ഞാനറിഞ്ഞ ഇസ്‌ലാം

ഖുര്‍ആന്‍ എന്നെ കീഴ്‌പ്പെടുത്തി: ജെന്നിഫര്‍ ബര്‍സണ്‍

ഒരു ഫിലിപ്പീന്‍സ് വനിതയുടെ ഇസ് ലാം ആശ്ലേഷണം

ജെന്നിഫര്‍ ബര്‍സണ്‍ മാസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്.  ഒരുകൊല്ലത്തിനുള്ളില്‍ അവര്‍ യുഎഇ ഫാമിലിയിലെ ജോലിയില്‍നിന്ന് വിരമിച്ച് ഫിലിപ്പീന്‍സില്‍ തന്റെ ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കുമൊപ്പം  കഴിയാന്‍ തിരിക്കുകയാണ്. ആ കൂടിക്കാഴ്ചയില്‍ അവര്‍ക്ക് പങ്കുവെക്കാനുള്ളത് ആശ്ലേഷവും ചുംബനവും സമ്മാനങ്ങളും മാത്രമല്ല, പുതിയ മതത്തെക്കൂടിയാണ്. കഴിഞ്ഞ റമദാനിലാണ് മുപ്പത്തിയൊന്നുകാരിയായ ജെന്നിഫര്‍  ഇസ്‌ലാംസ്വീകരിച്ചത്.

താന്‍ ജോലി നോക്കിയിരുന്ന അബ്ദാലി കുടുംബത്തില്‍  വീട്ടമ്മയായിരുന്ന ഉമ്മുഅഹ്മദുമായുള്ള ഇടപഴക്കമാണ്  ഇസ് ലാമിനെ അടുത്തറിയാന്‍ നിമിത്തമായത്. അബൂദബിയിലെ അല്‍ശംഖയിലെ ആ വീട്ടില്‍ ഗൃഹനാഥയുമായി മണിക്കൂറുകളോളം ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുമായിരുന്നു ജെന്നിഫര്‍.

‘വളരെ സത്യസന്ധയും ഹൃദയാലുവുമായിരുന്നു ഉമ്മു അഹ് മദ്. അവരില്‍നിന്നാണ് ഞാനേറെയും പഠിച്ചത്. ആ കുടുംബം എനിക്ക് നല്‍കിയ സ്‌നേഹവും ആദരവും എന്നെ വല്ലാതെ സ്പര്‍ശിച്ചു. ദൈവം എന്നെ അനുഗ്രഹിച്ചെന്ന് ഞാന്‍ മനസ്സിലാക്കി. അവരെങ്ങനെ അത്രയും നല്ലവരായി എന്നതിന്റെ കാരണം ഞാന്‍ തിരക്കി. വെറുമൊരു വേലക്കാരിയായ എന്നോട് ഇത്രയും ആദരവുനല്‍കി പെരുമാറാന്‍ അവരെ പ്രേരിപ്പിച്ചതെന്തെന്ന് ഞാന്‍ ആലോചിച്ചു.’

‘ഖുര്‍ആന്‍ ഞാന്‍ ശ്രവിച്ചു. അതെന്നെ കീഴ്‌പ്പെടുത്തി. ഹൃദയാന്തരാളങ്ങളിലേക്ക് എന്തൊ വെളിച്ചം കടന്നുചെല്ലുന്നതുപോലെ തോന്നി. എനിക്ക് പ്രതിരോധിക്കാനായില്ല. ഖുര്‍ആന്‍ കേള്‍ക്കുമ്പോഴൊക്കെ കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി.’ ജെന്നിഫര്‍ ഹൃദയം തുറന്നു.

ഇസ് ലാംസ്വീകരണത്തെ കുടുംബം അത്ര രസത്തിലല്ലകണ്ടത്. അതെത്തുടര്‍ന്ന് കുടുംബം രണ്ടായി പിളര്‍ന്നു. മൂത്തസഹോദരന്‍ ദേഹോപദ്രവം ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഹിജാബില്‍ ഫിലിപ്പീന്‍സില്‍ കാണേണ്ടെന്നാണ് അവന്‍ പറയുന്നത്. അതേസമയം സൗദിയില്‍ പന്ത്രണ്ടുവര്‍ഷമായി ജോലിനോക്കുന്ന മറ്റൊരു സഹോദരന്‍ അമ്മയോട് മകളുടെ ഇസ്‌ലാംസ്വീകരണത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.’എന്റെ കുടുംബം എന്നെ സ്വീകരിക്കില്ല. നാട്ടിലേക്ക് പോകുമ്പോള്‍ എന്താണുണ്ടാവുകയെന്നറിയില്ല. എന്റെ ഇസ് ലാംസ്വീകരണത്തെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിച്ചു. അദ്ദേഹം എനിക്ക് പിന്തുണനല്‍കി. അത് ഭാഗ്യമായി കരുതുന്നു.’

സ്‌പോണ്‍സറുടെ കുടുംബം ഭര്‍ത്താവുമായി ബന്ധപ്പെട്ട് ഇസ് ലാമിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹവും ശഹാദത്ത് ചൊല്ലി ഇസ് ലാംസ്വീകരിച്ചുകഴിഞ്ഞു. ജെന്നിഫര്‍ ഇപ്പോള്‍ സന്തോഷവതിയാണ്. നാട്ടില്‍ ഭര്‍ത്താവ് ഇസ്‌ലാമിക് സെന്ററില്‍ചെന്ന് ദീനിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.

ജെന്നിഫറെപ്പോലെ ഇസ് ലാമിലേക്ക് വന്നതാണ് മര്‍യം അര്‍സിന. അവരും ഫിലിപ്പീന്‍സുകാരിയാണ്. ഇപ്പോള്‍ ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ലാദേശ്,റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സ്ത്രീസമൂഹത്തില്‍ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 24 വര്‍ഷമായി അവര്‍ പ്രബോധനരംഗത്തുണ്ട്. അമുസ് ലിംസഹോദരങ്ങള്‍ക്ക് മുസ് ലിംകള്‍ നല്‍കുന്ന ബഹുമാനവും ആദരവുമാണ് തങ്ങളെ  ആകര്‍ഷിക്കുന്നതെന്ന് അവര്‍  വെളിപ്പെടുത്തുന്നു.

ഉമ്മു അഹ് മദ് തന്റെ അടുക്കളസഹായിയെപ്പറ്റി പറയുന്നതിങ്ങനെ:’അവളുമായി എപ്പോഴും സംസാരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. അവളെ ഞങ്ങള്‍ക്കുകിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. അവള്‍ കുട്ടികളോട് വളരെ കാരുണ്യമുള്ളവളും ദയയോടെ പെരുമാറുന്നവളുമായിരുന്നു. ഇപ്പോള്‍ അവള്‍ മുസ് ലിമായതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞങ്ങളാണ്.’

ഇസ് ലാമിനെക്കുറിച്ച് ചോദിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടായിരുന്നു ജെന്നിഫറിന്. കാരണം യജമാനത്തിയുടെ മതത്തെക്കുറിച്ച് ചോദിക്കുന്നത് അവര്‍ക്കിഷ്ടപ്പെട്ടില്ലെങ്കിലോ എന്നായിരുന്നു. അതിനാല്‍ കൂട്ടുകാരിയോട് ചട്ടം കെട്ടിയാണ് യജമാനത്തിയുമായി സംസാരിച്ചത്.’ഉമ്മു അഹ്മദ് എനിക്ക് ഒരൂ സുഹൃത്തും മാതാവും പോലെയായിരുന്നു. എനിക്ക് ഈ കുടുംബത്തിലൊരിക്കലും അപരിചിതത്വം അനുഭവപ്പെട്ടില്ല. ഞാന്‍ ഒരിക്കലും ഈ കുടുംബത്തെ മറക്കില്ല.’

‘അവരുടെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചു. അതിന് പ്രചോദനമേകുന്നത് എന്താണെന്ന് ഞാന്‍ അന്വേഷിച്ചു. അങ്ങനെ ഞാനും ആ ഭാഗ്യവാന്‍മാരില്‍ പെട്ടു. എല്ലാ റമദാനിലും ഞാന്‍ അബൂദബിയിലെ കുടുംബങ്ങളെ വീക്ഷിക്കാറുണ്ട്. ജീവിതത്തെക്കുറിച്ച് എന്നെ പഠിപ്പിച്ചത് അത്തരം ചില കാഴ്ചകളാണ്’.ജെന്നിഫര്‍ നന്ദിയോടെ ഓര്‍ക്കുന്നു.

Topics