Health

രോഷം ശക്തിയും ദൗര്‍ബല്യവുമാണ്

ജീവിതവ്യവഹാരങ്ങളില്‍ സമര്‍ഥമായി ഇടപെടാനും നിലനില്‍പ്പ് ഉറപ്പുവരുത്താനും ആവശ്യമായ വിവിധ കഴിവുകള്‍ പ്രദാനം ചെയ്തുകൊണ്ടാണ് ദൈവം മനുഷ്യരെ ഭൂമിയിലേക്കയച്ചത്. സ്‌നേഹിക്കാനും രോഷം പ്രകടിപ്പിക്കാനും ചിന്തിക്കാനും വിഭാവനം ചെയ്യാനുമുള്ള കഴിവുകള്‍ വേണ്ടത്ര അളവില്‍ വ്യക്തിയില്‍ പ്രകടമാവുമ്പോള്‍ മാത്രമേ അയാളുടെ വ്യക്തിത്വം കരുത്തുനേടുകയുള്ളൂ. ഇവയില്‍ ഓരോ കഴിവിനെയും അതിന്റെ പ്രയോജനങ്ങളെയും കുറിച്ചു പഠിച്ചവര്‍ നിരവധിയുണ്ട്. മതപണ്ഡിതന്മാരും ധര്‍മമീമാംസകരും ഈ കഴിവുകളുടെ അഭാവത്തില്‍ വ്യക്തിയിലും അതുവഴി സമൂഹത്തിലും സംഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചു പറഞ്ഞുതരുന്നുണ്ട്.

സ്‌നേഹിക്കാനും ചിന്തിക്കാനും വിഭാവനം ചെയ്യാനും പ്രോല്‍സാഹനവും പ്രചോദനവും ലഭിക്കുമ്പോഴും ക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ വ്യക്തികള്‍ പലപ്പോഴും നിര്‍ബന്ധിക്കപ്പെടുന്നു. അതൊരു ഗുണമാണെന്നു പൊതുവെ മനസ്സിലാക്കുന്നില്ല. അതിന്റെ അഭാവത്തില്‍ പല നേട്ടങ്ങളും കൈവരിക്കാന്‍ മനുഷ്യനു കഴിയില്ല. പര്യാപ്തമായ അളവില്‍ ഒരു വ്യക്തിയില്‍ കോപം അല്ലെങ്കില്‍ ക്ഷോഭം പ്രകടമാവുന്നില്ലെങ്കില്‍ അതയാളുടെ വ്യക്തിത്വത്തിന്റെ ദൗര്‍ബല്യവും ചാപല്യവുമായാണ് പരിഗണിക്കേണ്ടത്. ആ ഗുണത്തിന്റെ കുറവ് ഭയം, സങ്കോചം, ആലസ്യം തുടങ്ങിയ അനേകം ദൂഷ്യങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കും. ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ മര്‍ദ്ദിതാവസ്ഥയ്ക്കു കീഴൊതുങ്ങാന്‍ വ്യക്തി നിര്‍ബന്ധിതനാവും. ഏകാധിപതികള്‍ക്കെതിരിലോ അക്രമികള്‍ക്കെതിരിലോ

അത്തരം വ്യക്തികളില്‍ നിന്ന് ഒരു പ്രതിഷേധവും ഉയര്‍ന്നുവരുകയില്ല.

ആ ഒരവസ്ഥയില്‍ മയക്കത്തിലും വിസ്മൃതിയിലും നിസ്സംഗതയിലും വ്യക്തി ശരണംപ്രാപിക്കും. വ്യക്തിക്കും കുടുംബത്തിനും ഏല്‍ക്കുന്ന അപമാനവും അവമതിയും സൗമ്യഭാവത്തോടെ സഹിക്കുക എന്ന നിലയിലേക്ക് അത് അയാളെ കൊണ്ടുചെന്നെത്തിക്കും.

ഒരു വിവേചനവും കൂടാതെ കോപത്തെ വേരോടെ പിഴുതെറിയണമെന്ന് ഉല്‍ബോധിപ്പിക്കുന്നവരുണ്ട്. മതത്തിനും ധാര്‍മികതയ്ക്കും പൊരുത്തപ്പെടുന്നതല്ലെന്നു കരുതി ആ ഗുണത്തെ നിര്‍ജീവമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മനുഷ്യന്റെ പൂര്‍ണതയെ കുറിച്ചു മനസ്സിലാക്കാത്തവരാണ് വാസ്തവത്തില്‍ അവര്‍. മനുഷ്യനും മൃഗങ്ങള്‍ക്കും ഇതര ജന്തുജാലങ്ങള്‍ക്കും സര്‍വജ്ഞനായ ദൈവം ഈ ശക്തി പ്രദാനം ചെയ്തത് വെറുതെയല്ലെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ജീവന്റെയും സ്വത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണം, ദേഹേച്ഛയ്‌ക്കെതിരേയുള്ള സമരം, വിപ്ലവശ്രമങ്ങള്‍ തുടങ്ങിയവയൊന്നും രോഷത്തിന്റെ അഭാവത്തില്‍ കഴിയുകയില്ല. സ്വാതന്ത്ര്യത്തിന്റെ നേരെ ഉയരുന്ന വെല്ലുവിളികളും അവകാശലംഘനങ്ങളും ചെറുത്തുതോല്‍പ്പിക്കാനാവുക വികാരഭരിതരാവുന്ന വ്യക്തികള്‍ക്കാണ്. അക്രമങ്ങളും ദ്രോഹനടപടികളും പരാജയപ്പെടുത്താന്‍ കഴിയുക രോഷം മനുഷ്യമനസ്സില്‍ കുത്തിനിറയ്ക്കുന്ന വിപ്ലവത്വരകൊണ്ടും സമരാവേശം കൊണ്ടുമാണ്.

സത്യവാന്മാരുടെ ഒരു ഗുണമായി ദൈവം പറഞ്ഞത് അസത്യവാദികളോട് അവര്‍ കാര്‍ക്കശ്യം കാണിക്കുമെന്നാണ്. തിന്മയെ തടയുന്നവര്‍ എന്നാണ് മുഹമ്മദ് നബി സത്യവാന്മാരെ വിശേഷിപ്പിച്ചത്.

മനുഷ്യപ്രകൃതിയില്‍ തന്നെയുള്ള ഗുണം ചിലപ്പോള്‍ അത് പ്രകടമാവാത്ത വിധം സുഷുപ്താവസ്ഥയിലോ നിശ്ചേതനാവസ്ഥയിലോ ആയിരിക്കാം. പര്യാപ്തമായ നിലയില്‍ അത് വികസിപ്പിക്കാന്‍ ആവശ്യമായ ചില പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സാഹസിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുകയെന്നതാണ് ഒന്ന്. സമരശ്രമങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുക്കുകയാണ് മറ്റൊന്ന്. ഈ ഗുണം പോഷിപ്പിക്കാനായി അപകടങ്ങള്‍ പതിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുക ചില ജ്ഞാനികള്‍ പതിവാക്കിയിരുന്നുവത്രെ. അപരിചിതമായ സ്ഥലങ്ങളില്‍ താമസിച്ചാണ് ചിലര്‍ ആ ഗുണത്തെ ചൈതന്യവത്താക്കിയത്. ശക്തമായ കാറ്റിലും കോളിലുമായി ഇളകിമറിയുന്ന സന്ദര്‍ഭങ്ങളില്‍ സമുദ്രസഞ്ചാരം നടത്തിയവരുമുണ്ട്.

തീര്‍ച്ചയായും വ്യക്തിയെ അവിവേകിയാക്കും വിധമുള്ള കോപം ഒരു ഗുണമല്ല, ഒരു ദൗര്‍ബല്യമാണ്. തേനിനെ ദുഷിപ്പിക്കുന്ന കറ്റാര്‍വാഴനീരിനോടാണ് നന്മയെ ഹനിക്കുന്ന ഈ നികൃഷ്ടഗുണത്തെ മുഹമ്മദ് നബി ഉദാഹരിച്ചത്.

പണത്തോടും സമ്പത്തിനോടും വസ്തുവകകളോടും അധികാരസ്ഥാനങ്ങളോടും പദവികളോടുമുള്ള കൊതിയും ദുരയുമാണ് ഈ നികൃഷ്ടവികാരത്തിന് വെള്ളവും വളവുമായി വര്‍ത്തിക്കുന്നത് എന്നു ജ്ഞാനികള്‍ നമുക്ക് പറഞ്ഞുതരുന്നു. ജനസമൂഹങ്ങളെ ബോംബിട്ടു കൊല്ലുന്ന സമ്രാട്ടുകള്‍ മുതല്‍ നിരപരാധികളെ മര്‍ദ്ദിച്ചവശരാക്കുന്ന നമ്മുടെ നാട്ടിലെ നിയമപാലകര്‍ വരെ ആ പാഠം ശരിവയ്ക്കുന്നുണ്ട്.

കടപ്പാട്: thejasnews.com

Topics