ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം. 1941 ആഗസ്റ്റ് 26 ന് ലാഹോറില്‍ രൂപീകരിച്ചു. മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയാണ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, കശ്മീര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ സ്വതന്ത്രസംഘടനകളായി പ്രവര്‍ത്തിക്കുന്നു. ആദര്‍ശവും ലക്ഷ്യവും എല്ലായിടത്തും ഒന്നുതന്നെ. ലോകമെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന സംരംഭകര്‍ക്ക് പ്രചോദനകേന്ദ്രമായി വര്‍ത്തിച്ചു. ഭൗതിക ചിന്തകളെയും പ്രസ്ഥാനങ്ങളെയും ഫലപ്രദമായി നേരിട്ടു. നിരീശ്വര നിര്‍മത ദര്‍ശനങ്ങളില്‍നിന്നും പ്രത്യയ ശാസ്ത്രങ്ങളില്‍നിന്നും മുസ്‌ലിംമനസ്സുകളെ മോചിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഒരു സമ്പൂര്‍ണജീവിത വ്യവസ്ഥയെന്ന നിലയില്‍ ഇസ്‌ലാമിനെ ലോകത്തിന് പരിചയപ്പെടുത്തി. പ്രഥമ അമീറായി അബുല്‍അഅ്‌ലാ മൗദൂദിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അവിഭക്ത ഇന്ത്യയില്‍
പ്രബോധന പ്രചാരണങ്ങളിലും ശിക്ഷണ പരിശീലനങ്ങളിലും വ്യവസ്ഥീകരണത്തിലും ഊന്നല്‍ നല്‍കി. പ്രഥമഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധിച്ചത് പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിലും അവരെ സംസ്‌കരിക്കുന്നതിലുമാണ്. ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ് എന്നത് ആദര്‍ശമായും ഹുകൂമത്തെ ഇലാഹി ലക്ഷ്യമായും അംഗീകരിച്ചു. സമ്പൂര്‍ണ സമര്‍പണത്തിന് സന്നദ്ധരായവരും സുശിക്ഷിതരുമായ വ്യക്തികള്‍ക്ക് മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കിയിരുന്നുള്ളൂ. അതും വിശദമായ പരിശോധനക്കു ശേഷം. അതിനാല്‍ വിഭജനം വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ 625 അംഗങ്ങള്‍ മാത്രമേ ജമാഅത്തില്‍ ചേര്‍ന്നുള്ളൂ.
ആദ്യത്തെ അഖിലേന്ത്യാ സമ്മേളനം 1945-ല്‍ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍ ചേര്‍ന്നു. രണ്ടാം സമ്മേളനം 1946-ല്‍ അലഹബാദിലും പിന്നീട് പാറ്റ്‌ന, മദ്രാസ്, പഠാന്‍കോട്ട് എന്നിവിടങ്ങളില്‍ മേഖലാസമ്മേളനങ്ങള്‍ നടന്നു. വിഭജനംവരെ അബുല്‍അഅ്‌ലാ മൗദൂദി തന്നെയായിരുന്നു സംഘടനയുടെ അമീര്‍. കൂടിയാലോചനയ്ക്കായി ഒരുപദേശക സമിതി(മജ്‌ലിസ് ശൂറാ)യുമുണ്ടായിരുന്നു. രൂപീകരണവേളയില്‍ ആറുപേരാണ് സമിതിയിലുണ്ടായിരുന്നത്. 1942-ല്‍ ഫെബ്രുവരിയില്‍ അംഗസംഖ്യ 12 ആക്കി. 1945 ല്‍ 16 പേരായി നിശ്ചയിച്ചു. അന്നെല്ലാം അമീര്‍ സമിതി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 1946-ലെ അലഹാബാദ് സമ്മേളനത്തില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട ശൂറ നിലവില്‍ വന്നു. ഇന്ത്യാ-പാക് വിഭജനത്തോടെ ജമാഅത്തും രണ്ടായി.
Add Comment