ഇസ്‌ലാമിക കര്‍മശാസ്ത്രവിശാരദരില്‍ ഏറ്റവും അഗ്രഗണ്യനാണ് ഇമാം അബൂഹനീഫ. ഏവര്‍ക്കും പ്രചോദനമേകുന്ന ആ ജീവിതം ഇസ്‌ലാമിന്റെ വികാസത്തിന് സഹായിക്കും വിധം ഗവേഷണമനനങ്ങളാല്‍ സമൃദ്ധമാണ്. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രമേഖല അതുവഴി പുഷ്‌കലമായി.
യുക്തിചിന്തയുടെ പിന്തുണയോടെ നിയമങ്ങളെ നിര്‍ധാരണംചെയ്യുന്ന രീതിക്ക് തുടക്കമിട്ടവരില്‍ ഒരാളാണ് അദ്ദേഹം. ഇന്ന് ലോകത്ത് ഭൂരിപക്ഷംവരുന്ന മുസ്‌ലിംസമുദായം അദ്ദേഹത്തിന്റെ കര്‍മസരണിയെ പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താസരണി സ്വീകാര്യത നേടാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഭരണകൂടങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നതാണ് അതിലൊന്ന്. അബ്ബാസിയ, ഉസ്മാനി, മുഗള്‍ ഭരണകൂടങ്ങള്‍ അവയില്‍ പെട്ടതാണ്.
അദ്ദേഹത്തിന്റെ പ്രഗത്ഭരായ ശിഷ്യഗണങ്ങള്‍ ഇമാമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പഠന-ഗവേഷണമേഖലകളില്‍ വിളങ്ങിയവരായിരുന്നു. അവര്‍ ലോകമൊട്ടുക്കും സഞ്ചരിച്ച് വിജ്ഞാനവ്യാപനത്തിനായി പരിശ്രമിച്ചു. ഇന്നും സുന്നിമുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുള്ളത് ഹനഫി മദ്ഹബിനാണ്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്താന്‍, തുര്‍ക്കി, സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങി രാജ്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രസ്തുത മദ്ഹബാണ്. ഇവിടെ ഈ കുറിപ്പില്‍ അദ്ദേഹത്തിന്റെ ജീവിതം, ചിന്താരീതി, കര്‍മശാസ്ത്രം ,ഇതരസംഭാവനകള്‍ എന്നിവയാണ് വിശകലനംചെയ്യുന്നത്.
ജനനം-കുടുംബം
നുഅ്മാന്‍ ഇബ്‌നു സാബിത് ഇബ്‌നു മര്‍സുബാന്‍ എന്ന അബൂഹനീഫ ഇറാഖിലെ കൂഫയിലാണ് ഹിജ്‌റ 80 ല്‍ ജനിച്ചത്. അന്ന് ഉമവീ ഭരണാധികാരിയായിരുന്ന അബ്ദുല്‍ മലിക്ബ്‌നു മര്‍വാനാണ് ഭരണാധികാരി. ഇമാം മരണമടഞ്ഞത് ഹിജ്‌റ 150 ലാണ്. അബൂഹനീഫ എന്ന അപരനാമം ലഭിച്ചതെങ്ങനെയെന്നത് ഇന്നും ദൂരൂഹമാണ്. അതിനെപ്പറ്റി ഡോ. മുഹമ്മദ് അക്‌റം നദ്‌വി എഴുതിയതിങ്ങനെ:’ഹനീഫ എന്ന മകള്‍ ശൈശവദശയില്‍തന്നെ മരണമടഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ആളുകള്‍ അത് സൂചിപ്പിച്ചിട്ടുണ്ടാകില്ല. അല്ലെങ്കില്‍, ഒരു പ്രത്യേകസാഹചര്യത്തില്‍ ആരെങ്കിലും ഒരു അപരനാമംവിളിക്കുകയും പിന്നീടതിന് പ്രചാരമേറുകയും ചെയ്തിട്ടുണ്ടാകാം.’
സമ്പന്ന പേര്‍ഷ്യന്‍കുടുംബത്തിലാണ് ഇമാം ജനിച്ചത്. ഇമാമിന്റെ പിതാവിന്റെ ജീവിതം,ജോലി, ചുറ്റുപാടുകള്‍ എന്നിവയെപ്പറ്റി വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും പശ്ചാത്തലം പരിഗണിച്ചാല്‍ പിതാവ് സത്യസന്ധനും സമ്പന്നനുമായ വ്യാപാരിയായിരുന്നുവെന്ന് അനുമാനിക്കാമെന്ന് ‘നാല് ഇമാമുമാര്‍’ എന്ന പുസ്തകത്തില്‍ മുഹമ്മദ് അബൂസഹ്‌റ കുറിക്കുന്നുണ്ട്.
ഇമാം അബൂഹനീഫയുടെ ജീവചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങളുടെ വിവരണമനുസരിച്ച് അദ്ദേഹത്തിന്റെ പിതാവ് തന്റെ കുട്ടിക്കാലത്ത് നാലാംഖലീഫ അലിയ്യുബ്‌നുഅബീത്വാലിബിനെ കണ്ടിട്ടുണ്ടത്രേ. പേര്‍ഷ്യന്‍ കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരനാളില്‍ അദ്ദേഹത്തിന്റെ വല്യുപ്പ അലി(റ)ക്ക് മധുരപലഹാരം സമ്മാനിച്ചുവത്രേ. ആ മധുരപലഹാരം സമ്പന്നര്‍മാത്രം ഉപയോഗിക്കുന്നതാണ്. അബൂഹനീഫയുടെ പിതാവിനെക്കുറിച്ച പരാമര്‍ശം കാണപ്പെടുന്നില്ലെന്നത് ഇമാമിന്റെ വൈജ്ഞാനികവൈഭവത്തെയോ സ്വഭാവഗുണങ്ങളെയോ നിഷേധിക്കാന്‍ ന്യായമാകുന്നില്ല.
ഇമാം തന്റെ കുട്ടിക്കാലം ചെലവഴിച്ചത് കൂഫയിലായിരുന്നു. അന്നേതന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന് ഖുര്‍ആനോട് പ്രത്യേകസ്‌നേഹമായിരുന്നു. രാത്രിനമസ്‌കാരങ്ങളില്‍ കൂടൂതലായി ഖുര്‍ആനില്‍നിന്ന് പാരായണംചെയ്യും. അത് തന്റെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നഗരങ്ങളില്‍ താമസിച്ചിരുന്ന സമ്പന്നകുടുംബങ്ങളിലെ സന്താനങ്ങള്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനെ കുടുംബാംഗങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാല്‍ അബൂഹനീഫയെയും അത്തരമൊരു സാഹചര്യം ഖുര്‍ആന്‍ പഠനത്തിന് സഹായിച്ചിരിക്കാം എന്ന് അബൂസഹ്‌റ നിരീക്ഷിക്കുന്നുണ്ട്. റമദാനില്‍ 7 തവണ ഖുര്‍ആന്‍ മുഴുവനായി അദ്ദേഹം പാരായണംചെയ്യാറുണ്ടായിരുന്നു. ഇത് അതിശയോക്തിയാണെന്നുവന്നാല്‍തന്നെ ഇമാമിന്റെ ഖുര്‍ആനിനോടുള്ള അഭിനിവേശത്തെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.
പിതാവിന്റെ ബിസിനസില്‍ സഹായം
വ്യത്യസ്തവ്യാപാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയേക്കാള്‍ കൂടുതലായിരുന്നു വിദൂരനാടുകളിലെ പണ്ഡിതരുടെ അടുത്തേക്കുള്ള ഇമാം അബൂഹനീഫയുടെ യാത്രകള്‍. അദ്ദേഹം ഒരേസമയം ബിസിനസിനും വിദ്യാഭ്യാസത്തിനുമായി യാത്രകള്‍ ചെയ്തു. അദ്ദേഹത്തിന്റെ പിതാവും ബിസിനസുകാരനായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹവും ബിസിനസുകാരനായത്.
ബിസിനസില്‍ കാലുറപ്പിച്ചശേഷമാണ് ഇമാം ഹദീഥും ഫിഖ്ഹും പഠിക്കാന്‍ ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ‘നൂറുമുസ്‌ലിംകള്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ മുഹമ്മദ് മുജ്‌ലും ഖാന്‍ ഇങ്ങനെ എഴുതുന്നു:’അബൂഹനീഫ തന്റെ ആദ്യകാലഘട്ടങ്ങള്‍ ബിസിനസിലാണ് പൂര്‍ണമായും ചെലവഴിച്ചത്. തന്റെ സഹപാഠികളെക്കാള്‍ വളരെ വൈകിയാണ് അദ്ദേഹം പഠനമേഖലയില്‍ പ്രവേശിച്ചതെങ്കിലും കഠിനപരിശ്രമവും ബുദ്ധിശക്തിയും ഉപയോഗിച്ച് വിജ്ഞാനംസ്വായത്തമാക്കുന്നതില്‍ മുന്‍പന്തിയിലെത്തി.’
(തുടരും)
Add Comment