History

ബൈത്‌ലഹം: ഇസ്‌ലാമിന്റെ നഗരം

അല്ലാഹുവിന്റെ മഹാപ്രവാചകരിലൊരാളായ ഈസാ(ജീസസ്)യുടെ ജന്മസ്ഥലമെന്ന വിശ്വാസത്തിന്റെ പേരില്‍ പ്രശസ്തമായ നഗരമാണ് ബെത്‌ലെഹേം. ബെത്‌ലെഹേം എന്ന പേര് അറബിവാക്കായ ബൈത്‌ലഹ്ം (മാംസഭവനം) രൂപാന്തരംസംഭവിച്ചുണ്ടായതാണ്. ഫലസ്തീനിലെ അധിനിവിഷ്ടവെസ്റ്റ്ബാങ്കിലെ ജറുസലമില്‍നിന്ന് തെക്കോട്ട് പത്തുകിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു നഗരമാണത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം  അവിടെയാണ് ഈസാനബി(അ) ജനിച്ചതെന്നതിന് പ്രാമാണികവിവരങ്ങളില്ല.

ഖുര്‍ആനില്‍ അല്ലാഹുപറയുന്നു: ‘അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.പിന്നെ പേറ്റുനോവ് അവളെ ഒരീന്തപ്പനയുടെ അടുത്തെത്തിച്ചു. അവര്‍ പറഞ്ഞു: ”അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: ”നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.”നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും. ”അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: ‘ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.”(മര്‍യം 22-26)

ഫലസ്തീന്‍ നിവാസികളെ ആത്മീയമായും സാമൂഹികമായും അവിസ്മരണീയമാംവിധം പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിന്റെ ആ നാട്ടിലേക്കുള്ള ആഗമനം്. ഹിജ്‌റ 637 ല്‍  രണ്ടാംഖലീഫ ഉമറുബ്‌നുല്‍ ഖത്വാബിന്റെ  നേതൃത്വത്തില്‍ മുസ്‌ലിംകള്‍ ബെത്‌ലെഹേമിലും ജറുസലമിലും കടന്നുചെന്നു. ഉമറിനെ ഊഷ്മളമായി സ്വീകരിച്ച ഫലസ്തീനിലെ പാത്രിയാര്‍ക്കീസ്  ബെത്‌ലെഹേം നഗരത്തിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയും  ജറൂസലമിലെ ഉയര്‍ത്തെഴുന്നേല്‍പ് പള്ളിയെയും അവിടത്തെ ക്രൈസ്തവവിശ്വാസികളെയും  സംരക്ഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രണ്ടുചര്‍ച്ചുകളും  സന്ദര്‍ശിച്ച ഉമര്‍(റ) നോട്  നമസ്‌കാരസമയമായപ്പോള്‍ അകത്ത് അതിനുള്ള സൗകര്യംചെയ്തുതരാമെന്ന് പറഞ്ഞെങ്കിലും തന്റെ പിന്‍ഗാമികള്‍  പിന്നീട് അതിന്‍മേല്‍ അവകാശവാദമുന്നയിച്ചേക്കുമെന്ന ആശങ്കപങ്കുവെച്ച് അദ്ദേഹം ആ സൗമനസ്യം നിരസിക്കുകയായിരുന്നു.

ഉമര്‍ (റ)ന്റെ ചര്‍ച്ച് സന്ദര്‍ശനത്തെക്കുറിച്ച് ഇബ്‌നുഖല്‍ദൂന്‍ കുറിക്കുന്നത് കാണുക:

‘വിശുദ്ധഭവനത്തില്‍ ഉമറുബ്‌നുല്‍ ഖത്വാബ് (റ) പ്രവേശിച്ചു. തുടര്‍ന്ന് തിരുശേഷിപ്പ് ചര്‍ച്ചില്‍ കടന്നു. തന്റെ അനുയായികളോടൊപ്പം  അവിടെയിരിക്കുമ്പോള്‍ നമസ്‌കാരത്തിനുസമയമായി. ഉമര്‍(റ) പാത്രിയാര്‍ക്കിസിനോട് തനിക്ക്  പ്രാര്‍ഥിക്കാന്‍ സമയമായെന്ന് അറിയിച്ചു. ‘അതിനെന്താ ഇവിടെത്തന്നെയാകാമല്ലോ’യെന്ന് പാത്രിയാര്‍ക്കീസ്.  എന്നാല്‍ ആ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച് അദ്ദേഹം ചര്‍ച്ചിനുപുറത്ത് ഗോവണിക്കുകീഴില്‍ നമസ്‌കരിച്ചു. നമസ്‌കാരം പൂര്‍ത്തീകരിച്ച് ഉമര്‍ തിരികെവന്ന് പാത്രിയാര്‍ക്കീസിനോട് ഇങ്ങനെ പറഞ്ഞു:’ഞാന്‍ ചര്‍ച്ചിനകത്ത് നമസ്‌കരിച്ചാല്‍ എനിക്ക് ശേഷം വരുന്ന മുസ്‌ലിംതലമുറ ഞങ്ങളുടെ ഖലീഫ ഇവിടെ നമസ്‌കരിച്ചിട്ടുള്ളതാണ് എന്ന് അവകാശവാദമുന്നയിച്ച് ഇത് കൈവശപ്പെടുത്തും.’ ‘

ജറുസലേമില്‍ ഇന്ന് ചര്‍ച്ച് നിലകൊള്ളുന്ന സ്ഥലത്തിന് നേരെ എതിര്‍വശത്താണ് ഉമര്‍ (റ)ന്റെ പേരിലുള്ള പള്ളി സ്ഥിതിചെയ്യുന്നത്. ദശലക്ഷക്കണക്കായ വിശ്വാസികള്‍ ഈ രണ്ടുചര്‍ച്ചുകളും സന്ദര്‍ശിക്കുമ്പോള്‍ ഇസ്‌ലാം അനുശാസിക്കുന്ന നീതിയും കാരുണ്യവും സഹിഷ്ണുതയും ഉമര്‍(റ) പുലര്‍ത്തിയതിന്റെ സാക്ഷ്യമല്ലേ അതെന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു. അതല്ലായിരുന്നുവെങ്കില്‍ അത് പള്ളികളായി പരിവര്‍ത്തിപ്പിക്കപ്പെടുമായിരുന്നു. ഉമറിന്റെ പള്ളിയുമായി ബന്ധപ്പെട്ട് രസകരമായ മറ്റൊരു സംഭവവും കൂടിയുണ്ട്. അതായത് പള്ളിക്കുപുറത്ത് രണ്ട് വലിയ  ഈന്തപ്പനമരങ്ങളുണ്ട്. ചര്‍ച്ച് സന്ദര്‍ശകര്‍ക്ക് ഈസാനബിയുടെ ജനനവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായാണ് അത് വളര്‍ത്തപ്പെട്ടത്. മര്‍യം പ്രസവവേദനയാല്‍ ഈന്തപ്പനയുടെ അടുത്ത് ചെല്ലുന്നത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ.

ഹി. 637 ല്‍ ശാം നാടുകള്‍(സിറിയ) മുസ്‌ലിംകള്‍ മോചിപ്പിച്ചശേഷം അധികാരത്തിലേറിയ ഉമവീ -അബ്ബാസീഭരണകൂടങ്ങളുടെ  സൈനികജില്ലാകേന്ദ്രങ്ങളായിരുന്നു ജുന്‍ദ് ഫലസ്തീന്റെ ഭാഗമായ ബെത്‌ലെഹേം. 1099 ല്‍ ഫാത്വിമീഭരണാധിപനായിരുന്ന അല്‍ഹാകിം ബിന്‍ അംരില്ലായുടെ   കാലത്ത് ബെത്‌ലെഹേം മറ്റൊരു മുസ്‌ലിംആധിപത്യത്തിന്‍കീഴില്‍വന്നപ്പോള്‍ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി തകര്‍ക്കാന്‍ ഉത്തരവ് ഉണ്ടായെങ്കിലും അത് നടപ്പായില്ല.

1099 ല്‍ കുരിശുയോദ്ധാക്കള്‍ കീഴടക്കുംവരെ ഫാത്വിമീകളും തുടര്‍ന്ന് സല്‍ജൂക് തുര്‍ക്കികളും  ബെത്‌ലെഹേം ഭരിച്ചു. കുരിശുയോദ്ധാക്കള്‍ ചര്‍ച്ചിന്റെ ഗ്രീക്ക് ഓര്‍തഡോക്‌സ് സഭക്കാരനായിരുന്ന പുരോഹിതനെ മാറ്റി ലാറ്റിന്‍കത്തോലിക്കാപുരോഹിതനെ വാഴിച്ചു.  പിന്നീട് 1187 ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ബെത്‌ലെഹേം വീണ്ടെടുത്തപ്പോഴാണ് നഗരത്തില്‍ സമാധാനവും നീതിയും സ്വാതന്ത്ര്യവും പുലര്‍ന്നത്. ലാറ്റിന്‍ പുരോഹിതന്‍മാര്‍ ചര്‍ച്ച് വിടുകയും ഗ്രീക്ക് ഓര്‍തഡോക്‌സ് പുരോഹിതന്‍മാര്‍ വീണ്ടും ചര്‍ച്ചിന്റെ നേതൃത്വം ഏറ്റെടുക്കുകയുംചെയ്തു.

പിന്നീട് 1517 ല്‍ ഒട്ടോമന്‍ ഭരണാധിപന്‍മാരില്‍നിന്ന് ബെത്‌ലെഹേം  നഷ്ടപ്പെട്ടു. രണ്ടാംലോകയുദ്ധത്തിനുപിന്നാലെ 1920 മുതല്‍ 1948 വരെയുള്ള ബ്രിട്ടീഷ്മാന്‍ഡേറ്റിനുകീഴിലും പിന്നീട് ഇസ്രയേല്‍ അധിനിവേശത്തിന്‍കീഴിലുമായി ബെത്‌ലെഹേം  വീര്‍പ്പുമുട്ടി. 2002 ല്‍ അധിനിവേശഇസ്രയേല്‍ നേറ്റിവിറ്റി  ചര്‍ച്ചിലേക്ക് കടന്നുകയറിയത്  ഡിസംബറില്‍ വാര്‍ത്തപ്രാധാന്യമുള്ള ഒരു സംഗതിയെന്നതിനപ്പുറത്തേക്ക് ലോകശ്രദ്ധ ആകര്‍ഷിച്ചു. ഫലസ്തീനിയന്‍ ക്രൈസ്തവരായ യുവാക്കളുള്‍പ്പെടെ ഡസന്‍കണക്കായ ആളുകളെ പിടികൂടാന്‍ ഇസ്രയേലി പട്ടാളം(ഐഡിഎഫ്) ശ്രമിച്ചതായിരുന്നു കാരണം. 39 ദിവസത്തെ ആ ഓപറേഷനില്‍ ഒട്ടേറെ ഫലസ്തീനികള്‍ അന്ന് കൊല്ലപ്പെട്ടു.  

ചുരുക്കത്തില്‍ ബെത്‌ലെഹേം ക്രൈസ്തവതയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും  അത് ഇസ്‌ലാമികനാഗരികതയുടെയും മുസ്‌ലിംകളുടെയും ചരിത്രത്തില്‍ അതീവപ്രാധാന്യമുള്ള നഗരമാണ്. ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെ അടയാളം ബാക്കിവെച്ചാണ് ഇന്നും അത് നിലകൊള്ളുന്നത്. അതേസമയം ഇന്ന് അധിനിവേശക്കാര്‍ ആ സഹിഷ്ണുത കാട്ടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അന്ന് ഉമര്‍ (റ) ഫലസ്തീനിലെ ക്രൈസ്തവരുമായി ഉണ്ടാക്കിയ കരാര്‍ അനുസ്മരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു:

‘ പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍,  അല്ലാഹുവിന്റെ അടിമയായ, വിശ്വാസികളുടെ നേതാവായ ഉമറിന്റെ പക്കല്‍നിന്നുള്ള സുരക്ഷാവാഗ്ദത്തമാണിത്. ക്രൈസ്തവര്‍ക്ക് അവരുടെ സ്വത്തും, ആരാധനാലയങ്ങളും കുരിശും  മതങ്ങളുമായി ബന്ധപ്പെട്ടതെല്ലാം സുരക്ഷിതമായിരിക്കും. ചര്‍ച്ച് മുസ്‌ലിംകള്‍ കൈവശപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല.  താമസിക്കുന്ന ഭൂമിയോ അതിലെ നിവാസികളോ അവരുടെ കുരിശോ സാധനസാമഗ്രികളോ നശിപ്പിക്കപ്പെടുകയില്ല. അവരെ നിര്‍ബന്ധമതപരിവര്‍ത്തനത്തിന് വിധേയമാക്കുകയില്ല.’

Topics