ഇസ്‌ലാമിക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മതേതരത്വത്തിനുവേണ്ടി നിലനില്‍ക്കുന്ന പുതിയ തുര്‍ക്കി ഒരു മാറ്റത്തിലൂടെ കടന്നു പോവുകയാണ്. ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തുര്‍ക്കി സന്ദര്‍ശിച്ച ഒരു പത്രപ്രവര്‍ത്തകന്റെ യാത്രാനുഭവങ്ങള്‍
ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണു തുര്‍ക്കിയില്‍ കാലുകുത്തുന്നത്. ഇസ്‌ലാമികവിപ്ലവത്തിന്റെ പടഹധ്വനികളോ സായുധപോരാട്ടങ്ങളുടെ ഭീതിയോ അവിടെയില്ല. ഇസ്‌ലാമികത മുറുകെ പിടിച്ചുകൊണ്ടുതന്നെ മതനിരപേക്ഷ സമൂഹത്തെ നയിക്കുന്ന പുതിയ പരീക്ഷണശാലയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കാഴ്ചവയ്ക്കുന്നത്.
ജനാധിപത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മാതൃകയായി തുര്‍ക്കി മാറിക്കഴിഞ്ഞു. കൊട്ടുംകുരവയുമുള്ള തുര്‍ക്കി തിരഞ്ഞെടുപ്പ് പക്ഷേ, ഒരാള്‍ക്കും ഒരു ശല്യവുമാവുന്നില്ല. എല്ലാ കക്ഷികളുടെയും കൊടിതോരണങ്ങളുണ്ടവിടെ. ഇത്തവണ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം കൊണ്ടുവരാനായി മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ മല്‍സരിച്ച ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (അക്) ജനാധിപത്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തത് സ്വന്തം സാധ്യതതന്നെ കുരുതികൊടുത്തുകൊണ്ടാണ്. അതിനാല്‍ തന്നെ വോട്ടും കുറഞ്ഞു. ആകെ കിട്ടിയത് 258 സീറ്റ്. അടിച്ചമര്‍ത്തപ്പെട്ട കുര്‍ദുകള്‍ക്ക് ജനാധിപത്യാവകാശം നല്‍കിയവരാണ് അക് പാര്‍ട്ടിയെങ്കിലും അവരും പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ല.
തുര്‍ക്കിത്തൊപ്പി തൊട്ട് ഖിലാഫത്ത് വരെ മലയാളി മുസ്‌ലിമിന്റെ സ്മരണയില്‍ തുര്‍ക്കിയെക്കുറിച്ച് ഓര്‍മകള്‍ പലതുമുണ്ടാവും. അത്താതുര്‍ക്കിന്റെ 192122ലെ വിപ്ലവത്തിന്റെ ഓര്‍മയില്‍ മുസ്തഫാ കമാല്‍പാഷ എന്നു മക്കള്‍ക്കു പേരിടുന്ന സമ്പ്രദായവുമുണ്ടായിരുന്നല്ലോ നാം മലയാളികള്‍ക്ക്. അത്തരം ഓര്‍മകളിലൂടെയാണു ഞാനും തുര്‍ക്കിയെ നോക്കിക്കണ്ടത്.
ഇംഗ്ലീഷറിയാത്ത ജനത
തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍ ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ക്ക് വര്‍ഷംതോറും ആതിഥ്യമരുളുന്ന ലോകത്തിലെ ഏഴാമത്തെ വലിയ നഗരമാണ്. യൂറോപ്യന്‍ സവിശേഷതകള്‍ സ്വഭാവത്തിലും ജീവിതരീതിയിലും കാത്തുസൂക്ഷിക്കുന്ന ഈ യൂറേഷ്യന്‍ രാജ്യത്ത് മിക്കവര്‍ക്കും ഇംഗ്ലീഷ് അറിയില്ല. എന്നാല്‍, എല്ലാ ബോര്‍ഡുകളും ഇംഗ്ലീഷില്‍ നമുക്കു വായിക്കാനാവും. കാരണം ടര്‍ക്കിഷ് ഭാഷയും ലാറ്റിന്‍ ലിപികളിലാണെഴുതുന്നത്. ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലിറങ്ങിയ ഞങ്ങളെ കാത്തിരിക്കുന്ന െ്രെഡവറെ കണ്ടെത്താന്‍ കഴിയാതെപോയതും ഇംഗ്ലീഷിന്റെ പ്രശ്‌നംതന്നെ. ഇസ്താംബൂളില്‍ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുക ടൂറിസ്റ്റ് ഗൈഡുകളാണ്. വന്‍കിട ഹോട്ടല്‍ റിസപ്ഷനിസ്റ്റുകളും ഇംഗ്ലീഷ് പ്രാവീണ്യമുള്ളവരാണ്. അതേസമയം, ഇന്നാട്ടില്‍ ഒരുവിധക്കാരൊക്കെ അറബി സംസാരിക്കും. ദീര്‍ഘകാലം ഇസ്‌ലാമി ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്നതിന്റെ പാരമ്പര്യം തുര്‍ക്കി കാത്തുസൂക്ഷിക്കുന്നത് ഇപ്രകാരമാണ്.
ഇന്നും സിഗരറ്റ് തുര്‍ക്കി ജനതയുടെ ദൗര്‍ബല്യമാണ്. മിക്കവാറും എല്ലാവരും ചെയിന്‍ സ്‌മോക്കര്‍മാരാണ്. ഇക്കാര്യത്തില്‍ തുര്‍ക്കിക്ക് കിര്‍ഗിസ്താനും ഉസ്‌ബെക്കിസ്താനുമായാണു സാമ്യം. തുര്‍ക്കിക്കാര്‍ക്കു പുകവലി ഒഴിഞ്ഞ നേരമില്ല. ആണും പെണ്ണും ഇക്കാര്യത്തില്‍ വ്യത്യാസമില്ല. തുര്‍ക്കി ഏഷ്യനും യൂറോപ്പും ചേര്‍ന്ന യൂറേഷ്യ ആയതിനാലാവണം വെള്ളിയാഴ്ചയല്ല ഞായറാഴ്ചയാണ് ഇവിടെ പൊതുഅവധി. തുര്‍ക്കിക്കൊടിക്ക് പച്ചനിറമല്ല, ചുവപ്പ് നിറമാണെന്നതു മറ്റൊരു പ്രത്യേകത.
നീലപ്പള്ളി എന്ന അദ്ഭുതം
ജോഹര്‍ ആയിരുന്നു ആദ്യദിനത്തില്‍ ഞങ്ങളുടെ വഴികാട്ടി. സംസാരപ്രിയന്‍. ‘എന്റെ പ്രപിതാ മഹന്‍ സുല്‍ത്താന്‍ അഹ്മദ് പണിതതാണ്’ എന്നു പറഞ്ഞാണ് ജോഹര്‍ സംസാരം തുടങ്ങുക. ജോഹര്‍ സുല്‍ത്താന്‍പരമ്പരയില്‍പ്പെട്ട ആളാണെന്നു തോന്നും പറയുന്നതുകേട്ടാല്‍. അങ്ങനെയൊന്നുമല്ല, ആളുടെ ഒരു ശൈലി എന്നേയുള്ളൂ. ‘ബ്ലൂമസ്ജിദ്’ എന്ന അദ്ഭുതാവഹമായ വാസ്തുശില്‍പ്പസൗന്ദര്യത്തിനു മുന്നില്‍ കണ്ണിളക്കാതെ നോക്കിനിന്നുപോവും. പുറംകാഴ്ചയേക്കാള്‍ അകചാതുര്യം അവിസ്മരണീയം. നീലനിറത്തിന്റെ വിസ്മയം അകത്തളങ്ങളില്‍ ഒളിമിന്നുന്നു.
ഇസ്താംബൂളിനെ താങ്ങിനിര്‍ത്തുന്ന ഏഴു കുന്നുകളുടെ നെറുകയിലും അതിമനോഹരമായ ഓരോ പള്ളികള്‍ സ്ഥാപിച്ചിരിക്കുന്നു. ഒറ്റമിനാരവും ഇരട്ടമിനാരവുമുള്ള ഒരേ ആര്‍കിടെക്ചറിലുള്ള പള്ളികളുടെ അകത്തളങ്ങളിലെ കലാചാതുര്യമാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നത്. ആറു മിനാരങ്ങളുള്ള ബ്ലൂ മസ്ജിദ് ആണ് ഇതില്‍ പ്രധാനം. ബൈസാന്റിയന്‍ കാലത്തെ പ്രധാന കത്തീഡ്രല്‍ ആയിരുന്ന ഹഗിയാ സോഫിയയുടെ എതിര്‍വശത്തായി സുല്‍ത്താന്‍ അഹ്മദ് ഒന്നാമനാണ് ബ്ലൂ മസ്ജിദ് നിര്‍മിച്ചത്. ശില്‍പചാതുരിയുടെ മഹത്ത്വംകൊണ്ടും പള്ളിയുടെ അകത്തളങ്ങളിലെ നീലനിറങ്ങളില്‍ തീര്‍ത്ത വിസ്മയംകൊണ്ടുമാണ് ഈ പേരു വീണത്.
ആറു മിനാരങ്ങളും ഒരു വലിയ കുബ്ബയുമുള്ള ബ്ലൂ മസ്ജിദ് സെദഫ്കാര്‍ മെഹ്മദ് ആഗാ എന്ന ആര്‍കിടെക്റ്റ് രൂപകല്‍പന ചെയ്തതാണ്. കൈകൊണ്ട് നിര്‍മിച്ച 20,000 സെറാമിക് ടൈലുകള്‍, 200 സ്‌റ്റെയിന്‍ലസ് ഗ്ലാസ് ജനലുകള്‍ എന്നിവ മനോഹരമായിത്തന്നെ കോര്‍ത്തുവച്ചിരിക്കുന്നു. സയ്യിദ് ഖാസിം ഗുബാരി ഉല്ലേഖനം ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങളും നീലപ്പള്ളിയുടെ പ്രാഗല്‍ഭ്യം വിശ്വോത്തരമാക്കുന്നു.
തുര്‍ക്കിയിലെ പള്ളി മിമ്പറുകള്‍ നമ്മുടെ നാട്ടിലെ പോലെയല്ലെന്നതു ഞാന്‍ ശ്രദ്ധിച്ചു. വലിയ ഉയരത്തിലാണതു പണിയുക. കയറിച്ചെന്നാല്‍ പള്ളിയുടെ മോന്തായം വരെയെത്തും. ഖുത്തുബ പറയുന്നവര്‍ അതിന്റെ മധ്യഭാഗത്തേക്കു കയറിനില്‍ക്കണം. നീലപ്പള്ളിയില്‍ കുത്തനെ കെട്ടിടത്തിന്റെ മോന്തായം വരെയെത്തുന്ന മിമ്പര്‍ മാര്‍ബിളില്‍ പണിതതാണ്. നീലപ്പള്ളി കാണാനെത്തുന്നവരുടെ നീണ്ടനിര സദാസമയവും ഇവിടെയുണ്ട്.
ഇസ്താംബൂളിലെ മിക്കവാറും എല്ലാ പള്ളികള്‍ക്കും ഒരേ രൂപമാണ്. മിനാരങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവുമെന്നു മാത്രം. പ്രമുഖ പള്ളികളൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടെയാണ്. പള്ളികളില്‍ വന്നിരുന്ന് ദീര്‍ഘമായി പ്രാര്‍ഥിക്കുന്നത് വലിയ പുണ്യമായി ഇന്നാട്ടുകാര്‍ കരുതുന്നു.
നീലപ്പള്ളി കടന്നാല്‍ അപ്പുറത്ത് ഹഗിയാ സോഫിയ. 1000 വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലായിരുന്ന ഇവിടമിന്ന് സന്ദര്‍ശകര്‍ക്കായി മാത്രം തുറന്നുവച്ചിരിക്കുന്നു. ജോഹര്‍ ഞങ്ങളെ അങ്ങോട്ടു നയിച്ചു. പേരിന് ഇതും മസ്ജിദാണ്. പക്ഷേ, മ്യൂസിയമായിട്ടാണ് ഇപ്പോഴത് ഉപയോഗിക്കുന്നത് എന്നു മാത്രം. കഴിഞ്ഞ 1000 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രലായിരുന്നുവത്രെ ഹഗിയാ സോഫിയ. ഇന്നത് ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്.
ബുര്‍സയിലെ കുഫ്ത
‘കുഫ്ത’ കബാബാണ് തുര്‍ക്കി ഭക്ഷണത്തിലെ ഏറ്റവും രുചികരമായതും മറക്കാനാവാത്തതുമായ ഇനം. പലേടത്തുവച്ചും കുഫ്ത കഴിച്ചെങ്കിലും ബുര്‍സയിലേതായിരുന്നു കേമം. ബുര്‍സയിലെ കുഫ്തയുടെ തനത് രുചി ഇപ്പോഴും നാവിലുണ്ട്. ബുര്‍സ ഹൈറേഞ്ച് സിറ്റിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള മലമുകളിലേക്ക് റോപ്‌വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലമുകളില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ പരന്നു കിടക്കുന്ന കെട്ടിടങ്ങളുടെ കാഴ്ച അതിമനോഹരം. ഞങ്ങള്‍ ഇസ്താംബൂളില്‍ താമസിച്ച റമദാ ഹോട്ടലിന്റെ ടെറസ്സില്‍ നിന്ന് ഏകദേശം ഇത്തരമൊരു കാഴ്ച ലഭ്യമാണ്. പക്ഷേ, ബുര്‍സയിലേത് കൂടുതല്‍ കൗതുകകരമാണ്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലമുകളില്‍ കയറിയിറങ്ങുന്നതും ടൂറിസ്റ്റുകള്‍ക്ക് ഹരമാണ്.
ഖിലാഫത്ത് പ്രക്ഷോഭവും ഇസ്താംബൂളും
യുനസ്‌കോ അംഗീകരിച്ച ഹെറിറ്റേജ് സിറ്റിയാണ് ഇസ്താംബൂള്‍. 1919 വരെ തുടര്‍ന്ന ഒട്ടോമന്‍ ഖിലാഫത്തിനെ, ഒന്നാംലോക യുദ്ധത്തിന്റെ ചെലവില്‍ സഖ്യസേനയെ മുന്നില്‍ നിര്‍ത്തി ബ്രിട്ടിഷുകാര്‍ തകര്‍ത്തുകളയുകയായിരുന്നു. ഇതിനെതിരേ ആരംഭിച്ചതായിരുന്നു ഇന്ത്യയില്‍ മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ചേര്‍ന്നു നടത്തിയ ഖിലാഫത്ത് പ്രക്ഷോഭം.
ഒന്നരക്കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇസ്താംബൂള്‍ മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ നഗരമാണ്. ഇസ്‌ലാംബോള്‍ (സമ്പൂര്‍ണ ഇസ്‌ലാം)ആണ് ഇസ്താംബൂള്‍ ആയി പരിണമിച്ചത്. മര്‍മറ സമുദ്രത്തെയും ബ്ലാക്ക്‌സീയേയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്ക് ഇസ്താംബൂളിനെ രണ്ടാക്കി വിഭജിച്ച് ഒരുഭാഗം യൂറോപ്പിനും മറ്റേ കര ഏഷ്യക്കുമായി വീതംവച്ചിരിക്കുകയാണെങ്കിലും ഇതേ ബോസ്ഫറസ് തന്നെയാണ് ഇസ്താംബൂളിന്റെ ശക്തിസൗന്ദര്യവും സാമ്പത്തികാടിത്തറയും. ചൈനയില്‍നിന്നാരംഭിക്കുന്ന ‘സില്‍ക്ക് റോഡ്’ കടന്നുപോവുന്നതിന്റെ സമ്പല്‍സമൃദ്ധി ഈ രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്കാണു വഹിക്കുന്നത്.
വലിയ ദുരന്തങ്ങള്‍ക്കും തുര്‍ക്കി സാക്ഷ്യംവഹിച്ചിട്ടുണ്ട്. 1509ല്‍ ഇസ്താംബൂളിലുണ്ടായ സുനാമിയില്‍പ്പെട്ട് 10,000 പേരാണു കൊല്ലപ്പെട്ടത്. ഈയടുത്ത് 1999ലെ ഭൂകമ്പത്തില്‍ 18,000 പേര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നു.
റോമക്കാര്‍ സ്ഥാപിച്ച ഹിപോഡ്രാം ആണ് ഇസ്താംബൂളിന്റെ സിരാകേന്ദ്രം. കുതിരപ്പന്തയത്തിനായി ഉണ്ടാക്കിയ ഈ സ്‌റ്റേഡിയത്തില്‍ 70,000 പേര്‍ക്ക് വരെ കാണാനുള്ള സൗകര്യം ബൈസാന്റിയന്‍ രാജാക്കന്‍മാര്‍ ചെയ്തിരുന്നു. അതിനാല്‍ തന്നെ ഭരണവിരുദ്ധ കലാപങ്ങളുടെ ഉറവിടവും ഹിപോഡ്രാം ആയിരുന്നു.
പ്രവാചക തിരുശേഷിപ്പുകള്‍
തോപ്കാപി (പീരങ്കി കവാടം) എന്ന പേരില്‍ സുല്‍ത്താന്‍ അന്നു സ്ഥാപിച്ച ഒട്ടോമന്‍ രാജകൊട്ടാരമാണ് ഇന്നും ലക്ഷക്കണക്കിനു ലോകസന്ദര്‍ശകരുടെ ആകര്‍ഷണകേന്ദ്രം. 1517ലാണ് ആഗോള ഖിലാഫത്തിന്റെ ആസ്ഥാനമായി ഇസ്താംബൂള്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒട്ടോമന്‍ സുല്‍ത്താന്‍മാര്‍ ലോകമുസ്‌ലിംകളുടെ ഖലീഫമാരായും അറിയപ്പെട്ടു. മക്കയും മദീനയും ഇതിനു കീഴില്‍ വന്നു. ഇന്നും കഅ്ബയ്ക്കും മസ്ജിദുന്നബവിക്കും മേല്‍ തുര്‍ക്കിക്ക് ഒരവകാശമുണ്ട്. നിര്‍മാണപ്രവൃത്തികള്‍ക്കു തുര്‍ക്കിയുടെ സമ്മതം ആവശ്യമാണ്. എന്തായിരുന്നാലും മക്കയിലോ മദീനയിലോ കാണാത്ത ഇസ്‌ലാമിക സാംസ്‌കാരിക ചിഹ്നങ്ങളത്രയും ഇസ്താംബൂളില്‍ കാണാനാവും.
മക്കയില്‍നിന്നും മദീനയില്‍ നിന്നും പറിച്ചുനട്ട ഇസ്‌ലാമിക ചിഹ്നങ്ങളും അമൂല്യ ഗ്രന്ഥങ്ങളും സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ പണിത ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ തോപ്കാപിയില്‍ ഭദ്രമാണ്. ഇവിടെയുള്ള പ്രവാചകന്റെ വാളും കാലടയാളവും ആദ്യ ഖലീഫമാരുപയോഗിച്ച വസ്തുക്കളും കാണാന്‍ ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് എത്തുന്നത്. പ്രവാചകന്റെ താടിരോമങ്ങളും ചെരിപ്പടയാളവും വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അലിയുടെ ഖഡ്ഗവും അബൂബക്കര്‍, ഉമര്‍ ഉസ്മാന്‍ ഖലീഫമാര്‍ ഉപയോഗിച്ച വസ്തുക്കളുമാണ് മറ്റു ചിലത്. ഫാത്തിമയുടെ വസ്ത്രവും മകന്‍ ഹസന്റെ ജുബ്ബയും മാത്രമല്ല, യൂസുഫ് നബിയുടെ തലപ്പാവും മൂസാനബിയുടെ (സമുദ്രം പിളര്‍ന്ന, ഫിര്‍ഔന്റെ മുമ്പില്‍ പാമ്പായി മാറിയ) വടിയും തോപ്കാപിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അപൂര്‍വ വിശുദ്ധ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികളും അമൂല്യഗ്രന്ഥങ്ങളും ഇവിടെ കാണാം. തോപ്കാപിക്കകത്ത് ഒട്ടോമന്‍ സുല്‍ത്താന്‍മാര്‍ പൊതുജനങ്ങളില്‍ നിന്നു പരാതി കേട്ട് വിധിപറയുന്ന മജ്‌ലിസ് ഇപ്പോഴുമുണ്ട്.
മാഞ്ഞുപോവുന്ന ഇസ്‌ലാമിക ചിഹ്നങ്ങള്‍
തുര്‍ക്കിയുടെ ഇപ്പോഴത്തെ തലസ്ഥാനമായ അങ്കറ ഇസ്താംബൂളില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ്. കുര്‍ദുകളും അര്‍മീനിയക്കാരുമായ പാര്‍ശ്വവല്‍കൃതരടങ്ങിയ അനത്തോളിയ പ്രദേശത്തിന്റെ മധ്യഭാഗത്താണ് അങ്കറ. അങ്കറ പേര്‍ഷ്യന്‍ അധീനതയിലായിരുന്നപ്പോഴാണ് അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് ഇസ്താംബൂള്‍ കീഴടക്കുന്നത്. ഖിലാഫത്ത് തകര്‍ത്ത ബ്രിട്ടിഷുകാര്‍ക്കെതിരേ നടന്ന സമരത്തെ ഹൈജാക്ക് ചെയ്ത അത്താതുര്‍ക്കിന് 1923ല്‍ ബ്രിട്ടിഷുകാര്‍ ഭരണം ദാനംചെയ്തു പിന്‍വാങ്ങിയതിനുശേഷം പിന്നീട് തുര്‍ക്കിയില്‍ നടന്നത് അറബിയിലുള്ള ബാങ്കുവിളി നിരോധിക്കലും പരസ്യമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് വിലക്കലുമാണ്. ഇസ്‌ലാമിക തുര്‍ക്കിയില്‍ പര്‍ദയ്ക്കും സ്‌കര്‍ഫിനും വിലക്ക് വീണു. ഇന്നും തുര്‍ക്കിയില്‍ പര്‍ദ ധരിച്ച സ്വദേശികളെ കണ്ടെത്താന്‍ പ്രയാസമാണ്. ഇസ്‌ലാമിന്റെ എല്ലാ ചിഹ്നങ്ങളും തേച്ചുമായ്ക്കാന്‍ മുസ്തഫാ കമാല്‍ പാഷ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നിട്ടും ഒന്നും മാഞ്ഞുപോയില്ല. അഷീൗൃില്യവേൃീൗഴവആീുെവൗൃൗെ
ബോട്ട് യാത്ര
ഇസ്താംബൂളില്‍ നിന്ന് ബോസ്ഫറസിലൂടെയുള്ള ബോട്ട് യാത്ര അതിമനോഹരമാണ്. ഇത് ഏതാനും ദ്വീപുകളിലേക്കു നമ്മെ എത്തിക്കും. പ്രിന്‍സ് എഡ്വേര്‍ഡിന്റെ പേരിലുള്ള പ്രിന്‍സസ് ഐലന്‍ഡ് ആണ് മുഖ്യം. യൂറോപ്യന്‍ നഗരത്തില്‍ ചെന്ന പ്രതീതിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രത്തിനും. ഇസ്താംബൂളില്‍ നിന്ന് രണ്ടരമണിക്കൂര്‍ യാത്രചെയ്താല്‍ ബുര്‍സ നഗരത്തിലെത്താം. ഇതില്‍ ഒരു മണിക്കൂര്‍ കടല്‍വഴിയാണ്. വാഹനങ്ങള്‍ വലിയ ചങ്ങാടങ്ങളില്‍ കയറ്റി മറുകരയിലെത്തിക്കുന്നു. ഇതിനായി നിര്‍മിച്ച ആധുനിക ചങ്ങാടങ്ങളില്‍ ഹോട്ടലുകളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.
1938ല്‍ അന്തരിച്ച അത്താതുര്‍ക്കിനു വേണ്ടി, 1941ല്‍ പണിത ‘അനിത് കബീര്‍’ എന്ന ശവകുടീരം അങ്കറയില്‍ സകല ആര്‍ഭാടത്തോടെയും ഇന്നും പരിലസിക്കുന്നു. ഈ ശവകുടീരത്തെയോ പലേടത്തുമുള്ള അത്താതുര്‍ക്കിന്റെ പ്രതിമകളെയോ (മറ്റൊരു നേതാവിന്റെയും പ്രതിമ തുര്‍ക്കിയില്‍ കാണാനാവില്ല) തുര്‍ക്കിയില്‍ നശിപ്പിക്കപ്പെടുകയോ വികൃതമാക്കപ്പെടുകയോ ചെയ്യുന്നില്ല. തങ്ങളെ ഏറെ ഉപദ്രവിച്ച അത്താതുര്‍ക്കിന്റെ സ്മാരകങ്ങളെ സഹിക്കാനുള്ള ശേഷി തുര്‍ക്കി ജനതയ്ക്കുണ്ട്. ഒരുപക്ഷേ, പല ജനതകളില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇതുപോലുള്ള ചിലതാണെന്ന് എനിക്കു തോന്നി.
കടപ്പാട് : thejasnews.com
Add Comment