ഞാനറിഞ്ഞ ഇസ്‌ലാം

ജീവിതപങ്കാളിയിലെ നന്‍മ ഇസ്‌ലാമിലേക്കെത്തിച്ചു

മൂന്നുകുട്ടികളുടെ മാതാവും ഷാര്‍ലറ്റ് ഇസ്‌ലാമിക് അകാദമിയിലെ ഫസ്റ്റ്‌ഗ്രേഡ് ടീച്ചറുമായ മിഷേലുമായുള്ള അഭിമുഖ സംഭാഷണം.

  1. ഇസ്‌ലാമിനെ അടുത്തറിയുന്നത് എപ്പോഴാണ്?

മിഷേല്‍: വളരെ നിഗൂഡമായ രീതികളിലൂടെ ഇസ്‌ലാം എന്നിലേക്ക് കടന്നുവെന്ന് പറയാം. തുടക്കം കുട്ടിക്കാലത്തുതന്നെയുണ്ട്. കത്തോലിക്കസ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂനുസ്, ഈസാ എന്നീ പ്രവാചകന്‍മാരെക്കുറിച്ച ചരിത്രങ്ങള്‍ കേട്ടിട്ടുണ്ട്. എന്നിരുന്നാലും പശ്ചിമേഷ്യയെക്കുറിച്ച് കേട്ടതുമുതല്‍ക്ക് അതിനോടൊരുഅഭിനിവേശം തുടങ്ങിയെന്നുപറയാം.
ഭര്‍ത്താവിന്റെ ജീവിതരീതിയും സ്വഭാവസവിശേഷതകളും കണ്ടാണ് ഇസ്‌ലാമിനെക്കുറിച്ച് കൃത്യമായി അറിയുന്നതും പഠിക്കാന്‍ തുടങ്ങുന്നത്. അദ്ദേഹം പുലര്‍ത്തിയ മര്യാദകളും വൃത്തിയും എന്നെ ആകര്‍ഷിച്ചു. ഇസ്‌ലാമികപുസ്തകങ്ങള്‍ വായിച്ചുതുടങ്ങുംമുമ്പ് മതത്തെക്കുറിച്ച് ഒട്ടേറെ സംഗതികള്‍ എനിക്ക് വിവരിച്ചുതന്നിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പാകിസ്താനില്‍നിന്ന് ഒട്ടേറെ പുസ്തകങ്ങള്‍ എനിക്കായി അയച്ചുതന്നിരുന്നു. അതെല്ലാം വായിച്ചുതുടങ്ങിയപ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച ധാരണകള്‍ വളര്‍ന്നു.

ചോ: പരിവര്‍ത്തനത്തിനുമുമ്പ് മറ്റേതെങ്കിലും മതങ്ങള്‍ പരിഗണനയില്‍ വന്നിരുന്നുവോ?
മിഷേല്‍: കത്തോലിക്കാകുടുംബത്തില്‍ ജനിച്ച് , പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നെങ്കിലും അതെല്ലാം മുത്തശ്ശന്റെ നിര്‍ബന്ധത്തിനുവഴങ്ങിയായിരുന്നു. അതിനപ്പുറം ജീവിതം, ലക്ഷ്യം, ആരാധന എന്നിവയെക്കുറിച്ച മൂര്‍ത്തധാരണ എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പലസ്ഥലങ്ങളിലും പ്രാര്‍ഥനയ്ക്കായി പോകും. ഏതാണ്ട് 16-17 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ കത്തോലിക്കാചര്‍ച്ചില്‍ പോയി . അവിടെപറഞ്ഞതൊന്നും എനിക്കൊട്ടും ദഹിച്ചില്ല. ഇത് തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ സംഭവിച്ചു. ക്രമേണ കുര്‍ബാനയിലും മറ്റും വൈകിച്ചെല്ലുക പതിവായി. തുടര്‍ന്ന് ചര്‍ച്ചിലേക്ക് പോകാതായി.

ഇന്ന് അതെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതെല്ലാം നല്ലതിനായിരുന്നില്ലേയെന്ന് ആശ്ചര്യംതോന്നുന്നു. ഇസ്‌ലാമിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ശുദ്ധഗതിക്കാരിയായിരുന്നതുകൊണ്ട് ഇതരമതങ്ങളെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. തെക്കുപടിഞ്ഞാറന്‍ വിര്‍ജിനിയയിലെ ചെറിയപട്ടണത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ചര്‍ച്ചില്‍ പോകും തിരികെ വരും അത്രമാത്രമായിരുന്നു എനിക്കറിയുന്ന മതം.

ചോ: കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി താങ്കള്‍ മുസ്‌ലിമായിട്ട്. മാത്രമല്ല, വിവാഹിതയെന്ന നിലക്ക് ഇസ്‌ലാം ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെന്താണ്?
മിഷേല്‍: അതിശയകരമായ മാറ്റങ്ങളാണ് ഇസ്‌ലാം എന്റെ ജീവിതത്തില്‍ കൊണ്ടുവന്നത്. അത് വിവരിക്കാന്‍ വാക്കുകളില്ല. ഇസ്‌ലാം നേടിത്തരുന്ന സമാധാനം അദ്വിതീയമാണ്. അതിന് കാരണം പടച്ചതമ്പുരാനുമായുള്ള ബന്ധമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. വിവരിക്കാന്‍ പ്രയാസമായ ഉത്തരമാണതിന്. എന്നാലും ഞാന്‍ പറയും ഖുര്‍ആന്‍ പാരായണംചെയ്യുന്നതിലൂടെ ലഭിക്കുന്ന മാര്‍ഗദര്‍ശനവും വിജ്ഞാനവും അതില്‍ പ്രധാനമാണ്. അതിന് കുരുക്കഴിക്കാന്‍ കഴിയാത്ത സമസ്യകളില്ല. നിങ്ങളുടെ മനസ്സില്‍ സംശയമോ, ആകാംക്ഷയോ ഉള്ള സന്ദര്‍ഭത്തിലാണ് നിങ്ങള്‍ ഖുര്‍ആന്‍ കയ്യിലെടുക്കുന്നതെങ്കില്‍ നിങ്ങള്‍ തുറക്കുന്ന പേജില്‍ അതിനുള്ള ഉത്തരം കണ്ടെത്താം. അത് ശമനൗഷധമാണ്. വിശ്വാസികളുടെ ഹൃദയരോഗങ്ങള്‍ക്ക് നല്ലൊരു മരുന്നാണത്. ഖുര്‍ആന്‍ എന്നില്‍ വലിയ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഉറപ്പായും ഞാന്‍ പറയും.

ചോ: താങ്കളുടെ ക്രൈസ്തവകാലജീവിതത്തെക്കുറിച്ച് പറഞ്ഞല്ലോ. മുസ്‌ലിം ആകുന്നതിനുമുമ്പ് ഇസ്‌ലാമിനെ എങ്ങനെയാണ് കണ്ടിരുന്നത്?

മിഷേല്‍: ഞാന്‍ പറഞ്ഞല്ലോ. എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുംവരെ ഇസ്‌ലാമിനെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലായിരുന്നു.

ചോ: ഇസ്‌ലാമില്‍ താങ്കളെ ആകര്‍ഷിച്ച സംഗതിയെന്താണ്?

മിഷേല്‍: അതിന്റെ ലാളിത്യം. ഖുര്‍ആന്‍ പറയുന്നത് എല്ലാംതന്നെ സുഗ്രാഹ്യമാണെന്ന കാര്യവും അതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ഞാന്‍ കത്തോലിക്കാചര്‍ച്ചില്‍ പോയിക്കൊണ്ടിരുന്ന കാലത്ത് അതിലെ പേജുതുറന്ന് വായിക്കാനാരംഭിച്ചാല്‍ എന്താണെന്ന് മനസ്സിലാകാതെ ആശയക്കുഴപ്പത്തില്‍ പെട്ടിരുന്നു. ഖുര്‍ആന്‍ അത്തരം ന്യൂനതകളില്‍നിന്ന മുക്തമാണ്. ചര്‍ച്ചില്‍ പുരോഹിതന്‍ പറയുന്നത് കേട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. പലപ്പോഴും അതിലെ കാര്യങ്ങളെ ചോദ്യംചെയ്തിരുന്നു.
അത്തരത്തില്‍ പെട്ട രണ്ടുസംഗതികള്‍ ഞാനോര്‍ക്കുകയാണ്. അതിലൊന്ന് കുമ്പസാരമായിരുന്നു. മമ്മി എന്നോട് പറയും: ‘നീ അച്ചന്റെ അടുത്ത് ചെന്ന് കുമ്പസരിക്ക് മോളേ..’എന്ന് . അതെന്തിനാ എന്നുചോദിച്ചാല്‍ നിന്റെ തെറ്റുകുറ്റങ്ങള്‍ അച്ചനോട് പറയൂ എന്ന് പറയും . അതിനുപിന്നിലെ യുക്തിയെന്തെന്ന് ഇന്നുംഎനിക്ക് മനസ്സിലായിട്ടില്ല. എന്റെ ചെറുപ്പകാലത്തും അതില്‍ പന്തികേട് തോന്നിയിരുന്നു. അദ്ദേഹം വെറും അച്ചന്‍. അല്ലാതെ എന്റെ അപ്പനല്ലല്ലോ ഇതായിരുന്നു അന്നത്തെ മനോഗതം. ക്രമേണ അതുംപറഞ്ഞ് തര്‍ക്കിക്കാന്‍ തുടങ്ങുമായിരുന്നു. ഞാനെന്തിന് അദ്ദേഹത്തിന്റെ അടുത്തുപോകണം. എല്ലാം കേള്‍ക്കാന്‍ ദൈവമുണ്ടായിരിക്കെ. അതിനൊന്നും അച്ചന്‍ എനിക്ക് മറുപടി നല്‍കിയില്ല. അപ്പോഴൊക്കെ അച്ചന്‍ പറയും:’മോളേ , ചെന്ന് കന്യാമറിയത്തോട് പ്രാര്‍ഥിക്കൂ ‘എന്ന്.
ജീസസില്‍ വിശ്വസിച്ചില്ലെങ്കില്‍ രക്ഷയില്ലെന്ന വാദത്തെയും ഞാന്‍ ചോദ്യംചെയ്തു. അങ്ങനെയെങ്കില്‍ ജീസസിനുമുമ്പുള്ള അബ്രഹാംസന്തതികളുടെ അവസ്ഥയെന്തായിരിക്കും. ജീസസ് രക്ഷകനെന്ന് വിശ്വസിക്കാത്തവര്‍ നരകത്തില്‍ പോകുമെങ്കില്‍ ജീസസിനുമുമ്പുള്ളവരും നരകത്തിലാണോ കാണപ്പെടുകയെന്ന് ഞാനവരോട് ചോദിച്ചു. അബ്രഹാം ഒരു പ്രവാചകനായിരുന്നല്ലോ. അദ്ദേഹത്തെ പിന്‍പറ്റിയ അനുയായികള്‍ക്ക് രക്ഷയില്ലെന്നാണോ പറഞ്ഞുവരുന്നതെന്ന് ഞാനവരോട് തിരക്കി.

ചോ: അവരുടെ വിശദീകരണങ്ങള്‍ താങ്കളെ തൃപ്തിപ്പെടുത്തിയിരുന്നോ?

ഉത്തരം: യുക്തിപരമായ മറുപടികള്‍ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആത്മീയമായി ശൂന്യത അനുഭവപ്പെട്ട നാളുകളായിരുന്നു അവ. അപ്പോഴൊന്നും എന്റെ ഭര്‍ത്താവിനെകണ്ടുമുട്ടിയിരുന്നില്ല. എന്റെ ഭാവിയെപ്പറ്റിയായിരുന്നു എപ്പോഴും ചിന്ത. ആരാധനയ്ക്കായി എവിടെപ്പോകും? ‘ദൈവ’ത്തെചോദ്യംചെയ്തും മറ്റും ഒരു വര്‍ഷംകടന്നുപോയി. ചര്‍ച്ചില്‍ എന്നെ മാമ്മോദീസ മുക്കിയിട്ടുള്ളതാണ്. പക്ഷേ, ചര്‍ച്ചില്‍ എനിക്ക് പോകാതിരിക്കാന്‍ ആകില്ലെന്നാണോ?
ഞാനോര്‍ക്കുകയാണ് ആ കാലം. ചര്‍ച്ചിലെ അച്ചന്‍മാരും കന്യാസ്ത്രീകളുമൊപ്പം സംസാരിച്ചും കുശലംപറഞ്ഞും കഴിഞ്ഞിരുന്നവളാണ് ഞാന്‍ . പള്ളിയില്‍ പോകുന്നതിനെ അക്കാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു. കന്യാസ്ത്രീ ആകണമെന്നുപോലും ഞാനാഗ്രഹിച്ചിരുന്നു. ഇട്ടിരുന്ന ഉടുപ്പ് അഴിച്ച് അത് തലയിലിട്ട് കന്യാസ്ത്രീകളെപ്പോലെ ഫോട്ടോക്ക് പോസുചെയ്തതിപ്പോഴും കൈവശമുണ്ട്. വിവാഹംകഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അത്രമാത്രം മതത്തോട് അഭിനിവേശംതോന്നിയ നാളുകളായിരുന്നു കുട്ടിക്കാലം.

ചോ: ക്രൈസ്തവതയെക്കുറിച്ച സംശയങ്ങള്‍ക്ക് ഇസ്‌ലാമിലെത്തിയശേഷം ഉത്തരംലഭിച്ചുവോ?

മിഷേല്‍: ഇസ്‌ലാമിനെക്കുറിച്ച് അറിയുമ്പോള്‍ മനുഷ്യനെന്ന നിലക്ക് എങ്ങനെ ജീവിക്കാം എന്നാണ് നിങ്ങള്‍ പഠിക്കുന്നത്.എന്തുപ്രശ്‌നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും നേരിടുന്ന പ്രതിസന്ധികള്‍ക്കും നിങ്ങള്‍ക്ക് മുഹമ്മദ് നബിയുടെ ജീവിതത്തില്‍ ഉത്തരമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഹദീഥ് അത്ഭുതങ്ങളുടെ ലോകമാണ്. നമ്മുടെ ദൈനംദിനപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ക്രൈസ്തവതയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

നാം അഞ്ചുനേരം നമസ്‌കരിക്കുന്നത് എത്രമാത്രം സവിശേഷമായ ആരാധനാരീതിയാണെന്നോര്‍ക്കുക. നിങ്ങള്‍ക്ക് ലക്ഷ്യബോധം പകര്‍ന്നുനല്‍കാന്‍ അതുപകരിക്കുന്നു. അഞ്ചുസമയങ്ങളെക്കുറിച്ച് സദാബോധവാനാകുന്നു.എല്ലാ പ്രഭാതങ്ങളിലും നേരത്തേ നിങ്ങളെ എഴുന്നേല്‍പിക്കുന്നു. ദിവസം മുഴുവനുള്ള പാപങ്ങള്‍ ദൈവം പൊറുത്തുതരണമെന്ന ആഗ്രഹമുള്ളതുകൊണ്ട് വിശ്വാസി എന്തുപ്രയാസംസഹിച്ചും അതിനുതയ്യാറാകുന്നു. അതിനാല്‍ ഇത് വ്യക്തിജീവിതത്തില്‍ വളരെ മാറ്റമുണ്ടാക്കുന്നു.

അതേപോലെത്തന്നെ വ്രതാനുഷ്ഠാനം. പട്ടിണിപ്പാവങ്ങളെ ഓര്‍ക്കാന്‍ അത് അവസരമൊരുക്കുന്നു.അത് മനുഷ്യനെ ദൈവത്തിന്റെ പ്രീതി ലാക്കാക്കി മാത്രം വിശപ്പുംദാഹവുംസഹിക്കാന്‍ സന്നദ്ധനാക്കുന്നു. മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാനാക്കി ഭൗതികവിഭവങ്ങള്‍ വലിച്ചുവാരി കുന്നുകൂട്ടിവെക്കുന്നതില്‍നിന്ന് തടയുന്നു.

മിഷേല്‍ അഷ്ഫാഖ്

Topics