അടിസ്ഥാനതത്ത്വങ്ങള്‍

പരിഗണിക്കപ്പടേണ്ട ചില അടിസ്ഥാനങ്ങള്‍

ന്യൂനപക്ഷമുസ്‌ലിം കര്‍മശാസ്ത്ര ചര്‍ച്ചയില്‍ ആധുനിക പണ്ഡിതന്‍മാര്‍ ചില അടിസ്ഥാനങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. മാറ്റങ്ങളുടെ സ്വഭാവമനുസരിച്ച് ഇവ പലപേരുകളിലും ശാഖകളിലും അറിയപ്പെടുന്നു. അവയില്‍ പ്രധാനപ്പെട്ടവ താഴെ പറയും പ്രകാരമാണ്.

  1. ഫിഖ്ഹുല്‍ മഖാസ്വിദ് (ലക്ഷ്യജ്ഞാനം)

ജനങ്ങളുടെ താല്‍പര്യസംരക്ഷണമാണ് ശരീഅത്തിന്റെ അവതരണ ഉദ്ദേശ്യം എന്നതിനാല്‍, ഏത് കാര്യത്തിലുമുള്ള ശരീഅത്ത് വിധിയുടെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തല്‍ അനിവാര്യമാണ്. അവ്യക്തമായ സ്ഥലങ്ങളില്‍ ശരീഅത്തിന്റെ നിയമങ്ങള്‍ മൊത്തമായി മുമ്പില്‍ വെച്ചുകൊണ്ടാണ് ഇത് സാധിക്കേണ്ടത്. ഇങ്ങനെ ലക്ഷ്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ ലക്ഷ്യസാധ്യത്തിനു വേണ്ടി പല മുന്‍ഫത്‌വകളും വിധികളും മാറ്റേണ്ടിവരും. ചിലപ്പോള്‍ ഖണ്ഡിതമായ വിധികള്‍ പോലും മാറ്റേണ്ടിവരും. ഉദാഹരണമായി; നബി(സ) മുആദ്ബ്‌നു ജബല്‍ (റ) നോട് സകാത്തിനെക്കുറിച്ച് പറഞ്ഞു: ‘ധാന്യത്തില്‍ നിന്ന് ധാന്യവും ആടുകളില്‍ നിന്ന് ആടും ഒട്ടകങ്ങളില്‍ നിന്ന് ഒട്ടകവും പശുക്കളില്‍നിന്ന് പശുവും വാങ്ങുക’ (അബൂദാവൂദ്, ഇബ്‌നുമാജ, ഹാകിം). ഓരോ ഇനത്തിന്റെയും സകാത്ത് അതത് ഇനങ്ങളില്‍ നിന്നു തന്നെ വാങ്ങണമെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്. എന്നാല്‍ മുആദ്(റ) അതിനെ അക്ഷരങ്ങളിലൂടെ മനസ്സിലാക്കാതെ സകാത്തിന്റെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കുന്നു. പാവങ്ങളുടെ അവശതകള്‍ ഇല്ലാതാവുക എന്നതാണ് അതിന്റെ മുഖ്യലക്ഷ്യം. അതിനാല്‍ അദ്ദേഹം യമനിലെ ആളുകളില്‍ നിന്നും വസ്ത്രം വാങ്ങാന്‍ തീരുമാനിച്ചു. കാരണം യമനില്‍ അന്ന് ധാരാളം നെയ്ത്തു ശാലകളുണ്ടായിരുന്നു. സകാത്ത് വസ്ത്രമായി നല്‍കാന്‍ അനുവാദം നല്‍കിയാല്‍ കൊടുക്കുന്നവര്‍ക്കും അത് സൗകര്യപ്രദമാണ്. മാത്രമല്ല, യമനില്‍ സകാത്ത് വാങ്ങാന്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നിരിക്കെ, ഈ സകാത്ത് വിഹിതം അയക്കേണ്ടത് മദീനയിലേക്കാണ്. അവിടത്തുകാര്‍ക്ക് ധാന്യങ്ങളേക്കാള്‍ ആവശ്യം വസ്ത്രങ്ങളായിരുന്നു. അങ്ങനെ അദ്ദേഹം അവരോട് പറഞ്ഞു: ‘സകാത്തിന്റെ സാധനങ്ങളുടെ സ്ഥാനത്ത് നിങ്ങള്‍ കുപ്പായമോ മറ്റു വസ്ത്രങ്ങളോ കൊണ്ടുവരികയാണെങ്കില്‍ ഞാന്‍ അത് സ്വീകരിക്കും. കാരണം, നിങ്ങള്‍ക്ക് കൂടുതല്‍ പ്രയാസം കുറഞ്ഞതും മദീനയിലെ മുഹാജിറുകള്‍ക്ക് കൂടുതല്‍ ഉപകാരമുള്ളതും അതാണ്’.(ബുഖാരി).

2. ഫിഖ്ഹുല്‍ വാഖിഅ്(യാഥാര്‍ത്ഥ്യജ്ഞാനം)

ഏതൊരു പ്രശ്‌നത്തിനും ഒരു നിര്‍ണ്ണിത പശ്ചാത്തലമുണ്ടാകും. പശ്ചാത്തലങ്ങളുടെ മാറ്റത്തിനനുസരിച്ച് വിധിയിലും മാറ്റം വരേണ്ടത് അനിവാര്യമാണ്. സ്ഥലകാലങ്ങളുടെ മാറ്റത്തിനനുസരിച്ച് പ്രശ്‌നങ്ങളുടെ വിധിയിലും മാറ്റങ്ങളുണ്ടാകും. ഇതിന് ഇസ്‌ലാമികചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഇബ്‌നു അബ്ബാസി(റ)ന്റെ അടുക്കല്‍ ഒരാള്‍ വന്നുചോദിച്ചു. ‘ഞാന്‍ കൊലപാതകം നടത്തി പശ്ചാത്തപിച്ചാല്‍ അത് സ്വീകരിക്കപ്പെടുമോ?’ അദ്ദേഹം പറഞ്ഞു: ‘അതെ’. മറ്റൊരിക്കല്‍ ഇതേ ചോദ്യവുമായി മറ്റൊരാള്‍ വന്നപ്പോള്‍ അദ്ദേഹം ‘ഇല്ല’ എന്ന് മറുപടി നല്‍കി. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആദ്യം വന്ന ആള്‍ കൊലപാതകം നടത്തിയതിനു ശേഷമാണ് എന്റെ അടുക്കല്‍ വന്നത്. രണ്ടാമത്തെ ആള്‍ കൊലപാതകം നടത്താന്‍ ഉദ്ദേശിച്ചുകൊണ്ടും’. ഉമറുബ്‌നു അബ്ദുല്‍ അസീസ് മദീനയിലെ ഗവര്‍ണറായിരുന്ന സന്ദര്‍ഭത്തില്‍ മുമ്പില്‍ വന്ന പ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ വാദിയെ സത്യം ചെയ്യിച്ചുകൊണ്ടും മറ്റു ചിലപ്പോള്‍ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിച്ചുകൊണ്ടും കേസുകളില്‍ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ പിന്നീട് ഖലീഫയായി ഡമസ്‌കസില്‍ വന്നപ്പോള്‍ എല്ലാ പ്രശ്‌നങ്ങളിലും രണ്ട് സാക്ഷികള്‍ വേണമെന്ന് നിര്‍ബന്ധമാക്കി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മദീനയിലുള്ള ജനങ്ങളെയല്ല നാം സിറിയയില്‍ കാണുന്നത്’.

3. ഫിഖ്ഹുല്‍ മുവാസന: (സമതുലനജ്ഞാനം)

ഫത്‌വകളില്‍ മാറ്റം വരുത്തുന്നതും വിധികളില്‍ പ്രത്യേകം പരിഗണന നല്‍കേണ്ടി വരുന്നതുമായ പ്രധാന ഘടകമാണ് ഫിഖ്ഹുല്‍ മുവാസന. കാരണം, താല്‍പര്യങ്ങളുടെ ഗുരു -ലഘുത്വങ്ങളും മുന്‍ഗണനാക്രമങ്ങളും ഉപകാരോപദ്രവങ്ങളുടെ ഏറ്റക്കുറവുകളും വ്യക്തി-സമൂഹ താല്‍പര്യങ്ങളും പരസ്പരം ഇടയുകയോ തിരിച്ചറിയാന്‍ കഴിയാത്തവിധം അവ്യക്തമാവുകയോ ചെയ്യാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രായോഗികമായി മുന്‍ഗണന അര്‍ഹിക്കുന്നത് കണ്ടെത്താന്‍ ശ്രമിക്കല്‍ അനിവാര്യമാണ്. ഇതാണ് ‘ഫിഖ്ഹുല്‍ മുവാസന’.
ഹുദൈബിയാ സന്ധി വേളയില്‍ കരാര്‍ പത്രികയില്‍ ‘മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്നെഴുതുന്നതിനെ ശത്രുക്കള്‍ എതിര്‍ക്കുകയും അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സ്വഹാബികള്‍ക്കാര്‍ക്കും അത് സ്വീകരിക്കാന്‍ മനസ്സ് വരുന്നില്ല. പക്ഷേ, തിരുമേനി അവസാനം അതും അംഗീകരിച്ചുകൊടുത്തു. കാരണം, അതിനു വഴങ്ങിയില്ല എങ്കില്‍ കരാര്‍ പൊളിയും. സമാധാനമെന്ന വലിയ ലക്ഷ്യമാണ് താരതമ്യേന ലഘുവായ ഈ കാര്യത്തില്‍ തട്ടിത്തകരുക. അതിനാല്‍ തിരുമേനി സമാധാനത്തിന് മുന്‍ഗണന നല്‍കി. ഇത് ഫിഖ്ഹുല്‍ മുവാസനക്ക് വ്യക്തമായ ഉദാഹരണമാണ്.

4. ഫിഖ്ഹുല്‍ ഔലവിയ്യാത്ത് (മുന്‍ഗണനാക്രമജ്ഞാനം

ഓരോ കാര്യങ്ങള്‍ക്കും ഇസ്‌ലാമില്‍ പ്രത്യേകസ്ഥാനവും ക്രമവുമുണ്ട്. ഫര്‍ദ്, സുന്നത്ത്, ഹറാം, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വ്യത്യസ്ത പദവികളിലാണ് ഓരോ കാര്യങ്ങളും നിലനില്‍ക്കുന്നത്. സുന്നത്തിന് ഫര്‍ദുകളേക്കാള്‍ സ്ഥാനം നല്‍കപ്പെടാവതല്ല. ഓരോന്നിനും ശരീഅത്ത് നല്‍കിയ സ്ഥാനം മാത്രമേ അതിന് നല്‍കാവൂ. ആദര്‍ശബന്ധത്തിന് ഇസ്‌ലാമില്‍ രക്തബന്ധത്തേക്കാള്‍ പ്രാധാന്യമുണ്ട്. (ഖുര്‍ആന്‍:9:24). ജീവന്റെ സംരക്ഷണത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ദീനിന്റെ സംരക്ഷണത്തിനാണ്. അതിനാലാണ് ജിഹാദ് നിര്‍ബന്ധമാക്കപ്പെടുന്നത്. അതുപോലെ വ്യക്തിയുടെ താല്‍പര്യത്തേക്കാള്‍ സമൂഹത്തിന്റെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കണം. ഉമര്‍(റ)ന്റെ ഒരു നടപടി ഇത് വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ വര്‍ദ്ധിക്കുകയും മസ്ജിദുല്‍ ഹറമില്‍ നമസ്‌കാരത്തിന് സ്ഥലം തികയാതെ വരികയും ചെയ്തപ്പോള്‍ ഉമര്‍ പള്ളി വിപുലീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബന്ധപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ചില വീട്ടുകാര്‍ മാത്രമേ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായുള്ളൂ. ചിലര്‍ സ്ഥലം വില്‍ക്കുകയില്ലെന്ന് ശഠിച്ചു. ഉമര്‍ പലവിധത്തിലും ശ്രമിച്ചെങ്കിലും അവര്‍ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതിച്ചില്ല. അപ്പോള്‍ അദ്ദേഹം ബലം പ്രയോഗിച്ച് അവ പൊളിച്ച് പള്ളി വിപുലീകരിച്ചു. ഇതാണ് മുന്‍ഗണനാക്രമജ്ഞാനം (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്). ഇത് പരിഗണിക്കാതെ വന്നാല്‍ ശരീഅത്തിലെ അപ്രധാനങ്ങള്‍ സുപ്രധാനങ്ങളും സുപ്രധാനങ്ങള്‍ അപ്രധാനങ്ങളുമായി മാറുകയും ചെയ്യും.
ഇവ കൂടാതെ, അനന്തരഫലങ്ങള്‍ പരിഗണിച്ചുകൊണ്ട് തിന്‍മയിലേക്കുള്ള വാതില്‍ തടയുക (സദ്ദുദ്ദറാഇഅ്) എന്ന വിഭാഗത്തിലുള്ള ഫിഖ്ഹുല്‍ മആലാത്തും (അനന്തരഫല ജ്ഞാനം) പരിഗണിച്ചു കൊണ്ടേ കര്‍മശാസ്ത്ര വിധികള്‍ രൂപീകരിക്കാവൂ.

ലളിതപൂര്‍ണവും മാനുഷിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമായ ഒരു കര്‍മശാസ്ത്രം ആധുനിക കാലഘട്ടത്തിന് അനിവാര്യമാണ്. നിലവിലെ ലോകക്രമത്തെ വിലയിരുത്തി പാരമ്പര്യകര്‍മശാസ്ത്രത്തിന്റെ കെട്ടിക്കുടുക്കുകളില്‍ നിന്നും മോചിതമായുള്ള ഒരു കര്‍മശാസ്ത്ര രൂപീകരണമാണ് ആധുനിക കാലഘട്ടത്തിലെ ഗവേഷകര്‍ക്ക് നിര്‍വഹിക്കാനുള്ളത്.
അവലംബം:

  1. ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍ (ഇബ്‌നുല്‍ ഖയ്യിം)
  2. മിന്‍ ഫിഖ്ഹില്‍ അഖല്ലിയാത്തില്‍ മുസ്‌ലിമഃ- കിതാബുല്‍ ഉമ്മഃ
  3. അല്‍ അഖല്ലിയാത്തുല്‍ മുസ്‌ലിമഃ (ഡോ:യൂസുഫുല്‍ ഖറദാവി)
  4. ഫീ ഫിഖ്ഹില്‍ ഔലവിയാത്ത് (ഡോ:യൂസുഫുല്‍ ഖറദാവി)
  5. ഫിഖ്ഹുദ്ദൗലഃ (ഡോ:യൂസുഫുല്‍ ഖറദാവി)

About the author

padasalaadmin

Add Comment

Click here to post a comment

Topics