മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്

മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ് (ക്രി. 1703-1792)

പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച നവോത്ഥാന നായകനാണ് ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്. ഡല്‍ഹിയില്‍ ഷാ വലിയുല്ലാ എന്ന പരിഷ്‌കര്‍ത്താവിനെ സൃഷ്ടിച്ച അതേ സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് ഏതാണ്ട് അതേകാലത്തുതന്നെ മറ്റൊരു തട്ടകത്തില്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബിലെ പരിഷ്‌കര്‍ത്താവിനു ജന്‍മം നല്‍കിയത്. വിശാലമായ ഇസ്‌ലാമിക ലോകത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും ബാധിച്ച വിശ്വാസപരവും ധാര്‍മികവുമായ ജീര്‍ണതകള്‍ക്കെതിരിലായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ആരോഗ്യകരമായ വാദപ്രവാദങ്ങളിലൂടെയും മറ്റു പ്രചാരണ മാര്‍ഗങ്ങളിലൂടെയും തൗഹീദിന്റെ മൗലിക പ്രമാണങ്ങള്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. അതുവഴി കുറേ ആളുകള്‍ തന്റെ പ്രബോധനം സ്വീകരിച്ചപ്പോള്‍ അതിലുമെത്രയോ ഇരട്ടിയാളുകള്‍ ശത്രുക്കളായി മാറി. സത്യപ്രബോധനത്തിന്റെ സമ്പൂര്‍ണവിജയത്തിന് രാഷ്ട്രീയ ശക്തികൂടി ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഗോത്രത്തലവന്‍മാരോടും നാട്ടുപ്രമാണിമാരോടും സഹകരണം അഭ്യര്‍ഥിച്ചു. ദിര്‍ഇയ്യഃയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദുബ്‌നു സുഊദില്‍നിന്നാണ് പ്രതീക്ഷിച്ച സഹകരണം ലഭിച്ചത്. ഇബിനുസുഊദിന്റെ രാഷ്ട്രീയമായ പിന്‍ബലം ശൈഖിന്റെ പ്രസ്ഥാനത്തിന് ഇസ്‌ലാമിക ചരിത്രത്തിലെ വിജയം വരിച്ച നവോത്ഥാന പ്രസ്ഥാനം എന്ന പദവി നേടിക്കൊടുത്തു. ഭരണസ്വാധീനമുപയോഗിച്ച് ബഹുദൈവത്വപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടച്ചുനീക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പ്രവാചകന്റെ പാദസ്പര്‍ശമേറ്റ മക്കയും മദീനയും ഇന്നും ബഹിദൈവത്വപരമായ ആചാരങ്ങളില്‍നിന്ന് രക്ഷപ്പെട്ടു നില്‍ക്കുന്നത് അബ്ദുല്‍ വഹ്ഹാബിന്റെ പ്രസ്ഥാനത്തിന്റെ സ്വാധീനഫലമാണ്. ഇന്ന് ഇസ്‌ലാമിക ലോകത്തിന്റെ പലഭാഗങ്ങളിലും സ്വന്തമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുമായി സജീവമായി നിലനില്‍ക്കുന്ന സലഫീചിന്താധാരയുടെ പ്രധാന ശക്തിസ്രോതസ്സ് ശൈഖ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹ്ഹാബിന്റെ അധ്യാപനങ്ങളാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured