ശാസ്ത്രം

പരിഛേദന പ്രതിരോധമാര്‍ഗമോ

(എയിഡ്‌സും ചേലാകര്‍മവും-2 )
ചേലാകര്‍മം നടത്താത്തവരുടെ ലിംഗാഗ്രചര്‍മത്തിനുള്ളിലെ ബാഹ്യാവരണത്തിലുള്ള ലാംഗര്‍ഹാന്‍സ് കോശങ്ങള്‍ എയ്ഡ്‌സ് വൈറസുകളുടെ സ്വീകര്‍ത്താവായി വര്‍ത്തിക്കുന്നവയാണ്. ലിംഗദണ്ഡിനെ പൊതിഞ്ഞുകൊണ്ടുള്ള ആവരണകലകള്‍(keratinized stratified squamous epthelium )ലിംഗാഗ്രചര്‍മത്തിലെ പുറംപാളിയിലും കാണപ്പെടുന്നുണ്ട്. ഇത് എച്‌ഐവിബാധയെ ചെറുക്കുന്ന സുരക്ഷാകവചമൊരുക്കുന്നു.

എന്നാല്‍ ലിംഗാഗ്രചര്‍മത്തിലെ ആന്തരസ്തരത്തില്‍ കെരാറ്റിന്‍ കാണപ്പെടുന്നില്ല. ചര്‍മത്തിന് പ്രതിരോധവീര്യം നല്‍കുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിന്‍. അതുപോലെ ആ സ്തരത്തില്‍ ലാംഗര്‍ഹാന്‍സ് കോശങ്ങളുമില്ല. ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലിംഗാഗ്രചര്‍മത്തിലെ ആന്തരസ്തരങ്ങള്‍ യോനീസ്രവങ്ങളുമായി സമ്പര്‍ക്കത്തിലാവുന്നു.അതിലൂടെ എച്‌ഐവി ബാധയ്ക്ക് സാധ്യത വര്‍ധിക്കുന്നു.

ലിംഗപരിഛേദന ലൈംഗികപകര്‍ച്ചാരോഗങ്ങളില്‍നിന്ന് സുരക്ഷിതത്വം നല്‍കുന്നുവെന്ന ഫലവുമായി നാല്‍പതിലേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിഛേദനസ്വീകരിച്ചവരില്‍ രണ്ടുമുതല്‍ എട്ടിലൊന്ന് എച്‌ഐവി രോഗസാധ്യതയേ ഉള്ളൂവെന്നും ആ പഠനങ്ങള്‍ നിരീക്ഷിക്കുന്നു.

റോബര്‍ട്ട് സാബോ(Robert Szabo) പറയുന്നത് ലിംഗപരിഛേദന എച്‌ഐവി സാധ്യതയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണെന്നാണ്.(Szabo, P 1-3)

ഷികാഗോ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ എപിഡെമിയോളജിസ്റ്റായ റോബര്‍ട്ട് ബെയ്‌ലിപറയുന്നു: ‘ലിംഗപരിഛേദനയെ പിന്തുണക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ ആരും ആഗ്രഹിക്കുന്നില്ല’. യൂറോപിലും അമേരിക്കയിലും ലിംഗപരിഛേദനയെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ വളരെ സജീവമാണിന്ന്. അതിനാല്‍ ആഫ്രിക്കയില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന യാതൊന്നും ഇവിടെ നടപ്പാക്കുന്നത് ആരും താല്‍പര്യപ്പെടുന്നില്ല.(Shillinger, P 2)
ലിംഗപരിഛേദന പുരുഷന്‍മാര്‍ മത-സാമൂഹിക ആചാരമായി കൊണ്ടാടുന്നു എന്നതിനാല്‍ തന്നെ പ്രസ്തുത സമുദായത്തിന്റെ ശുചിത്വനടപടി അത് സ്വീകരിക്കാത്തവരില്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പിക്കുന്നില്ലെന്നത് (Shillinger, P -1)ശ്രദ്ധേയമാണ്. ബഹുഭൂരിപക്ഷം മുസ്‌ലിംകളും വിശ്വസിക്കുന്നത് ലിംഗപരിഛേദന നിര്‍ബന്ധകര്‍മമാണെന്നാണ്. പ്രകൃതിചര്യയിലുള്‍പ്പെട്ട ശുചിത്വനടപടിയുടെ ഭാഗമായി കൈക്കൊള്ളേണ്ട അഞ്ച് പ്രവാചകനിര്‍ദേശങ്ങളിലൊന്നാണിതെന്ന് ബുഖാരി, മുസ്‌ലിം, അഹ്മദ്, തുര്‍മിദി എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശുചിത്വ-സാമൂഹിക നടപടികളുടെ ഭാഗമായി വരുന്ന വേറെയും നിര്‍ബന്ധകാര്യങ്ങള്‍ ദാമ്പത്യബന്ധത്തിലുണ്ട്. ഇപ്പറഞ്ഞതിനര്‍ഥം മുസ്‌ലിംകളെല്ലാവരും എയ്ഡ്‌സില്‍നിന്നും സുരക്ഷിതരാണെന്നല്ല. മതപരമായ ചിട്ടവട്ടങ്ങളും വിലക്കുകളും പാലിക്കുന്ന ആളുകള്‍ക്കേ ഈ പറഞ്ഞ സുരക്ഷിതത്വം അവകാശപ്പെടാനര്‍ഹതയുള്ളൂ. അതാണ് മൊറോക്കോയിലെ അമ്പതുശതമാനം സ്ത്രീകള്‍ക്കും എച്‌ഐവി ബാധിച്ചത് ഭര്‍ത്താക്കന്‍മാരിലൂടെയാണെന്ന റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്(Clinton,P3).

അതെന്തായാലും വൃത്തിയും വിശുദ്ധിയും മുറുകെപ്പിടിക്കുന്നതിലൂടെ മാത്രമേ സുരക്ഷിതത്വം ഉറപ്പാക്കാനാകൂ എന്ന് ശാസ്ത്രംപോലും സമ്മതിച്ചുകഴിഞ്ഞു. ഒരേ ഭൂഖണ്ഡത്തിലാണെങ്കിലും പരിഛേദനസ്വീകരിക്കുന്നവരുടെ സാന്നിധ്യത്താല്‍ എയിഡ്‌സിന്റെ വ്യാപനത്തോത്് വ്യത്യാസപ്പെടുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയാകര്‍ഷിക്കുന്നു.ഉദാഹരണത്തിന് എയ്ഡ്‌സ് വ്യാപനത്തിന്റെ തോത് ഏഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്(0.06 ശതമാനം), ബംഗ്ലാദേശ്(0.03) ഇന്ത്യോനേഷ്യ(0.05)എന്നിവിടങ്ങളില്‍ തായ്‌ലന്റ് (2.2ശതമാനം), കമ്പോഡിയ(2.4), ഇന്ത്യ(0.8) തുടങ്ങിയ രാജ്യങ്ങളുടേതിനെക്കാള്‍ കുറവാണ്.
ആഫ്രിക്കന്‍ രാജ്യങ്ങളിലത് സമാനമായ വ്യത്യാസം പ്രകടമാക്കുന്നുണ്ട്. നൈജീരിയ(4.12ശതമാനം), ഘാന(2.38), കെനിയ (11.64) എന്നിവിടങ്ങളിലെ എയ്ഡ്‌സ് വ്യാപനത്തോത് നമീബിയ(19.94), ബോട്ട്‌സ്വാന(25.10) സിംബാബ് വെ(25.84) തുടങ്ങിയ രാജ്യങ്ങളുടേതിനേക്കാള്‍ വളരെ കുറവാണ്. ഒന്നുകൂടി വ്യക്തമായിപറഞ്ഞാല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലും തെക്കനാഫ്രിക്കയിലും സാംസ്‌കാരികമായ വ്യത്യസ്തത എച്‌ഐവി ബാധിതരുടെ നിരക്കിലും പ്രതിഫലിക്കുന്നുവെന്നര്‍ഥം. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പരിഛേദന സംസ്‌കാരത്തിന്റെ ഭാഗമാണെന്നതുകൊണ്ടുതന്നെ എയിഡ്‌സിന്റെ ഭീഷണിയെ ചെറുക്കാന്‍ അത് സഹായിക്കുന്നതായി കാണാം.
ലൈംഗികവേഴ്ചയിലൂടെയാണ് പ്രധാനമായും എച്‌ഐവി രോഗബാധ വ്യാപിക്കുന്നതെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതിനര്‍ഥം ലിംഗാഗ്രചര്‍മം നീക്കംചെയ്യുന്നത് എയ്ഡ്‌സ് പകര്‍ച്ചയെ അമ്പതുശതമാനമെങ്കിലും ചെറുക്കുന്നുവെന്നതാണ്.

എയ്ഡ്‌സും പരിഛേദനയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള നാല്‍പത്തിയഞ്ചോളം പഠനങ്ങള്‍ സൂക്ഷ്മവിശകലനം നടത്തുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വായിലും മൂക്കിനകത്തും ഉള്ള സവിശേഷമായ മ്യൂകോസല്‍ കോശങ്ങളാണ് ലിംഗാഗ്രചര്‍മത്തിന്റെ ആന്തരികഭാഗത്തുമുള്ളത്. ഇതില്‍ വര്‍ധിച്ച തോതിലുള്ള ലാംഗര്‍ഹാന്‍ കോശങ്ങളാണ് കാണപ്പെടുന്നത്. ശ്വേതരക്താണുക്കളില്‍ സമൃദ്ധിയായുള്ളതും എച്‌ഐവി സൂക്ഷ്മാണുക്കളുടെ ലക്ഷ്യകേന്ദ്രവും ഈ കോശങ്ങള്‍ തന്നെയാണ്.
‘എയ്ഡ്‌സ് വൈറസുകള്‍ ലാംഗര്‍ഹാന്‍സ് കോശങ്ങളെയാണ് ഉന്നംവെക്കുന്നത്. അവ യഥാര്‍ഥത്തില്‍ താഴും താക്കോലുമാണ്. ലിംഗചര്‍മത്തിലെ ബാക്കിഭാഗങ്ങള്‍ പടച്ചട്ടപോലെയുമാണ്’ എന്നേ്രത ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഗവേഷകന്‍ ആയ എഡ്വേഡ് ജി.ഗ്രീന്‍ അഭിപ്രായപ്പെടുന്നത്. സിംബാബ്‌വെ റെഡ്‌ക്രോസ് സൊസൈറ്റി പ്രസിഡന്റും എയ്ഡ്‌സ് സ്‌കെയിലിങ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ജിമ്മി ഗേസി പറയുന്നത്, ലിംഗാഗ്രത്തിലെ നനവുള്ളതും വഴുവഴുക്കുന്നതുമായ ഉപരിതലത്തില്‍ ബാക്ടീരിയ-വൈറസ് പോലുള്ള സൂക്ഷ്മാണുക്കളുടെ ഉയര്‍ന്ന സാന്നിധ്യം പരിഛേദനചെയ്യാത്തവരില്‍ കൂടുതലായിരിക്കുമെന്നാണ്. ഇത് ലൈംഗികജന്യ-എച്‌ഐവി രോഗങ്ങള്‍ പകര്‍ന്നുപിടിക്കാന്‍ കൂടുതല്‍ അവസരമൊരുക്കുന്നു. ലിംഗപരിഛേദന എയ്ഡ്‌സ് സാധ്യതയെ ചെറുക്കുമെങ്കിലും പകര്‍ച്ചവ്യാധിയെ തടുക്കുന്ന മുഖ്യസംഗതിയാണത് എന്ന് അദ്ദേഹം പറയുന്നില്ല.

യുഎന്‍ എയ്ഡ്‌സിന്റെ മേല്‍നോട്ടത്തില്‍ 1999ല്‍ നാല് ആഫ്രിക്കന്‍ നഗരങ്ങളില്‍ നടത്തിയ പഠനറിപോര്‍ട്ട് പരിശോധിക്കാം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കൊട്ടോനു(ബെനിന്‍), യാവുണ്ടെ(കാമറൂണ്‍) നഗരങ്ങളില്‍ പതിനഞ്ചിനും അമ്പതിനും ഇടയിലുള്ള പുരുഷന്‍മാരില്‍ എയ്ഡ്‌സ് രോഗബാധയുടെ തോത് യഥാക്രമം 3 ഉം 4 ഉം ശതമാനമാണ്. അതേസമയം കെനിയയിലെ കിസുമുവിലും സാംബിയയിലെ ഇന്‍ദോലയിലും അത് യഥാക്രമം 20 ഉം 24 ഉം ശതമാനമാണ്. കൊട്ടോനു , യാവുണ്ടെ നഗരങ്ങളില്‍ ഏറക്കുറെ എല്ലാ പുരുഷന്‍മാരും പരിഛേദന സ്വീകരിച്ചിട്ടുള്ളവരാണ്. അതേസമയം ഇന്‍ദോലയില്‍ പത്തുശതമാനവും കിസുമുവില്‍ മുപ്പതുശതമാനവും ആളുകളേ പരിഛേദന നടത്തിയവരുള്ളൂ. അതോടൊപ്പം മറ്റൊരു പഠനത്തില്‍ വെളിവായത് ലൈംഗികബന്ധത്തിലേര്‍പ്പെടുംമുമ്പ് പരിഛേദനയ്ക്ക് വിധേയരായവരില്‍ എട്ടുശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് എച്‌ഐവി രോഗബാധ കാണപ്പെട്ടതെന്നാണ്. എന്നാല്‍ പരിഛേദന നടത്താത്തവരില്‍ അത് 25 ശതമാനമായിരുന്നു.

ഇത്രയും സര്‍വേറിപോര്‍ട്ടുകളുടെ വെളിച്ചത്തിലും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പരിഛേദനയുടെ ഗുണഫലങ്ങളെ നിര്‍ണയിക്കാനും അത് സൂക്ഷ്മമായി വിലയിരുത്താനും മിനക്കെടാതെ രണ്ടുചേരികളായി നിലകൊള്ളുന്നു. അമേരിക്കയില്‍ ബഹുഭൂരിപക്ഷവും പരിഛേദന ചെയ്യുന്നവരായിട്ടും പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതരുള്ള നാടാണതെന്ന വാദമാണ് പരിഛേദനാവിരുദ്ധപക്ഷം മുന്നോട്ടുവെക്കുന്നത്.
തെക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീതിയുളവാക്കുംവിധം എച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ നേരിടാന്‍ സാമ്പ്രദായിക ചികിത്സാമാര്‍ഗങ്ങള്‍ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ പുതിയ പ്രതിരോധമാര്‍ഗങ്ങള്‍ ഈ മെഡിക്കല്‍ ഗവേഷണഫലങ്ങളുടെ വെളിച്ചത്തിലെങ്കിലും സ്വീകരിച്ചേ മതിയാകൂ. ഗാബോറോണിലെ ബോട്‌സ്വാന ഹാവാര്‍ഡ് എയ്ഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നത് ക്ലിനിക്കല്‍ പരിശോധനഫലങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ കൗമാരക്കാരിലും മുതിര്‍ന്നവരിലും എച്‌ഐവി ബാധയെ പ്രതിരോധിക്കാന്‍ പരിഛേദന നടത്താമെന്നാണ്. ആശുപത്രികള്‍ സൗജന്യസേവനമായി അത് ചെയ്തുതരുമെങ്കില്‍ സ്വീകരിക്കാന്‍ പുരുഷസമൂഹം തയ്യാറാണെന്നാണ് ഈയിടെ നടന്ന സര്‍വേയില്‍ വെളിപ്പെട്ടത്.

സിംബാബ്‌വെയിലെ സംക്രമണരോഗവിഭാഗം വിദഗ്ധ ഡോ. മറിയം ഇസത് പരിഛേദനയെ പിന്തുണക്കുന്നവരിലൊരാളാണ്. പരിഛേദനയുടെ ഗുണഫലങ്ങളെ ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ തയ്യാറല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യഇന്‍ഷുറന്‍സ് കമ്പനികള്‍ പരിഛേദന എച്‌ഐവി ഭീഷണിക്കുള്ള പ്രതിരോധമാര്‍ഗമാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ പറയുന്നു. കുട്ടികളില്‍ നടത്തുന്ന പരിഛേദന ലിംഗചര്‍മത്തെ കൂടുതല്‍ കെരാറ്റിന്‍സമ്പുഷ്ടീകരണത്തിന് സഹായിക്കുന്നതായി ശാസ്ത്രഫലങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് സിംബാബ് വെ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അഹ്മദ് ലതീഫ് അഭിപ്രായപ്പെടുന്നു. നീണ്ട ഒരു പഠനത്തിലൂടെ മാത്രമേ പരിഛേദനയുടെ ഇനിയും വെളിപ്പെട്ടിട്ടില്ലാത്ത ഗുണഫലങ്ങള്‍ മാനവരാശിക്ക് ബോധ്യപ്പെടുകയുള്ളൂഎന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഹവാ ഇര്‍ഫാന്‍

Topics