ഖുര്‍ആന്‍-പഠനങ്ങള്‍

മരിച്ചവനും മരിക്കുന്നവനും

പരസ്പര സദൃശ്യമായ രണ്ടു പദങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘മയ്യിത്ത് ‘ എന്നും ‘മയ്ത് ‘ എന്നും. ‘മയ്യിത്ത് ‘എന്നത് ഏകവചനരൂപത്തില്‍ പന്ത്രണ്ട് തവണയും ബഹുവചനരൂപത്തില്‍ ‘മയ്യിതൂന്‍’ എന്ന് രണ്ടുതവണയും ‘മയ്യിതീന്‍’ എന്ന് ഒരുതവണയും. അതേസമയം ‘മയ്ത്’ എന്ന പദം അഞ്ചുതവണ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘അല്‍ മയ്തഃ’എന്ന പ്രയോഗം ആറുതവണ വന്നിരിക്കുന്നു. പദപ്രയോഗത്തിലുള്ള ഈ വ്യത്യാസത്തിന്റെ രഹസ്യമെന്താണ്? ‘മയ്യിത് ‘എന്നും ‘മയ്ത്’ എന്നും പറഞ്ഞാല്‍ എന്താണ് വിവക്ഷ?

ഖുര്‍ആനില്‍ പര്യായപദങ്ങളില്ല

മേല്‍പറഞ്ഞ രണ്ടുപദങ്ങള്‍ക്കും ഒരേ അര്‍ഥമാണുള്ളതെന്ന് ചില പണ്ഡിതന്‍മാര്‍ പറയുന്നു. നിര്‍ജ്ജീവമായത് എന്നതാണ് അവ രണ്ടിന്റെയും താല്‍പര്യമെന്നും അവരഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായം നമ്മുടെ വീക്ഷണത്തില്‍ ശരിയല്ല. ഖുര്‍ആനികപ്രയോഗങ്ങളില്‍ പര്യായപദങ്ങളില്ല എന്ന് സൂക്ഷ്മദൃക്കുകളായ പണ്ഡിതരുടെ വീക്ഷണമാണ് നമുക്കുള്ളത്. അഥവാ, ഒരേ അര്‍ഥത്തില്‍ ഖുര്‍ആനില്‍ രണ്ടുപദങ്ങള്‍ കാണപ്പെടുകയില്ല. അവ തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടാകാതിരിക്കില്ല.

ഖുര്‍ആനില്‍ പദരൂപങ്ങള്‍ വ്യത്യസ്തരീതിയില്‍ മാറിമാറി പ്രയോഗിക്കുന്നത് കാണാം. അവ തമ്മില്‍ അക്ഷരങ്ങളിലോ സ്വരങ്ങളിലോ ഘടനയിലോ വ്യത്യാസങ്ങളുണ്ടാകും. ഈ അന്തരങ്ങള്‍ ഉദ്ദേശ്യപൂര്‍വമായിരിക്കും. അവക്കുപിന്നില്‍ യുക്തികളും ലക്ഷ്യങ്ങളുമുണ്ടാകും.

‘മയ്യിത് ‘എന്നാല്‍ ജീവനുള്ളവന്‍

‘മയ്യിത്’ എന്നത് ‘മയ്ത്’ എന്നതല്ല. എങ്കില്‍ അവ തമ്മിലുള്ള വ്യത്യാസമെന്ത്? ഏതുപശ്ചാത്തലങ്ങളിലാണ് അവ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്? ഭാവിയില്‍ മരിക്കാനിരിക്കുന്ന, ഇപ്പോള്‍ ജീവനോടെ നിലകൊള്ളുന്നവന്നാണ് ‘മയ്യിത്’ എന്ന് പ്രയോഗിക്കുക. ജീവന്‍ വേര്‍പെട്ടുപോയവന്‍ ‘മയ്തു’മാണ്. അഥവാ, ‘മയ്യിത് ‘എന്നത് ജീവനുള്ള സൃഷ്ടിയാണ്. അവന്‍ സ്വജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. തന്റെ അവധി കാത്തുകൊണ്ടിരിക്കുകയും ആത്മാവ് പിടിക്കാന്‍ വരുന്ന മലക്കിനെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എപ്പോഴാണ് മരണത്തിന്റെ മാലാഖ കല്‍പന നടപ്പാക്കാന്‍ വരുന്നതെന്നറിയില്ല. ‘മയ്യിത് ‘ എന്ന പദം പ്രയോഗിച്ച സൂക്തങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുമ്പോള്‍ ഈ വസ്തുത വ്യക്തമാകും. ഉദാഹരണമായി, പ്രവാചകരെ അഭിസംബോധനചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:

‘നിശ്ചയം , താങ്കള്‍ മരിക്കുന്നവനാണ്. അവരും മരിക്കുന്നവരാണ്. പിന്നീട് നിങ്ങള്‍ പുനരുത്ഥാന നാളില്‍ നിങ്ങളുടെ നാഥന്റെയടുത്ത് തര്‍ക്കിച്ചുകൊണ്ടിരിക്കും'(അസ്സുമര്‍ 30, 31)

ഇവിടെ ജീവിച്ചിരിക്കുന്നവരോടാണ് സംബോധന. പ്രവാചകനെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു, നിശ്ചയം താങ്കള്‍ മരിക്കുമെന്ന്. അതുപോലെ തിരുമേനിയുടെ എതിരാളികളായ അവിശ്വാസികളും മരിക്കുമെന്ന്. അപ്പോള്‍ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും ‘മയ്യിത്’ ആണ്. അഥവാ, മരണത്തിന്റെ ആഗമനവും സാന്നിധ്യവും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ജീവനുള്ളവര്‍.

‘മയ്ത് ‘എന്നാല്‍ ജീവന്‍ വേര്‍പെട്ടവര്‍

അതേസമയം, മയ്ത് എന്നത് യഥാര്‍ഥത്തില്‍ മരണമടഞ്ഞ സൃഷ്ടിയാണ്. അവന്റെ ആത്മാവ് വേര്‍പെട്ടുകഴിഞ്ഞു. അവന്‍ നിശ്ചലമായ ജഡമായിത്തീര്‍ന്നു. താഴെപ്പറയുന്ന വസ്തുക്കളെക്കുറിച്ചാണ് ഖ്ുര്‍ആനില്‍ ഈ പ്രയോഗം വന്നിരിക്കുന്നത്.

 1. അല്‍ബലദുല്‍ മയ്ത്- البلد الميت (നിര്‍ജീവരാജ്യം). അതില്‍ ജീവന്റെ തുടിപ്പുകളില്ല. മഴ വര്‍ഷിപ്പിച്ചുകൊണ്ട് അതിനെ അല്ലാഹു ജീവിപ്പിക്കുന്നു.
  ‘ആകാശത്തുനിന്ന് ഒരു നിശ്ചിതഅളവില്‍ മഴ വര്‍ഷിപ്പിക്കുകയും അതുമുഖേന, നിര്‍ജീവമായ രാജ്യത്തെ പുനര്‍ജീവിപ്പിക്കുകയും ചെയ്തവന്‍. ഇപ്രകാരം നിങ്ങളും പുനര്‍ജീവിപ്പിക്കപ്പെടും.'(അസ്സുഖ്‌റുഫ് 11)
 2. അല്‍അര്‍ദുല്‍ മയ്തഃ الأرض الميتة (നിര്‍ജീവ ഭൂമി). അതില്‍ സസ്യലതാദികളില്ല. മഴ മുഖേന അല്ലാഹു അതിനെ ജീവനുള്ളതാക്കുന്നു.
  ‘നിര്‍ജീവ ഭൂമി അവര്‍ക്ക് മറ്റൊരു ദൃഷ്ടാന്തമാണ്. നാമതിനെ ജീവിപ്പിക്കുകയും അതില്‍നിന്ന് ധാന്യം മുളപ്പിക്കുകയും ചെയ്യുന്നു. പിന്നീടതില്‍നിന്ന് നിങ്ങള്‍ ആഹരിക്കുന്നു'(യാസീന്‍ : 33)
 3. അല്‍ ബഹീമതുല്‍ മയ്തഃ البهيمة الميتة(നിര്‍ജീവമൃഗം). അതിന്റെ ആത്മാവ് വേര്‍പെട്ടിരിക്കുന്നു. മുറപ്രകാരം അറുക്കപ്പെടാത്തതാണെങ്കില്‍ അല്ലാഹു അത് നിഷിദ്ധമാക്കിയിരിക്കുന്നു.
  ‘ശവവും പന്നിമാംസവും അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടതും നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'(അല്‍മാഇദ 3)
 4. അല്‍ മയ്ത് المَيتُ(നിര്‍ജീവ മനുഷ്യന്‍). ആത്മാവ് വേര്‍പെട്ട മരിച്ച മനുഷ്യന്‍. സഹോദരനെ പരദൂഷണം പറയുന്നവനെ സ്വന്തം സഹോദരന്റെ ശവശരീരം തിന്നുന്നവനോടാണ് അല്ലാഹു സാദൃശ്യപ്പെടുത്തിയത്.

‘നിങ്ങള്‍ പരസ്പരം പരദൂഷണം പറയരുത്. മരിച്ചുകിടക്കുന്ന തന്റെ സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളിലാരെങ്കിലും ഇഷ്ടപ്പെടുമോ?'(അല്‍ ഹുജുറാത് 12).

 1. ഹൃദയം മരിച്ചവന്‍ കാഫിര്‍: ആത്മീയമായി മരണം വരിച്ചവനാണ് കാഫിര്‍. അവന്‍ ശ്വസിക്കുകയും ചലിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അവന്റെ ഹൃദയം മരിച്ചിരിക്കുന്നു. ഹൃദയത്തില്‍ ‘ഈമാന്‍’ ഇല്ലാത്തതിനാല്‍ അവന്‍ നിര്‍ജീവനാണ്. വിശ്വാസംകൊണ്ട് മാത്രമേ അവന്റെ ഹൃദയത്തിന് ജീവന്‍ വെക്കുകയുള്ളൂ.

‘ആദ്യം നിര്‍ജീവമായിരിക്കുകയും പിന്നീട് നാം ജീവിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജീവിതം നയിക്കുന്നതിനുവേണ്ട പ്രകാശം നല്‍കുകയും ചെയ്തവന്‍, അന്ധകാരങ്ങളില്‍ അകപ്പെട്ട് ഒരു വിധത്തിലും അതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തവനെപ്പോലെയാണോ?'(അല്‍അന്‍ആം 122).

ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ നാം സ്ഥാപിക്കുന്നത്, എല്ലാ കാഫിറുകളുടെയും ഹൃദയങ്ങള്‍ ആത്മീയമായി മരണം പ്രാപിച്ചിരിക്കുന്നുവെന്നാണ്. എല്ലാ വിശ്വാസികളും ആത്മീയമായ ജീവന്‍ ഉള്‍ക്കൊള്ളുന്നു. അഥവാ കുഫ്ര്‍ എന്നത് മരണവും ഈമാന്‍ എന്നത് ജീവനുമാണ്. അവമന്‍ കാന മയ്തന്‍ ഫഅഹ് യയ്‌നാഹു ( أومن كان ميتا فأحييناه) എന്നാല്‍ ‘കാഫിറായിരുന്നവന് ഈമാനും ഇസ്‌ലാമും നല്‍കി നാം സന്‍മാര്‍ഗം നല്‍കിയാല്‍’എന്നര്‍ഥം.

മയ്യിത്, മയ്ത് എന്നീ പദങ്ങളുടെ സിയാഗത് صياغة (നിര്‍മാണം) ഈ അര്‍ഥവ്യത്യാസം സൂചിപ്പിക്കുന്നുണ്ട്. ഇരട്ടിപ്പിച്ച യാഅ് ഉള്ള ‘മയ്യിത്’ എന്ന പദം എല്ലാ ശക്തിയും ബലവും പ്രയോഗിച്ചുകൊണ്ട് ജീവിതത്തോട് മനുഷ്യന്‍ കാണിക്കുന്ന ആര്‍ത്തിയും ആവേശവും സൂചിപ്പിക്കുന്നു. അതേസമയം സുകൂനുള്ള യാഅ് ഉള്ള ‘മയ്ത്’ ജീവന്‍ വേര്‍പെട്ട മനുഷ്യന്റെ നിശ്ചലതയും അടക്കവും ധ്വനിപ്പിക്കുന്നു. കവി പറഞ്ഞു:
‘മയ്തി’ന്റെയും ‘മയ്യിത്തി’ന്റെയും വിവക്ഷ നീ എന്നോട് ചോദിക്കുന്നു. കാര്യം ഗ്രഹിക്കുന്നവനാണ് നീയെങ്കില്‍ അതിന്റെ വിവക്ഷ പറയാം. ജീവന്‍ എപ്പോഴും നിലനില്‍ക്കുന്നവന്‍ ‘മയ്യിത്’ആകുന്നു. ശവക്കുഴിയിലേക്ക് ചുമക്കപ്പെടുന്നവനെയാണ് ‘മയ്ത്’ എന്നുപറയുന്നത്.

ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് അല്‍ ഖാലിദി

Topics