകന്‍ വിസമ്മതിച്ചു. അപ്പോള്‍ അയാള്‍ മദീനയില്‍നിന്നും പോയി. അന്നേരം നബിതിരുമേനി(സ) പറഞ്ഞു: തീര്‍ച്ചയായും മദീന ഒരു ഇല പോലെയാണ്. അതിലെ മേച്ഛതകളെ അത് പുറംതള്ളുന്നു. അതിലെ നല്ലത് കൂടുതല്‍ ശുദ്ധമാകുകയും ചെയ്യുന്നു.’
ഇവിടെ ഒരുചോദ്യം ഉയര്‍ന്നുവരുന്നു. ബൈഅത്തില്‍നിന്ന് ഒഴിവാക്കിത്തരണം എന്ന് പറഞ്ഞപ്പോള്‍ അഅ്‌റാബി എന്താണ് ഉദ്ദേശിച്ചത്?
ഇബ്‌നു ഹജര്‍ പറയുന്നു: പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നത്, ഇസ്‌ലാമില്‍നിന്നുള്ള രാജിയായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് എന്നാണ്.. ഖാദി ഇയാള് ഈ അഭിപ്രായക്കാരനാണ് (ഫത്ഹുല്‍ ബാരി).

ഇസ്‌ലാമില്‍നിന്നുള്ള രാജിക്ക് മതപരിത്യാഗം എന്നല്ലാതെ മറ്റൊരര്‍ഥവുമില്ല. ആ മനുഷ്യന്‍ ഇസ്‌ലാമില്‍നിന്ന് രാജി ആവശ്യപ്പെടുകയും മദീനയില്‍നിന്ന് പുറത്തുപോവുകയും ചെയ്തപ്പോള്‍ അവന്‍ ഇസ്‌ലാം ഉപേക്ഷിച്ചു എന്നാണതിനര്‍ഥം.

മുകളിലെ ഹദീഥ് വ്യക്തമാക്കുന്നതിതാണ്: മതപരിത്യാഗം കേവലം വ്യക്തിപരമായിരിക്കുകയും അതിന്റെ ഉദ്ദേശ്യം ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറുക എന്നത് മാത്രമായിരിക്കുകയും , ഇസ്‌ലാമിനും ഇസ്‌ലാമിക രാഷ്ട്രത്തിനുമെതിരെയുള്ള ഗൂഢതാല്‍പര്യങ്ങളൊന്നും അതിന് പിന്നിലില്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, ഇസ്‌ലാം അവനെ പിടികൂടുകയോ പ്രയാസപ്പെടുത്തുകയോ ഇല്ല. അവനെ തന്റെ വൈയക്തിക കാര്യങ്ങളില്‍ സ്വാഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യും.

ഇവിടെ ഗ്രാമീണഅറബി തന്റെ ബൈഅത്ത് (അനുസരണപ്രതിജ്ഞ) പിന്‍വലിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ പ്രവാചകന്‍ അത് ഇഷ്ടപ്പെട്ടില്ല. അത് അയാളോടുള്ള അനുകമ്പയാലും അവന്‍ ജീവിതവിജയം നേടണമെന്ന അദമ്യമായ ആഗ്രഹത്താലും നിരസിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. എന്നാല്‍ അയാള്‍ തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കരാര്‍ ലംഘിക്കുകയും മദീന വിട്ടുപോകുകയും ചെയ്തപ്പോള്‍ അയാളെ തടയാനോ ശിക്ഷിക്കാനോ മുതിര്‍ന്നില്ല.

ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഒരു ഫത്‌വ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു: അബ്ദുര്‍റസാഖ് തന്റെ മുസ്വന്നഫില്‍ രേഖപ്പെടുത്തിയിരിക്കുന്നു:
മഅ്മറില്‍നിന്ന് അറേബ്യയിലെ ചില ആളുകള്‍ എന്നോട് പറഞ്ഞു: ഒരു സംഘം ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുകയും അധികം താമസിയാതെ തന്നെ അത് ഉപേക്ഷിക്കുകയും ചെയ്തു. ഈ വിഷയം ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് മൈമൂനുബ്‌നു മഹ്‌റാന്‍ അന്നത്തെ ഖലീഫ ഉമറുബ്‌നു അബ്ദില്‍അസീസിന് ഒരു കത്തെഴുതി: അതിന് ഖലീഫയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അവര്‍ക്കുമേല്‍ ജിസ്‌യ ഏര്‍പ്പെടുത്തുക. അവരെ അവരുടെ ഇഷ്ടത്തിന് വിടുക’.
ഇവിടെ, ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് അവര്‍ ജിസ്‌യ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കട്ടെ എന്ന് ഖലീഫ ആവശ്യപ്പെടുകയല്ലാതെ, അവരോട് തന്നിഷ്ടം പ്രകടിപ്പിക്കുകയോ അവരുടെ നേരെ ബലം പ്രയോഗിക്കുകയോ അവരെ ശിക്ഷിക്കുകയോ ചെയ്തില്ല.

സി.ടി. അബൂദര്‍റ്

Topics