ഞാനറിഞ്ഞ ഇസ്‌ലാം

യേശു എന്നെ ഇസ്‌ലാമിലേക്ക് വഴികാട്ടി: ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ അദിബയോര്‍

ഇസ്‌ലാമിന്റെയും ക്രൈസ്തവവിശ്വാസസംഹിതയുടെയും സാമ്യമാണ് തന്നെ സത്യസരണിയിലേക്ക് വഴിനടത്തിച്ചതെന്ന് ടോട്ടന്‍ ഹാം സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ അദിബയോര്‍. തന്റെ നിരീക്ഷണത്തില്‍ ബോധ്യമായ കാര്യങ്ങളെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:

‘എല്ലാറ്റിലും മുഖ്യകല്പനയോ’യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.'(മാര്‍ക്കോസ് 12:29,)

‘യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ’ (ആവര്‍ത്തനപുസ്തകം 6:4) എന്നാണ് യേശുപഠിപ്പിച്ചത്. യേശു പന്നിയിറച്ചി തിന്നാറുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ അതിനെ ഹറാമായി കണക്കാക്കുന്നു. നിങ്ങള്‍ക്ക് സമാധാനം ഭവിക്കട്ടെ എന്ന ആശംസാവാചകം മുസ്‌ലിംകള്‍ ഉപയോഗിക്കുന്നതുപോലെ യേശുവും പറയാറുണ്ടായിരുന്നു. അതുപോലെ ദൈവഹിതത്താല്‍ (ഇന്‍ശാ അല്ലാഹ് എന്നാണ് മുസ്‌ലിംകള്‍ പറയുക) എന്ന് യേശുവും അനുസ്മരിക്കാറുണ്ടായിരുന്നു.

യേശു പ്രാര്‍ഥനയ്ക്കുമുമ്പായി മുഖവും കൈയ്യും പാദങ്ങളും കഴുകിവൃത്തിയാക്കിയിരുന്നു. ഇന്ന് മുസ്‌ലിംകളാണ് അപ്രകാരം ചെയ്യുന്നത്. ഖുര്‍ആനില്‍ ഇപ്രകാരം കാണാം:”മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവനെ സാഷ്ടാംഗം പ്രണമിക്കുക. തല കുനിക്കുന്നവരോടൊപ്പം നമിക്കുക'(ആലുഇംറാന്‍ 43) ഭൂമിയില്‍ മുഖംചേര്‍ത്തുവെച്ച് യേശുവും ഇതരപ്രവാചകന്‍മാരും പ്രാര്‍ഥിച്ചിരുന്നു. അതേപോലെ മുസ്‌ലിംകള്‍ സുന്നത്തായി കണക്കാക്കുന്ന താടിയും തലപ്പാവും യേശുവും മുറുകെപ്പിടിച്ചിരുന്നു. 

യേശു  ‘ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു'(മത്തായി 5:17) എന്ന് പ്രഖ്യാപിച്ച് വേദകല്‍പനകളെയും മുന്‍പ്രവാചകന്‍മാരെയും അംഗീകരിച്ചു. മുസ്‌ലിംകളോട് ഖുര്‍ആന്റെ കല്‍പനയും അതുതന്നെയായിരുന്നു:’പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത് എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുന്നവരുമാണ്.'(ആലുഇംറാന്‍ 84)

ഇസ്‌ലാമികസമൂഹത്തിലെ സ്ത്രീകള്‍ ശരീരം മൂടുന്ന വസ്ത്രധാരണം സ്വീകരിച്ചപോലെ യേശുവിന്റെ മാതാവ് മര്‍യമും ഹെഡ്‌സ്‌കാര്‍ഫും നീളന്‍ വസ്ത്രവും അണിഞ്ഞിരുന്നു.  അതുപോലെത്തന്നെ വ്രതാനുഷ്ഠാനം ഇസ്‌ലാമിലുണ്ട്. അത്  നാല്‍പതുദിവസത്തെ നോമ്പായി ക്രൈസ്തവര്‍ ആചരിക്കുന്നു.’അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു;’ എന്ന് പുറപ്പാട് പുസ്തകം 34 -ാം അധ്യായം 28-ാം വചനത്തില്‍ കാണാം. റമദാന്‍ മാസത്തിലാണ് മുസ്‌ലിംകള്‍ നോമ്പനുഷ്ഠിക്കുന്നത്. അതിനുശേഷം വരുന്ന ശവ്വാല്‍മാസത്തില്‍ കൂടുതല്‍ പ്രതിഫലം മോഹിച്ച് 6 ദിവസംകൂടി അവര്‍ ഐശ്ചികവ്രതം സ്വീകരിക്കുന്നു.

‘ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്‍'(ലൂക്കോസ് 10:5)എന്ന്  ക്രൈസ്തവരോട് കല്‍പിക്കുന്നു. യേശു തന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചതും മറ്റുള്ളവരോട് ഉപദേശിച്ചതും അതായിരുന്നു. ‘എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം'(അന്നൂര്‍ 61) എന്ന ഖുര്‍ആനികനിര്‍ദേശമനുസരിച്ച് മുസ്‌ലിംകള്‍ അത് ആചരിക്കുന്നത് നമുക്ക് കാണാനാകുന്നു.

യേശു പരിഛേദന നടത്തിയിരുന്നു. ഇസ് ലാമിന്റെ ചിഹ്നമായതുകൊണ്ട് മുസ്‌ലിംപുരുഷന്‍മാര്‍ പരിഛേദന സ്വീകരിച്ചിരിക്കുന്നു.

യേശുവിന്റെ സംസാരഭാഷയും പുരാതന വേദഭാഷയുമായ അരാമികില്‍ ദൈവത്തിന് ഇലാഹ് എന്നാണ് പറയുക. മുസ്‌ലിംകള്‍ പറയാറുള്ള അല്ലാഹുവാണ് അത്. ഹിബ്രു, അറബി, അസ്സീറിയന്‍-ബാബിലോണിയന്‍ ഭാഷ അക്കാദിന്‍ എന്നിവയുടെ പരമ്പരയില്‍ പെട്ടതാണ് അരാമിക്ഭാഷ.

സഹോദരങ്ങളേ, യഥാര്‍ഥത്തില്‍ യേശുവിന്റെ അനുയായികള്‍ ഇസ്‌ലാംമതവിശ്വാസികളായ മുസ്‌ലിംകളല്ലേ. എനിക്കുതോന്നുന്നു ഞാനാണ് യേശുവിന്റെ യഥാര്‍ഥഅനുയായിയെന്ന്’ 31 കാരനും ആഴ്‌സണലിന്റെ മുന്‍ കളിക്കാരനുമായ ഇമ്മാനുവല്‍ പുഞ്ചിരിയോടെ മൊഴിയുന്നു.

Topics