Gulf വാര്‍ത്തകള്‍

മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ജൂതകുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറി

ജറൂസലം: ന്യൂഇയര്‍ ആഘോഷത്തിന്റെ മറവില്‍ നൂറുകണക്കിന് ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ഇടിച്ചുകയറി. ഇസ്രയേലി പോലീസിന്റെ അകമ്പടിയോടെയായിരുന്നു ജൂതതീവ്രവാദികളുടെ അതിക്രമം.
ഏറെക്കാലമായി അടച്ചിട്ട മസ്ജിദുല്‍ അഖ്‌സ്വാ പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുത്തത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ഇസ്രയേല്‍ ഗവണ്‍മെന്റ് ഇടക്കിടെ മസ്ജിദ് അടച്ചുപൂട്ടുന്നതില്‍ മുസ്‌ലിംസമൂഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.മുസ്‌ലിംകളുടെ മൂന്നാമത്തെ തീര്‍ഥാടനകേന്ദ്രമായ ബൈത്തുല്‍ മഖ്ദിസ് 1967ലെ അറബ് -ഇസ്രയേല്‍ യുദ്ധത്തില്‍ കയ്യേറുകയായിരുന്നു. 1980-ല്‍ അന്താരാഷ്ട്രനിയമങ്ങള്‍ക്ക് വിരുദ്ധമായി ജറൂസലമിനെ ഇസ്രയേല്‍ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയുംചെയ്തു. ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തുന്ന സയണിസ്റ്റ് ഇസ്രയേല്‍ പുതിയ പാര്‍പ്പിടപദ്ധതികള്‍ക്ക് അനുമതി കൊടുത്തുകൊണ്ട് അറബ് മേഖലയില്‍ ഭീകരത വളര്‍ത്തുകയാണ്. ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു ജോര്‍ദാന്‍ താഴ്‌വര ഇസ്രയേലിനോട് ചേര്‍ക്കുമെന്ന് വാഗ്ദാനം ചെയ്തതിനെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു.

Topics