Kerala

ഭിന്നതയും വിവാദവും സമുദായ നാശത്തിന്റെ വിത്തുകള്‍

ഇസ്‌ലാമിനു ആഴത്തില്‍ സ്വാധീനമുള്ള മണ്ണാണ് കേരളം. ഏകദേശം പതിമൂന്നു നൂറ്റാണ്ട് വികേന്ദ്രീകൃത നേതൃത്വത്തിന് കീഴില്‍ മുസ്‌ലിംകളിവിടെ ജീവിച്ചുവന്നു. പ്രദേശിക മത നേതൃത്വങ്ങളുടെ കീഴില്‍ അവര്‍ വളര്‍ന്നു. മഖ്ദൂമികള്‍, മമ്പുറം സാദാത്തുക്കള്‍ എന്നിങ്ങനെ നിര്‍വ്വചിക്കപ്പെടുന്നവരും കോഴിക്കോട് ഖാസിമാര്‍ തുടങ്ങിയവരുമൊക്കെ മുസ്‌ലിംകളെ മനോഹരമായി നയിച്ചു. നൂറ് വര്‍ഷങ്ങള്‍ക്കിടയിലാണ് കേരള മുസ്‌ലിംകള്‍ സംഘടിച്ചു തുടങ്ങിയത്.

അതൊരു കാലിക പരിണാമമായിരുന്നു. സംഘടനയുടെ തണലില്‍ എണ്ണമറ്റ പുരോഗതി മുസ്‌ലിംകള്‍ ആര്‍ജിച്ചു. പക്ഷേ, ഇപ്പോള്‍ സംസ്ഥാനത്ത് അരലക്ഷത്തോളം വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ചു ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍, സംഘടനാ പക്ഷപാതിത്വവുമായി ബന്ധപ്പെട്ടു ചെലവഴിക്കേണ്ടി വരുന്ന അനേകം ലക്ഷം രൂപ, പാഴാകുന്ന മനുഷ്യവിഭവങ്ങള്‍, സഹിഷ്ണുതയുടെ അഭാവത്തില്‍ ഉയര്‍ന്നുവരുന്ന അസ്വസ്ഥതകളും വൈരാഗ്യത്തിന്റെ മതിലുകളും. ഇതൊന്നും കാണാതിരുന്നുകൂടാ.

 ഏറ്റവും പൊരുത്തമുള്ളവര്‍ രണ്ടായി സംഘടിക്കേണ്ടതില്ല. ഭിന്ന ആശയക്കാര്‍ പോരാടേണ്ടതുമില്ല. ആരോഗ്യകരമായ ബോധന സമീപനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. അവരവര്‍ക്ക് ശരിയെന്ന് ഉത്തമ ബോധ്യമുള്ള ആശയം അംഗീകരിക്കാനും പ്രചരിപ്പിക്കാനും അവസരം ഉണ്ടാകുന്നതോടൊപ്പം മറ്റുള്ളവരെ മാന്യമായി സമീപിക്കാനും സാധിക്കണം. ആക്ഷേപം, പരിഹാസം, വ്യാജം തുടങ്ങിയവ ഒഴിവാക്കേണ്ടതുണ്ട്. പൊതു സമൂഹത്തിന് ഗുണം വരുത്തുന്ന നിലപാടുകളാണ് സംഘടനകള്‍ സ്വീകരിക്കേണ്ടത്. വിശ്വാസപരമായും കര്‍മ്മപരമായും യാതൊരു ഭിന്നതകളും ഇല്ലാത്തവര്‍ പലതായി വിഭജിച്ചുനില്‍ക്കുന്നത് യുക്തിസഹമല്ല. അവര്‍ക്ക് ഒരു കുടക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയണം. അല്ലെങ്കില്‍ ചരിത്ര നീതി നിരാകരിക്കലാവും ഫലം. മത പണ്ഡിതരും മതനേതാക്കളും സ്ഥാപന അധികാരികള്‍ മാത്രമല്ല, സമുദായത്തിന്റെ രക്ഷാകര്‍ത്താക്കള്‍ കൂടിയാണ്.

 അവര്‍ക്ക് സമുദായത്തെ സമാധാന പൂര്‍വ്വം പുലര്‍ത്താനും അവരുടെ ഇഹപര പുരോഗതി ഉറപ്പു വരുത്താനും സാധിക്കണം. വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക സാമൂഹിക നേട്ടങ്ങള്‍ സാധിക്കാന്‍ സമാധാന അന്തരീക്ഷം അനിവാര്യമാണ്. യുദ്ധ ഭൂമിയില്‍ അതൊട്ടും പ്രായോഗികമാവുകയില്ല. പള്ളികള്‍ ഉയര്‍ത്തുന്ന സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ചിലയിടങ്ങളിലെങ്കിലും സംഭവിക്കുന്നില്ല. വിശുദ്ധ ദിനങ്ങളും ആഘോഷങ്ങളും അപായകരമായ അവസ്ഥ സൃഷ്ടിക്കുന്നു. യോജിപ്പ്, ലയനം, ഒത്തുപോകല്‍ തുടങ്ങിയ ചേരുവകള്‍ ചേരുംപടി ചേര്‍ക്കാന്‍ സാധിച്ചാല്‍ മുസ്‌ലിം കേരളത്തിന്‍ അവരുടെ നവോത്ഥാന വേഗത വര്‍ധിപ്പിക്കാനാവും. ഐക്യവര്‍ഷം (ആമുല്‍ ജമാഅ)എന്ന മഹാസുദിനം ഹിജ്‌റ 40ല്‍ ലോകത്ത് സൃഷ്ടിച്ച മഹാനായ ഇമാം ഹസന്‍ (റ) ഉയര്‍ത്തിയ സ്‌നേഹത്തിന്റെ സന്ദേശം കൂടുതല്‍ പ്രസക്തമാണിപ്പോള്‍.

 അനൈക്യത്തിന്റെ ഫലമായി അനാവശ്യ വിവാദങ്ങള്‍ മാത്രമല്ല അനാവശ്യ സ്ഥാപനങ്ങളും പള്ളികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ സമുദായം അനുഭവിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. പല ഗ്രാമങ്ങളിലും സമാധാനം നഷ്ടപ്പെടുത്തുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. മനുഷ്യര്‍ക്കിടയില്‍ പകയും ദുഷ്ട ചിന്തകളും വളര്‍ത്തുന്നതും ഇതു പോലുള്ള ആത്മാവില്ലാത്ത കെട്ടിടങ്ങളാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഉന്നത ഉലമാ ഉമറാ നേതൃത്വം കേരളത്തിനുണ്ട്. കര്‍മ്മ മണ്ഡലം വികസിതമാവണം. യോജിപ്പിന്റെ തലങ്ങള്‍ക്ക് സാധ്യത ആരായണം. പൊതുമനസ്സ് അതാഗ്രഹിക്കുന്നു. മതപഠന രംഗം അടിസ്ഥാനപരമായി ഉണര്‍ന്നില്ല. പ്രത്യേകിച്ച് പ്രാഥമിക പഠന മേഖല. അതു പോലെ സാംസ്‌കാരിക അധിനിവേശം ശക്തിപ്പെടുന്നു.

 അധാര്‍മ്മികതകള്‍ പിച്ചവച്ചല്ലാ ഓടിക്കയറിയാണ് വളരുന്നത്. അരാജകത്വത്തിലേക്കുള്ള സഞ്ചാരമാണിതെല്ലാം.അച്ചടക്ക രഹിതമായ ഒരു ജനതയില്‍ നിന്ന് നന്മകള്‍ വിടരില്ല. നിലവിലുള്ളപൊതുബോധ്യം ഉപയോഗപ്പെടുത്തി യോജിപ്പിന്റെ മേഖലകളെക്കുറിച്ചുള്ള തിരക്കിട്ട ചിന്തകള്‍ വളരേണ്ടതുണ്ട്. വേറിട്ടും വിഘടിച്ചും ഒരു ജനതക്ക് മുന്നേറാന്‍ കഴിയില്ല. അവരെ ഒരു ചക്കിന് ചുറ്റും തിരിയാന്‍ വിട്ടാല്‍ ചരിത്രം അടിച്ചേല്‍പിച്ച പിന്നാക്ക വര്‍ഗമെന്ന അപഖ്യാതി വരും നൂറ്റാണ്ടിലും നിലനിര്‍ത്തേണ്ടി വരും. ഭിന്നതയും വിവാദവും സമുദായ നാശത്തിന്റെ വിത്തുകളാണ്. അല്ലാഹുവിന്റെ പാശ നിങ്ങള്‍ മുറുകെ പിടിക്കുക, നിങ്ങള്‍ ഭിന്നിക്കരുത്. എന്ന ഖുര്‍ആന്‍ വചനം ഒരു ഉപദേശം മാത്രമല്ല താക്കീതു കൂടിയാണ്, വിജയവഴിയും.

(വഖഫ് ബോര്‍ഡ് ചെയര്‍മാനാണ് ലേഖകന്‍)

കടപ്പാട്: chandrikadaily.com

Topics