ഈയിടെ മതവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോപ്പ് ബിഷപ്പുമാര്‍ക്ക് സര്‍ക്കുലര്‍ അയക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ മതവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച സംസാരത്തിന് ഏറെ അവസരമൊരുക്കുന്നുണ്ട് ആ സര്‍ക്കുലര്‍ എന്നതാണ് വാസ്തവം. കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന വിഷയത്തില്‍ ‘ശൂന്യദശാബ്ദ’ത്തിലാണ് നാമുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ഒന്നുകില്‍ നാം മാറ്റത്തിന് തയ്യാറാകുക; അല്ലെങ്കില്‍ നാശത്തിന് വഴിപ്പെടുക.ലോകത്തുള്ള സകലസംസ്‌കാരങ്ങളും പ്രകൃതിനശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച വേലലാതികളും ആശങ്കകളും പങ്കുവെക്കുന്നുണ്ട്. അത് കണ്ടെത്തി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ ആരായാന്‍ കഴിയുമോ എന്നതേ നമ്മുടെ മുമ്പില്‍ ബാക്കിയുള്ളൂ. ഈയൊരു ഘട്ടത്തിലാണ് ‘ഭൂമിയിലെ സകലമനുഷ്യരെയും ഒന്നിച്ചുചേര്‍ത്ത് അവരെ അഭിസംബോധനചെയ്യേണ്ടതുണ്ട്.പരിസ്ഥിതിക്കുനേരെയുള്ള വെല്ലുവിളി മുഴുലോകജനതയെ ബാധിക്കുന്നതാണ്’ എന്ന് പോപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കിയത്.
2050 ആകുമ്പോഴേക്കും 29.7 ശതമാനം മുസ്‌ലിംകളും 31.4 ശതമാനം ക്രിസ്ത്യാനികളും ലോകത്തുണ്ടാകുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട്. അതിനാല്‍ എല്ലാവരുടെയും മുഖ്യവിഷയമായ പരിസ്ഥിതിയുടെ വിശദമായ ചര്‍ച്ചയ്ക്ക് ഇരുകൂട്ടരും ഒരുമിച്ചിരിക്കണം. അവര്‍തന്നെ അതിന് പരിഹാരം കണ്ടെത്തുകയുംവേണം. തങ്ങളുടെ വേദഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ എന്തുനിര്‍ദേശം നല്‍കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. കാരണം, പരിസ്ഥിതിനാശത്തിനുള്ള പ്രതിവിധി ശാസ്ത്രവും സാങ്കേതികവിദ്യയും മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്ന ഒന്നല്ല.
അബ്രഹാമിക്പരമ്പരയിലെ വേദഗ്രന്ഥമായ ഖുര്‍ആന്‍ പരിസ്ഥിതിയോടുള്ള മനുഷ്യന്റെ സമീപനമെന്തായിരിക്കണമെന്നതിനെ സംബന്ധിച്ച പര്യാലോചനയിലേക്ക് വ്യക്തമായ ചിത്രം നമുക്ക് നല്‍കുന്നുണ്ട്.’ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ കീര്‍ത്തിക്കുന്നു. (അല്‍ഹശ്ര്‍ 1)(അല്‍ജുമുഅ 1)(അത്തഗാബുന്‍1)(അസ്സ്വഫ്ഫ് 1)’താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു'(അര്‍റഹ്മാന്‍ 6)’ ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു’.(അര്‍റഅ്ദ് 13)’ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ?'(അല്‍ഹജ്ജ് 18). സമാനമായ സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ പറയുന്നത് എല്ലാം ദൈവികദൃഷ്ടാന്തത്തിന്റെ ഇടമുറിയാത്ത താളലയമാണെന്നാണ്. ‘ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്.'(അല്‍ഇസ്‌റാഅ് 44).
ദൈവസ്‌തോത്രം അനുസ്യൂതം ആലപിക്കുന്ന പ്രകൃതിപ്രതിഭാസങ്ങളെയും ജീവിവര്‍ഗങ്ങളെയും നശിപ്പിക്കുകയാണ് പരിസ്ഥിതിനാശത്തിലൂടെ മനുഷ്യന്‍ ചെയ്യുന്നത്. ദൈവപ്രകീര്‍ത്തനത്തെ നിഷ്‌കാസനംചെയ്യുകയാണ് അതിലൂടെ. അത് കടുത്ത ധിക്കാരമാണെന്നതില്‍ യാതൊരുസംശയവുമില്ല. ‘നീ ഭൂമിയില്‍ അഹങ്കരിച്ചുനടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കംവെക്കാനും നിനക്കാവില്ല; ഉറപ്പ്'(അല്‍ഇസ്‌റാഅ്37). ‘ശ്രദ്ധയുള്ള ജനത്തിന് അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് (യൂനുസ് 67). ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട് (അര്‍റഅ്ദ് 3). ‘എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.'(അല്‍ബഖറ 164)എന്നാല്‍ പ്രകൃതിവിഭവങ്ങളൂറ്റിയെടുത്ത് സമ്പാദിക്കാനുള്ള ദുരയാല്‍ മനുഷ്യന്‍ പക്ഷേ, യാതൊരുസുബോധവുമില്ലാത്തവനായിത്തീര്‍ന്നിരിക്കുന്നു.അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. ‘(അല്‍അഅ്‌റാഫ് 179) ഒന്നും കാണാനോ കേള്‍ക്കാനോ മനസ്സിലാക്കാനോ തയ്യാറാകാത്ത മനുഷ്യനെ സംബന്ധിച്ചിടത്തോളം ‘അധികാരം ലഭിച്ചാല്‍ അവന്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല'(അല്‍ബഖറ 205).
അതിനാല്‍ വേദഗ്രന്ഥങ്ങളുടെ വാഹകരായ ജനത തങ്ങളുടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പശ്ചാത്തപിച്ച് ഹൃദയങ്ങള്‍ വിമലീകരിച്ച് പ്രകൃതിയെ സമീപിക്കേണ്ടതുണ്ട്. ഇനി വരുംതലമുറയ്ക്കായി നല്ലത് ബാക്കിവെക്കാന്‍കഴിയുംവിധം വികസനപ്രവര്‍ത്തനങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ട്. ക്രൈസ്തവ-മുസ്‌ലിംസമൂഹം മനസ്സിലാക്കിയ വേദോപദേശങ്ങള്‍ അനുസരിച്ച്, മലിനമാക്കിയ നദികളെ വീണ്ടെടുക്കണം. വംശനാശത്തിന്റെ വക്കിലെത്തിയ ജീവജാലങ്ങളെ സംരക്ഷിക്കണം. ഊഷരമാക്കിയ ഭൂപ്രദേശങ്ങളെ ഉര്‍വ്വരമാക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍മൂലം ദുരിതമനുഭവിക്കുന്ന അശരണരും പാര്‍ശ്വവത്കൃതരുമായ ജനതയ്ക്ക് ആശ്വാസമാകണം. കോര്‍പറേറ്റുസമ്പന്നരുടെ താല്‍പര്യങ്ങളെ അതിജീവിച്ച് ദൈവത്തിന്റെ താല്‍പര്യങ്ങളെ വീണ്ടെടുക്കണം. പോപ്പിന്റെ പത്രികയില്‍ പറഞ്ഞതുപോലെ ഇതല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാനില്ല.
ഭൂമിയെ കീഴ്‌പ്പെടുത്താനല്ല, ദൈവം അവരെ ഭൂമിയിലേക്ക് അയച്ചത് എന്നതാണ് മുസ്‌ലിംകളും ക്രിസ്ത്യാനികളും മനസ്സിലാക്കേണ്ടത് . അവര്‍ ഈ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളാണ്. പ്രപഞ്ചപരിപാലകനായ ദൈവം എങ്ങനെയാണ് ഓരോ സൃഷ്ടികളെയും രൂപങ്ങളെയും വിന്യസിച്ചതെന്ന് മനസ്സിലാക്കി അവയുടെ താളത്തിന് വിട്ടുകൊടുക്കേണ്ടതുണ്ട്. ഭൂമിയിലെ മനുഷ്യന്റെ പ്രാതിനിധ്യം ആദരവും ഉത്തരവാദിത്വവും എന്നതോടൊപ്പംതന്നെ പരീക്ഷണംകൂടിയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. ‘നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്'(അല്‍അന്‍ആം 165) അതിനാല്‍ ആ പ്രാതിനിധ്യം അധികാരപ്രമത്തതയായി ഒരിക്കലും മാറരുത്. ഈ ഭൂമിയില്‍ നാം ചെയ്യുന്ന ഓരോ കര്‍മത്തിനും നാളെ ദൈവത്തിന്റെ മുമ്പില്‍ മറുപടി പറയേണ്ടവരാണെന്നത് മറക്കരുത്. മുഹമ്മദ് നബി (സ) ഒരിക്കല്‍ പറഞ്ഞു:’ഈ ലോകം സുന്ദരവും അനുഗ്രഹദായകവുമാണ്. നിങ്ങളെ അതിന്റെ കാവല്‍ക്കാരായാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. അവിടെ നിങ്ങളെങ്ങനെ പെരുമാറുന്നുവെന്ന് അവന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്.’
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയും പരിസ്ഥിതിനാശവും വിലയിരുത്തി മനുഷ്യസമൂഹം ആ പരീക്ഷണത്തില്‍ പരാജയപ്പെട്ടുവെന്ന് പറയേണ്ട ദുരവസ്ഥയിലാണ് നാമെത്തിപ്പെട്ടിരിക്കുന്നത്. ഇതിന്റെ ദുരന്തഫലം നേരിടാന്‍ ലോകജനതയ്ക്കും വരുംതലമുറയ്ക്കും കഴിയില്ല. അതിനാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞതുപോലെ ‘സുദീര്‍ഘവും കയ്പുറ്റതുമായ ക്ലേശപരിശ്രമങ്ങളിലൂടെയാണെങ്കിലും മനോഹരമായ പുതിയൊരു ലോകം സൃഷ്ടിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒന്നിക്കേണ്ടതുണ്ട്’.
(യുഎസിലെ മസ്സാചുസെറ്റ്‌സിലുള്ള ബ്രാന്റിസ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസിക് ഇസ്‌ലാമില്‍ അസി. പ്രൊഫസറും ‘ദ സ്റ്റഡി ഖുര്‍ആന്റെ ‘ ജനറല്‍ എഡിറ്ററുമാണ് ലേഖകന്‍)
Add Comment