മന്‍സൂറിന്റെ മരണശേഷം പുത്രന്‍ മുഹമ്മദുല്‍ മഹ്ദി ഭരണമേറ്റു. ലോലഹൃദയനും സുഖലോലുപനുമായിരുന്നെങ്കിലും ഉത്തരവാദിത്വബോധമുള്ള ഭരണാധികാരിയായിരുന്നു ഇദ്ദേഹം. മന്‍സൂറിന്റെ കാലത്ത് നടന്ന കലാപങ്ങളില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ അക്രമമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവര്‍ക്ക് അദ്ദേഹം തിരിച്ചുകൊടുത്തു. അക്രമങ്ങള്‍ക്ക് അറുതിവരുത്തുകയും നീതിയും ന്യായവും നടപ്പിലാക്കുകയും ചെയ്തതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് മഹ്ദി പ്രിയപ്പെട്ടവനായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ വിശ്വാസവ്യതിയാനത്തിന് ശ്രമം നടത്തിക്കൊണ്ടിരുന്ന സിന്‍ദീഖുകളുടെ ആദര്‍ശങ്ങളെ ഖണ്ഡിക്കുകയും ഇസ്‌ലാമിക ദര്‍ശനങ്ങളെ സ്ഥാപിക്കുകയും ചെയ്യുന്ന കൃതികള്‍ എഴുതിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു.
പത്തുവര്‍ഷം നീണ്ടുനിന്ന മഹ്ദിയുടെ ഭരണത്തില്‍ രാജ്യത്ത് സമാധാനവും ക്ഷേമവും കളിയാടി. അതിര്‍ത്തിയില്‍ റോമന്‍ ആക്രമണത്തെ ശക്തിയായി നേരിട്ടു. ഹിജറ 165 ല്‍ മുസ്‌ലിം സൈന്യം റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഖുസ്തന്‍ത്വീനിയ്യയില്‍ (കോണ്‍സ്റ്റാന്റിനോപ്പിളില്‍) പ്രവേശിച്ചു. റോമാ ചക്രവര്‍ത്തി വര്‍ഷം തോറും കപ്പം കൊടുക്കാമെന്ന ഉടമ്പടിയിലാണ് യുദ്ധം അവസാനിച്ചത്. മഹ്ദിയുടെ പുത്രനും കേവലം 17 വയസ്സ് മാത്രം പ്രായമുള്ള ധീരനായ ഹാറൂന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇദ്ദേഹമായിരുന്നു പില്‍ക്കാലത്ത് ഹാറൂണ്‍ അല്‍റഷീദ് എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നത്.
Add Comment