കുടുംബം-ലേഖനങ്ങള്‍

വീട് സ്‌നേഹവീടാവാന്‍..

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്‌നേഹമായിരുന്നു. സ്‌നേഹം എന്ന ഘടകം തന്നെയാണ് ഒരു കുടുംബത്തില്‍  അടിസ്ഥാനപരമായി സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യുന്നത്. ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്‌നേഹമുണ്ടെങ്കില്‍ അവിടെ സന്തോഷവുമുണ്ട്. സത്യത്തില്‍ പ്രവാചകന്‍ നടപ്പിലാക്കിയ കുടുംബ ജീവിതത്തില്‍ പട്ടിണി ഒരു കൂടെപ്പിറപ്പായിരുന്നു. പലപ്പോഴും നിലനിന്നു പോകാന്‍ കഴിയുന്ന ഭക്ഷണം മാത്രം കഴിച്ചാണ് ആ കുടുംബം മുന്നോട്ടു പോയത്. എന്നാല്‍ ഇതൊന്നും ആ കുടുംബത്തിന്റെ സമാധാനം കെടുത്തുകയോ കുടുംബത്തില്‍ നിന്ന് സന്തോഷം അകറ്റുകയോ ചെയ്തിട്ടില്ല. പ്രവാചകന്റെ കുടുംബത്തിലുള്ളവര്‍ക്കും ആ കുടുംബവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും തൊട്ടറിയാന്‍ കഴിയുമായിരുന്നു നിര്‍മലമായ സ്‌നേഹത്തിന്റെ അനുഭൂതി.

ഏതു കുടുംബത്തിലാണോ സ്‌നേഹം എന്ന വികാരം അപ്രത്യക്ഷമാകുന്നത് ആ കുടുംബത്തില്‍ സന്തോഷമുണ്ടായിരിക്കുകയില്ല. ആ കുടുംബത്തിന് എത്ര തന്നെ സമ്പത്തുണ്ടെങ്കിലും ശരി. സമ്പത്തു കൊണ്ടു സുഖസൗകര്യങ്ങളും ആര്‍ഭാടവും വാങ്ങാന്‍ സാധിക്കും. എന്നാല്‍ സന്തോഷം വാങ്ങാന്‍ സാധിക്കുകയില്ല.

മുഹമ്മദ് എന്ന പ്രവാചകനെ സംബന്ധിച്ചിടത്തോളം അദ്ദേഹം  ബാല്യകാലംതൊട്ടേ പട്ടിണി അനുഭവിച്ചാണ് വളര്‍ന്നത്്. ഒരു പാട് അംഗങ്ങള്‍ ഉണ്ടായിരുന്ന അബൂ ത്വാലിബിന്റെ കുടുംബത്തിലും പട്ടിണിയായിരുന്നു. അതു കൊണ്ട് ചെറു പ്രായത്തിലേ തൊഴിലിലേര്‍പ്പെട്ട് കഴിയേണ്ടി വന്നു അദ്ദേഹത്തിന്. നാണയത്തുട്ടുകള്‍ക്ക് വേണ്ടി മക്കക്കാരുടെ ആടുകളെ മേയ്ക്കാന്‍ അദ്ദേഹം പോയിരുന്നു. എന്നാല്‍ വിവാഹിതനായ മുഹമ്മദിന് ആദ്യ ഭാര്യ ഖദീജയോടൊപ്പം സമ്പന്ന ജീവിതം നയിക്കാന്‍ അവസരമുണ്ടായി. ഖദീജയുടെ കച്ചവടം നോക്കി നടത്തിയ പ്രവാചകന്‍ അത് അഭിവൃദ്ധിപ്പെടുത്തുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടമായ മദീനയില്‍ എത്തിയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കേണ്ടി വന്നു. തന്റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവിടുന്ന് നന്നേ കഷ്ടപ്പെട്ടു. അദ്ദേഹം ഒരു സമൂഹത്തിന്റെ നായകനും ഒരു രാജ്യത്തിന്റെ അധിപനുമായിരന്നു. ഒരു സമൂഹം എന്ന നിലയില്‍ ആ സമുഹത്തിന്റെ സമ്പത്തും വിഭവങ്ങളും അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അവ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊതു സമ്പത്തില്‍ നിന്ന് തന്റെ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ ഒന്നും എടുത്തില്ല. ഇങ്ങനെ ദാരിദ്ര്യത്തില്‍ പോലും സന്തോഷമായിരുന്നു ആ കുടുംബത്തിന്റെ മുഖമുദ്ര.

ഖദീജയോടൊന്നിച്ചുള്ള അദ്ദേഹത്തിന്റെ കുടുംബ ജീവിതം ആനന്ദപൂര്‍ണ്ണമായ ഒരു ദാമ്പത്യ ജീവിതത്തിന്റെ തികഞ്ഞ ഉദാഹരണമാണ്. ഒരു ഭാര്യ എന്ന നിലയില്‍ പ്രവാചകനെ ഏറ്റവും നന്നായി പരിചരിക്കുകയും അതിരറ്റ് സ്‌നഹിക്കുകയും ചെയ്തു ആ മഹതി. തന്റെ ഭര്‍ത്താവിന്റെ അനിതര സാധാരണമായ സ്വഭാവ ഗുണങ്ങള്‍കൊണ്ട് തന്റെ ഭര്‍ത്താവ് സാധാരണക്കാരനല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. സൗന്ദര്യവും സന്‍മനസ്സും, കുലീനതയും, പ്രത്യുല്‍പ്പന്നമതിത്വവും ആര്‍ദ്രമായ മനസ്സും അവരുടെ പ്രത്യേകതയായിരുന്നു. സ്‌നേഹമെന്ന അടിസ്ഥാന വികാരം കൊണ്ട് കെട്ടിപ്പടുത്തിരുന്ന ആ ജീവിതം സന്തോഷദായകമാകാതിരിക്കുന്നതെങ്ങനെ?

മുഹമ്മദി(സ)ന് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് പതിനഞ്ചു വര്‍ഷം അവര്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു. സന്തോഷപ്രദവും സുഖദായകരവുമായ ദാമ്പത്യമായിരുന്നു ആ കാലമത്രയും. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ മാത്രയില്‍ തന്റെ ഉത്തരവാദിത്തവും കൂടിയിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. തന്റെ ഭര്‍ത്താവിന്റെ ദൗത്യപൂര്‍ത്തീകരണത്തിനു വേണ്ട എല്ലാ വിധ പിന്തുണയും സഹായവും അവര്‍ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിച്ചു. അല്ലാഹു മാത്രമാണ് ദൈവമെന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിച്ച അറേബ്യന്‍ സമൂഹത്തില്‍ നിന്ന് അദ്ദേഹത്തിന് പല രീതിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. താന്‍ പ്രബോധനം ചെയ്യുന്ന സത്യസന്ദേശത്തെ മക്കയിലെ നിഷേധികള്‍ ചെവിക്കൊള്ളാതെ അവഗണിക്കുകയും പ്രവാചകന്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ പ്രവാചകന് അവര്‍ നല്‍കിയ ധാര്‍മിക പിന്തുണയും ധൈര്യവും അദ്ദേഹത്തിന് വലിയ ആശ്വാസദായിനിയായിരുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തില്‍ 25 വര്‍ഷം പ്രവാചകനുമായി ദാമ്പത്യബന്ധം പുലര്‍ത്തിയ സഹധര്‍മ്മിണി ഖദീജ മാത്രമാണ്. അവരുടെ വിയോഗം പ്രവാചക ജീവിതത്തില്‍ തീര്‍ത്ത വിടവ് നികത്താനാകാത്തതായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റു പല വിവാഹം കഴിക്കുമ്പോഴും ഖദീജയ്ക്ക് പകരമാകാന്‍ അവര്‍ക്കാകില്ലെന്നു അദ്ദേഹത്തെപ്പോലെ പത്‌നിമാരും തിരിച്ചറിഞ്ഞു. മരണപ്പെട്ട ഖദീജയെ കുറിച്ചുള്ള സുന്ദര ഓര്‍മകള്‍ വിട്ടുപിരിയാത്ത പ്രവാചകനില്‍ മറ്റു ഭാര്യമാര്‍ക്ക് ഈര്‍ഷ്യ തോന്നുവോളം ഖദീജയോടുള്ള പ്രവാചകന്റെ സ്‌നേഹം നിലനിന്നിരുന്നു.

പ്രവാചകന്‍ (സ) ഖദീജയുടെ മരണ ശേഷം ഏതാനും വര്‍ഷങ്ങള്‍്ക്കു ശേഷമാണ് മറ്റൊരു വിവാഹം കഴിക്കുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ പല കാരണങ്ങളാല്‍ അല്ലാഹുവിന്റെ കല്‍പ്പനയ്ക്കുവഴങ്ങി തിരുമേനി പല വിവാഹ ബന്ധങ്ങളിലും ഏര്‍പ്പെടുകയുണ്ടായി. പ്രവാചകനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട അദ്ദേഹത്തിന്റെ മുഴുവന്‍ സഹധര്‍മിണികളും അദ്ദേഹത്തിന്റെ സ്‌നേഹവായ്പുകള്‍ അനുഭവിച്ചറിഞ്ഞു . പ്രവാചകന്‍ തിരുമേനി(സ)ക്ക്് അവരും അങ്ങേയറ്റത്തെ സ്‌നേഹാദരവുകള്‍ പകര്‍ന്നുനല്‍കി. പ്രവാചക ജീവിതത്തില്‍ നിന്ന് ഒരു ചെറിയ സംഭവം പോലും രേഖപ്പെടുത്താത്തതായി ഇല്ല. എന്നിട്ടും ഈ സഹധര്‍മിണികള്‍ അദ്ദേഹത്തോടോ പ്രവാചകന്‍ അവരോടോ അനിഷ്ടകരമായി പ്രവര്‍ത്തിച്ച ഒരു സംഭവം പോലും കാണാന്‍ സാധ്യമല്ല. ഭാര്യമാരെ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ഒരിക്കല്‍ പോലും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല.

തന്റെ പ്രിയ പത്‌നിമാരില്‍ ഒരാളായ ആയിശയോടു അവരുടെ മനസ്സില്‍ സന്തോഷമാണോ ദേഷ്യമാണോ എന്ന് തനിക്ക് അറിയാമെന്ന് പ്രവാചകന്‍ ഒരിക്കല്‍ അവരോട് പറഞ്ഞു. തന്റെ ഉള്ളിലെ ദേഷ്യം പുറത്തു പ്രകടിപ്പിക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നിട്ടും  തിരുമേനി ഇതെങ്ങനെ അറിഞ്ഞുവെന്നവര്‍ ആശ്ചര്യപ്പെട്ടു. പ്രവാചകന്‍ പറഞ്ഞു:

‘നിങ്ങള്‍ക്ക് എന്നോടു സ്‌നേഹം തോന്നുന്ന സന്ദര്‍ഭങ്ങളിലും നിങ്ങള്‍ക്കു എന്തെങ്കിലും ആവശ്യങ്ങള്‍ എന്നോടു ഉന്നയിക്കാനുണ്ടാവുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പറയും. ‘അല്ലാഹുവാണ, മുഹമ്മദിന്റെ ദൈവമാണ’ എന്നായിരിക്കും നിങ്ങളപ്പോള്‍ അഭിസംബോധന ചെയ്യുക. എന്നാല്‍ നിങ്ങള്‍ എന്നോടു ദ്യേഷ്യത്തിലാണെങ്കില്‍ അല്ലാഹുവാണ, ഇബ്രാഹിമിന്റെ ദൈവമാണ സത്യം എന്നായിരിക്കും നിങ്ങള്‍ പറയുക’. (ബുഖാരി, മുസ്‌ലിം)
തങ്ങളുടെ ദാരിദ്ര്യത്തിന് അല്‍പം ശമനം വേണമെന്ന് ആഗ്രഹിച്ച ഭാര്യമാരില്‍ ചിലരോട് അവര്‍ക്ക് വിവാഹമോചനം നല്‍കി സുഖജീവിതത്തിന് അവസരം നല്‍കാമെന്ന് തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍ ഈ ലോകത്ത് അവര്‍ക്കേറ്റവും പ്രിയപ്പെട്ടത് പ്രവാചകന്‍ തിരുമേനിയോടൊത്തുള്ള ജീവിതം തന്നെയായിരുന്നു. അത് വലിച്ചെറിഞ്ഞിട്ട് ലഭിക്കുന്ന യാതൊരു സുഖവും സന്തോഷവും അവര്‍ക്ക്് ആവശ്യമില്ലെന്ന് തിരുമേനിയുടെ മുമ്പില്‍ വന്ന് അവര്‍ തുറന്നുപ്രഖ്യാപിച്ചു. സമ്പന്നരായ പുരുഷന്‍മാരുമായി സുഖ സൗകര്യങ്ങള്‍ ലഭ്യമാകുന്ന വിവാഹ ജീവിതത്തിന് അവര്‍ക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാരണം, വിവാഹ മോചനം സര്‍വ സാധാരണമായിരുന്ന, വിധവകളെ പുനര്‍വിവാഹം ചെയ്യാന്‍ പുരുഷന്‍മാര്‍ക്ക് മടിയില്ലാതിരുന്ന ഒരു കാലത്താണ് പ്രവാചകന്‍ അവര്‍ക്കു മുമ്പില്‍ ഇത്തരമൊരു ഓഫര്‍ വെച്ചതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. എന്നിട്ടും അവര്‍ ഇഷ്ടപ്പെട്ടതു തിരുമേനിയോടൊത്തുള്ള ജീവിതം തന്നെയായിരുന്നു. അതില്‍ എത്രമാത്രം ദാരിദ്ര്യവും പട്ടിണിയും വിഷമതകളുണ്ടെങ്കിലും ശരി. അതവര്‍ സഹിക്കാന്‍ തയ്യാറുമായിരുന്നു. ഒരുവേള ഭൗതിക സുഖങ്ങള്‍ വേണമമെന്ന് അവര്‍ ആഗ്രഹിച്ചുപോയെന്നത് ശരി തന്നെ. എന്നാല്‍ അതിന് നല്‍കേണ്ട വില പ്രവാചകന്റെ ഭാര്യാപദവി ത്യജിക്കുക എന്നതാണെന്ന്  അവര്‍ ഒരിക്കലും കരുതിയില്ല. നേരത്തേ അവരതറിഞ്ഞിരുന്നുവെങ്കില്‍ പ്രസ്തുത ആവശ്യവും പറഞ്ഞ് അവര്‍ രംഗത്തെത്തുമായിരുന്നില്ല.
അതുവഴി ഇതരസ്ത്രീകള്‍ക്ക് ലഭിക്കാത്ത പദവിയാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. ‘സത്യവിശ്വാസികളുടെ മാതാക്കള്‍’ എന്ന സ്ഥാനം. പ്രവാചകന്റെ ഭാര്യാസ്ഥാനം അലങ്കരിച്ച മുഴുവന്‍ പത്‌നിമാരും അക്കാലത്തെയും ലോകാവസാനം വരേയ്ക്കുമുള്ള വിശ്വാസികളുടെ ഉമ്മമാരാണെന്ന പദവിയേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഈ ഭൗതിക ലോകത്ത് ഒരു സ്ത്രീക്ക് സ്വപ്‌നം കാണാന്‍ സാധിക്കില്ലല്ലോ.

മാര്‍ക് ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജ്യുകേഷനില്‍ ഇസ്‌ലാമിക വിഭാഗം ലക്ചററും അറബ് ന്യൂസ്, ശര്‍ഖുല്‍ ഔസത് പത്രങ്ങളില്‍ കോളമിസ്റ്റുമാണ് ലേഖകന്‍

Topics