ഞാനറിഞ്ഞ ഇസ്‌ലാം

പാശ്ചാത്യര്‍ സ്ത്രീയെ വിപണന വസ്തുവാക്കുന്നു; ഇസ്‌ലാം അവരെ ആദരിക്കുന്നു: ബീഗം അലീനാ

അമേരിക്കയിലെ ഓഹിയോക്കാരിയായ ബീഗം അലീനാ ലാഖാനി 1991ലാണ് ഇസ്ലാം സ്വീകരിച്ചത്.
‘എന്നെപ്പോലെയുള്ള പാശ്ചാത്യസ്ത്രീക്ക് ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ തുടക്കത്തില്‍ മാനസികമായും പ്രായോഗികമായും പറഞ്ഞറിയിക്കാനാവാത്ത ഒട്ടേറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നത് വസ്തുതയാണ്. മതപരിവര്‍ത്തനം ഏതൊരു പുതിയ ജീവീതത്തിലേക്കാണോ മനുഷ്യനെ നയിക്കുന്നത്, അതിലൂടെ അനേകം പുതിയ അറിവുകള്‍ അവന്‍ ആര്‍ജിക്കുന്നു.

എല്ലാറ്റിലുമുപരി ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ വിശാലമായ ഈ പ്രപഞ്ചത്തില്‍ അവളുടെ അവസ്ഥയും നിലയും എന്താണെന്ന് വെളിപ്പെടാന്‍ പുതിയ ജീവിതാനുഭവം സഹായിക്കുന്നു.

പാശ്ചാത്യ സംസ്‌കാരത്തില്‍ സ്ത്രീ കമ്പോളത്തിന്റെ ഇര മാത്രമാണ്. പരസ്യങ്ങളിലൂടെ സ്ത്രീ യഥാര്‍ഥത്തില്‍ ചൂഷണം ചെയ്യപ്പെടുകയാണ്. പരസ്യങ്ങളാണ് സ്ത്രീ ജീവിതത്തേയും അവരുടെ സൌന്ദര്യ സങ്കല്‍പങ്ങളെയും രൂപപ്പെടുത്തുന്നത്. അതിനാല്‍, സ്മാര്‍ട്ടാകുക എന്നത് സ്ത്രീയുടെ വലിയ അഭിലാഷമായി മാറിയിരിക്കുകയാണ്. സെക്‌സ് സിംബലാകുന്നതിനുള്ള വഴികള്‍, കൂട്ടുകാരെ എങ്ങനെ ആകര്‍ഷിക്കാം തുടങ്ങിയ ശീര്‍ഷകങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് യൂറോപ്പില്‍ വില്‍ക്കപ്പെടുന്നത്.

സൌന്ദര്യത്തിലും വ്യക്തിത്വത്തിലും താരതമ്യേന താണ നിലവാരത്തിലുള്ള സ്ത്രീകളാണ് പൊതുവില്‍ ഇത്തരം പുസ്തകങ്ങള്‍ വാങ്ങുന്നതും പ്രയോജനപ്പെടുത്തുന്നതും. ഭോഗവിലാസത്തിന്റെയും വിനോദത്തിന്റെയും വസ്തുക്കളൊക്കെയും വില്‍ക്കപ്പെടുകയാണ്. സ്ത്രീയും അത്തരം ഒരു ഉല്‍പന്നം മാത്രം. ഉപഭോഗ തൃഷ്ണയാണ് പാശ്ചാത്യസംസ്‌കാരത്തെ ഒന്നാകെ ചലിപ്പിക്കുന്നത്. ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പ് എന്റെയും ജീവിത രീതി ഉപഭോഗ തൃഷ്ണയില്‍ അധിഷ്ഠിതമായിരുന്നു.

എല്ലാവിധത്തിലുള്ള സുഖഭോഗങ്ങള്‍ക്കു ശേഷവും എന്റെ മനസ്സ് ശാന്തമായിരിന്നില്ലെന്നത് വസ്തുതയാണ്. ഏതോ ഒരു ശൂന്യത എനിക്ക് അനുഭവപ്പെട്ടിരുന്നു. ഏതോ സമയത്ത് ഭൂമിയില്‍ വീണ് എന്റെ അസ്തിത്വം തുണ്ടം തുണ്ടമാക്കപ്പെടുമല്ലോ എന്ന ചിന്തയും എന്നെ അലട്ടിയിരുന്നു. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവും ഉടമയും ഉണ്ടെന്ന് മനസ്സാക്ഷി എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ആത്മാവിന് യഥാര്‍ഥ ശാന്തി നല്‍കാന്‍ അവന് മാത്രമേ കഴിയുകയുള്ളൂ എന്നും. പക്ഷേ, ഞാന്‍ ജനിച്ചുവളര്‍ന്ന ക്രിസ്തുമത വിശ്വാസം ഒരു കളിക്കോപ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതൊരിക്കലും ബുദ്ധിയോടു സംവദിക്കുന്നില്ല. അതിനാല്‍, വളരെ വിഷമത്തോടു കൂടിയാണെങ്കിലും ഞാന്‍ മറ്റു മതങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചു. അല്ലാഹുവിന് നന്ദി! ഞാന്‍ വളരെ പെട്ടെന്നു തന്നെ ലക്ഷ്യം നേടുകയും ചെയ്തു.

ഭാഗ്യത്തിന് ഞാന്‍ ആദ്യമായി പരിചയപ്പെട്ടത് ഖുര്‍ആനാണ്. അതിനു ശേഷമേ മറ്റു ഇസ്ലാമികാധ്യാപനങ്ങള്‍ ഞാന്‍ പാരായണം ചെയ്തുള്ളൂ. ഇസ്ലാമികാധ്യാപനങ്ങള്‍ വളരെ സരളവും ലളിതവുമാണെന്നത് എന്നെ വളരെയധികം ആകര്‍ഷിച്ചു. ഇതിന് നേര്‍വിപരീതമായി കൃത്രിമവും പൊള്ളയുമായ ആവശ്യങ്ങളും നിസ്സാരമായ ആഗ്രഹങ്ങളും പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിതത്തെ വളരെ സങ്കീര്‍ണവും പ്രയാസകരവുമായി മാറ്റിയത് നേരില്‍ അനുഭവിച്ച സ്ത്രീയാണല്ലോ ഞാന്‍. ഒരു പാശ്ചാത്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇസ്ലാം അപ്രായോഗികമാണെന്നാണ് മറ്റ് പലരെയും പോലെ തുടക്കത്തില്‍ ഞാനും കരുതിയിരുന്നത്. എന്തുകൊണ്ടെന്നാല്‍ സുഖലോലുപതയും ആഡംബരവും സന്തുഷ്ട ജീവിതത്തിന്റെ അനിവാര്യതയായിട്ടാണ് ഇവിടെ എല്ലാവരും കണക്കാക്കുന്നത്. ഇത്തരം സൌകര്യങ്ങളൊന്നുമില്ലാത്ത ജീവിതം ഭോഷ്‌കാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നത്. അതിനാല്‍ ഇസ്ലാമിനെ സ്വന്തമാക്കുന്നതിനു വേണ്ടി ചിന്തയിലും പ്രവര്‍ത്തനത്തിലും എനിക്ക് എത്ര മാത്രം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിട്ടുണ്ടാവുമെന്ന് ചിന്തിച്ചുനോക്കൂ.

ഇസ്ലാം തെളിവിന്റെ അടിസ്ഥാനത്തിലുള്ള മതമാണ്. അതിന്റെ ഒരധ്യാപനവും പ്രകൃതിയോടും യുക്തിയോടും കലഹിക്കുന്നില്ല. സ്വാതന്ത്യ്രം എന്ന പേരില്‍ യഥാര്‍ഥത്തില്‍ മനുഷ്യമനസ്സാക്ഷിയെ നിന്ദിക്കുകയും അവമതിക്കുകയും ചെയ്ത ചുറ്റുപാടില്‍ ദീര്‍ഘകാലം ജീവീച്ചവളാണ് ഞാന്‍. അതിനാല്‍ സ്വാര്‍ഥപരവും താല്‍ക്കാലികവുമായ ആഗ്രഹങ്ങളെ ബലികഴിച്ച് അല്ലാഹുവിന്റെ പാശത്തില്‍ അഭയം തേടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരേ സമയം ആവേശകരവും ഭയകാരണവുമാണ്. എത്ര തന്നെ ആത്മാര്‍ഥതയും വികാരവും ഉണ്ടായാലും തന്റേതു പോലുള്ള ചുറ്റുപാടില്‍ ജീവിച്ചവര്‍ക്ക് ഇസ്ലാമിലേക്ക് കാലെടുത്തുവെക്കാന്‍ നല്ല ധീരത ആവശ്യമാണ്. വിശ്വാസം ദൃഡമായിരിക്കുകയും വേണം. സംശയമില്ല. എനിക്കും ഈ മാനസികമായ പ്രതിസന്ധികളിലൂടെ കടന്നുപോയേ പറ്റൂ. എന്നാല്‍, അല്ലാഹുവിന് നന്ദി. പ്രവാചകന്‍ പഠിപ്പിച്ചതു പ്രകാരം ഞാന്‍ നമസ്‌കാരത്തിലൂടെ ഈമാനും ധൈര്യവും സ്ഥിരചിത്തതയും ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു.

ഇസ്ലാം സമ്പൂര്‍ണമായ ഒരു ജീവിതരീതിയാണ്. മനുഷ്യ ജീവിതത്തിന്റെ വിശുദ്ധിക്കാണ് അത് ഊന്നല്‍ നല്‍കുന്നത്. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ സ്ത്രീക്ക് പ്രത്യേകമായ ഒരു നിലയുണ്ട്. പാശ്ചാത്യ സമൂഹത്തില്‍ അവള്‍ വിപണിയുടെ ഒരായുധം മാത്രമാണ്. സ്ത്രീയെ ചൂഷണം ചെയ്യാന്‍ ഒരു പഴുതും ഇസ്ലാം അനുവദിക്കുന്നില്ല. ഇവിടെ വ്യാപാര ലക്ഷ്യത്തിനു വേണ്ടി അവള്‍ വില്‍ക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്നില്ല. പരസ്യത്തിന് വേണ്ടി സ്ത്രീ പ്രദര്‍ശന വസ്തുവാകുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഇസ്ലാമില്‍ അഭയം കണ്ടെത്തിയ സ്ത്രീ മനസ്സിലാക്കേണ്ടതുണ്ട്. അവരെ കണ്ണുമടച്ച് പാപത്തിന്റെ ഈ താഴ്വരയിലേക്ക് ആരും വലിച്ചിഴക്കരുത്. ഭോഗാലസര്‍ക്ക് എങ്ങനെയും ഉപയോഗിക്കാന്‍ പാകത്തില്‍ തങ്ങള്‍ കളിപ്പാട്ടങ്ങളല്ലെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാകണം. അവര്‍ സമൂഹത്തിലെ അങ്ങേയറ്റം ആദരണീയമായ വിഭാഗമാണ്. കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും നിര്‍മാണാത്മകമായ പലതും അവര്‍ക്ക് ചെയ്യാനുണ്ട്. അതിനായി വളരെ വലിയ ഉത്തരവാദിത്വങ്ങളാണ് അവരില്‍ ചുമത്തിയിരിക്കുന്നത്. അതിനാല്‍, ഒരു മുസ്ലിം സ്ത്രീ മദ്യം, മയക്കുമരുന്ന് തുടങ്ങിയ യൂറോപ്യന്‍ സംസ്‌കാരത്തിലെ എല്ലാ തിന്മകളില്‍ നിന്നും മാറി നില്‍ക്കേണ്ടതുണ്ട്.

നിര്‍ഭാഗ്യവശാല്‍    ടി.വി, റേഡിയോ, പത്രങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍  തുടങ്ങിയവ രാവും പകലും പാപങ്ങള്‍ക്ക് പ്രേരണ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഭോഗാസക്തിയും വിനോദവും മാത്രമാണ് യഥാര്‍ഥ ജീവിതം, മദ്യവും മദിരാക്ഷിയുമാണ് സന്തോഷ സാക്ഷാത്കാരത്തിനുള്ള ഏറ്റവും നല്ല വഴി എന്നൊക്കെയാണ് അവ പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍. തന്റെ ഭോഗാലസമായ ജീവിതത്തിന് സഹായകമാകാത്ത ആരെയും തങ്ങളുടെ അയല്‍വാസികളെപ്പോലും സ്വീകരിക്കാന്‍ യൂറോപ്പില്‍ ആളുകള്‍ മടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ അവസ്ഥയില്‍ വിശ്വാസവും ഇച്ഛാശക്തിയും സ്ഥിരചിത്തതയും നമസ്‌കാരവും മാത്രമേ ഒരു മുസ്ലിമിന് ആശ്വാസമാകുകയും അവനെ നന്മയുടെ പാതയില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുകയുള്ളൂ.

ഒരു മുസ്ലിം സ്ത്രീ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ കരുണയുള്ളവളും ആത്മവിശ്വാസമുള്ളവളുമാരിക്കണം. വിശ്വാസം കൊണ്ട് ധന്യമായതിനാല്‍ തങ്ങളെക്കാള്‍ ഭാഗ്യവതികള്‍ മറ്റാരുമില്ലെന്ന് അവര്‍ക്ക് ഉറച്ച ധാരണയുണ്ടായിരിക്കണം. യൂറോപ്യന്‍ സമൂഹത്തില്‍ ഇന്ന് മുസ്ലിംകളായി ജീവിക്കുക എന്നത് വളരെ വലിയ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ഉചിതമായ രീതിയില്‍ നിര്‍വഹിച്ചാല്‍ അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അര്‍ഹരാകാന്‍ മറ്റൊന്നും വേണ്ടിവരില്ല. ഒരു മുസ്ലിം സ്ത്രീക്ക് സ്വന്തം പ്രയത്‌നത്തിലൂടെയും ഏതെങ്കിലും ഒരു സ്ത്രീയെ ഇസ്ലാമിലേക്ക് കൊണ്ടുവരാനായാല്‍ ലൌകികവും പാരത്രികവുമായ വീക്ഷണകോണില്‍ അത് ഏറ്റവും വലിയ സേവനമാണ്.

ഈ ചുറ്റുപാടില്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലക്കുള്ള ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള നിരന്തരമായ പ്രയത്‌നത്തിലാണ് ഞാനിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നന്മയുടെ പാതയില്‍ ഉറച്ചുനില്‍ക്കാനും തിന്മയില്‍ നിന്ന് അകന്നു നില്‍ക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.”

Topics