ഏതൊന്നിനെ സാക്ഷാല്‍കരിക്കലാണോ ശരീഅത്ത് നിയമങ്ങളുടെ ലക്ഷ്യം, അതാണ് മസ്‌ലഹത്ത്. ചില മസ്‌ലഹത്തുകളെ ശരീഅത്ത് പരിഗണിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ഇവയാണ് മസ്‌ലഹഃ മുര്‍സലഃ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യ ജീവന്റെ സുരക്ഷക്കു വേണ്ടി പ്രതിക്രിയ എന്ന നിയമമുണ്ടാക്കിയത് ശരീഅത്ത് പരിഗണിച്ച മസ്‌ലഹത്തിനുദാഹരണമാണ്. കടംകൊടുത്തത് തിരികെവാങ്ങുമ്പോള്‍ കൂടുതലായി വാങ്ങുക (പലിശ) എന്നത് ശരീഅത്ത് നിരാകരിച്ച മസ്‌ലഹത്തുകളില്‍ പെട്ടതാണ്. എന്നാല്‍, കുറ്റവാളികളെ ശിക്ഷിക്കാന്‍ ജയില്‍ സംവിധാനം ഒരുക്കുക, സാമ്പത്തിക ഇടപാടുകളുടെ സുഗമമായ നടത്തിപ്പിന് നാണയ സമ്പ്രദായം ഒരുക്കുക തുടങ്ങിയവ ശരീഅത്ത് വേണമെന്നോ വേണ്ടെന്നോ പറഞ്ഞിട്ടില്ല. ശരീഅത്ത് മൗനം പാലിച്ച ഇത്തരം മസ്‌ലഹത്തുകളാണ് മസ്‌ലഹഃ മുര്‍സലഃ.
മസ്‌ലഹഃ മുര്‍സലഃ ശരീഅത്ത് വിധികളില്‍ തെളിവാണെന്ന കാര്യത്തില്‍ ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ക്കും യോജിപ്പുണ്ട്. ജനങ്ങളുടെ മസ്‌ലഹത്തുകള്‍ ഒരു കാലത്തും അവസാനിക്കുകയില്ലെന്നും അവയ്‌ക്കെല്ലാം ഖണ്ഡിതമായ വിധികല്‍പിക്കല്‍ ശരീഅത്തിന് അസാധ്യമാണെന്നുമാണ് അവരുടെ ന്യായം. ജനന•ക്ക് വേണ്ടി ധാരാളം നിയമങ്ങള്‍ സഹാബികളും താബിഉകളും നിര്‍മിച്ചിട്ടുണ്ടായിരുന്നു എന്നതും അവരുടെ ന്യായത്തിന് പിന്‍ബലം നല്‍കുന്നതാണ്. ഖുര്‍ആനെ മുസ്ഹഫ് രൂപത്തിലാക്കിയതും സകാത്ത് നിഷേധികളോട് യുദ്ധം ചെയ്തതും ഇതിനുദാഹരണങ്ങളാണ്.
എന്നാല്‍ മസ്‌ലഹഃ മുര്‍സലഃ തെളിവായി സ്വീകരിക്കാന്‍ പണ്ഡിതന്‍മാര്‍ ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്.
(1) നിയമം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണെന്നു ഉറപ്പുണ്ടായിരിക്കണം.
(2) പൊതു നന്‍മ ഉദ്ദേശിച്ചായിരിക്കണം.
(3) ശരീഅത്തിന്റെ നിയമങ്ങള്‍ക്കോ, പ്രമാണങ്ങള്‍ കൊണ്ടോ ഇജ്മാഅ് കൊണ്ടോ സ്ഥാപിതമായ തത്വങ്ങള്‍ക്കോ എതിരാവാതിരിക്കുക.
മസ്‌ലഹഃ മുര്‍സലഃ

Add Comment