തെറ്റുധാരണകള്‍ മുഹമ്മദ്‌

മുഹമ്മദ് നബിക്ക് സ്വയം സമര്‍പ്പിച്ച സ്ത്രീകളോ?

‘….സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനംചെയ്യുകയും അവളെ വിവാഹംകഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല…'(അല്‍അഹ്‌സാബ് 50) എന്ന സൂക്തത്തെ മുന്‍നിര്‍ത്തി പ്രവാചകന്‍ തന്നിഷ്ടപ്രകാരം നിയമമുണ്ടാക്കി ഒട്ടേറെപേരെ വരുതിയില്‍നിര്‍ത്തി എന്ന് യുക്തിരഹിതമായ ആരോപണമുന്നയിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ സ്വയം സമര്‍പിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസമെന്താണ്? സ്വയം സമര്‍പിച്ചവരെ വിവാഹംകഴിക്കുമ്പോള്‍ മഹ്‌റ് നല്‍കേണ്ടതില്ലെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഇബ്‌നുകസീര്‍, ഇബ്‌നുജരീറുത്ത്വബരി പോലുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് സംശയമില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന് ഇവ്വിധം മഹ്‌റ് നല്‍കാതെ വിവാഹംകഴിക്കാന്‍ അനുവാദമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും അദ്ദേഹം അത് ഉപയോഗപ്പെടുത്തിയിട്ടില്ല. എല്ലാ ഭാര്യമാര്‍ക്കും നല്‍കിയത് അഞ്ഞൂറ് ദിര്‍ഹമോ സമാനമായതോ ആണെന്ന് ഇമാം മുജാഹിദും മറ്റുപണ്ഡിതന്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്തമായുള്ളത് ഉമ്മുഹബീബയുമായുള്ള വിവാഹമാണ്. ഏത്യോപ്യയിലായിരുന്ന അവരുടെ വിവാഹത്തിന് നേതൃത്വം നല്‍കിയതും മഹ്‌റ് നല്‍കിയതും രാജാവ് നജ്ജാശിയാണല്ലോ. നാനൂറ് ദിര്‍ഹമായിരുന്നു അദ്ദേഹം നല്‍കിയ മഹ്‌റ്. ഹുയയ്യിന്റെ മകള്‍ സ്വഫിയ്യക്കുള്ള മഹ്‌റ് അടിമത്തത്തില്‍നിന്നുള്ള അവരുടെ മോചനമായിരുന്നു സാബിത് ബ്‌നു ഖൈസുമായുണ്ടാക്കിയ മോചനകരാര്‍ പത്രമായിരുന്നു ജുവൈരിയക്കുള്ള മഹ്‌റ്. ഇങ്ങനെ മഹ്‌റ് നല്‍കാതെ പ്രവാചകന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ല.

പ്രവാചകന്റെ മുന്നില്‍ സ്വന്തത്തെ സമര്‍പിച്ച ഒരു സ്ത്രീയെ സംബന്ധിച്ച് സഹ് ലുബ്‌നു സഅ്ദ് പറഞ്ഞ സംഭവം ഇമാം അഹ് മദ് ഉദ്ധരിക്കുന്നുണ്ട്. അവര്‍ നബിതിരുമേനിയോട് പറഞ്ഞു: ‘ഞാന്‍ എന്നെ അങ്ങയ്ക്ക് സമര്‍പിച്ചിരിക്കുന്നു.’ പ്രവാചകന്‍ നിശബ്ദത പാലിച്ചു. ആ സ്ത്രീ ദീര്‍ഘനേരം അവിടെ നിന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പ്രവാചകനോട് പറഞ്ഞു. ‘അങ്ങേയ്ക്ക് താല്‍പര്യമില്ലെങ്കില്‍ ഞാന്‍ വിവാഹംചെയ്തുകൊള്ളാം’. ആ സ്ത്രീയുടെ സമ്മതത്തോടെ നബിതിരുമേനി അവരെ അയാള്‍ക്ക് വിവാഹംചെയ്തുകൊടുത്തു.

ഹാരിസ് മകള്‍ മൈമൂന, അസദ് ഗോത്രക്കാരി ഉമ്മു ശരീക്, ഉമ്മുല്‍ മസാകീനായി അറിയപ്പെടുന്ന സൈനബ് ബിന്‍ത് ഖുസൈമ, ബനൂ സുലൈം ഗോത്രത്തിലെ ഹകീമിന്റെ മകള്‍ ഖൗല പോലുള്ള ചിലര്‍ പ്രവാചകന് തങ്ങളെ സ്വയം സമര്‍പിച്ചതായി റിപോര്‍ട്ടുകളുണ്ട്. അവരെയൊക്കെ പ്രവാചകനുമായി ചേര്‍ത്തുപറയുകയാണ് നിരീശ്വരവാദികള്‍ ചെയ്യുന്നത്. എന്നാല്‍ മൈമൂന, ഉമ്മുല്‍മസാകീന്‍ സൈനബ് പോലുള്ളവര്‍ പ്രവാചകപത്‌നിമാരാണ്. വിവാഹം കഴിച്ചവരെയല്ലാതെ സ്വയം സമര്‍പിച്ച ആരെയും പ്രവാചകന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇബ്‌നു അബ്ബാസ് പറഞ്ഞതായി ഇബ്‌നു അബീഹാതിം റിപോര്‍ട്ട് ചെയ്യുന്നു. ഇതേ കാര്യം യൂനുസ്ബ്‌നു ബുകൈറയില്‍നിന്ന് ഇബ്‌നുജരീറും ഉദ്ധരിക്കുന്നു. ഇമാം മുജാഹിദ് പ്രാമുഖ്യം നല്‍കിയതും ഇതേ അഭിപ്രായത്തിനാണ്. ഭാര്യമാരോടൊത്തല്ലാതെ മറ്റാരെയും പ്രവാചകന്‍ ജീവിതം പങ്കിട്ടിട്ടുമില്ല. പ്രാമാണികചരിത്രരേഖകളിലൊന്നും അത്തരമൊരു സംഭവവുമില്ല.
തന്നെ വിവാഹം കഴിക്കാന്‍ പ്രവാചകനോടാവശ്യപ്പെട്ട മൈമൂനയെ സംബന്ധിച്ചാണ് പ്രസ്തുത സൂക്തമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രവാചകന്റ പിതൃവ്യന്‍ അബ്ബാസാണ് അവരെ വിവാഹംചെയ്തുകൊടുക്കാന്‍ മുന്‍കൈ എടുത്തതും മഹ്‌റ് കൊടുത്തതും.

ശൈഖ് മുഹമ്മദ് കാരക്കുന്ന്

Topics