എന്താണ് ഭാഷ ? എന്തിനാണ് ഭാഷ ?
ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം?
കുട്ടിയും ഭാഷയും ? എന്താണ് ഭാഷാപഠനം ?
എങ്ങനെയായിരിക്കണം ഭാഷാ ബോധനം ?
ഭാഷാ പഠനവും ഭാഷയുടെ ആര്‍ജനവും തമ്മിലുള്ള വ്യത്യാസമെന്താണ് ?
ഒന്നാം ഭാഷയും രണ്ടാം ഭാഷയും തമ്മിലുള്ള മൗലികമായ അന്തരം ?
ഈ ചോദ്യങ്ങള്‍ അറബി അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. എങ്കിലും ഈ ചോദ്യങ്ങളിലൂന്നിക്കൊണ്ടുള്ള നൂതനമായ അന്വേഷണങ്ങള്‍ക്ക് ഇപ്പോഴും വര്‍ധിച്ച പ്രാധാന്യമുണ്ട്. കാര്യക്ഷമവും ഫലപ്രദവുമായ ഭാഷാബോധനത്തിന് വിഷയപരിജ്ഞാനം പോലെ പ്രധാനമാണ് ബോധനരീതി ശാസ്ത്രവുമായി ബന്ധപ്പെട്ട സൈദ്ധാന്തിക ധാരണകള്‍.
വിദ്യാലയങ്ങളില്‍ നടക്കുന്ന ഭാഷാബോധനം വിദ്യാലയങ്ങള്‍ക്ക് പുറത്ത് നടക്കുന്ന ഭാഷാ ബോധനം പോലെയാകരുത്. പഠിതാവിന്റെ ഭാവിജീവിത വുമായി ബന്ധപ്പെട്ടതും ദീര്‍ഘകാല ലക്ഷ്യങ്ങളുള്ളതുമാണ്
വിദ്യാലയങ്ങള്‍ക്കകത്തുള്ള ഭാഷാ ബോധനം. ഈയൊരു യാഥാര്‍ത്ഥ്യം ഭാഷാധ്യാപകര്‍ക്കില്ലാതെ പോകരുത്.
നമുക്ക് അറബി ഭാഷയിലേക്ക് വരാം. എന്തിനായിരിക്കണം നാം അറബി ഭാഷ പഠിപ്പിക്കുന്നത്?
പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ക്ക്:
1.ഭാഷാ നൈപുണി നേടിക്കൊടുക്കാന്‍
2.വിനിമയ ശേഷി നേടിക്കൊടുക്കാന്‍
3. സാംസ്‌കാരിക ശേഷി നേടിക്കൊടുക്കാന്‍
എന്താണ് ഭാഷാ നൈപുണി ?
നാലു അടിസ്ഥാന ഭാഷാ ശേഷികളാര്‍ജിക്കാനും വ്യത്യസ്ത ഭാഷാ ഘടകങ്ങളില്‍ പ്രാവീണ്യം നേടാനും കഴിയുന്നതാണ് ഭാഷാപരമായ നൈപുണി എന്ന് പറയുന്നത്.
1. കേട്ട് മനസ്സിലാക്കുക
2. സന്ദര്‍ഭത്തിനൊത്ത് സംസാരിക്കുക
3. വായിച്ചു ഗ്രഹിക്കുക
4. സ്വതന്ത്രമായും സര്‍ഗാത്മകമായും എഴുതുക
ഈ നാല് ശേഷികള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടണം. കിട്ടിയിരിക്കണം.
എന്താണ് ഭാഷാ ഘടകങ്ങള്‍ എന്നു കൂടി കൃത്യമായിനാം മനസ്സിലാക്കണം.
1.അക്ഷരങ്ങളുടെ, വാക്കുകളുടെ, പ്രയോഗങ്ങളുടെ ശബ്ദ വ്യവസ്ഥ.
2.പദ സമ്പത്ത്
3. വ്യാകരണ നിയമങ്ങള്‍
ചുരുക്കത്തില്‍ ഭാഷാ ശേഷികള്‍ ആര്‍ജിക്കാനും ഭാഷാ ഘടകങ്ങളില്‍ പ്രാവീണ്യം നേടാനും കഴിയാതെ വന്നാല്‍ ഭാഷാപരമായ നൈപുണ്യം കരഗതമാക്കാന്‍ കഴിയില്ല. ക്‌ളാസ് മുറിയിലേക്ക് ചെല്ലുമ്പോള്‍ ഈ വസ്തുത നമ്മുടെ ഓര്‍മയിലുണ്ടാകണം
( തുടരും )