വഖ്ഫ്

വഖ് ഫ്

വഖ്ഫ് എന്ന അറബി പദത്തിന്റെ അര്‍ഥം തടഞ്ഞുവെക്കുക (ഹബ്‌സ്) എന്നാണ്. വസ്തുക്കളെ ക്രയവിക്രയങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തി, പ്രസ്തുത മുതലില്‍നിന്ന് തേയ്മാനം വരാതെ നിയമാനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സാങ്കേതികമായി വഖ്ഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നു. ഇസ്‌ലാമില്‍ ആദ്യമായി വഖ്ഫ് ചെയ്ത വ്യക്തി ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആണെന്ന് ശിബ്‌ലി നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ജൂതനില്‍നിന്ന് അദ്ദേഹം റൂമാ കിണര്‍ മുപ്പത്തയ്യായിരം വെള്ളിനാണയങ്ങള്‍ വില കൊടുത്ത് വാങ്ങി അത് വഖ്ഫ് ചെയ്യുകയാണുണ്ടായത്. മദീനയില്‍ ഉണ്ടായിരുന്ന ഏകശുദ്ധ ജലധാരയായിരുന്നു റൂമാ കിണര്‍. അത് ജൂതന്‍മാരുടെ കുത്തകയായിരുന്നു.

അവര്‍ അതിന് ചുറ്റും വേലികെട്ടി ബന്ധിച്ച് ഒരു തോല്‍പാത്രം വെള്ളത്തിന് ഒരു സേര്‍ ധാന്യം വീതം വസൂലാക്കി ജനങ്ങളെ ചൂഷണംചെയ്തിരുന്നു. ശുദ്ധജലത്തിന് ക്ഷാമം നേരിട്ടപ്പോള്‍ എന്തുവിലയായാലും ആ കിണര്‍ വാങ്ങി വഖ്ഫ് ചെയ്യണമെന്ന് നബിതിരുമേനി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ അതുവാങ്ങി വഖ്ഫ് ചെയ്തത്. ഇതാണ് ആദ്യത്തെ വഖ്ഫ്. പിന്നീട് ഉമര്‍ ഇബ്‌നു ഖത്താബ് ഖൈബര്‍ യുദ്ധത്തില്‍ നേടിയ ഒരു തോട്ടം വഖ്ഫ് ചെയ്തു. നബിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അതും വഖ്ഫ് ചെയ്തത്. ‘വില്‍ക്കാനോ സൗജന്യം നല്‍കാനോ അനന്തരാവകാശമായി വിഭജിക്കാനോ പാടില്ലാത്ത ധര്‍മം’ എന്നാണ് അതിനെ സംബന്ധിച്ച് അദ്ദേഹം രേഖപ്പെടുത്തി വെച്ചിട്ടുള്ളത്(ബുഖാരി). ഇസ്‌ലാമിലെ പ്രഥമ വഖ്ഫ് ഇതാണെന്നാണ് ചിലരുടെ അഭിപ്രായം(മുഗ്‌നി). നബിയുടെ കാലത്തുതന്നെ ധാരാളം വഖ്ഫുകളുണ്ടായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തികശേഷിയുള്ള സ്വഹാബികളെല്ലാവരും വഖ്ഫ് ചെയ്തിട്ടുണ്ടെന്ന് ജാബിറും അങ്ങനെയുള്ള എണ്‍പതോളം അന്‍സാരി സ്വഹാബികള്‍ തന്റെ അറിവില്‍ പെട്ടിട്ടുണ്ടെന്ന് ഇമാം ശാഫിഈയും രേഖപ്പെടുത്തിയിട്ടുണ്ട് (മുഗ്‌നി). ‘നിങ്ങള്‍ക്ക് പ്രിയങ്കരമായിട്ടുള്ളത് ഏതോ, അതില്‍നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ പുണ്യം കരസ്ഥമാക്കുകയില്ല’ എന്ന വിശുദ്ധഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍, അബൂ ത്വല്‍ഹ(റ) അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ‘ബൈറുഹാഅ്് ‘ തോട്ടം വഖ്ഫ് ചെയ്യുകയുണ്ടായി. ഇപ്രകാരം നബിയുടെ കാലത്തുതന്നെ ധാരാളം വഖ്ഫുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്പഷ്ടമാണ്.
വഖ്ഫിന്റെ അടിസ്ഥാനത്തില്‍ മതിയായ രേഖകളാണ് ഇവ.

ഇസ്‌ലാമിന് മുമ്പ് അറേബ്യയില്‍ ഭൂസ്വത്തുക്കള്‍ക്കോ വീടുകള്‍ക്കോ വഖ്ഫ് സമ്പ്രദായം ഉണ്ടായിരുന്നില്ലെന്നാണ് പൊതുവെ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. നബിയുടെ കാലത്താണ് ഈ സമ്പ്രദായം ആരംഭിച്ചതെന്ന് ഹദീസുകളില്‍ കാണാമെങ്കിലും ഖുര്‍ആനില്‍ ഇതിനെ സംബന്ധിച്ച് പരാമര്‍ശമില്ല. അനസ് ബ്‌നു മാലിക് റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ ബനൂ നജ്ജാര്‍ ഗോത്രക്കാരില്‍നിന്ന് കുറച്ചുഭൂമി വിലക്ക് വാങ്ങി പള്ളിനിര്‍മിക്കാന്‍ പ്രവാചകതിരുമേനി ആഗ്രഹം പ്രകടിപ്പിച്ചു. ഭൂമി അവര്‍ നല്‍കിയെങ്കിലും അതിന്റെ വില വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. പകരം അവരത് അല്ലാഹുവിന്റെ പേരില്‍ ദാനം ചെയ്യുകയാണുണ്ടായത്(ബുഖാരി, വസ്വായാ ബാബ് 28,31,35). ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഉമര്‍ ഖൈബര്‍ യുദ്ധത്തില്‍ ലഭിച്ച ഫലസമൃദ്ധമായ ഒരു തോട്ടം സദഖ നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: ‘വസ്തു അപ്പടി നിലനിര്‍ത്തുക. അതിന്റെ ഫലങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ക്ക് വിനിയോഗിക്കുക'(ഹബ്ബിസ്് അസ്വ്‌ലഹാ വ സബ്ബില്‍ സംറതഹാ). ഉമര്‍ അപ്രകാരം വസ്തു ക്രയവിക്രയം ചെയ്യാനോ അനന്തരാവകാശം നല്‍കാനോ സാധിക്കാത്ത വിധത്തില്‍ സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും അടിമകള്‍ക്കും യാത്രക്കാര്‍ക്കും ദീന്‍പ്രചാരണപ്രവര്‍ത്തനങ്ങള്‍(ഫീ സബീലില്ലാഹ്)ക്കും മറ്റുമായി സദഖ നല്‍കി. വസ്തു നടത്തിപ്പുകാരന് അതില്‍നിന്ന് ഭക്ഷിക്കുന്നതിനോ സുഹൃത്തുക്കളെ സല്‍ക്കരിക്കുന്നതിനോ വിരോധമുണ്ടായിരുന്നില്ല. മറ്റൊരു ഹദീസില്‍ അതൊരു ഈത്തപ്പഴത്തോട്ടമാണെന്ന് കാണുന്നു. അനസ് ഇബ്‌നു മാലിക് നിവേദനം ചെയ്ത മൂന്നാമത്തെ ഹദീസ് ഒരു കുടുംബദാന വസ്തുവെ കുറിച്ചുള്ളതാണ്. ഖുര്‍ആന്‍ സൂക്തം(ആലുഇംറാന്‍ 92) അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ മദീനയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ബൈറുഹാഅ് തോട്ടം ദാനം ചെയ്തതിനെ സംബന്ധിച്ചുള്ളതാണ്. തിരുനബി പ്രസ്തുത തോട്ടം അബൂ ത്വല്‍ഹക്കുതന്നെ നല്‍കി ബന്ധുക്കള്‍ക്ക് ദാനവസ്തുവായി ഉപയോഗിക്കാന്‍ അദ്ദേഹത്തെതന്നെ ഏല്‍പിക്കുകയുണ്ടായി. അബൂത്വല്‍ഹ അത് ഉബൈസിനും ഹസ്സാന്നും സ്വദഖയായി നല്‍കി. ബുഖാരി ഉദ്ധരിക്കുന്ന മറ്റുചില ഹദീസുകളില്‍ (വസ്വായാ, ബാബ് 12) ബലിമൃഗത്തെ സംബന്ധിച്ചും (വസ്വായാ ബാബ് 32) സവാരി ചെയ്യുന്ന ഒട്ടകത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ജംഗമവസ്തുക്കളിന്‍മേലുള്ള വഖ്ഫിന് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഹദീസുകളുമുണ്ട്.

മേല്‍പറഞ്ഞ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് ഇസ് ലാമിക കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ വഖ്ഫുകളെക്കുറിച്ചുള്‌ല ആധികാരിക നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഭൂസ്വത്തുക്കള്‍, വൃക്ഷങ്ങള്‍, ആഭരണങ്ങള്‍ മുതലായവ വഖ്ഫ് ചെയ്യാവുന്നതാണ്. സ്വത്തുക്കളുടെയും വൃക്ഷങ്ങളുടെയും ആദായം എടുക്കുകയും ആഭരണങ്ങള്‍ ഉപയോഗിക്കുകയുംചെയ്യുന്നതുകൊണ്ട് അവയ്ക്ക് തേയ്മാനം സംഭവിക്കുകയില്ല. ഉപയോഗം നിമിത്തം തേയ്മാനം വരുന്നുവെങ്കില്‍ വഖ്ഫ് സാധുവാകുകയില്ല. കത്തിച്ചുവെക്കുന്നതിന് മെഴുകുതിരിയും തേച്ചുകുളിക്കുന്നതിന് സോപ്പും ഉണ്ണ്ുന്നതിന് ആഹാരവും കുടിക്കുന്നതിന് വെള്ളവും വഖ്ഫ് ചെയ്യുന്നത് സാധുവാകുകയില്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured